നയവ്യതിയാനം നിലപാടാക്കി മാറ്റിയവർ

മുബാറക് ബിൻ ഉമർ

2025 ഒക്ടോബർ 11, 1447 റബീഉൽ ആഖിർ 19

സംഘടനകൾക്ക് ആദർശമുണ്ടാകും. മതരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്ക് ആദർശത്തിൽ മാറ്റം വരുത്തേണ്ടി വരില്ല. എന്നാൽ രാഷ്ട്രീയ സംഘടനകൾക്ക് ആദർശവും നയവും പരിപാടികളുമൊക്കെ കാലത്തിനനുസരിച്ച് മാറ്റേണ്ടിവരും. അത് സ്വാഭാവികമാണ്. അങ്ങനെ ആദർശം മാറ്റേണ്ടി വരുമ്പോൾ അവരത് പരസ്യമായി പറയും. അങ്ങനെ തന്നെയാണല്ലോ വേണ്ടതും.

എന്നാൽ ജമാഅത്തെ ഇസ്‌ലാമിയുടെ അവസ്ഥ എന്താണ്? അവരുടെ പ്രവർത്തനങ്ങളിൽ പല മാറ്റവും വന്നതായി നാം കാണുന്നു. ആദർശത്തിൽ മാറ്റം വരുത്തിയാണോ ഈ മാറ്റം?

‘ദൈവേതര ശക്തികളെ അനുസരിക്കാൻ പാടില്ല’ എന്നതായിരുന്നു അവരുടെ പ്രഖ്യാപിത നയം. തൗഹീദിൽ ആരാധനക്ക് പുറമെ അടിമവേലയും അനുസരണവും കൂട്ടിച്ചേർത്തപ്പോൾ ദൈവേതരർക്ക് അനുസരണവും അടിമവേലയും പാടില്ലെന്ന് വന്നു. എന്ന് മാത്രമല്ല, അങ്ങനെ ചെയ്താൽ അത് ബഹുദൈവാരാധന (ശിർക്ക്) ആയിത്തീരും. ദൈവേതര ശക്തികളെല്ലാം ത്വാഗൂത്താണ്. അതുകൊണ്ട് അനിസ്‌ലാമിക ഗവൺമെന്റിന്റെ നിയമങ്ങളനുസരിക്കാൻ പാടില്ല. ഇതും പറഞ്ഞുകൊണ്ടാണവർ 1940 കളിൽ പ്രചരണം തുടങ്ങിയത്.

ഇന്ത്യാമഹാരാജ്യത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ രംഗപ്രവേശം തന്നെ ഇതും പറഞ്ഞു കൊണ്ടായിരുന്നു. (വെള്ളക്കാരുടെ ഭരണം പോയി ഇന്ത്യക്കാരുടെ ഭരണം വന്നപ്പോൾ ലാത്ത പോയി മനാത്ത വന്നു എന്നാണ് അവർ പറഞ്ഞത്). ദൈവേതര ശക്തിയെ തിരഞ്ഞെടുക്കുന്ന വോട്ട് പാടില്ല എന്നു പറഞ്ഞത് ഈ നിലപാടുകൊണ്ടായിരുന്നു; അല്ലാതെ, തൽക്കാലം ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വോട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞുകൊണ്ടല്ല. ‘ജമാഅത്തെ ഇസ്‌ലാമി 27 വർഷം’ എന്ന പുസ്തകത്തിൽ വ്യക്തമാക്കിയതാണിക്കാര്യം; വോട്ട് ഒരു മുസ്‌ലിമിന് നിഷിദ്ധം എന്ന്.

അതിനു മാറ്റം വന്നു. ജനതാ പാർട്ടി ഭരണത്തിൽ വന്ന കാലത്ത് വോട്ട് ചെയ്തത് നിർബന്ധിതാവസ്ഥയിലായിരുന്നു എന്നാണവർ ന്യായം പറഞ്ഞത്. നിർബന്ധിതാവസ്ഥയിൽ-ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ-ഹറാമിന്നനുവാദമുണ്ട്. ശിർക്ക് നിർബന്ധിതാവസ്ഥയിലും പാടില്ല. ശിർക്ക് ചെയ്യാൻ നിർബന്ധിക്കപ്പെട്ടാൽ അതിനെതിരെ പോരാടണം. അല്ലെങ്കിൽ ഹിജ്‌റ പോകണം.

