ഇസ്‌ലാമിനെ വികലമാക്കി അവതരിപ്പിക്കുന്നവർ

മുജീബുറഹ്‌മാൻ സ്വലാഹി

2025 ജൂൺ 07, 1446 ദുൽഹിജ്ജ 10

ക്വുർആനിൽ ഭാഷാവൈകല്യവും വ്യാകരണപ്പിശകും കണ്ടെത്താൻ ഗവേഷണം നടത്തുന്നവരുണ്ട്. ക്വുർആൻ ശാസ്ത്രവിരുദ്ധമാണെന്ന് ആരോപിക്കുന്നവരുണ്ട്. ചരിത്രസത്യത്തോട് അത് പലപ്പോഴും സമരസപ്പെട്ടുപോകുന്നില്ലെന്ന് പറയുന്നവരുണ്ട്. ക്വുർആൻ മനുഷ്യന്റെ കരവിരുതുകൾക്ക് വിധേയമായിട്ടുണ്ടെന്ന് പ്രചരിപ്പിക്കുന്നക്കുന്നവരെയും കാണാം. ശിയാക്കളിൽ നല്ലൊരു വിഭാഗം ചെയ്യുന്നതാകട്ടെ ഇസ്‌ലാമിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ടുള്ള വിമർശനമാണ്.

ഹിജ്‌റ 329ൽ മരണപ്പെട്ട, ശിയാക്കളുടെ ‘അൽകാഫീ’ എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവായ (അഹ്‌ലുസ്സുന്നയുടെ പക്കൽ സ്വഹീഹുൽ ബുഖാരിക്കുള്ള സ്ഥാനമാണ് ശിയാക്കൾക്കൾക്കിടയിൽ ഈ ഗ്രന്ഥത്തിനുള്ളത്) അൽഖുലൈനിയാണ് ഈ വാദത്തിന്റെ തലവൻ. അതുവഴി, നിലവിലുള്ള ക്വുർആനിൽ സംശയം ജനിപ്പിക്കലും ക്വുർആൻ ക്രോഡീകരിച്ച സ്വഹാബികളെ മോശക്കാരാക്കി ചിത്രീകരിക്കലും അവമതിക്കലുമാണ് ദുരുദ്ദേശ്യം. ക്വുർആനിന്റെ മൂന്നിരട്ടി വരുന്ന ‘മുസ്വ‌്‌ഹഫു ഫാത്വിമ’യുണ്ടെന്ന് അവർ വാദിക്കുന്നു. അലി(റ)യുടെ ‘വിലായത്ത്’ പ്രതിപാദിക്കുന്ന ‘സൂറത്തു വിലായ’ പ്രസ്തുത മുസ്വ‌്‌ഹഫിന്റെ സവിശേഷതയാണത്രെ!

ക്വുർആനിൽനിന്ന് പല വചനങ്ങളും നീക്കംചെയ്തവരാണ് സഹാബികളെന്ന് അവർ ആരോപിക്കുന്നു. ഉദാ: أَلَم نَشْرَحْ لَكَ صَدْرَك (നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കിത്തന്നില്ലേ) എന്ന വചനത്തിന്ന് ശേഷം

وَ جَعَلْنَا عَلِيًّا صَهْرَك(അലിയെ ജാമാതാവാക്കിത്തരികയും ചെയ്തില്ലേ) എന്ന ആയത്ത് ഉണ്ടായിരുന്നെന്നും അത് ക്വുർആനിൽനിന്ന് നീക്കം ചെയ്തിരിക്കുന്നുവെന്നുമാണ് ഇവരുടെ ജൽപനം. അലി(റ)ക്ക് മാത്രമാണ് ക്വുർആൻ പരിപൂർണമായും അറിയുക എന്നും ഇവർ അവകാശപ്പെടുന്നു.

