അനാചാരങ്ങൾക്ക് തെളിവുണ്ടാക്കാൻ മത്സരിക്കുന്നവർ!
മൂസ സ്വലാഹി കാര
2025 ഒക്ടോബർ 11, 1447 റബീഉൽ ആഖിർ 19

അനാചാരങ്ങൾക്ക് അഴക് കൂട്ടുന്നതിൽ അതിയായ താൽപര്യമുള്ള മുസ്‌ലിയാക്കന്മാർ നബിചര്യയിൽ നിലനിൽക്കുന്നവർക്കു മേൽ ബിദ്അത്താരോപിക്കാൻ പൊടിയും മാറാലയും തട്ടി പലതും ഉയർത്തി ക്കാണിക്കാറുണ്ട്. ഈ ലക്ഷ്യം നിറവേറ്റാനും നബിദിനാഘോഷമെന്ന ബിദ്അത്തിനെ നിലയുറപ്പിക്കാനും വേണ്ടി സുന്നിവോയ്‌സ് 2025, ലക്കം 16-30ൽ ‘നബിമാതൃകയില്ലാതെ മുജാഹിദുകൾ ചെയ്യുന്ന ബിദ്അത്തുകൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനം ശ്രദ്ധയിൽ പെട്ടു.
സലഫികൾ ചെയ്യുന്ന പലതിലും ബിദ്അത്തുണ്ടെന്ന് കണ്ടെത്താൻ കിണഞ്ഞ് കുഴങ്ങുന്ന മുസ്‌ലിയാർ ശിയാ ആഘോഷമായ മീലാദിനെ സുന്നത്താക്കുന്നത് സവിശേഷമായൊരു കാഴ്ച തന്നെയാണ്!
“മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിന് പ്രത്യേകതയും മഹത്ത്വവുമുണ്ട്. തിരുജന്മം ലോകത്തിന് അനുഗ്രഹമാണ്. ആ അനുഗ്രഹലബ്ധിയിൽ സന്തോഷിച്ചുകൊണ്ടാണ് എല്ലാ തിങ്കളാഴ്ചയും നബിﷺ നോമ്പനുഷ്ഠിച്ചിരിന്നത്. ഇന്നും വിശ്വാസികൾ അത് തുടർന്നു കൊണ്ടിരിക്കുന്നു. പ്രവാചകർﷺ യോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ ഏതൊക്കെ മാർഗങ്ങൾ സ്വീകരിക്കാൻ പറ്റുമോ അതെല്ലാം വിശ്വാസികൾ ഉപയോഗപ്പെടുത്തും. കാരണം നബിﷺയോടുള്ള സ്‌നേഹപ്രകടനം മതത്തിന്റെ നിർദേശമാണ്’’ (പേജ് 6).
ലോകർക്ക് അനുഗ്രഹമായി നിയോഗിക്കപ്പെട്ട പ്രവാചകനെﷺ അനുസരിക്കാനും പിൻപറ്റാനും ഇഷ്ടപ്പെടാനും ആദരിക്കാനുമാണ് ഇസ്‌ലാം പഠിപ്പിച്ചത്. അനുസരിച്ചല്ല, ആഘോഷിച്ചാണ് ആദരിക്കേണ്ടതെന്ന നിർദേശം ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണുക സാധ്യമല്ല. മറ്റുള്ളവരിൽ ബിദ്അത്താരോപിച്ച് സ്വയം ബിദ്അത്തിൽ കുളിക്കുന്നതിനെ വിരോധാഭാസമെന്നല്ലാതെ എന്തു വിളിക്കാൻ! നബിﷺ ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കാനാണ് തിങ്കളാഴ്ച നബിﷺ നോമ്പു നോറ്റതെന്ന് പറയുന്ന മുസ്‌ലിയാരും കൂട്ടരും തിങ്കളാഴ്ചയിലും നബിദിനാഘോഷം നടത്താറുള്ളത് ഉച്ചക്ക് ബിരിയാണി കഴിച്ചും പായസം കുടിച്ചുമൊക്കയാണ്!
മീലാദ്; അടിത്തറ ശിയാക്കളിൽ തന്നെ!
