സമസ്തയെ പ്രതിസന്ധിയിലാക്കിയ പ്രശ്‌നക്കാർ ആര്?
മൂസ സ്വലാഹി കാര
2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

ഒരു നൂറ്റാണ്ടുകാലം അന്ധവിശ്വാസങ്ങളെ വിശുദ്ധ വിശ്വാസമാക്കി മാറ്റാൻ സമസ്തക്കാർ നടത്തിയ പ്രയാണം ആഘോഷിക്കാൻ ഒരുങ്ങിയ ഈ വേളയിൽ നിരവധി പ്രശ്‌നങ്ങൾക്ക് നടുവിൽ കുടുങ്ങി ക്കിടക്കുകയാണ് സമസ്ത മുശാവറ. കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരും സമസ്തയുടെ ആദർശത്തോട് അവമതിപ്പ് ഉളവാക്കുന്നവരും അനുസരണക്കേട് അലങ്കാരമാക്കിയവരും സമസ്തയിൽ കെടാകനലായി അവശേഷിക്കുകയാണ്.
സമസ്ത ഔലിയാക്കൾ അടിത്തറ പാകിയ പ്രസ്ഥാനമാണെന്ന് മുസ്‌ലിയാക്കന്മാർ വീരവാദം മുഴക്കുന്നത് കാണുക: “സമസ്ത ഇന്നും അന്തസ്സോടെ അജയ്യമായി നിലനിൽക്കുന്നു. സമസ്തക്ക് ഇന്നോളം വരെ ഒരു ആക്ഷേപവും കേൾക്കേണ്ടി വന്നിട്ടില്ലി. കാരണം, ഔലിയാക്കളാണ് അതിന് അടിത്തറ പാകിയത്’’ (ശംസുൽ ഉലമയും 60-ാം വാർഷിക പ്രഭാഷണവും, പേജ് 14).
ആദർശപ്രസ്ഥാനം പിളരുകയില്ല എന്നതും അവരുടെ അവകാശ വാദമാണ്. 1985ലെ അറുപതാം വാർഷിക സോവനീറിൽ നിന്ന് വായിക്കാം: “സമസ്ത ഒരു ആദർശാധിഷ്ഠിത പ്രസ്ഥാനമാണ്. ആ നിലക്ക് ആ സംഘടനയിൽ ഒരു കാലത്തും പിളർപ്പുണ്ടാവുകയില്ല’’ (പേജ് 95).
ഇസ്‌ലാമിന്റെ യഥാർഥ ആശയത്തെയും പ്രമാണങ്ങളെയും ഉപേക്ഷിച്ചാൽ ഏത് വിഭാഗമായിരുന്നാലും തെറ്റിപ്പോകുമെന്നത് ക്വുർആൻ താക്കീത് നൽകിയതാണ്. അല്ലാഹു പറയുന്നു: “സത്യം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചുകഴിഞ്ഞിട്ടുള്ളതിനാലാണത്. വേദഗ്രന്ഥത്തിൻന്റെ കാര്യത്തിൽ ഭിന്നിച്ചവർ (സത്യത്തിൽ നിന്ന്) അകന്ന മാത്സര്യത്തിലാകുന്നു തീർച്ച’’ (2:176).