ഈ മതവിരുദ്ധവാദങ്ങളെ നമുക്ക് വിശകലന വിധേയമാക്കാം: പ്രഥമവും പ്രധാനവുമായി നാം മനസ്സിലാക്കേണ്ട കാര്യം ക്വുർആനിന്റെ സംരക്ഷണം അല്ലാഹുതന്നെ ഏറ്റെടുത്തിരിക്കുന്നുവെന്നതാണ്. അതിനാൽ വിമർശകരുടെ ഏത് ആരോപണത്തെയും പ്രതിരോധിച്ച് പരാജയപ്പെടുത്താനുള്ള കരുത്തും ബലവും അല്ലാഹുവിന്റെ വചനത്തിനുണ്ട്. മുൻ വേദഗ്രന്ഥങ്ങൾ മനുഷ്യന്റെ കരവിരുതുകൾക്ക് വിധേയമാകാനുള്ള പ്രധാനഹേതു അവയുടെ സംരക്ഷണച്ചുമതല അവയുടെ അനുയായികളെ ഏൽപിച്ചതാണ്. അബൂഹസൻ മുൻതാബി(റഹി)യോട് തൗറാത്ത് മാറ്റത്തിരുത്തലുകൾക്ക് വിധേയമായത് പോലെ ക്വുർആനിനും സംഭവിച്ചുകൂടേ എന്ന അന്വേഷണത്തിന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമാണ്: “തൗറാത്തിന്റെ സംരക്ഷണം അവരെത്തന്നെ ഏൽപിച്ചു. അതിൽ ധാരാളം ഹിക്മത്തു ണ്ടാവും. ലോകാവസാനംവരെയുള്ളവർക്ക് മാർഗദർശനം നൽകാനും വഴികാണിക്കാനും ഇറക്കിയതല്ല അവയെന്നത് അതിൽ ഒന്നുമാത്രം. വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പായ ക്വുർആൻ ലോകവാസനം വരെയുള്ളവർക്കുള്ള വഴികാട്ടിയായതിനാൽ സംരക്ഷണം അല്ലാഹു സ്വയം ഏറ്റെടുത്തു.’’ തുടർന്ന് അദ്ദേഹം താഴെ കൊടുത്ത ക്വുർആൻ വചനം ഉദ്ധരിച്ചു:

“തീർച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ മാർഗദർശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന്ന്) കീഴ്‌പ്പെട്ട പ്രവാചകന്മാർ യഹൂദമതക്കാർക്ക് അതിനനുസരിച്ച് വിധികൽപിച്ചുപോന്നു. പുണ്യവാന്മാരും പണ്ഡിതന്മാരും (അപ്രകാരംതന്നെ വിധികൽപിച്ചിരുന്നു). കാരണം അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം അവരിൽ ഏൽപിക്കപ്പെട്ടിരുന്നു....’’ (മാഇദ 44).

ക്വുർആനിന്റെ സംരക്ഷണം അല്ലാഹുതന്നെ ഏറ്റെടുത്തു. അതിനാൽ സൃഷ്ടികളുടെ എല്ലാവിധ തിരിമറികളിൽനിന്നും അത് സുരക്ഷിതമായി നിലനിൽക്കുകതന്നെ ചെയ്യും. “തീർച്ചയായും നാമാണ് ആ ഉൽബോധനം ഇറക്കിയത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’ (ഹിജ്ർ 9). ക്വുർആൻ റബ്ബിന്റെ വചനമാണെന്നും സൃഷ്ടികളുടെ ഇടപെടലുകളിൽനിന്ന് മുക്തമാണെന്നും ബോധ്യപ്പെട്ട് അതിന്റെ അനുയായികളും പ്രചാരകരുമായി ധാരാളം ആളുകൾ മാറികൊണ്ടിരിക്കുന്നു. ക്വുർആനിന്റെ ദൈവികതക്കുള്ള വലിയ സാക്ഷ്യം കുടിയാണിത്.

ക്വുർആൻ അല്ലാഹു ഇറക്കിയ പരമപരിശുദ്ധിയിൽ നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്ന അസംഖ്യം അനിഷേധ്യരേഖകളുണ്ട്.