പുത്തനാചാരമല്ലെന്നും സുന്നത്താണെന്നും പറഞ്ഞ് കൊണ്ടാടുന്ന നബിദിനാഘോഷത്തിന്റെ അടിത്തറ പരതിയാൽ അത് സൂഫിസത്തിലേക്കും ശിയായിസത്തിലേക്കുമൊക്കെയാണ് ചെന്നെത്തുക. അത് സമസ്തക്കാർ തന്നെ സമ്മതിക്കുന്നതിന് ഏറ്റവും പുതിയ തെളിവ് കാണുക:
“ആദ്യകാലങ്ങളിൽ സൂഫികളുടെ ഖാൻഗാഹുകളിലാണ് മൗലിദ് ആഘോഷം നടത്തപ്പെട്ടിരുന്നത്. പ്രമുഖ സൂഫീവര്യരും അനുയായി വൃന്ദവുമാണ് ചടങ്ങുകൾക്ക് നേതൃത്വം നല്കുക. പിന്നീട് ഫാത്വിമീ ഭരണാധികാരികളുടെ (ഹിജ്‌റ 362-507) കീഴിൽ ഈജിപ്തിലാണ് ഔദ്യോഗികമായി നബിദിനം വിപുലമായി ആഘോഷിച്ചു വന്നത്’’ (സുന്നിഅഫ്കാർ/2025 സെപ്തംബർ 1-30/പേജ് 85).
നബിദിനാഘോഷം ഉത്തമ തലമുറയിൽപ്പെട്ടവർ പുണ്യകർമമായി കൊണ്ടാടിയിട്ടില്ലെന്നാണല്ലോ ഇതിനർഥം. എന്നാലും ഇവർ ഇല്ലാകഥകൾ പറഞ്ഞുണ്ടാക്കും! പ്രമാണങ്ങൾ കൊണ്ട് ഈ ആഘോഷത്തെ തെളിയിച്ചെടുക്കാൻ സാധിക്കാത്ത ഇവർ ദുർവ്യാഖ്യാനം നടത്തിയും ദുർബല വാക്കുകളെ ആശ്രയിച്ചും സായൂജ്യമടയുന്നത് എത്രമേൽ അപകടകരമാണ്. അല്ലാഹു പറയുന്നു: “അപ്രകാരം ഇതിനെ (ക്വുർആനിനെ) അറബിഭാഷയിലുള്ള ഒരു ന്യായപ്രമാണമായി നാം അവതരിപ്പിച്ചിരിക്കുന്നു. നിനക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം അവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റിയാൽ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷിക്കുന്ന യാതൊരു രക്ഷാധികാരിയും യാതൊരു കാവൽക്കാരനും നിനക്ക് ഉണ്ടായിരിക്കുകയില്ല’’ (ക്വുർആൻ 13:37).
ഇബ്‌നു കസീർ(റഹി) ഇതിന്റെ വിശദികരണത്തിൽ പറയുന്നു: “പ്രവാചകൻﷺയുടെ മാർഗത്തിൽ പ്രവേശിച്ചതിന് ശേഷം വഴികേടുകളെ പിൻപറ്റുന്ന പണ്ഡിതന്മാർക്കുള്ള ശക്തമായ താക്കീതാണിത്.’’
കുറ്റാരോപണം; കറയറ്റ കളവ്!
മുസ്‌ലിയാർ പരിഭവത്തോടെ എഴുതുന്നത് നമുക്കൊന്ന് വായിക്കാം: “നബിﷺയുടെ മാതൃകയില്ലാത്തതിനാൽ ബിദ്അത്താണെന്ന് പ്രഖ്യാപിക്കുന്നവർ തന്നെ നബിﷺയിലൂടെ മാതൃകയില്ലാത്ത പല കാര്യങ്ങളും നിർബന്ധപൂർവവും ഐച്ഛികമായും അനുഷ്ഠിക്കുന്നുവെന്നത് ഈ ആശയത്തിന്റെ ദുർബലത വ്യക്തമാക്കുന്നു. മാതൃകയില്ലെന്നു പറഞ്ഞ് പുണ്യകർമങ്ങൾ നിഷേധിക്കാൻ തുടങ്ങിയാൽ വിശ്വാസികൾ ഒന്നടങ്കം ചെയ്യുന്ന പല കാര്യങ്ങളും പുത്തൻ ആചാരങ്ങളായി പ്രഖ്യാപിക്കേണ്ടി വരും’’ (പേജ് 8).
