പ്രവാചകന്മാർ മുഹമ്മദ് നബി ﷺ യോട് ഇസ്തിഗാസ തേടിയെന്നോ?
മൂസ സ്വലാഹി കാര
2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

പ്രവാചകന്മാരെ പ്രതികളാക്കിക്കൊണ്ട് അന്ധവിശ്വാസങ്ങളെ വെളുപ്പിക്കാനുള്ള മുസ്‌ലിയാക്കന്മാരുടെ ശ്രമം തുടങ്ങിയിട്ട് കാലം കുറെയായി. ഇവർ വലിയ ഉത്സാഹത്തോടെ പാടി പ്രചരിപ്പിക്കുന്ന മൻക്വൂസ് മൗലിദ് ഇതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ളൊരു രചനയാണ്. ഈ മൗലിദിന്റെ ആരംഭം തന്നെ ആദം നബി(അ) മുഹമ്മദ് നബിﷺയെ കൊണ്ട് ഇടതേട്ടം നടത്തിയെന്നും പ്രളയ സമയത്ത് നൂഹ്(അ) അദ്ദേഹത്തോട് സഹായം തേടിയെന്നും ഇബ്റാഹീം നബി(അ) തീയിലെറിയപ്പെട്ട സന്ദർഭത്തിൽ അദ്ദേഹത്തിെൻറ മുതുകിൽ നബിﷺ ഉണ്ടായിരിന്നു എന്നൊക്കെയുള്ള അവാസ്തവങ്ങൾ നിറഞ്ഞതാണ്.
ആദം നബി(അ)യും ഹവ്വാ ബീവിയും തെറ്റ് പൊറുത്ത് കിട്ടാൻ എന്താണ് ചെയ്തതെന്ന് ക്വുർആൻ പറയുന്നു: “അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും’’ (7:23).
നൂഹ് നബി(അ)യും കൂടെയുള്ളവരും രക്ഷപ്പെട്ടതെങ്ങനെയെന്ന് ക്വുർആൻ പറയുന്നു: “എന്നിട്ട് നാം അദ്ദേഹത്തെയും കപ്പലിലുള്ളവരെയും രക്ഷപ്പെടുത്തുകയും അതിനെ ലോകർക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു’’ (29:15).
ഇബ്‌റാഹീം നബി(അ) തീയിൽനിന്ന് രക്ഷപ്പെട്ടത് എങ്ങനെയെന്ന് അല്ലാഹു പറഞ്ഞുതരുന്നു: “നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും രക്ഷയുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തന്ത്രം പ്രയോഗിക്കുവാൻ അവർ ഉദ്ദേശിച്ചു. എന്നാൽ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്’’ (21:69,70).
നബിദിനാഘോഷത്തോടനുബന്ധിച്ച് സമസ്തക്കാർ അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ ഈ യാഥാർഥ്യങ്ങളെയെല്ലാം മണ്ണിട്ട് മൂടാനും കെട്ടുപഴകിയ കള്ളക്കഥകളെ പുട്ടിയിട്ട് മിനുക്കി എഴുന്നള്ളിക്കാനും ശ്രമിച്ചത് കാണുക:
“ആദം നബി(അ)യും നൂഹ് നബി(അ)യും തവസ്സുൽ ചെയ്തതായുള്ള മൻഖൂസ് മൗലിദിലെ പരാമർശങ്ങൾക്ക് ഹദീസിന്റെയും ചരിത്രത്തിന്റെയും പിൻബലമുണ്ടെന്ന് ബോധ്യമായല്ലോ. വിശുദ്ധ ക്വുർആൻ അൽഅൻകബൂത്ത് 15-ാം സൂക്തത്തിൽ പറഞ്ഞതിനോട് ഇത് എതിരാവുകയില്ല’’ (സുന്നിവോയ്‌സ്/2025 ആഗസ്ത് 16-31, സെപ്തംബർ 1-15/പേജ് 27).