“നിനക്ക് ബോധനം നൽകപ്പെട്ട, നിന്റെ രക്ഷിതാവിന്റെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവന്റെ വചനങ്ങൾക്ക് ഭേദഗതി വരുത്താനാരുമില്ല. അവന്നു പുറമെ യാതൊരു അഭയസ്ഥാനവും നീ ഒരിക്കലും കണ്ടെത്തുകയുമില്ല’’(18:27).

“അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതിൽ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യർഹനുമായിട്ടുള്ളവന്റെ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്’’(ഫുസ്സിലത്ത് 42).

ക്വുർആനിൽ സ്വഹാബിമാർ ഭേദഗതി വരുത്തിയെന്ന് പറയുന്നവരുടെ വായ അടപ്പിക്കുന്നതാണ് താഴെ കൊടുക്കുന്ന വചനം:

“മുഹാജിറുകളിൽ നിന്നും അൻസ്വാറുകളിൽ നിന്നും ആദ്യമായി മുന്നോട്ടു വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരും ആരോ, അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം’’(തൗബ 100).

സ്വഹാബിമാരെ പ്രശംസിക്കുന്നതാണ് ഈ വചനത്തിന്റെ ഉള്ളടക്കം. അവർ ക്വുർആൻ ഭേദഗതി ചെയ്തവരാണെങ്കിൽ എങ്ങനെ ക്വുർആൻ അവരെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യും? ആ കഠിനമായ തെറ്റ് ചെയ്തവരെ അല്ലാഹു തൃപ്തിപ്പെടുമെന്നോ?

ഇത്തരം ചോദ്യങ്ങൾക്കു മുമ്പിൽ മൂകരാകാതെ ഈ പിഴച്ചവാദത്തെ താലോലിക്കാൻ ഇവർക്ക് സാധ്യമല്ല. ഇവരും ഇവരെ വെള്ളപൂശാൻ ശ്രമിക്കുന്നവരും തന്നെയല്ലേ സത്യമതത്തിന്റെ യഥാർഥ ശത്രുക്കൾ?

നബിﷺയുടെ വഫാത്തിന്ന് ശേഷം ഫാത്വിമ(റ)ക്ക് ഇറക്കിക്കൊടുത്ത ഒരു ക്വുർആനുണ്ടെന്നും അതാണ് ‘മുസ്ഹഫ് ഫാത്വിമ’ എന്നും ശിയാക്കൾ അവകാശപ്പെടുന്നു. ഈ കള്ളം സ്ഥാപിച്ചെടുക്കുന്ന തത്രപ്പാടില്‍ റസൂല്‍(സ്വ) വഫാത്തായി ആറു മാസം കഴിഞ്ഞപ്പോഴേക്കും ഫാത്വിമ(റ) വഫാത്തായതൊന്നും ഇവര്‍ അറിഞ്ഞുകാണില്ല

മുഹമ്മദ് നബിﷺക്ക് പോലും ഈ ‘വിശുദ്ധ ഗ്രന്ഥം’ കാണാനുള്ള ‘സൗഭാഗ്യം’ ഉണ്ടായിട്ടില്ലത്രെ! നബിﷺ നിർവഹിച്ച പ്രബോധനം അപൂർണമാണെന്ന് തുറന്ന് പ്രസ്താവിക്കുകയല്ലേ ഇതിലൂടെ ചെയ്യുന്നത്? അതല്ല, അറിഞ്ഞിട്ടും നബിﷺ മൂടിവെച്ചോ? അല്ലാഹു പറയുന്നു:

“ഹേ, റസൂലേ! നിന്റെ രക്ഷിതാവിങ്കൽനിന്ന് നിനക്ക് ഇറക്കപ്പെട്ടത് നീ (ജനങ്ങൾക്ക്) എത്തിച്ചു കൊടുക്കുക. അങ്ങനെ ചെയ്യാത്തപക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല...’’ (മാഇദ 67).