‘ശജറകൾ’ എന്ന് സ്വയം വിശേഷിപ്പിച്ച് വിമതസ്വഭാവം കാണിക്കുന്നവർ സമസ്തയിൽ നിന്നുകൊണ്ട് അതിനെ ശക്തമായി കുഴക്കുകയും വിമർശിക്കുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ. ഉമർ ഫൈസി മുക്കം, അമ്പലക്കടവ് ഫൈസി എന്നിവരുടെ മേൽനോട്ടത്തിലാണ് ഈ കുത്തിത്തിരിപ്പ് കളി സമസ്തക്കകത്തും പുറത്തുമായി തുടരുന്നത്. സമസ്ത മുശാവറയെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കി സമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന റഹ്മത്തുല്ല ഖാസിമിയെ തളക്കാനാകാതെ മുശാവറ തളരുകയാണ്. നിലവിലെ മുശാവറ സമസ്തയുടെ ആശയത്തെ പുത്തൻ പ്രസ്ഥാനങ്ങൾക്ക് മുമ്പിൽ അടിയറവ് വെക്കുന്നു, അവരുമായി ഒരുമിച്ചിരിക്കുന്ന സാഹചര്യമുണ്ടാകുന്നു, അവരുടെ ആശയങ്ങൾക്ക് പരിഗണന നൽകുന്നു എന്നൊക്കെയാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ. രാഷ്ട്രീയ രംഗത്ത് മുസ്‌ലിം ലീഗിനോടുള്ള ചായ്‌വിനെ വകവെക്കാതെയും ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ഐക്യം തകർക്കുന്നവരെ സന്തോഷിപ്പിച്ചും ഇക്കൂട്ടർ ഇടഞ്ഞ് നിൽക്കുന്നു.
1989ൽ കാന്തപുരം മുസ്‌ലിയാർ സമസ്തയിലുണ്ടാക്കിയ വമ്പൻ പിളർപ്പിന്റെ അനുസ്മരണം ആഘോഷമാക്കുംവിധമുള്ള നീക്കങ്ങളാണ് ഇവരിൽ നിന്ന് പുറത്ത് വരുന്നത്. സാമൂഹിക നന്മകളോട് ജനങ്ങൾക്കുള്ള ഏക സമീപനത്തിൽ വിഭാഗീയതയുണ്ടാക്കിയും മുസ്‌ലിംകളെ തമ്മിലടിപ്പിക്കുന്നവർക്ക് ഒത്താശ ചെയ്തും ഇവർ മുന്നോട്ടു പോകുകയാണ്. സമസ്തയുടെ ആദർശത്തെ നെഞ്ചേറ്റി അതിന് അനിവാര്യമായ സംരക്ഷണം തീർക്കുകയാണ് ഞങ്ങളെന്ന് വരുത്തിത്തീർക്കാൻ മുശാവറയിലെ ചിലരുടെ അറിവോടെ തന്നെ ‘ആദർശം അമാനത്താണ്’ എന്ന ത്രൈമാസ കാമ്പയിനും ഇക്കൂട്ടർ തട്ടിക്കൂട്ടി. അതിന്റെ ലക്ഷ്യമായി അവർ പറയുന്നത് കാണുക:
“സമസ്തയുടെയും അതിന്റെ പോഷക ഘടകങ്ങളുടെയും പ്രഥമദൗത്യവും ലക്ഷ്യവും ആദർശ സംരക്ഷണമാണ്. അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ പ്രബോധനവും അതിനെതിരെ ഉയർന്നു വരുന്ന മതനവീകരണ വാദികളോടുള്ള പ്രതിരോധവുമാണ് സമസതയുടെ പ്രധാന ഊന്നൽ. ഭൗതിക സന്നാഹങ്ങളുടെ ലഭ്യതയോ എതിർകക്ഷികളുടെ സ്വാധീനശേഷിയോ ആദർശ ഊന്നലുകൾ നിർണയിക്കുന്നതിന് സമസ്തക്ക് തടസ്സമായിട്ടില്ല. വിശ്വാസ ഭദ്രത ഉറപ്പുവരുത്താതെയുള്ള ഭൗതിക നേട്ടങ്ങൾക്കൊന്നും ഇസ്‌ലാമിൽ പ്രസക്തിയില്ല’’ (സുപ്രഭാതം ദിനപത്രം, 2024 ഒക്ടോബർ 7, തിങ്കൾ, പേജ് 6).
മുശാവറയുടെ പരിപൂർണ അംഗീകാരത്തോടെയല്ലാതെ ഒറ്റയും തെറ്റയുമായി നടത്തപ്പെടുന്ന ഈ കാര്യത്തെ പ്രമുഖ മുസ്‌ലിയാക്കന്മാർ ആരുംതന്നെ അനുവദിക്കുകയോ കാര്യമായി എടുക്കുകയോ ചെയ്തിട്ടില്ല.