“ആദം നബി(അ) അല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു: അല്ലാഹുവേ, മുഹമ്മദ് നബിﷺയുടെ ഹഖ് കൊണ്ട് എന്റെ പാപം നീ പൊറുത്തുതരണേ, എന്റെ തൗബ സ്വീകരിക്കണേ’’ (സുന്നിഅഫ്കാർ/2025 സെപ്തംബർ 1-30/പേജ് 82).
നബിﷺക്ക് അല്ലാഹു നൽകിയ ‘റസൂൽ’ എന്ന പദവിയുടെ പരിധിയിൽപ്പെടാത്ത പോരിശപ്പെടുത്തലാണിതെല്ലാം. പ്രമാണങ്ങളിൽ എവിടെയും സ്ഥിരപ്പെടാത്ത ഈ സംഭവം പ്രവാചകന്മാരിലേക്ക് ചേർത്തിപ്പറയുന്നത് എത്രമാത്രം ഗൗരവമുള്ള കാര്യമാണ്! എവിടെ നിന്നാണ് ഇവർക്ക് ഇതൊക്കെ കിട്ടിയത്? അവർ തന്നെ പറയട്ടെ: “ഹദീസ് പണ്ഡിതന്മാരും ക്വുർആൻ വ്യാഖ്യാതാക്കളും ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മൗലിദുകളിൽ മാത്രം കാണുന്നതല്ല. വിഷയത്തിന്റെ പൂർണരൂപം ഇമാം ഹാകിം(റ) ഉദ്ധരിക്കുന്നുണ്ട്’’ (സുന്നിവോയ്‌സ്/പേജ് 22).
“മാത്രമല്ല, നൂഹ് നബി(അ)യുടെ ഈ സംഭവം ക്വുർആൻ വ്യാഖ്യാതാക്കളായ ഒട്ടനേകം പണ്ഡിതർ പറഞ്ഞതായി തഖിയ്യുദ്ദീനുസ്സുബുകി(റ) ശിഫാഉസ്സഖാം പേജ് 135ൽ രേഖപ്പെടുത്തിയിട്ടുണ്ട്’’ (പേജ് 27).
ഇമാം ഹാകിം(റഹി) തന്റെ അൽ ‘മുസ്തദ്‌റക്’ എന്ന ഗ്രന്ഥത്തിൽ കൊടുത്തൊരു റിപ്പോർട്ട് കണ്ട് അതിന്റെ വിശദാംശങ്ങൾ പഠന വിധേയമാക്കപ്പെട്ടതിലേക്കൊന്നും നോക്കാതെ വലിയൊരു തെളിവു കിട്ടി എന്ന മട്ടിൽ മുസ്‌ലിയാക്കന്മാർ ചാടി വീണിരിക്കുകയാണ്!
മുകളിൽ കൊടുത്ത ക്വുർആൻ സൂക്തങ്ങൾക്ക് എതിരാണ് ഇപ്പറഞ്ഞ കാര്യങ്ങൾ എന്നത് വായനക്കാർ മനസ്സിലാക്കുക.
നൂഹ് നബി(അ) മുഹമ്മദ് നബിﷺയോട് തവസ്സുൽ ചെയ്തു എന്ന കഥ വിശുദ്ധ ക്വുർആൻ അൽഅൻകബൂത്ത് 15ാം സൂക്തത്തിൽ പറഞ്ഞതിനോട് എതിരാവുകയില്ല എന്നാണ് മുസ്‌ലിയാർ വാദിക്കുന്നത്. “എന്നിട്ട് നാം അദ്ദേഹത്തെയും കപ്പലിലുള്ളവരെയും രക്ഷപ്പെടുത്തുകയും അതിനെ ലോകർക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു’’-ഇതാണ് അൽഅൻകബൂത്ത് 15ാം സൂക്തത്തിലുള്ളത്. നൂഹ് നബി(അ)യെയും കപ്പലിലുള്ളവരെയും നാമാണ് രക്ഷപ്പെടുത്തിയത് എന്ന് അല്ലാഹു പറയുമ്പോൾ അതിനു പിന്നിൽ മുഹമ്മദ് നബിﷺയോടുള്ള തവസ്സുൽ ഉണ്ട് എന്നാണ് മുസ്‌ലിയാക്കന്മാരുടെ വാദം. എങ്കിൽ അല്ലാഹു അത് വിട്ടുകളഞ്ഞതെന്തേ എന്നൊന്നും ഇവരോടു ചോദിക്കരുത്, കെട്ടുകഥയിൽ ചൊദ്യമില്ല എന്നാണല്ലോ!