പിൽക്കാലത്ത് വോട്ട് ചെയ്യാമെന്നായി. സ്ഥാനാർഥിയുടെ മൂല്യം നോക്കി വോട്ട് ചെയ്തു. ഒരേസമയം ഒരു സ്ഥലത്ത് ഇടതിനും മറ്റൊരു സ്ഥലത്ത് വലതിനും പിന്തുണ കൊടുത്തു. അതും കഴിഞ്ഞ് രാഷ്ട്രീയ രംഗത്ത് പരസ്യമായിറങ്ങി. പാർട്ടിയുമുണ്ടാക്കി.

അനിസ്‌ലാമിക ഗവൺമെന്റ് ത്വാഗൂത്താണെന്ന വാദം തിരുത്തിയോ? തിരുത്തിയെന്ന് സങ്കൽപിക്കുക. മതനിയമം തിരുത്തപ്പെടുകയില്ല. ഹറാം എല്ലാകാലത്തും ഹറാമാണ്. ഹലാൽ എന്നും ഹലാലായിരിക്കും. ഇത് സർവാംഗീകൃതമായ വസ്തുതയാണ്.

മൗദൂദി സാഹിബ് പ്രഗത്ഭനായ എഴുത്തുകാരനാണ്. ധാരാളം പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. അറബ് ലോകത്തും മൗദൂദി അംഗീകരിക്കപ്പെട്ടിരുന്നു. ഈ രൂപത്തിലാണ് ഇപ്പോഴും ജമാഅത്തുകാർ പറഞ്ഞു നടക്കുന്നതും എഴുതി പ്രചരിപ്പിക്കുന്നതും.

എത്രയോ മഹാരഥന്മാരായ പണ്ഡിതശ്രേഷ്ഠന്മാർ കഴിഞ്ഞു പോയിട്ടുണ്ട്. അവരുടെ സേവനങ്ങൾ ലോക മുസ്‌ലിംകൾ അംഗീകരിക്കുന്നു. എന്നാൽ അവർ പറഞ്ഞ ഒരബദ്ധം ആര് അംഗീകരിക്കും? ആരും അംഗീകരിക്കില്ല! ഇന്നും പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ അത് അബദ്ധമാണ് എന്ന് വ്യക്തമാക്കും. അത് പണ്ഡിതന്മാരോടുള്ള ബഹുമാനക്കുറവല്ല. മൗദൂദി അബദ്ധം പറഞ്ഞാലും അതുതന്നെയാണവസ്ഥ.

ഉദാഹരണത്തിന് പ്രധാനപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ. ഫാതിഹയുടെ വ്യാഖ്യാനത്തിൽ മൗദൂദി എഴുതിയത് ചെറിയ കാര്യമല്ല. ‘ഇയ്യാക നഅ്ബുദു’വിന് അദ്ദേഹം ഇപ്രകാരം തഫ്ഹീമുൽ ക്വുർആനിൽ രേഖപ്പെടുത്തി: “നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു. ഇബാദത്ത് എന്ന പദം അറബി ഭാഷയിൽ മൂന്ന് അർഥങ്ങളിൽ ഉപയോഗിക്കാറുണ്ട്. 1) പൂജ, ആരാധന. 2) അനുസരണം, അജ്ഞാനുവർത്തനം. 3) അടിമത്തം, ദാസ്യവൃത്തി. ഇവിടെ ഈ മൂന്ന് അർഥങ്ങളും ഒന്നിച്ചുദ്ദേശിക്കപ്പെടുന്നുണ്ട്. അതായത്, ഞങ്ങൾ നിന്നെ ആരാധിക്കുന്നവരും നിന്റെ ആജ്ഞാനുവർത്തികളും നിനക്ക് അടിമപ്പെടുന്നവരുമാണ്. ഈ നിലകളിലെല്ലാം നിന്നോട് ഞങ്ങൾ ബന്ധപ്പെടുന്നുവെന്നതല്ല, നിന്നോട് മാത്രമെ ബന്ധപ്പെടുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. പ്രസ്തുത മൂന്ന് അർഥങ്ങളിൽ യാതൊരു അർഥത്തിലും ഞങ്ങൾക്ക് മറ്റൊര ‘മഅ്ബൂദ്’ (ഇബാദത്ത് ചെയ്യപ്പെടുന്നവൻ) ഇല്ല തന്നെ’’ (തഫ്ഹീമുൽ ക്വുർആൻ, പേജ് 36,38, ഒന്നാം വാല്യം).