പുത്തനാചാരങ്ങളുടെ നിലനിൽപിനായി പൊതുവെ സമസ്ത പ്രഖ്യാപിക്കാറുള്ള പദ്ധതികൾക്കുള്ള ആവേശവും സ്വീകാര്യതയും അണികൾക്കിടയിൽ ഈ കാമ്പയിന് കിട്ടുന്നില്ല എന്നതും ശ്രദ്ധേയമാണ്! അഹ്‌ലുസ്സുന്നയുടെ പാരമ്പര്യത്തിന് നിരക്കാത്തതും ഒട്ടും പ്രാമാണിക പിൻബലമില്ലാത്തതും ശിയാ- സൂഫി ധാരയിലൂടെ കിട്ടിയതുമായ ആശയത്തോട് അമാനത്ത് കാണിച്ചുള്ള മുസ്‌ലിയാക്കന്മാരുടെ ഈ പോക്ക് എത്ര വലിയ അപകടമാണ്.
അല്ലാഹു പറയുന്നു: “ഒരു വിഭാഗത്തെ അവൻ നേർവഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാൻ അർഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് അവർ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്. തങ്ങൾ സൻമാർഗം പ്രാപിച്ചവരാണെന്ന് അവർ വിചാരിക്കുകയും ചെയ്യുന്നു’’ (7:30).
ഉമർ ഫൈസി മുക്കം മുസ്‌ലിം ലീഗ് നേതൃത്വത്തെ അപമാനിക്കും വിധം ഒരു പരസ്യ പ്രസ്താവന നടത്തിയതിന്റെ കോലാഹലം കെട്ടടങ്ങുന്നില്ല. സ്വാദിഖലി തങ്ങളുടെ ഖാളി സ്ഥാനത്തെ ഉന്നം വെച്ചാണ് 2024 ഒക്ടോബർ 27 ഞായറാഴ്ച അദ്ദേഹം അതിരൂക്ഷമായ വിമർശനം നടത്തിയത്. ഖാളിയായ തങ്ങൾ മുജ്തഹിതല്ലെന്നും കിതാബോതി പഠിക്കാത്ത ആളാണെന്നുമൊക്കെയാണ് പ്രധാന പരാതികൾ.
ഫൈസി പറഞ്ഞതിനെ അനുകൂലിക്കും വിധം മുശാവറയുടെ ആദ്യ അഭിപ്രായം വായിക്കാം:’’ മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ച് തെറ്റായ വിധത്തിൽ ചിത്രീകരിച്ചും പോലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്ന് സമസ്ത മുശാവറ അംഗങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധർമമാണ്. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളും കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു’’ (സുപ്രഭാതം, 2024 ഒക്ടോബർ 31, പേജ് 2).
സമസ്തയോടും മുസ്‌ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തോടും കടപ്പെട്ടിരിക്കുന്ന അതിന്റെ അനുയായികൾ മുശാവറയുടെ ഈ നിലപാടിനെ ഗൗരവത്തിൽ തന്നെയാണ് കണ്ടത്. പാണക്കാട് കുടുംബം സാധാരണക്കാരായ സമസ്തക്കാരുടെ വികാരം കൂടിയാണല്ലോ. എതിർ ചോദ്യങ്ങൾക്ക് മുമ്പിൽ പിടിച്ചുനിൽക്കാൻ പറ്റാതായപ്പോൾ സംയുക്ത തീരുമാനം വീണ്ടും തിരുത്തപ്പെട്ട വാർത്ത പുറത്ത് വന്നു: “ഉമർ ഫൈസി മുക്കത്തിനെ അനുകൂലിച്ച് സമസ്ത മുശാവറ അംഗങ്ങൾ സംയുക്ത പ്രസതാവന നടത്തിയതിനെ ചൊല്ലി സംഘടനക്കുള്ളിൽ വിവാദം രൂക്ഷം. സമസ്ത മുശാവറയിലെ 10 അംഗങ്ങളാണ് പ്രസ്താവനയിൽ ഒപ്പ് വെച്ചതായി വാർത്ത വന്നിരുന്നത്. ഇതിൽ രണ്ടുപേർ പ്രസ്താവനയിൽനിന്ന് പിന്മാറി. തങ്ങളുടെ അറിവോടെയല്ല പ്രസ്താവനയെന്നാണ് ഇവർ വ്യക്തമാക്കിയത്. ഇതോടെ സമസ്‌ക്കുള്ളിൽ വാക്‌പോരും രൂക്ഷമായി’’ (മാധ്യമം, 2024 നവംബർ 1, വെള്ളി, പേജ് 3).