നിർമിതവും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടാണ് ഈ വിഷയത്തിലുള്ള മുസ്‌ലിയാക്കന്മാരുടെ പിടിവള്ളി. ഇതിന്റെ പരമ്പരയിലുള്ള അബ്ദുറഹ്‌മാൻ ഇബ്‌നു സൈദ് ഇബ്‌നു അസ്‌ലം ദുർബലനാണെന്നും അബ്ദുല്ലാഹിബ്‌നു മുസ്‌ലിം അൽഫഅരി ആരാണെന്ന് പോലും അറിയില്ലെന്നും ഇത് പൊള്ളവാർത്തയാണെന്നും ഇമാം ദഹബി
(റഹി) മീസാനുൽ ഇഅ്തിദാലിൽ പറഞ്ഞിട്ടുണ്ട്. ഇമാമുമാരായ അഹ്‌മദ് ബ്‌നു ഹമ്പൽ(റഹി), ഇബ്‌നു മഈൻ
(റഹി), ഇബ്‌നുൽ മദീനി(റഹി), നസാഈ(റഹി), ഇബ്‌നു ഹജർ അസ്‌ക്വലാനി (റഹി), ബൈഹക്വി(റഹി), ഇബ്‌നു കസീർ(റഹി) എന്നിവരെല്ലാം ഇതിലെ റിപ്പോർട്ടർമാരുടെ അസ്വീകാര്യത തെര്യപ്പെടുത്തിയിട്ടുണ്ട്.
അഹ്‌ലുസ്സുന്നയോട് പുറം തിരിഞ്ഞും അശ്അരി വിശ്വാസങ്ങൾക്ക് സംരക്ഷണമൊരുക്കിയും കഴിഞ്ഞ സുബ്കിയെ തന്നെ ഈ കള്ളത്തരത്തിന് കൂട്ടാക്കിയത് മതി ഇത് കറകളഞ്ഞ ശിയാ, സൂഫി നിർമിതിയാണെന്നതിന്!
ഇബ്‌നു തൈമിയ്യ(റ)യെ മുസ്‌ലിയാക്കന്മാർ മിത്രമാക്കുന്നു?
ശൈഖുൽ ഇസ്‌ലാമിന്റെ പേര് കേട്ടാൽ ഓക്കാനം വരുന്ന പുരോഹിതന്മാർ തട്ടിപ്പും വെട്ടിപ്പും നടത്തി ഈ പിഴച്ച വിശ്വാസത്തിന് അദ്ദേഹത്തെ അത്താണിയാക്കുന്നത് കാണുക:
“ബിദ്അത്തുകാരുടെ ആശയസ്രോതസ്സായ ഇബ്‌നു തൈമിയ്യ നേരത്തെ ഉദ്ധരിച്ച ഹദീസ് പൂർണ്ണമായി രേഖപ്പെടുത്തിയശേഷം ഹദീസിന്റെ ബാക്കി ഇത്രകൂടി എഴുതുന്നു: ‘(ആദമേ) മുഹമ്മദ് നബിﷺ നിങ്ങളുടെ സന്താനങ്ങളിലെ അവസാന പ്രവാചകനാണ്. ആ മുഹമ്മദ് ഇല്ലായിരുന്നുവെങ്കിൽ താങ്കളെ സൃഷ്ടിക്കുമായിരുന്നില്ല.’ ഈ ഹദീസ് ഇതിന് മുമ്പുള്ളതിനെ ശക്തിപ്പെടുത്തുന്നു. ഈ ഹദീസും അതിനു മുമ്പുള്ളതും സഹീഹായ ഹദീസുകൾക്കുള്ള വ്യാഖ്യാനം പോലെയാണ്’’ (സുന്നിവോയ്‌സ്/പേജ്,25)