തന്റെ ബാധ്യത നിർവഹിക്കുന്നതിൽ ഒട്ടും വീഴ്ചവരുത്തിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തകയാണ്. ആഇശ(റ)യുടെ ഈ വാക്കുകൾ:

“മുഹമ്മദ് നബിﷺ റബ്ബിനെ കണ്ടുവെന്നോ, ക്വുർആനിൽനിന്ന് വല്ലതും മറച്ചുവെച്ചുവെന്നോ, അദ്ദേഹത്തിന് അദ്യശ്യമറിയാമെന്നോ വല്ലവനും പറഞ്ഞാൽ അല്ലാഹുവിന്റെ പേരിലുള്ള വ്യാജം നിറഞ്ഞ പ്രസ്താവനയായി പരിഗണിക്കും. ജീവിതത്തെ മൂച്ചൂടും ബാധിക്കുന്ന വിഷയങ്ങൾ പൂർണമായും നബി പഠിപ്പിച്ചിട്ടുണ്ടെന്നത് ശത്രുക്കൾ പലരും തലകുലുക്കി സമ്മതിക്കുന്ന കാര്യമാണ്. നിങ്ങളുടെ പ്രവാചകൻ മുഴുകാര്യം പഠിപ്പിക്കുന്നുവല്ലോ എന്ന് പറഞ്ഞ വ്യക്തിയോട് സൽമാനുൽ ഫാരിസി(റ) പറഞ്ഞത് ‘അതെ, വിസർജന മര്യാദ പോലും’ എന്നാണ്’’(മുസ്‌ലിം).

ക്വുർആനിൽനിന്ന് നീക്കം ചെയ്യപ്പെട്ടുവെന്ന് ഇവർ പറയുന്ന വചനങ്ങൾ അലി(റ) എന്തുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുകയോ തനിക്ക് അധികാരം ലഭ്യമായപ്പോൾ പോലും ‘തനതായ രൂപത്തിലുള്ള’ ക്വുർആൻ ലോകത്തെ പരിചയപ്പെടുത്തുകയോ ചെയ്തില്ല? ഇത് പാപസുരക്ഷിതനായ ഒരു ഇമാമിന്ന് ഭൂഷണമാണോ? അലി(റ)ക്ക് ഇതര സ്വഹാബികൾക്കില്ലാത്ത പ്രത്യേക ജ്ഞാനം നബിﷺ ചൊല്ലിക്കൊടുത്തിട്ടുണ്ടെന്നാണ് ശിയാക്കളുടെ വാദം. എന്നിട്ട് അദ്ദേഹം അത് എന്തുകൊണ്ട് മൂടിവെച്ചു?

അബു ജുഹൈഫ(റ)യിൽനിന്ന്: “ഞാൻ അലി(റ)യോട് ചോദിച്ചു: ‘ക്വുർആന് പുറമെ വല്ല ദിവ്യസന്ദേശവും നിങ്ങൾക്ക് ലഭ്യമായിട്ടുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല. ധാന്യങ്ങളെ മുളപ്പിക്കുകയും ജീവികളെ സൃഷ്ടിക്കുകയും ചെയ്ത അല്ലാഹുവാണെ സത്യം! ക്വുർആൻ സംബന്ധിച്ച് ഒരു വ്യക്തിക്ക് നൽകുന്ന ജ്ഞാനവും ഈ പത്രികയിലുള്ളതുമൊഴിച്ച് മറ്റൊന്നും നമ്മുടെ പക്കലില്ല...’’ (ബുഖാരി).

ഇത്തരം പ്രമാണങ്ങളുടെ മുമ്പിൽ തങ്ങളുടെ ആദർശപാപ്പരത്തം പ്രകടമാവുമ്പോൾ കള്ളം പറഞ്ഞും ദുർവ്യാഖ്യാനം ചെയ്തും രക്ഷപ്പെടാനുള്ള വിഫലശ്രമമാണ് ശിയാക്കൾ നടത്താറുള്ളത്.