‘ക്വുർആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ’ എന്ന പേരിൽ മൗദൂദിക്ക് ഒരു പുസ്തകമുണ്ട്. ഇലാഹ്, റബ്ബ് ഇബാദത്ത്, ദീൻ എന്നിവയാണ് ആ നാലു പദങ്ങൾ. തൗഹീദിൽ ആരാധനക്ക് പുറമെ അനുസരണവും അടിമത്തവും കൂടി മൗദൂദി കൂട്ടിച്ചേർത്തതോടെ ദൈവതരരെ അനുസരിച്ചാൽ ശിർക്കായിത്തീരും. മറ്റൊരാൾക്ക് അടിമവൃത്തി ചെയ്താലും തഥൈവ.

യഥാർഥത്തിൽ ഈ വാദം പ്രാമാണികമാണോ? അല്ലാഹു അല്ലാത്തവരെ അനുസരിക്കാൻ പാടില്ലേ? അനുസരിച്ചാൽ ശിർക്കാകുമോ? പ്രവാചകനെ അനുസരിക്കൽ ദീനിന്റെ സർവസ്വവുമാണ്. മാതാപിതാക്കളെ അനുസരിക്കണം. ഗുരുനാഥന്മാരെ അനുസരിക്കണം. നല്ല കാര്യത്തിൽ ആരെയും അനുസരിക്കാം. മതവിധിക്കെതിരെ ആവാൻ പാടില്ല. അതായത് അനുസരണം അല്ലാഹുവിന് മാത്രം എന്നൊരു വിധി ഇസ്‌ലാമിലില്ല. അനുസരിക്കുന്ന കാര്യം പരിഗണിച്ചാണ് വിധി. മതത്തിൽ നിർബന്ധ കാര്യം അനുസരിച്ചാൽ അതനുസരിച്ചാണ് വിധി. സുന്നത്തായ കാര്യം അനുസരിച്ചാൽ അത് സുന്നത്തായി കണക്കിലെടുക്കും. ഹലാലായ കാര്യം അനുസരിച്ചാൽ അത് ഹലാലായിത്തീരും. ഹറാമാണെങ്കിലോ? അത് ഹറാമാകും!

സലഫി പണ്ഡിതന്മാർ ഈ കാര്യം വ്യക്തമാക്കിയപ്പോൾ കേരളത്തിലെ ജമാഅത്തുകാർ അന്ന് പറഞ്ഞു; എല്ലാ അനുസരണവുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. നിരുപാധികമായ അനുസരണമാണ് എന്ന്. സലഫികൾ പറഞ്ഞു; നിരുപാധികമായി റസൂലിനെ അനുസരിച്ചാലേ മുസ്‌ലിമാവുകയുള്ളൂ.

ഇനി അടിമവേലയുടെ കാര്യമെടുക്കാം. നബിﷺയുടെ സ്വഹാബികളിൽ പലരും അടിമകളായിരുന്നു. തങ്ങളുടെ യജമാനന്മാർക്ക് അവർ അടിമവേല ചെയ്താണ് ജീവിച്ചിരുന്നത്. പല സ്വഹാബികളും അടിമകളുള്ള യജമാനൻമാരായിരുന്നു. തന്റെ യജമാനനോടും അല്ലാഹുവിനോടും നല്ല നിലപാടിൽ ജീവിക്കുന്ന അടിമക്ക് രണ്ട് പ്രതിഫലം എന്ന് നബി ﷺ പ്രസ്താവിക്കുകയും ചെയ്തു. അടിമയെ അടിമത്തത്തിൽനിന്നും മോചിപ്പിക്കൽ വലിയ പുണ്യകർമമായി അംഗീകരിക്കുകയും ചെയ്തു.

