മൗദൂദിയെ വഴിയിൽ ഉപേക്ഷിക്കാൻ ജമാഅത്തെ ഇസ്‌ലാമിക്കാകുമോ?
മൂസ സ്വലാഹി കാര
2025 ജനുവരി 11, 1446 റജബ് 11

ഇസ്‌ലാമിന്റെ പേരിൽ രാഷ്ട്രീയ സേവനം മുഖ്യ ലക്ഷ്യമായി എടുത്തിട്ടുള്ള ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രവർത്തന പാതയിൽ എഴുപത്തിയഞ്ച് വർഷം തികച്ച് തുടരുകയാണ്. സ്ഥാപക നേതാവ് മൗദൂദി സാഹിബ് ഏതൊരു ആശയത്തിന്മേലാണോ ഈ സംവിധാനത്തെ കെട്ടിയുയർത്തിയത് അതിന്റെ നിലനിൽപിന്നും പ്രചാരണത്തിനും വേണ്ടി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിക്കുകയുണ്ടായി. ആദ്യമായി ചെയ്യേണ്ടത് ‘ഹുകൂമത്തെ ഇലാഹി’ (ദൈവിക ഭരണം) സ്ഥാപിക്കുകയാണ് എന്ന മൗദൂദിയൻ സിദ്ധാന്തം തെളിയിക്കാൻ വിശുദ്ധ ക്വുർആനെ തന്നെയും ധാരാളമായി ദുർവ്യാഖ്യാനിക്കേണ്ടിവന്നു. മൗദൂദിയുടെ സ്വപ്ന ആദർശം എന്തായിരുന്നു എന്നത് ‘തഹ്‌രീക് ഔർ കാർകുൻ’ (പ്രസ്ഥാനവും പ്രവർ ത്തകരും) എന്ന പുസ്തകത്തിൽ നിന്ന് നമുക്ക് വായിക്കാം:
“നമ്മുടെ പ്രബോധനത്തെ മുഖ്യമായും മൂന്നു പോയിന്റുകളിൽ സംക്ഷേപിക്കാം; ദൈവദാസന്മാരെ പൊതുവിലും പാരമ്പര്യ മുസ്‌ലിംകളെ വിശേഷിച്ചും അല്ലാഹുവിന്റെ അടിമത്തത്തിലേക്ക് ക്ഷണിക്കുക യാണ് ഒന്നാമത്’’ (പേജ് 13).
ഇവിടെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കുള്ള ഇസ്‌ലാമിന്റെ ക്ഷണത്തെ അടിമത്തത്തിലേക്കുള്ള ക്ഷണമാക്കി മാറ്റിയിരിക്കുന്നു!
പ്രവാചകന്മാരുടെ പ്രബോധനത്തിലെ മുഖ്യ വിഷയമായ തൗഹീദിനെയും ഇദ്ദേഹം അടിമത്തമാക്കി അവതരിപ്പിച്ചു.
“ക്വുർആനും അതിനു മുമ്പുള്ള മുഴുവൻ ദൈവിക ഗ്രന്ഥങ്ങളും മുഹമ്മദ് നബിﷺയുടെ ചര്യയും അദ്ദേഹത്തിനു മുമ്പ് ലോകത്തിന്റെ വിവിധ കോണുകളിൽ രംഗപ്രവേശം ചെയ്ത മുഴുവൻ പ്രവാചകന്മാരുടെ അധ്യാപനങ്ങളും നമ്മുടെ മുമ്പിലുണ്ട്. അവയെല്ലാം ഏകകണ്ഠമായി പ്രബോധനം ചെയ്ത ദൈവത്തിലുള്ള അടിമത്തം ഇപ്രകാരമാണ്...’’(പേജ് 14).
പ്രവാചകന്മാർ വഴി കാണിച്ചതിനെപ്പറ്റി അല്ലാഹു പറയുന്നു: “തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)’’(16:36).
രാഷ്ട്രീയരംഗത്തുള്ള ആശയ ചർച്ചകളിൽ മൗദൂദിയൻ തത്ത്വം മുന്നിൽ വെച്ചുള്ള ചോദ്യങ്ങൾ ഇവർക്ക് നേരെ ഉന്നയിക്കപ്പെടുമ്പോൾ അനുഭവിക്കേണ്ടിവന്ന കുഴക്കും തളർച്ചയും തരണം ചെയ്യാൻ കഴിയാതെ ‘ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാനം മൗദൂദിയല്ല’ എന്ന മറുപടിയാണ് കേരള മജ്‌ലിസ് ശൂറാ ഇതിനായി കണ്ടെത്തിയത്. മൗദൂദിയെ വഴിയിലിട്ട് ഓടുകയും അദ്ദേഹത്തിന്റെ ആദർശം കൈക്കുമ്പിളിലാക്കുകയും ചെയ്യുന്ന ജമാഅത്തുക്കാരുടെ ഈ ദ്വിമുഖ സ്വഭാവം മത മര്യാദയല്ല.