അടിസ്ഥാനപരമായി ഇസ്‌ലാം അനുവദിച്ച ഓരോന്നും ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിയാർ ബിദ്അത്താരോപണം നടത്തുന്നത്. അവ ബിദ്അത്താണെന്ന് സമർഥിക്കാൻ മുസ്‌ലിയാർ നിരത്തുന്ന ഞൊണ്ടിന്യായങ്ങൾ ഓരോന്നായി നമുക്കൊന്ന് പരിശോധിക്കാം:
ഒന്ന്) “എന്നാൽ നബിﷺ വെള്ളിയാഴ്ച ജുമുഅ ഖുത്വുബയിൽ സ്വലാത്ത് ചൊല്ലിയതായോ ചൊല്ലാൻ കൽപിച്ചതായോ ഹദീസിൽ സ്ഥിരപ്പെട്ടു വന്നതായി കാണുന്നില്ല. അവിടുന്ന് പ്രവർത്തിച്ചു കാണിക്കാത്തതിനാൽ നബിദിനാഘോഷം ബിദ്അത്താണെന്ന് പറയുന്നവർക്കും ബോധ്യമുള്ള കാര്യം തന്നെയാണിത്’’ (പേജ് 9).
നബിﷺയുടെ പേര് പറഞ്ഞാലും കേട്ടാലും സ്വലാത്ത് ചൊല്ലൽ പ്രമാണങ്ങൾ കൽപിച്ചതാകയാൽ ഖുതുബയുടെ സന്ദർഭത്തിലും അത് അനുവദനീയമാണ്. അവിടുന്ന് ചൊല്ലാൻ പഠിപ്പിച്ചൊരു കാര്യം ബിദ്അത്താകുമോ? അങ്ങനെയെങ്കിൽ സ്വഹാബത്തിന് അംഗീകരിച്ച് കൊടുത്ത പലതിനെയും ഇവർ ആ ഗണത്തിലേക്ക് മാറ്റേണ്ടി വരും. നാല് ഇമാമുമാർ ഈ കാര്യം ചർച്ച ചെയ്‌തേടത്ത് ശാഫിഈ മദ്ഹബ് പ്രകാരം ഇത് ഖുതുബയുടെ റുക്‌നായിട്ടാണ് കാണുന്നത്.
രണ്ട്) “വെള്ളിയാഴ്ച ഖുതുബയിലെ മറ്റൊരു നിർബന്ധ ഘടകമാണ് ദുആ. ഇതും ബിദഇകൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ നബിﷺ ഇത് ചെയ്തു കാണിച്ചുതന്നിട്ടില്ലെന്നതാണ് വസ്തുത. ഇതവർക്ക് അറിയാം, എന്നിട്ടും നിർബാധം പ്രവർത്തിച്ചു വരുന്നു’’ (പേജ് 9).
പ്രാർഥന ഇസ്‌ലാം അനുവദിച്ച പ്രബലമായ ആരാധനയാണ്. വെള്ളിയാഴ്ചയും പള്ളിയുമെല്ലാം പ്രാർഥനയുടെ സ്വീകാര്യതക്ക് കൂടുതൽ അനുയോജ്യമായ സന്ദർഭങ്ങളായതിനാൽ അത് ഉപയോഗപ്പെടുത്തൽ നന്മയാണ്.
മൂന്ന്) “സകാത്തിന്റെ അവകാശികളെ ഖുർആൻ നിർണയിച്ചതാണ്. അതിനപ്പുറത്തേക്ക് അതു നീട്ടാൻ പാടില്ല. അതുകൊണ്ടുതന്നെ മദീനത്തെ പള്ളിക്കോ മറ്റോ നബിﷺ സകാത്തിന്റെ ഫണ്ട് അനുവദിച്ചിട്ടുമില്ല. എന്നാൽ കേരളത്തിലെ നബിദിന വിരോധികൾക്ക് ഇതെല്ലാം അനുവദനീയമാണ്. നബിﷺ ചെയ്തിട്ടില്ലെങ്കിലും അവർ ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കും’’ (പേജ് 9).
ക്വുർആൻ എണ്ണിപ്പറഞ്ഞ, സകാത്തിന്റെ എട്ട് അവകാശികളുണ്ട്. അവർ എവിടെയാണോ ഉള്ളത് അവർക്ക് വേണ്ടി അത് ഉപയോഗിക്കാം. സകാത്ത് സ്വീകരിക്കാനും വിതരണം നടത്താനുമുള്ള വ്യവസ്ഥ നബി ﷺയുടെ കാലത്തുള്ളതാണ്. ഖലീഫമാരുടെ ഭരണ സമയത്ത് അത് വിപുലമാക്കിയതായും കാണാം. ഈ ചര്യയെ മാതൃകയാക്കുന്ന സലഫികളെ സകാത്തിനെ ദുരുപയോഗം നടത്തുന്നവരുടെ കണ്ണിയിലേക്ക് ചേർക്കേണ്ടതില്ല.