മുസ്‌ലിയാർ ഇവിടെ കൊടുത്ത ‘ഈ ഹദീസ് ഇതിന് മുമ്പുള്ളതിനെ ശക്തിപ്പെടുത്തുന്നു. ഈ ഹദീസും അതിനു മുമ്പുള്ളതും സഹീഹായ ഹദീസുകൾക്കുള്ള വ്യാഖ്യാനം പോലെയാണ്’ എന്നത് ഇമാമിന്റെ വരികളിൽ ഇല്ലാത്തതാണ്. എത്ര വലിയ തട്ടിപ്പാണിത്! മാത്രവുമല്ല മുസ്‌ലിയാർ വലിയ വെട്ടിപ്പും നടത്തിയിട്ടുണ്ട്! അഥവാ, ഈ ഉദ്ധരണിയിലെ റിപ്പോർട്ടരുടെ അവസ്ഥയെ സംബന്ധിച്ച് ഇബ്‌നു തൈമിയ്യ(റഹി) പറഞ്ഞതെല്ലാം പൂഴ്ത്തിവെച്ചു. “അബൂ ഹാതിം ഇബ്‌നു ഹിബ്ബാൻ(റഹി) പറഞ്ഞു: ‘അയാൾ(അബ്ദുറഹ്‌മാനുബ്‌നു അസ്‌ലം) അറിയാതെ ധാരാളം ഹദീസുകളിൽ മുർസലുകളെ (താബിഇ വരെ എത്തുന്ന) മർഫൂഅ് (നബിﷺവരെ എത്തുന്ന) ആക്കിയും മഅ്ക്വൂഫുകളെ (സ്വഹാബിവരെ എത്തുന്ന) മുസ്‌നദുകൾ (നബിവരെ എത്തുന്ന) ആക്കിയും മാറ്റിമറിക്കാറുണ്ടായിരുന്നു. അതിനാൽ അയാൾ ഒഴിവാക്കാൻ അർഹതപ്പെട്ടവനാണ്.’’
ഈ ചർച്ചകളുടെ ഒടുക്കത്തിൽ ഇമാം സൂചിപ്പിച്ചതന്തേ മുസ്‌ലിയാർ എടുത്തെഴുതാതിരുന്നത്? “ഇതുപോലുള്ളവയെ കൊണ്ട് ശരീഅത്ത് ഉണ്ടാക്കാനോ അവ മതത്തിൽ തെളിവാക്കാനോ അനുവാദമില്ലെന്നതിൽ മുസ്‌ലിംകളുടെ ഏകാഭിപ്രായമുണ്ട്. ഇങ്ങനെയുള്ളതെല്ലാം ഇസ്‌റാഈലിയാത്തിൽ പെട്ടതാണ്. നബിﷺയിൽനിന്ന് സ്ഥിരപ്പെട്ട് വന്നാലേ അതിന്റെ സ്വീകാര്യത അറിയുകയുള്ളൂ’’ (മജ്മൂഉൽ ഫതാവ).
‘മരണപ്പെട്ടവരോടുള്ള ഇസ്തിഗാസയെ ആദ്യമായി എതിർത്ത വ്യക്തി’ എന്ന് ഇവർതന്നെ വിശേഷിപ്പിച്ച ഇമാം ഇബ്‌നു തൈമിയ്യ ഒരിക്കലും അടിസ്ഥാനരഹിതമായ വിശ്വാസങ്ങൾക്ക് വഴിയൊരുക്കി വെക്കുകയില്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഇവർക്ക് ഇല്ലാതെ പോയി എന്നേ പറയാനുള്ളൂ.
ശെയ്‌ഖ് അൽബാനി(റ)യും തെളിവാണത്രേ!
