അല്ലാഹുവിന് പുറമെ ആരാധ്യന്മാരുണ്ടെങ്കിൽ!
യാസീൻ അൽഹികമി
2025 ജനുവരി 18, 1446 റജബ് 18

ആകാശഭൂമികളിൽ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കിൽ അത് രണ്ടും തകരാറാകുമായിരുന്നു എന്നത് ക്വുർആനിന്റെ പ്രസ്താവനയാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അവ രണ്ടിനുമിടയിലുള്ള സകല സൃഷ്ടികളുടെയും നിലനിൽപ്പ് ഏകനായ സ്രഷ്ടാവിനെ ആശ്രയിച്ചാണ്. അല്ലാഹുവിന് പുറമെ മറ്റു ദൈവങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നെങ്കിൽ അല്ലാഹു യഥാർഥ ആരാധ്യനാ കുമായിരുന്നില്ല. കാരണം, പങ്കുകാരോ പേരൊത്തവനോ തുല്യനോ ഇല്ലാത്തവനാണ് യഥാർഥ ആരാധ്യൻ. എല്ലാം അടക്കി ഭരിക്കുന്ന ഒരുവനായ രക്ഷിതാവിങ്കൽനിന്ന് മാത്രമാണ് അവയെല്ലാം ഉണ്ടായിട്ടുള്ളത്. അതിന്റെയെല്ലാം ഉൽഭവം തുല്യരായ വേറെയും രക്ഷിതാക്കളിൽനിന്ന് ആയിത്തീരുക എന്നത് അസംഭവ്യമാണ്.
ആകാശഭൂമികളിൽ നടക്കുന്ന എല്ലാ പ്രകൃതി പ്രതിഭാസങ്ങളും അവയുടെ രക്ഷിതാവിന്റെ നിയമമനുസരിച്ചാണ്. എല്ലാ കാര്യങ്ങൾക്കും അല്ലാഹു മലക്കുകളെ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ അടിമയുടെയും കർമങ്ങൾ രേഖപ്പെടുത്തുവാനും സുരക്ഷയ്ക്കും ആത്മാവിനെ പിടിക്കാനും കൊണ്ടുപോകുവാനും സ്വർഗ്ഗമോ നരകമോ ആയ നിശ്ചയിക്കപ്പെട്ട സ്ഥാനത്തേക്ക് ഓരോ ആത്മാവിനെയും ക്വബ്‌റിൽ ചോദ്യം ചെയ്യുവാനും നരകത്തിൽ ശിക്ഷിക്കുവാനും സ്വർഗത്തിൽ ആസ്വദിപ്പിക്കുവാനും ചുമതല ഏൽപിക്കപ്പെട്ട മലക്കുകളുണ്ട്. മേഘങ്ങളെ നയിച്ചുകൊണ്ടുപോകുവാനും അല്ലാഹുവിന്റെ കൽപന പ്രകാരം അവൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മഴ വർഷിപ്പിക്കാനും പർവതങ്ങളുടെ കാര്യത്തിലും തുടങ്ങി എല്ലാറ്റിനും അല്ലാഹു അവന്റെ മലക്കുകളെ ഏർപ്പാട് ചെയ്തിട്ടുണ്ട്. വിശുദ്ധ ക്വുർആനിന്റെയും തിരുസുന്നത്തിന്റെയും ഒരുപാട് വചനങ്ങളിൽ ഇത് സ്ഥിരപ്പെട്ടതാണ്. അല്ലാഹുവിന്റെ സൈന്യങ്ങളിൽ ഏറ്റവും മഹത്തായ സൈന്യം അവന്റെ മലക്കുകളാണ്. അല്ലാഹുവിന്റെ കൽപനയും അനുമതിയും പ്രകാരം കാര്യങ്ങളെ അവർ നിയന്ത്രിക്കുകയും പരസ്പരം വിഭജിക്കുകയും ചെയ്യുന്നു.