അടിമത്തം നിരോധിച്ചിട്ടില്ല. എന്തുകൊണ്ട് നിരോധിച്ചില്ല? യുദ്ധമുണ്ടാകുമ്പോൾ ശത്രുഭടന്മാരെ തടവിലാക്കും. ആ തടവുകാരെ എന്തു ചെയ്യണം? അവർ അടിമകളായിത്തീരും. മാന്യമായ വസ്ത്രവും ആഹാരവും താമസവും നൽകി അവരെ സംരക്ഷിക്കണം. ഈ ആധുനിക കാലത്ത് പോലും യുദ്ധത്തടവുകാരെ ക്രൂരമായി പീഡിപ്പിക്കുന്നത് നാമറിയുന്നു. ഗ്വാണ്ടനാമോ തടവറ കുപ്രസിദ്ധമാണല്ലോ. അടിമയോട് നല്ല നിലപാടിൽ വർത്തിക്കണമെന്നാണ് ഇസ്‌ലാം ഇസ്‌ലാം വ്യക്തമാക്കുന്നത്. അവന് കഴിയാത്ത ജോലി അവനെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിക്കരുത്. വേണ്ടിവന്നാൽ അവനെ ജോലിയിൽ സഹായിക്കണം എന്നാണ് പ്രവാചക നിർദേശം.

ചുരുക്കത്തിൽ, അല്ലാഹു അല്ലാഹുവല്ലാത്തവരെ അനുസരിക്കരുത് എന്നോ അടിമവേല പാടില്ല എന്നോ ഉള്ള ഒരു കൽപന ഇസ്‌ലാമിലില്ല. മൗദൂദി കൊണ്ടുവന്ന പുത്തൻ തൗഹീദ് ഇസ്‌ലാമിനന്യമാണ്. അദ്ദേഹം ആ പറഞ്ഞത് അബദ്ധമാണ്. തൗഹീദിലാണ് അബദ്ധം എന്നതുകൊണ്ട് പരമാബദ്ധമാണ് എന്ന് പറയാം.

അതുപോലെ തന്നെ പരമാബദ്ധമാണ് മതരാഷ്ട്രവാദം. മൗദൂദിയുടെ ഖുതുബാത്ത് എന്ന ഗ്രന്ഥത്തിൽ ‘ജിഹാദ്, ‘ജിഹാദിന്റെ പ്രാധാന്യം’ എന്നീ രണ്ടധ്യായങ്ങളിൽ, ഭരണമുണ്ടായാലേ ദീനുള്ളൂ എന്ന സിദ്ധാന്തം അദ്ദേഹം അവതരിപ്പിക്കുന്നു: ‘സ്വന്തഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയിൽ സ്ഥാപിക്കപ്പെടാത്ത ഒരു സാങ്കൽപിക വീടുപോലെയാണ്’(ഖുതുബാത്ത്, പേജ് 271).

ഭരണമില്ലെങ്കിൽ ദീനില്ല എന്ന വിഷയം വിശദമാക്കുന്നത് മേൽപ്പറഞ്ഞ രണ്ടധ്യായങ്ങളിലാണ്. വേറെ നിയമങ്ങൾ അനുസരിക്കുന്നത് ശിർക്കാണെന്ന് അദ്ദേഹം അതിൽ പറയുന്നുണ്ട്.

മദീന ഹിജറക്ക് മുമ്പ് ഹബ്ശ(അബ്‌സീനിയ-ഇന്നത്തെ എത്യോപ്യ)യിലേക്ക് ഹിജ്‌റ പോകാൻ സ്വഹാബികൾക്ക് അനുവാദം നൽകുകയുണ്ടായി. പ്രവാചകത്വത്തിന്റെ അഞ്ചാം വർഷം റജബ് മാസത്തിലായിരുന്നു അത്. 12 പുരുഷന്മാരും 4 സ്ത്രീകളും പ്രവാചക പുത്രി റുക്വിയ്യ(റ), ഭർത്താവ് ഉസ്മാനുബ്‌നു അഫ്ഫാൻ(റ) എന്നിവരും ആ കൂട്ടത്തിലുണ്ടായിരുന്നു. പിന്നീട് 83 സ്വഹാബികളും 19 വനിതകളും ഹബ്ശയിലേക്ക് പോയി. പ്രവാചകന്റെ പിതൃവ്യപുത്രനും അലി(റ)യുടെ സഹോദരനുമായ ജഅ്ഫറുബ്‌യനു അബീത്വാലിബും(റ) അമ്മാറുബ്‌നു യാസിറും(റ) ആ കൂട്ടത്തിലുണ്ടായിരുന്നു.