നാല്) “നബിﷺയുടെ കാലത്ത് ദീൻ പൂർത്തികരിക്കപ്പെട്ടു, ഇനി നബിﷺ ചെയ്തു കാണിക്കാത്തതൊന്നും അരുതെന്ന് പറഞ്ഞ് നബിദിനാഘോഷത്തെ വിമർശിക്കുന്ന മൗലവിമാർ പക്ഷേ, റസൂൽﷺ ചെയ്തു കാണിക്കാത്ത മതസംഘടനകൾ രൂപീകരിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്നത് അവർക്കിടയിൽ തന്നെ വിവാദമായതാണ്’’ (പേജ് 10,11).
നന്മയിലേക്ക് ക്ഷണിക്കുന്ന ഒരു ഉമ്മത്ത് നിങ്ങളിൽനിന്ന് ഉണ്ടാകട്ടെ എന്നു തുടങ്ങുന്ന ആയത്തും സത്യത്തിന് വേണ്ടി ഒരു ചെറുസംഘം ലോകാവസാനം വരെ നിലകൊള്ളുമെന്ന പ്രവാചക വചനവും ‘ജമാഅത്ത്’ വേണമെന്നതിനുള്ള തെളിവാണ്. സംഘമായി നിൽക്കുന്നവർക്കാണ് അല്ലാഹുവിന്റെ സഹായമെന്നും സത്യസന്ധരോടൊപ്പം നിങ്ങൾ ചേരണമെന്നതും പ്രമാണവചനമാണ്. ഇതെല്ലാം ഉൾക്കൊണ്ടാണ് സലഫികൾ സംഘടിച്ചു പ്രവർത്തിക്കാമെന്ന നിലപാട് സ്വീകരിക്കുന്നത്.
അഞ്ച്) “തിരുജന്മദിനാഘോഷം തിങ്കളാഴ്ച നോമ്പിലൂടെ നബിﷺ ചെയ്തുകാണിച്ചു തന്നതാണ്. ഈ ചര്യ പിന്തുടരുന്നതിനു പുറമേ പ്രവാചക സ്‌നേഹികൾ എല്ലാ വർഷവും റബീഉൽ അവ്വൽ 12 സ്‌നേഹപ്രകടനം കൊണ്ട് സമ്പന്നമാക്കുമ്പോൾ പ്രവാചകർﷺയുടെ പ്രത്യേക നിർദേശമില്ലെന്ന് പറഞ്ഞ് നബിദിനാഘോഷത്തെ അനാചാരമാക്കുകയും നബിﷺ മാതൃക കാണിക്കാത്ത യതീംഖാനകളെ സുന്നത്തിന്റെ പരിധിയിലേക്ക് ചേർത്തുവെക്കുകയുമാണ് ബിദഇകളുടെ രീതി’’ (പേജ് 11).
യതീമുകളെ സംരക്ഷിക്കണമെന്നതിന് എത്രയോ തെളിവുകളുണ്ട്. അത് സ്വന്തം വീട്ടിലാകാം. അതിനു സാധ്യമല്ലെങ്കിൽ പ്രത്യേക വീടോ, സ്ഥാപനമോ, സൗകര്യപ്രദമായ സംവിധാനങ്ങളോ അതിനായി ഉപയോഗിക്കാം. അത് എങ്ങനെയാണ് ബിദ്അത്താവുക? അതായത്, യതീമുകളെ സംരക്ഷിക്കുക എന്നത് മതം അനുശാസിക്കുന്ന കാര്യമാണ്. അതിന് പ്രത്യേക സൗകര്യം ഒരുക്കുന്നു എന്നു മാത്രം. അതിനോട് എങ്ങനെയാണ് മതത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ജന്മദിനോഘോഷത്തെ താരത്യം ചെയ്യാനാവുക?