അല്ലാഹു പറഞ്ഞു: “(നബിയോട് ജിബ്‌രീൽ പറഞ്ഞു:) താങ്കളുടെ രക്ഷിതാവിന്റെ കൽപനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. നമ്മുടെ മുമ്പിലുള്ളതും നമ്മുടെ പിന്നിലുള്ളതും അതിന്നിടയിലുള്ളതും എല്ലാം അവന്റെതത്രെ. താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല’’ (മറ്‌യം 64).
അല്ലാഹുവിന്റെ കൽപനകൾ നടപ്പിലാക്കുന്ന പലവിഭാഗം മലക്കുകളെകൊണ്ടും അല്ലാഹു ക്വുർആനിൽ സത്യം ചെയ്ത് പറഞ്ഞിട്ടുണ്ട്:
“ശരിക്ക് അണിനിരന്നു നിൽക്കുന്നവരും എന്നിട്ട് ശക്തിയായി തടയുന്നവരും എന്നിട്ട് കീർത്തനം ചൊല്ലുന്നവരുമായവരെ (മലക്കുകളെ) തന്നെയാണ സത്യം’’ (അസ്സ്വാഫാത്ത് 1-3).
“തുടരെത്തുടരെ അയക്കപ്പെടുന്നവ തന്നെ സത്യം. ശക്തിയായി ആഞ്ഞടിക്കുന്നവ തന്നെ സത്യം. പരക്കെ വ്യാപിപ്പിക്കുന്നവയും തന്നെ സത്യം. വേർതിരിച്ചു വിവേചനം ചെയ്യുന്നവ (തന്നെ സത്യം). (അല്ലാഹുവിന്റെ) സന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവ (തന്നെ സത്യം;) ഒരു ഒഴികഴിവായിക്കൊ ണ്ടോ താക്കീതായിക്കൊണ്ടോ (സന്ദേശം ഇട്ടുകൊടുക്കുന്നവ)’’ (അൽമുർസലാത്ത് 1-6).
“(അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം. (സത്യവിശ്വാസികളുടെ ആത്മാവുകളെ) സൗമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ സത്യം. ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം. എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം. കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം’’ (അന്നാസിആത് 1-5).

അപ്പോൾ, പ്രപഞ്ചത്തിലുള്ള സകല പ്രതിഭാസങ്ങളും മലക്കുകളുടെയും പ്രപഞ്ചത്തിലെ പ്രസ്തുത സൃഷ്ടികളുടെയും അല്ലാഹുവിനുള്ള ആരാധനയുടെയും അനുസരണത്തിന്റെയും ഭാഗമായി സംഭവിക്കുന്നതാണെന്ന് വ്യക്തം. എല്ലാ സൃഷ്ടിജാലങ്ങളും സ്രഷ്ടാവിനെ പരിശുദ്ധിപ്പെടുത്തുകയും പ്രകീർത്തിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നത് അല്ലാഹുവാണ്:
“ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കാത്തതായി ഇല്ല. പക്ഷേ, അവരുടെ കീർത്തനം നിങ്ങൾ ഗ്രഹിക്കുകയില്ല. തീർച്ചയായും അവൻ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു’’ (അൽഇസ്‌റാഅ് 44).
“അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കു ന്നത്; സ്വമനസ്സോടെയും നിർബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുക ളും (അവന്ന് പ്രണാമം ചെയ്യുന്നു)’’ (അർറഅദ് 15).
“അതിനു പുറമെ അവൻ ആകാശത്തിന്റെ നേർക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു: നിങ്ങൾ അനുസരണപൂർയമോ നിർബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു’’ (ഫുസ്സ്വിലത് 11).
എല്ലാം ചലിക്കുന്നത് അല്ലാഹുവിന് കീഴ്‌പെട്ടുകൊണ്ടാണ്. അല്ലാഹുവിനെ കൂടാതെ മറ്റൊരു ദൈവം ഉണ്ടായിരുന്നെങ്കിൽ ആരുടെ കൽപനയാണ് അവ അനുസരിക്കുക? അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്: “അവയിൽ (ആകാശഭൂമികളിൽ) അല്ലാഹു അല്ലാതെ ആരാധ്യന്മാർ ഉണ്ടായിരുന്നെങ്കിൽ അവ തകരാറിലാകുമായിരുന്നു’’ (അൽഅൻബിയാഅ്: 22).