മൗദൂദിയെ ഒഴിവാക്കാനുള്ള ശ്രമം
മുൻ അമീർ ടി.ആരിഫലി 2007ൽ നടത്തിയ പ്രസ്താവന വായിക്കാം: “സ്ഥാപക നേതാവ് മൗലാനാ മൗദൂദിയുടെ ആശയങ്ങളല്ല ജമാഅത്തെ ഇസ്‌ലാമി പ്രാവർത്തികമാക്കുന്നതെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയില്ലെന്നും കേരളാ അമീർ ടി.ആരിഫലി. പ്രവാചകനും വിശുദ്ധ ഖുർആനുമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാനം. മൗദൂദി ഒരു വ്യക്തിയാണ്’’ (തേജസ് ദിനപത്രം, 30.12.2007).
നിലവിലെ അമീർ പി.മുജീബുറഹ്‌മാൻ സാഹിബിന്റെ കീഴിലുള്ള കേരള ഹൽഖയുടെ തീരുമാനം കൂടി വായിക്കാം:
“വിഭജനാനന്തരം ഒരു സ്വതന്ത്ര സംഘടനയായി രൂപംകൊണ്ട ഇന്ത്യൻ ജമാഅത്തെ ഇസ്ിാമിയുമായി മൗദൂദിക്ക് സംഘടനാപരമായ ബന്ധങ്ങളൊന്നുമില്ല’’ (ഇസ്‌ലാം പ്രതിനിധാനത്തിന്റെ ഏഴരപ്പതിറ്റാണ്ട്, പേജ് 6).
“ഖുർആനും സുന്നത്തും അടിസ്ഥാനമായി സ്വീകരിച്ച ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വ്യക്തികളുടെ ചിന്തകളും എഴുത്തുകളും അടിസ്ഥാന സ്രോതസ്സുകളെ കാലികമായി മനസ്സിലാക്കാനുള്ള ഉപാധികളിൽ കവിഞ്ഞ് ഒന്നുമല്ല. അത് ഏതെങ്കിലും ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിച്ച് നിൽക്കുന്നതുമല്ല’’ (പേജ് 7).
മൗദൂദിയൻ ആദർശത്തെ ഒട്ടും ഇറക്കിവെക്കാതെ അതിനുള്ള സർവ പിന്തുണയും സാധ്യമാകുന്നത്ര ഉറപ്പിച്ചിട്ടാണ് ഇത്ര വാചാലരാകുന്നതും ഇതെല്ലാം എഴുതിവിടുന്നതും എന്ന കാര്യം അനുയായികൾ തിരിച്ചറിയുന്നില്ല.
ക്വുർആനും സുന്നത്തുമാണ് അടിസ്ഥാനമെന്ന അവകാശവാദവും അനവധി ആയത്തുകളുടെ അർഥത്തിൽ മൗദൂദി വരുത്തിയ മാറ്റവും വിശ്വസിക്കേണ്ട ഒട്ടേറെ ഹദീസുകളെ നിഷേധിച്ചതും ഇവരിപ്പോഴും അതേപടി സ്വീകരിച്ച് പോരുന്നതും എങ്ങനെയാണ് ഒത്തുപോകുന്നത്! സംഘടനയുടെ സ്ഥാപകന് അതുമായി ബന്ധമില്ലെന്ന് പറഞ്ഞൊഴിയുന്നതും വല്ലാത്തൊരു നിസ്സഹായാവസ്ഥ തന്നെയാണ്.
ഒഴിവാക്കപ്പെട്ടത് മൗദൂദിയോ, ആശയമോ?
മൗദൂദിയെ തള്ളാൻ ജമാഅത്തുകാർക്ക് കഴിയില്ലെന്ന് തെളിയിക്കുന്ന തെളിവുകൾ കൂടി പരിശോധിക്കാം.