ആറ്) “തിരുനബിﷺ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്ന വഹാബി ആശയത്തിന് വിരുദ്ധമായി അവർ ചെയ്തുവരുന്ന പുത്തനാചാരമാണ് നികാഹിന്റെ പ്രഭാഷണം. റസൂൽﷺ ചെയ്തിട്ടില്ലാത്ത തിനാൽ നബിദിനമാഘോഷിക്കരുതെന്ന് പറയുന്നവർ ഈ പ്രഭാഷണത്തിനുള്ള നബിമാതൃക വ്യക്തമാക്കേണ്ടതുണ്ട്’’ (പേജ് 12).
നിക്കാഹിന്റെ വേളയിലുള്ള ഖുതുബ ആവശ്യസമയത്തെ ഖുതുബയായതിനാൽ അതിൽ നബിﷺയുടെ അനുമതിയുണ്ട്. ഇബ്‌നു മസ്ഊദി(റ)ൽനിന്ന് നിവേദനം: ‘നിക്കാഹിലും അല്ലാത്തപ്പോഴും ആവശ്യ ഖുതുബ നബിﷺ ഞങ്ങളെ പഠിപ്പിച്ചിരുന്നു’ (തിർമിദി).
ഏഴ്) “സുന്നികൾ ചെയ്യുന്ന ബിദ്അത്തിന്റെ നീണ്ട പട്ടിക നിരത്താറുള്ള മുജാഹിദുകൾ എന്തുകൊണ്ടാണ് ശമ്പളം കൈപ്പറ്റൽ അതിൽ ചേർക്കാത്തത്? വാങ്ക് വിളിച്ചതിന്റെയും നിസ്‌കരിച്ചതിന്റെയും പേരിൽ ഒരു കാരക്കയെങ്കിലും കൂലിയായി നബിﷺ സ്വീകരിച്ചിരുന്നുവെങ്കിൽ നമുക്കും ശമ്പളം വാങ്ങാമായിരുന്നു. അവിടുന്ന് ശമ്പളം പറ്റാത്തതുകൊണ്ട് നമ്മളും വാങ്ങരുത്, അത് ബിദ്അത്താണ് എന്ന് എന്താണ് മൗലവിമാർ നിലപാടെടുക്കാത്തത്?’’(പേജ് 14).
പ്രത്യേക വിലക്കൊന്നുമില്ലാത്ത, സാഹചര്യങ്ങൾക്കനുസരിച്ച് വേണ്ടത് ചെയ്യാൻ അനുവാദമുള്ളൊരു കാര്യമാണിതെന്ന് മുസ്‌ല്യാർക്ക് അറിയാത്തതുകൊണ്ടല്ല, മുജാഹിദുകളെ സമൂഹത്തിനു മുമ്പിൽ അപമാനിക്കുക എന്ന നിയ്യത്ത് നിറവേറ്റുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.
എട്ട്: “സുന്നികൾ ചെയ്യുന്നതിനെ അനാചാരമായി പ്രഖ്യാപിക്കാൻ നബിﷺ ചെയ്തില്ലെന്ന് ന്യായം പറയുന്നവർ സ്വന്തം നേതാക്കളുടെ പേരിന് കൂടെ ‘റ’ എന്നും ‘മർഹൂം’ എന്നും പറയുകയും എഴുതിച്ചേർക്കുകയും ചെയ്യുന്നു. നബിﷺ ചെയ്യാത്തത് ബിദ്അത്താണെങ്കിൽ ഇതും ബിദ്അത്തുതന്നെയല്ലേ? പിന്നെ എന്തുകൊണ്ട് വഹാബികൾ ഇതുപേക്ഷിക്കുന്നില്ല’’ (പേജ് 15).
ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടവർക്കും കാരുണ്യത്തിനും പാപമോചനത്തിനും വേണ്ടി പഠിപ്പിക്കപ്പെട്ട പ്രാർഥനകൾ ധാരാളമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ പേര് പറയുമ്പോൾ അയാൾക്കു വേണ്ടി പ്രാർഥിക്കുന്നത് എങ്ങനെ ബിദ്അത്താകും?
ഒമ്പത്: “നബിﷺയുടെ പേരു കേൾക്കുമ്പോൾ സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്ന് ചൊല്ലൽ വിശ്വാസികളുടെ പതിവാണ്. ഇതും മുജാഹിദ് വിശ്വാസ പ്രകാരം ബിദ്അത്താണ്. കാരണം, ഇങ്ങനെ നബിﷺ ചൊല്ലിയതായി ഹദീസിലില്ല’’ (പേജ് 15).