ഹിജ്‌റ ഏഴാം വർഷമാണ് ഖയ്ബർ യുദ്ധം. അതിനുശേഷമാണ് ജഅ്ഫറും(റ) കുടുംബവും ഹബ്ശയിൽനിന്ന് മടങ്ങി മദീനയിൽ എത്തിയത്.

ക്രിസ്ത്യൻ ഭരണകൂടമാണ് ഹബ്ശയിലുണ്ടായിരുന്നത്. ആ ഭരണകൂടത്തിന് കീഴിൽ ജീവിക്കുവാനാണ് നബിﷺ സ്വഹാബികളെ പറഞ്ഞയച്ചത്. പിന്നീട് മുസ്‌ലിംകൾ മക്കയിൽനിന്നും മദീനയിലേക്ക് ഹിജ്‌റ പോയി. മദീനയിൽ പ്രവാചകന്റെ നേതൃത്വത്തിൽ ഒരു ഇസ്‌ലാമിക സമൂഹം നിലവിൽ വന്നു. ക്രിസ്ത്യൻ ഭരണം നടന്നിരുന്ന ഹബ്ശയിലേക്ക് -അത് ത്വാഗൂത്താണെങ്കിൽ- സ്വഹാബികളെ പറഞ്ഞയക്കുമായി രുന്നോ? എന്നുമാത്രമല്ല, മറ്റൊരു കാര്യം കൂടിയുണ്ട്; മദീനയിലെത്തി അവിടെ ഇസ്‌ലാമിക ഭരണം നിലവിൽ വരുകയും ചെയ്തു. ഹബ്ശയിൽ സ്വഹാബികൾ നിർബന്ധിത സാഹചര്യത്തിലാണ് ജീവിക്കുന്നതെങ്കിൽ നബിﷺ അവരെ മദീനയിലേക്ക് വരണമെന്ന് അറിയിക്കുമായിരുന്നല്ലോ. നബി ﷺ അങ്ങനെ അറിയിച്ചില്ല. അവർ ഏഴുവർഷം പിന്നീടും ഹബ്ശയിൽ ജീവിച്ചു. അബൂ സുഫ്‌യാന്റെ മകൾ ഉമ്മുഹബീബ(റ)യെ നബിﷺ വിവാഹം ചെയ്യുന്നത് അവർ ഹബ്ശയിലായിരുന്നപ്പോഴാണ്.

അനിസ്‌ലാമിക ഭരണകൂടത്തിന് കീഴിൽ മുസ്‌ലിമായി ജീവിക്കുന്നതിന് തടസ്സമെന്തെങ്കിലുമുണ്ടോ? അതാണ് കാര്യം. ഈമാൻ കാര്യങ്ങൾ ആറിലും വിശ്വസിച്ച് ഇസ്‌ലാം കാര്യങ്ങൾ അഞ്ചും നിർവഹിച്ച് ജീവിക്കാൻ കഴിയുമോ എന്നതാണ് വിഷയം. ദൈവകൽപനകൾക്കെതിരിൽ ആരെയും അനുസരിക്കേണ്ടതില്ല.

മുസ്‌ലിംകളോട് നല്ല നിലയിൽ ഇടപെടുന്നവരോട് നല്ല നിലയിൽ തന്നെ അങ്ങോട്ടും ഇടപെടണം എന്നതാണ് മതനിർദേശം. ക്വുർആൻ പറയുന്നു: “മതകാര്യങ്ങളിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളിൽനിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് വിരോധിക്കുന്നില്ല. തീർച്ചയായും നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. മതകാര്യങ്ങളിൽ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളിൽനിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതിൽ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചു മാത്രമാണ്-അവരോട് മൈത്രി കാണിക്കുന്നത്-അല്ലാഹു വിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രി ബന്ധം പുലർത്തുന്ന പക്ഷം അവർ തന്നെയാകുന്നു അക്രമകാരികൾ’’ (മുംതഹന 8,9).