രണ്ടോ അതിലധികമോ ആരാധ്യന്മാർ ഉണ്ടായിരുന്നെങ്കിൽ പ്രപഞ്ചത്തിന്റെ എല്ലാ ഘടനയും തകരാറിലാകുമായിരുന്നു. ഓരോ ആരാധ്യനും മറ്റു ആരാധ്യരെ തോൽപിക്കുവാനും അടിച്ചമർത്തുവാനും പരിശ്രമിക്കും. സൃഷ്ടികളുടെ ആരാധനകൾ തനിക്ക് മാത്രം പരിമിതപ്പെടുവാൻ ആഗ്രഹിക്കും. അപ്പോൾ എന്താണ് സംഭവിക്കുക?
പങ്കുകാരനുണ്ടാവുക എന്നത് ആരാധ്യത എന്ന വിശേഷണത്തിന്റെ പരിപൂർണതക്ക് പോരായ്മയാണ്. ആരാധ്യൻ ഒരിക്കലും പോരായ്മയുള്ളവനായി നിലനിൽക്കുന്നതിനെ തൃപ്തിപ്പെടുകയില്ല. ഒരു ആരാധ്യൻ മറ്റു ആരാധ്യനെ പരാജയപ്പെടുത്തിയാൽ പരാജയപ്പെടുത്തിയവൻ മാത്രമാണ് യഥാർഥത്തിൽ ആരാധ്യൻ, പരാജയപ്പെടുത്തപ്പെട്ടവൻ ആരാധ്യനല്ല. അതിൽ രണ്ട് ആരാധ്യന്മാർക്കും അപരനെ പരാജയപ്പെടുത്താൻ കഴിയാതെ വന്നാൽ രണ്ട് ആരാധ്യന്മാരും അശക്തരായിത്തീരുന്നു. അപ്പോൾ അവരിരുവരും പരിപൂർണമായ ആരാധ്യത എന്ന വിശേഷണത്തിന് അർഹരല്ലാതെ വരുന്നു. അങ്ങനെയെങ്കിൽ, അവർക്കു മീതെ അവരെയെല്ലാം അടക്കി ഭരിക്കുന്ന, അവരുടെ മേലും വിധികർത്താ വായ ഒരു ആരാധ്യൻ ഉണ്ടാകൽ നിർബന്ധമായി. അല്ലെങ്കിൽ അവർ രണ്ടുപേരും അവർ സൃഷ്ടിച്ചതുമായി വേറിട്ടുപോകും. അതുമല്ലെങ്കിൽ അവർ രണ്ടുപേരും അപരന്റെ മേൽ ഔന്നിത്യം ചെലുത്തുവാൻ ശ്രമിക്കും. ഈ രണ്ടിൽ ഏത് സംഭവിച്ചാലും അതിലൂടെ ആകാശഭൂമികളും അതിലുള്ളതും എല്ലാം തകരാറിലാകും. ഒരേ നാട്ടിൽ തുല്യശക്തിയും തുല്യ അധികാരവുമുള്ള രണ്ടു രാജാക്കന്മാർ ഉണ്ടായാൽ ആ നാട് തകരാറാകുമെന്നത് വ്യക്തമാണല്ലോ. ഒരു ഭാര്യക്ക് രണ്ടു ഭർത്താക്കന്മാർ ഉണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥ!
ആകാശഭൂമികളുടെ ശരിയായ നിലനിൽപും ഈ സൃഷ്ടിപ്രപഞ്ചം മുഴുവൻ ഏറ്റവും പരിപൂർണമായ ഘടനയിൽ പ്രവർത്തിക്കുന്നതും ഒരുവനായ, ഒരു പങ്കുകാരും ഇല്ലാത്ത അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ എന്നതിന് ഏറ്റവും വ്യക്തമായ തെളിവാകുന്നു. അവന്നാകുന്നു എല്ലാത്തിന്റെയും രാജാധികാരം. അവന്നു മാത്രമാകുന്നു സ്തുതികൾക്ക് അർഹത. അവനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും.