ആധുനിക ഹദീസ് പണ്ഡിതനായ, ബിദ്അത്തിനെതിരെ പോരാടിയ ശെയ്‌ഖ് അൽബാനി(റഹി)യെയും ഇവർ തങ്ങളുടെ കള്ളക്കഥകൾക്ക് കൂട്ടുപിടിക്കുന്നത് കാണുക:
“ആഗോള ബിദഇകളുടെ ആചാര്യനും മുഹദ്ദിസുമായി പരിചയപ്പെടുത്തുന്ന നാസിറുദ്ദീൻ അൽബാനി തവസ്സുലല്ലാത്ത ഒന്നിലധികം ഹദീസുകൾ ഇദ്ദേഹത്തിൽനിന്നു ഉദ്ധരിക്കുന്നുണ്ട്. അവിടെയൊക്കെ ഇദ്ദേഹം യോഗ്യനും അതിനാൽ ഹദീസ് സ്വീകാര്യവുമാണെന്ന് പ്രഖ്യാപിക്കുന്നത് കാണാം. ഉദാഹരണം, സുനനുത്തിർമുദിയുടെ 631-ാം നമ്പർ ഹദീസ് ഇമാം തിർമിദി ഉദ്ധരിക്കുന്നത് അബ്ദുറഹ്‌മാനുബ്‌നു സൈദിബ്‌നി അസ്‌ലം എന്ന (തവസ്സുലിന്റെ ഹദീസ് സനദിൽ പറയപ്പെട്ട) വ്യക്തിയിൽ നിന്നാണ്. വഹാബി വാദമനുസരിച്ച് ഈ ഹദീസ് നിർമിതവും തള്ളപ്പെടേണ്ടതുമാണ്. എന്നാൽ അൽബാനി സുനനു ത്തിർമിദിയിലെ പ്രസ്തുത ഹദീസിനെ സ്വഹീഹായ ഹദീസിന്റെ ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്’’ (സുന്നിവോയ്‌സ്/പേജ് 26).
പറയപ്പെട്ട ഹദീസിനെ കുറിച്ചുള്ള ശെയ്‌ഖ് അൽബാനിയുടെ നിലപാടുകൾ പൂർണമായും പുറത്ത് ഉദ്ധരിക്കാതെ മുസ്‌ലിയാർ ഇവിടെയും തന്റെ തനിനിറം പ്രകടിപ്പിച്ചിരിക്കുകയാണ്.
ഒഴിവാക്കപ്പെടേണ്ട വ്യക്തിയില്ലാത്ത പരമ്പരയിലൂടെയും ഹദീസ് വന്നിട്ടുള്ളതിനാൽ അത് സ്വഹീഹാണെന്ന് വ്യക്തമാക്കിയതിന് ശേഷം ശെയ്‌ഖ് എഴുതിയത് നമുക്ക് വായിക്കാം:
“അബ്ദുർറഹ്‌മാനുബ്‌നു സൈദ്ബ്‌നു അസ്‌ലം ഹദീസിൽ ദുർബലനും ധാരാളം തെറ്റുകൾ ഉള്ളവനുമാണ്. ഹദീസ് പണ്ഡിതന്മാരയ അഹ്‌മദുബ്‌നു ഹമ്പൽ(റഹി)യും അലിയ്യുബ്‌നുൽ മദീനി(റഹി)യും അല്ലാത്തവരും ആ ദുർബലത പറഞ്ഞിട്ടുണ്ട്’’ (സ്വഹീഹുത്തിർമിദി/പേജ് 160).
ഈ സത്യം മൂടിവെച്ചാണ് അൽബാനിയും അംഗീകരിച്ചേ എന്ന് ആർക്കുന്നത്!
വ്യതിചലിച്ച വിഭാഗങ്ങളുടെ പരമ്പരാഗത സ്വഭാവമാണ് പ്രമാണ ദുർവ്യാഖ്യാനവും അഹ്‌ലുസ്സുന്നയുടെ ഗ്രന്ഥങ്ങളിൽ കൈക്രിയ നടത്തലും. സത്യത്തിന്റെ പക്ഷത്ത് നിലകൊള്ളാത്തവർക്ക് കളവിന്റെ കോട്ടകൾ കെട്ടേണ്ടിവരിക സ്വാഭാവികം.
അല്ലാഹു പറയുന്നു: “ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളിൽനിന്നുള്ള അക്രമികൾക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക’’ (8:25).