1947ൽ മദ്രാസിൽ വെച്ച് മൗദൂദി തന്റെ ആശയം വിളംബരം ചെയ്യാൻ നടത്തിയ പ്രഭാഷണത്തിൽ നിലവിലെ അമീർ അഭിമാനിക്കുന്നത് കാണുക: “സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്‌ലിംകൾ എങ്ങനെ മുന്നോട്ട് പോകണമെന്ന നഖചിത്രം മുന്നിൽ വെച്ച് സയ്യിദ് മൗദൂദിയുടെ മദ്രാസ് പ്രസംഗം ഒരാവൃത്തി കേട്ടിരുന്നെങ്കിൽ സമുദായത്തിന്റെയും രാജ്യത്തിന്റെയും ഭാഗധേയം മറ്റൊന്നാകുമായിരുന്നു’’ (പ്രബോധനം, 2023 സെപ്തംബർ 1, പേജ് 22).
മദ്രാസ് പ്രസംഗത്തോടും അതിലെ പരാമർശിത വിഷയങ്ങളോടും വലിയ ഇഷ്ടം മനസ്സിലുള്ളത് കൊണ്ട് മാത്രം കൊടുത്ത അംഗീകാരമാണിത്.
അഭിവാദനങ്ങളുടെ കുത്തൊഴുക്കാണ് മൗദൂദിയുടെ പ്രവർത്തനങ്ങൾക്കുമേൽ ജമാഅത്തെ ഇസ്‌ലാമി ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്.
“ഇസ്‌ലാമിന്റെ ആശയാടിത്തറയിലാണ് മൗദൂദി ജമാഅത്തെ ഇസ്‌ലാമി കെട്ടിപ്പടുത്തത്’’ (ഏഴരപ്പതിറ്റാണ്ട്, പേജ് 6).
“20ാം നൂറ്റാണ്ടിന്റെ രണ്ടാംപാദം മുതൽ ഇസ്‌ലാമിക ലോകത്ത് അലയടിച്ചു തുടങ്ങിയ ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ശിൽപി’’ (പ്രസ്ഥാനവും പ്രവർത്തകരും, പേജ് 8).
“ലോക ഇസ്‌ലാമിക മുന്നേറ്റത്തിന് ഏറ്റവുമധികം സംഭാവനകളർപ്പിച്ച ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പണ്ഡിതൻ അബ്ൽ അഅ്‌ലാ മൗദൂദിയാണ്. ഇന്ന് ലോകമെങ്ങും കാണപ്പെടുന്ന ഇസ്‌ലാമിക നവജാഗരണത്തിന്റെ ആദ്യ സ്പന്ദനങ്ങൾ മൗദൂദി കൃതികളാണ്’’ (പ്രബോധനം സ്‌പെഷ്യൽ പതിപ്പ് 2024, പേജ് 299).
ക്വുർആനിൽ വന്ന ഇബാദത്തിന് അനുസരണം, അടിമത്തം, ആരാധന എന്നിങ്ങനെ, അഹ്‌ലുസ്സുന്നയുടെ പാരമ്പര്യത്തിൽ ആരും നൽകാത്ത മൂന്ന് അർഥം നൽകി വിശദീകരിച്ചതാണോ ‘നവ ജാഗരണത്തിന്റെ ആദ്യ സ്പന്ദനങ്ങൾ?’ സൂറതുൽ ഫാതിഹയിലെ ‘നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു’ (ഇയ്യാക നഅ്ബുദു), അൽബക്വറയിലെ ‘നിങ്ങളുടെ റബ്ബിനെ നിങ്ങൾ ആരാധിക്കുക’ (ഉഅ്ബുദൂ റബ്ബകും) എന്നിവയിലാണ് അദ്ദേഹം പ്രധാനമായും ഈ അർഥവ്യത്യാസം നടത്തിയത്. ക്വുർആൻ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുവാനായി വന്ന നബിﷺ പോലും പറയാത്ത അർഥം മൗദൂദി പറഞ്ഞപ്പോൾ അതാണ് ശരിയെങ്കിൽ യഥാർഥത്തിൽ ആർക്കാണ് ക്വുർആൻ തിരിഞ്ഞത്? നബിക്കോ, അതോ മൗദൂദിക്കോ? ഉത്തമ തലമുറയിൽ പെട്ടവർ ഗ്രഹിക്കാത്തത് ഇദ്ദേഹം ഗ്രഹിച്ചു എന്നാണോ? അല്ലാഹു പറയുന്നു: “അവർ ഏതൊരു കാര്യത്തിൽ ഭിന്നിച്ചുപോയിരിക്കുന്നുവോ, അതവർക്ക് വ്യക്തമാക്കികൊടുക്കുവാൻ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നത്’’ (16:64).