സമസ്ത കോ ഓഡിനേഷൻ കമ്മിറ്റി ശജറകളെ തുരത്താനും പുകച്ച് പുറത്തുചാടിക്കാനും പ്രത്യേക ആദർശ സമ്മേളനം സംഘടിപ്പിച്ചു. 2024 നവംമ്പർ 1ന് (വെള്ളിയാഴ്ച) വന്ന പത്രവാർത്ത ഇപ്രകാരമായിരുന്നു:
“ഉമർ ഫൈസി മുക്കത്തെ സമസ്തയിൽനിന്ന് മാറ്റി നിർത്തണമെന്ന് എടവണ്ണപ്പാറയിൽ സമസ്ത കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനം.
മുസ്‌ലിം സമുദായത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പാണക്കാട് കുടുംബത്തിനെതിരെ നടക്കുന്ന നീക്കങ്ങൾ ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു...പുതു തലമുറ സമസ്തയിൽനിന്ന് അകലാൻ ചില നേതാക്കളുടെ പ്രസംഗങ്ങൾ കാരണമാകും. സമുദായത്തിന്റെ അനൈക്യം ഇല്ലാതാക്കൽ സമസ്തയുടെ ലക്ഷ്യങ്ങിൽപെട്ടതാണ്. സാദിഖലി തങ്ങളെ അധിക്ഷേപിക്കുമ്പോൾ വേദനിപ്പിക്കുന്നത് അദ്ദേഹം ഖാദിയായ 1500 മഹല്ലുകളെയാണെന്നും അബദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു’’ (മാധ്യമം, പേജ് 3).
കോഴിക്കോട് വെച്ച് ഇതേദിവസം ഖാസിമി പുറംതള്ളുന്ന കാര്യങ്ങൾക്ക് നേരെ ‘സുന്നി ആദർശ വേദി’ എന്ന പേരിൽ നടത്തപ്പെട്ട പരിപാടിയിലും അതിരൂക്ഷ വിമർശനം ഉയർന്നു. ‘പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പരസ്യ വിമർശനമുന്നയിച്ച സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിക്ക് താക്കീതുമായി സുന്നി ആദർശ വേദി...നൂറാളുകളെ കാണുമ്പഴേക്കും നിലംവിട്ട് ചാടുകയാണ്. ഇത് നിർത്തണമെന്നും ഉമർ ഫൈസിയുടെ പേര് പറയാതെ കുട്ടി ഹസൻ ദാരിമി മുന്നറിയിപ്പു നൽകി...സമസ്തയും പാണക്കാട് കുടുംബവും ഒത്തൊരുമയോടെ മുന്നോട്ടു പോവണം. അതിനെതിരെ ആര് പറഞ്ഞാലും ഇതുവരെ ക്ഷമിച്ചു നിന്നതാണ്. ഇപ്പോൾ കളിച്ച് തലയുടെ മുകളിൽ കയറിയിട്ടുണ്ട്. പാണക്കാട്ടെ കുട്ടികളെ തൊട്ടുകളിച്ചാൽ തീക്കളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു’’ (മാധ്യമം, പേജ് 4).
(അവസാനിച്ചില്ല)