നബിﷺയുടെ പേര് കേൾക്കുന്ന എല്ലാ സന്ദർഭങ്ങളിലും സ്വലാത്തിന്റെ പൂർണ രൂപം ചൊല്ലാൻ കഴിയില്ലല്ലോ. അതിനാൽ ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്,’ ‘സ്വല്ലല്ലാഹു അലൈഹി വസല്ലം’ എന്നിങ്ങനെ ചുരുക്കി പ്രാർഥിക്കുന്നു. സ്വലാത്ത് പാടെ ഒഴിവാക്കുകയാണോ ചുരുക്കിയെങ്കിലും അത് നിർവഹിക്കുകയാണോ വേണ്ടത്?
പത്ത്: “മയ്യിത്ത് മറമാടിയതിന് ശേഷം ഖബ്‌റിനരികിൽ സുന്നികളും വഹാബികളും ചെയ്തുവരുന്ന കാര്യമാണ് തസ്ബീത്ത്. ഇത് മുജാഹിദ് വിശ്വാസ പ്രകാരം ബിദ്അത്താണ്. കാരണം, ഇതിന് ഉപയോഗിക്കുന്ന ദുആ വാചകം ഹദീസിൽ വന്നതല്ല, പിൽകാലത്ത് പണ്ഡിതന്മാർ ഉണ്ടാക്കിയതാണ്’’ (പേജ് 16).
മരണപ്പെട്ടവരെ മറവ് ചെയ്യുമ്പോൾ അവർക്കു വേണ്ടി തസ്ബീത്ത് ചോദിക്കണമെന്നത് ഹദീസിൽ വ്യക്തമാണ്. പ്രത്യേക പദങ്ങൾ പഠിപ്പിക്കപ്പെടാത്തതിനാൽ സൗകര്യപ്രദമായ രീതിയിൽ ചോദിക്കാം. പണ്ഡിതന്മാർ ഉണ്ടാക്കിയതിനെ ഹദീസിൽ വന്നതായി കാണാനും പാടില്ല.
മുസ്‌ലിയാർ എഴുതുന്നു: “ചുരുക്കത്തിൽ, റബീഉൽ അവ്വൽ 12 നബിﷺയുടെ ജന്മദിനമായി ലോകമെമ്പാടും മുഖ്യധാരാ മുസ്‌ലിംകൾ ആഘോഷിക്കുമ്പോൾ പുറം തിരിഞ്ഞു നിൽക്കുന്നവരുടെ എതിർ ന്യായങ്ങളെല്ലാം ദുർബലമാണ്, ബാലിശമാണ്. നബിദിനാഘോഷം പ്രോത്സാഹിപ്പിച്ചവരാണ് പണ്ഡിത മഹത്തുക്കൾ. അതിനെതിരെ ബിദ്അത്ത് ആരോപണവുമായി രംഗത്ത് വരുന്നവരുടെ ലക്ഷ്യം സമുദായത്തിൽ നാശം വിതക്കലാണ്’’(പേജ് 16).
ആരുടെ എതിർ ന്യായങ്ങളാണ് ദുർബലവും ബാലിശവുമെന്ന് ചിന്തിക്കുന്നവർക്കറിയാം. ‘നബിദിനാഘോഷം നബിﷺ ചെയ്യാത്തതു തന്നെയാണ്’എന്ന് രേഖകൾ വായിച്ച് മുജാഹിദുകൾ ബോധ്യപ്പെടുത്തുമ്പോൾ, അത് പ്രാമാണികമാണെന്നു പറയുന്നവർ അതിനു തെളിവുദ്ധരിക്കുകയാണ് ചെയ്യേണ്ടത്.
സ്‌നേഹത്തിന്റെയും ആദരവിന്റെയും പേരിൽ, മതത്തിൽ അടിസ്ഥാനപരമായി ഇല്ലാത്തതും നൂറു ശതമാനവും ബിദ്അത്തായതുമായ ഈ ശിയാ ആഘോഷത്തെ മതപരമെന്നു തെളിയിക്കാൻ മുസ്‌ലിയാക്കന്മാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല; ഇനി കഴിയുകയുമില്ല. അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ ഇജ്മാഅ് കൊണ്ടെങ്കിലും നബിദിനാഘോഷത്തെ തെളിയിക്കാൻ കഴിയാത്തവരാണ് അതിനെ ഇസ്‌ലാമിന്റെ പറ്റിൽ എഴുതിച്ചേർക്കാൻ ശ്രമിക്കുന്നത്.