ജമാഅത്തുകാർ അവരുടെ വലിയ നേട്ടമായി കാണുന്നതാണ് മൗദൂദിയുടെ തഫ്ഹീമുൽ ക്വുർആൻ ഉറുദുവിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം നടത്താൻ കഴിഞ്ഞത്. പ്രബോധനം വാരികയിൽ 1998 ഡിസംബർ വരെ അത് പൂർണമായും പ്രസിദ്ധീകരിച്ചു. ജമാഅത്തെ ഇസ്‌ലാമിക്കാർ ക്വുർആൻ പഠനത്തിന് അവലംബിക്കുന്നതും പള്ളികളിൽ വായിക്കുന്നതുമായ ഈ തഫ്‌സീറിനെ പരിചയപ്പെടുത്തിയത് കാണുക:
“വിശുദ്ധ ഖുർആനിന്റെ ആശയവും സന്ദേശവും ഗ്രഹിക്കാൻ ഉദ്ദേശിക്കുന്ന ഓരോ വ്യക്തിയുടെ വീട്ടിലും തഫ്ഹീമുൽ ഖുർആന്റെ സമ്പൂർണ സെറ്റ് ഉണ്ടായിരിക്കണം’’ (പ്രബോധനം, 1998 സെപ്തംബർ 19, പേജ് 15).
“മാനവരാശിയുടെ മാർഗദർശനാർഥം പ്രപഞ്ചനാഥൻ അവതരിപ്പിച്ച ഖുർആൻ എന്തെന്ന് അവരെ ഗ്രഹിപ്പിക്കാനുള്ള ഒരു ശ്രമമാണ് മൗലാനാ അബുൽ അഅ്‌ലാ മൗദൂദി തഫ്ഹീമുൽ ഖുർആനിലൂടെ നടത്തിയിട്ടുള്ളത്’’ (പേജ് 12).
തഫ്ഹീമിന്റെ ലക്ഷ്യം മൗദൂദി തന്നെ പറഞ്ഞത് നോക്കൂ: “ഈ ഗ്രന്ഥം വായിക്കുന്ന സാധാരണ ക്കാരന് ഖുർആന്റെ സന്ദേശങ്ങളും ആശയങ്ങളും വ്യക്തമായി മനസ്സിലാവുകയും ഖുർആൻ അയാളിൽ ഉളവാക്കാനുദ്ദേശിക്കുന്ന സ്വാധീനം ഉളവാക്കുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം’’ (പേജ് 13).
മൗദൂദിയെ ഒഴിവാക്കാൻ തത്രപ്പെടുന്ന ഈ വേളയിലും അദ്ദേഹത്തിന്റെ തഫ്‌സീറിന് ‘പ്രശസ്തി പത്രം’ നൽകുന്നതിൽ യാതൊരു കുറവുമില്ല: “വിശുദ്ധ ഖുർആനിന്റെ ആന്തരികസത്ത മനസ്സിന്റെ അകത്തളങ്ങളിൽ ആഴ്ന്നിറങ്ങിയത് പ്രബോധനത്തിന്റെ ഉൾത്താളുകളിൽ നിന്നായിരുന്നു. മൗലാനാ മൗദൂദിയുടെ ഖുർആൻ വ്യാഖ്യാനമായ തഫ്ഹീമുൽ ഖുർആൻ കണ്ടപ്പോഴേ കൊതിച്ചതാണ് ആ വാള്യങ്ങൾ സ്വന്തമാക്കണമെന്ന്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ അത് സാധിച്ചു’’ (പ്രബോധനം, 2025 ജനുവരി 3, പേജ് 5).
ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസത്തിൽനിന്ന് സമൂഹത്തെ തെറ്റിക്കാൻ പഴുതുകളുള്ള ഈ തഫ്‌സീറിനെ ഇത്തരത്തിൽ ഉയർത്തിക്കാണിക്കുന്ന ഇവർ മൗദൂദിയുടെ ആശയത്തിലല്ലെന്ന് എങ്ങനെ പറയും? ഇപ്പോഴും ഈ തഫ്‌സീർ വായിക്കുന്നവർക്ക് ആ തെറ്റുകൾ ആരാണ് തിരുത്തിക്കൊടുക്കുക! മൗദൂദിയുടെ ആദർശം ഞങ്ങൾക്കില്ലെന്നു പറയുന്നത് മുഖം രക്ഷിക്കാനുള്ള വെറും വാക്ക് മാത്രമാണ്.