അവനല്ലാതെ ആരാധിക്കപ്പെടുന്നവയെല്ലാം നിരർഥകമാണ്. അല്ലാഹു പറഞ്ഞു: “അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ആരാധനക്കർഹനുമില്ല. അങ്ങനെയായി രുന്നുവെങ്കിൽ ഓരോ ദൈവവും താൻ സൃഷ്ടിച്ചതുമായി പോയിക്കളയുകയും അവരിൽ ചിലർ ചിലരെ അടിച്ചമർത്തുകയും ചെയ്യുമായിരുന്നു. അവർ പറഞ്ഞുണ്ടാക്കുന്നതിൽനിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധൻ! അവൻ അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു. അതിനാൽ അവൻ അവർ പങ്കുചേർക്കുന്നതിനെക്കാളെല്ലാം ഉന്നതനായിരിക്കുന്നു’’ (അൽമുഅ്മിനൂൻ:91,92).
യഥാർഥ ആരാധ്യൻ കഴിവുറ്റ സ്രഷ്ടാവായിരിക്കൽ നിർബന്ധമാണ്. ആരാധിക്കുന്നവർക്ക് ഉപകാരം ചെയ്തുകൊടുക്കുവാനും ഉപദ്രവങ്ങൾ തടുക്കുവാനും കഴിവുള്ളവനായിരിക്കണം. അല്ലാഹുവിന്റെ കൂടെ മറ്റൊരു ആരാധ്യൻ ഉണ്ടെങ്കിൽ, പ്രസ്തുത ആരാധ്യനും സൃഷ്ടിക്കുവാൻ കഴിവുണ്ടാകണം. അങ്ങനെ വന്നാൽ, ഒരു ആരാധ്യൻ മറ്റൊരു ആരാധ്യന് തന്റെ കൂടെ പങ്കുണ്ടാകുന്നതിനെ തൃപ്തിപ്പെടില്ല. അപരനെ പരാജയപ്പെടുത്തി ഏകനായ ആരാധ്യനായി നിലകൊള്ളുവാൻ സാധിക്കുമെങ്കിൽ അത് ചെയ്യും. അതിന് സാധിക്കില്ലെങ്കിൽ ആ ആരാധ്യൻ താനല്ലാത്ത ആരാധ്യനെ വെടിഞ്ഞുകൊണ്ട് സ്വന്തം സൃഷ്ടിപ്പുമായി വേറിട്ട് നിലകൊള്ളും. അപ്പോൾ മൂന്നാലൊരു കാര്യം അനിവാര്യമാകുന്നു:
1. ഓരോ ആരാധ്യനും സ്വന്തം സൃഷ്ടികളും അധികാരങ്ങളുമായി ഒറ്റയ്ക്ക് നിലകൊള്ളൽ. ഇങ്ങനെയാണ് പ്രപഞ്ചത്തിൽ സംഭവിക്കുന്നതെങ്കിൽ പരസ്പര പൂരകങ്ങളായി സൃഷ്ടിജാലങ്ങൾ നിലനിൽക്കുകയില്ല.
2. ആരാധ്യന്മാരിൽ ചിലർ ചിലരെ പരാജയപ്പെടുത്തൽ. പരാജയപ്പെടുത്തപ്പെട്ടവരെ ആരാധിക്കുന്ന സൃഷ്ടിജാലങ്ങൾക്ക് നിലനിൽപില്ല.
3. എല്ലാം ഒരൊറ്റ ആരാധ്യന്റെ അധികാരത്തിന്റെ കീഴിൽ ആയിത്തീരൽ. ആ ഏക ആരാധ്യൻ അവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും അവരുടെമേൽ വിധി കൽപിക്കുകയും ചെയ്യൽ. അങ്ങനെ വരുമ്പോൾ അവൻ മാത്രമായിത്തീരുന്നു യഥാർഥ ആരാധ്യൻ, മറ്റുള്ളവരെല്ലാം സൃഷ്ടികളും ഭരണീയരുമായിത്തീരുന്നു. ഇതിൽ ഏത് സാധ്യതയാണ് നിലനിൽക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം.
(തുടരും)