ഒരു കാര്യം കൂടി വിശദീകരിക്കട്ടെ; ‘മൗദൂദിക്ക് അറബി അറിയില്ലെന്ന് ഉമർ മൗലവി പറഞ്ഞു കളഞ്ഞു, എന്തൊരു വിഡ്ഢിത്തമാണ് ഈ മൗലവി പറയുന്നത്’ എന്ന് ജമാഅത്തെ ഇസ്‌ലാമിക്കാർ വ്യാപകമായി പറഞ്ഞു നടന്നിരുന്നു. ഇപ്പോഴും അവരത് പറയുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

മൗദൂദിയുടെ പുത്തൻ വാദങ്ങളൊക്കെ പുറത്തുവരുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഉറുദുവിലുള്ള പല ലേഖനങ്ങളും അറബിയിലേക്ക് മൊഴിമാറ്റം നടത്തി കെഎം മൗലവി ഈജിപ്തിലേക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. ശൈഖ് റശീദ് രിളായുടെ അൽമനാറിൽ അത് പ്രസിദ്ധീകരിക്കാൻ വേണ്ടിയായിരുന്നു അത്. അക്കാലത്ത് ഉമർ മൗലവി കെഎം മൗലവിയുടെ ശിഷ്യന്മാരിൽ പ്രഥമനായിരുന്നു. മൗദൂദി അറബിയിലെന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അവ ഞങ്ങൾക്കയച്ചു തരണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടിയിൽ നിന്നെഴുതി. അപ്പോൾ അറബിയിൽ മൗദൂദി ഒന്നും എഴുതിയിട്ടില്ല എന്നും അദ്ദേഹത്തിന്റെ രചനകൾ അറബിയിലേക്ക് പരിഭാഷപ്പെടുത്താൻ ‘ദാറുൽ ഉറൂബത്’ എന്നൊരു സ്ഥാപനമുണ്ടെന്നും മറുപടി കിട്ടി.

സുഊദി അറേബ്യയിലെത്തിയ മൗദൂദിക്ക് ജിദ്ദയിലൊരു സ്വീകരണമുണ്ടായി. ആ സ്വീകരണത്തിന് നന്ദി പറഞ്ഞ് രണ്ടു വാചകം അറബിയിൽ മൗദൂദി പറഞ്ഞില്ല. പരിഭാഷകനാണ് അറബിയിൽ അക്കാര്യം നിർവഹിച്ചത്. അറബി അത്യാവശ്യം അറിയുന്ന ആളാണെങ്കിൽ അറബ്‌നാട്ടിൽ അറബിയിലല്ലേ സംസാരിക്കുക?

സൂറതു മുഹമ്മദ് 35-ാം വചനത്തിന്റെ അർഥം ഇപ്രകാരമാണ്: “ആകയാൽ നിങ്ങൾ ദൗർബല്യം കാണിക്കരുത്. നിങ്ങൾ തന്നെയാണ് ഉന്നതന്മാർ എന്നിരിക്കെ (ശത്രുക്കളെ) നിങ്ങൾ സന്ധിക്ക് ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്.’’ ഇവിടെ ക്ഷണിക്കരുത് എന്ന് പറഞ്ഞിടത്ത് ക്ഷണിക്കുക എന്ന് അർഥം കൊടുത്തുള്ള മൗദൂദിയുടെ ലേഖനം കണ്ടു. ഇക്കാര്യമറിയിച്ചുകൊണ്ട് കെഎം മൗലവി മൗദൂദിക്ക് എഴുതി. മറുപടി വന്നില്ല. വീണ്ടും എഴുതി. ഒരു മറുപടിയുമുണ്ടായില്ല. എന്നാൽ (തഫ്ഹീമുൽ ഖുർആനിൽ ശരിയായ അർഥം തന്നെയാണിപ്പോൾ കാണുന്നത്.

ഈ മൂന്നു കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ഉമർ മൗലവി മേൽപ്പറഞ്ഞ കാര്യം പറഞ്ഞത്. മൗദൂദിക്ക് അറബി ഭാഷ കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന അഭിപ്രായത്തിൽ എത്താൻ കാരണമതാണ്. മേൽ വിശദീകരിച്ച മൂന്ന് സംഭവങ്ങളിൽനിന്ന് വ്യക്തമാകുന്നത് അതുതന്നെയല്ലേ?

മൗദൂദി കൊണ്ടുവന്ന പുത്തൻ വാദങ്ങളിൽ അടിസ്ഥാനപരമായ രണ്ടു വിഷയങ്ങളാണ് ഈ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചത്. അതിനു വ്യക്തവും പ്രമാണികവുമായ മറുപടിയുണ്ടോ? അതാണ് ജമാഅത്തുകാർ പറയേണ്ടത്.