സംഘടനയിൽ അംഗത്വത്തിന് അപേക്ഷിക്കുന്നവർ നിർബന്ധമായും വായിക്കേണ്ട പുസ്തകങ്ങൾ ഏതൊക്കെയെന്ന് സംഘടനാ മാർഗരേഖ 2023-25 വരെയുള്ളതിലൂടെ പുറത്ത് വിട്ടത് കാണുക:
“അംഗത്വാപേക്ഷകർ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ: റൂദാദ് ജമാഅത്തെ ഇസ്‌ലാമി ഭാഗം 1-5, ഖുതുബാത്ത്, സത്യസാക്ഷ്യം, പ്രസ്ഥാനവും പ്രവർത്തകരും, ഇസ്‌ലാമും ജാഹിലിയ്യത്തും, ഇസ്‌ലാമിന്റെ ജീവിതവ്യവസ്ഥ, ഇസ്‌ലാമും സംഘടിത ജീവിതവും’’ (പേജ് 27).
“താഴെ പറയുന്ന പുസ്തകങ്ങൾ വായിക്കൽ അഭികാമ്യമാണ്. രക്ഷാസരണി, സത്യമാർഗം, ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, മരണാനന്തര ജീവിതം, ഇസ്‌ലാമിന്റെ സന്ദേശം, ഖുർആനിലെ നാലു സാങ്കേതിക ശബ്ദങ്ങൾ’’ (പേജ് 28).
മൗദൂദിയുടെ തലതിരിഞ്ഞ വിശ്വാസവും തെറിച്ച ചിന്തകളും നിറഞ്ഞ് കിടക്കുന്ന ഈ പുസ്തകങ്ങൾ ഓരോരുത്തരെക്കൊണ്ടും നിർബന്ധിച്ച് വായിപ്പിക്കുന്നതിലെ രഹസ്യവും യുക്തിയും മൗദൂദിയുടെ ആശയം അവരിൽ വേരുന്നണം എന്നല്ലാതെ മറ്റെന്താണ്? കേവല മലയാള സാഹിത്യ വായനയാണെങ്കിൽ അതിന് മറ്റു പലതുമുണ്ടല്ലോ! മൗദൂദിയെന്ന വ്യക്തിയെയോ അദ്ദേഹം വാർത്തെടുത്ത ആദർശത്തെ ജമാഅത്തെ ഇസ്‌ലാമിയിൽനിന്ന് അടർത്തിമാറ്റാൻ സാധിക്കില്ലെന്നതാണ് ഈ തെളിവുകളെല്ലാം പറയുന്ന ത്. അമീറടക്കമുള്ളവർ വളച്ചുതിരിച്ച് പറയുന്ന മറുപടികൾക്ക് പകരം ഇന്നും അവശേഷിക്കുന്ന ഈ രേഖകൾ എന്ത് ചെയ്യുമെന്നറിയാനാണ് സമൂഹം കാത്തിരിക്കുന്നത്. എങ്കിൽ മാത്രമെ ആദർശം വേറിട്ട് കാണുകയുള്ളൂ.
സലഫികളുടെ ആദർശ, പ്രമാണ നിലപാടുകളെ രൂക്ഷമായി വിമർശിക്കുകയും അവർ എന്തോ വലിയ പിഴവിൽ അകപ്പെട്ടവരാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക് ആചാര്യനെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്നതും ആദർശം നന്നായി പുറത്തെടുക്കാൻ കഴിയുന്നില്ലെന്നതും വല്ലാത്ത അപജയം തന്നെയാണ്. പ്രാമാണികമല്ലാത്ത നിലപാടുകൾ സ്വീകരിച്ച എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണെന്ന് വർത്തമാനകാല സംഭവവികാസങ്ങൾ വിളിച്ചുപറയുന്നുണ്ട്.
അല്ലാഹു പറയുന്നു: “അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവർക്കിടയിൽ നീ വിധികൽപിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റാതിരിക്കുകയും, അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്ന വല്ല നിർദേശത്തിൽ നിന്നും അവർ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലർത്തുകയും ചെയ്യണമെന്നും (നാം കൽപിക്കുന്നു). ഇനി അവർ പിന്തിരിഞ്ഞ് കളയുകയാണെങ്കിൽ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങൾ കാരണമായി അവർക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്. തീർച്ചയായും മനുഷ്യരിൽ അധികപേരും ധിക്കാരികളാകുന്നു’’ (ക്വുർആൻ 5:49).

