സർവമത സത്യവാദവും തിരിഞ്ഞ് കൊത്തുന്ന തിരുത്തലും
മൂസ സ്വലാഹി കാര
2025 ഡിസംബർ 27, 1447 റജബ് 06

മതത്തിന്റെ അതിർവരമ്പുകളെല്ലാം ഭേദിച്ച് അതിന്റെ ഒറ്റുകാരായി ജനങ്ങൾക്കിടയിലൂടെ ഓടുന്നവരും അതിനെല്ലാം ഒപ്പിട്ട് സഹകരിച്ച് കൊടുക്കുന്നവരും ഒട്ടേറെയുണ്ട്. അടിസ്ഥാന വിശ്വാസം എന്തെന്ന് മനസ്സിലാക്കാത്തതും പൂർവികരുടെ വിശദീകരണം നോക്കി പ്രമാണങ്ങൾ പഠിക്കാത്തതും പരലോകജീവിതം സുനിശ്ചിതമാണെന്ന തിരിച്ചറിവും ഇല്ലാത്തത് മൂലം സംഭവിക്കുന്ന ഈ ഭവിഷ്യത്ത് സമൂഹത്തിന് വലിയൊരു ‘അസ്‌കിത’യായി തീർന്നിട്ടുണ്ട്.
അറിവുള്ള പണ്ഡിതരുടെയും ആത്മാർഥതയുള്ള പ്രബോധകരുടെയും ചോദ്യശരങ്ങൾക്ക് മുമ്പിൽ പകച്ച് പോകുന്ന ഇവർ വല്ലപ്പോഴും പ്രതികരിച്ചും ന്യായീകരിച്ചും അരങ്ങത്തെത്താൻ ശ്രമിക്കുമെങ്കിലും അത് അവരെ കൂടുതൽ അപഹാസ്യരാക്കുകയാണ് ചെയ്യുന്നത്.
ശിയാക്കളുടെ ഇടയാളനായി വർത്തിക്കുന്ന സി.എച്ച് മുസ്തഫ സർവ മതങ്ങളും വേദങ്ങളും സത്യമാണെന്നും ഒരു മതത്തിൽ മാത്രം കടിച്ചുതൂങ്ങി അത് മാത്രമെ ശരിയുള്ളൂ എന്ന വാശി ആർക്കും വേണ്ട എന്നുമൊക്കെ പ്രചരിപ്പിച്ച് നടക്കുന്ന വ്യക്തിയാണ്. ഇത് സമർഥിക്കാനായി പ്രഭാഷണങ്ങളും എഴുത്തുകളും അയാൾ പുറത്ത് വിടുന്നതിന്റെ ഭാഗമാണ് ക്വുർആനിന്റെ യഥാർഥ പൊരുളിൽനിന്ന് ആളുകളെ അകറ്റുന്ന ‘അകംപൊരുൾ’ എന്ന വ്യാജ വ്യാഖ്യാനവും സർവ മതങ്ങളും വേദങ്ങളും ശരിയാണെന്ന് പ്രഖ്യാപിക്കാൻ എഴുതിക്കൂട്ടിയ ‘ഇസ്‌ലാമിലെ മോക്ഷസിദ്ധാന്തം’ എന്ന പുസ്തകവും.
മതങ്ങളെ മുഴുവനും ഒരു തൂണിൽ കെട്ടിയിടാനാണ് ഇയാൾ കിണഞ്ഞ് പണിയെടുക്കുന്നത്. അയാളുടെ വാക്കുകളിലൂടെ തെളിയുന്നതും അതാണ്: “എല്ലാ വേദങ്ങളും സത്യവും നിത്യപ്രസക്തങ്ങളുമാണ്. ഒരു വേദവും കാലഹരണപ്പെട്ടിട്ടില്ല. അവയെല്ലാം ദൈവവചനങ്ങൾ തന്നെ. ഏതു വേദത്തെ പിൻപറ്റിയാലും മോക്ഷമുണ്ട്. വേദങ്ങളിൽ കാണുന അനുഷ്ഠാന നിയമങ്ങളിലെ വ്യത്യാസങ്ങൾ അടിസ്ഥാനപരമല്ല. നിയമങ്ങൾക്ക് ആധാരമായിരിക്കുന്ന തത്ത്വങ്ങൾ എവിടെയും ഒന്നുതന്നെയാണ്’’ (മോക്ഷ സിദ്ധാന്തം, പേജ് 25,26).
ക്വുർആൻ സത്യസന്ധമായി പഠിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ ജൽപിക്കാനാകില്ല! മാറ്റത്തിരുത്തലുകൾക്ക് വിധേയമാക്കപ്പെടാതെ അന്ത്യനാൾവരെ അവശേഷിക്കുന്ന വേദഗ്രന്ഥം ക്വുർആൻ മാത്രമാണ്. സൂക്ഷ്മത പാലിക്കുന്നവർക്ക് അത് അനുഗ്രഹവും നേർമാർഗവുമാണ്. അല്ലാഹു പറയുന്നു: “തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’ (15:9).
“അനുഷ്ഠാന തീവ്രത, വർഗീയത, അസഹിഷ്ണുത, മേന്മാവാദം, ശുദ്ധിവാദം, ആത്യന്തികവാദം തുടങ്ങിയ നിലപാടുകളെല്ലാം വേദവിരുദ്ധമാണ്. ഓരോ വ്യക്തിയുടെ സത്യസന്ധമായ ബോധ്യമാണ് അയാളുടെ മതം. വൈവിധ്യങ്ങളെ ഉൾക്കൊള്ളലാണ് വേദങ്ങളുടെ അകംപൊരുൾ’’ (പേജ്,111)
ഇസ്‌ലാമിനെ കലർപ്പില്ലാത്ത മതമായി പുൽകിയവർക്കേ അതിന്റെ ആചാരാനുഷ്ഠാനങ്ങളെ ഉൾക്കൊള്ളാനും കൊണ്ടുനടക്കാനും സാധിക്കൂ. അത്തരക്കാർക്ക് കണ്ണിൽ കണ്ടതിന്റെയും മനസ്സിൽ തോന്നിയതിന്റെയും പിറകെ പോകേണ്ട ആവശ്യമില്ല.
ഓരോരുത്തരുടെ പ്രവർത്തനങ്ങളുടെ രൂപവും രീതിയും മാനദണ്ഡമാക്കിയല്ല അത് പരലോകത്ത് സ്വീകരിക്കപ്പെടുന്നതും പ്രതിഫലാർഹമാകുന്നതും. അത് മത നിർദേശ പ്രകാരമാകൽ അനിവാര്യമാകണമെന്നത് പ്രമാണങ്ങൾ അനുശാസിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: “ഇനി അവർ നിന്നോട് തർക്കിക്കുകയാണെങ്കിൽ നീ പറഞ്ഞേക്കുക: ഞാൻ എന്നെത്തന്നെ പൂർണമായി അല്ലാഹുവിന്ന് കീഴ്‌പെടുത്തിയിരിക്കുന്നു. എന്നെ പിൻപറ്റിയവരും (അങ്ങനെ തന്നെ). വേദഗ്രന്ഥം നൽകപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്) നീ ചോദിക്കുക: നിങ്ങൾ (അല്ലാഹുവിന്ന്) കീഴ്‌പെട്ടുവോ? അങ്ങനെ അവർ കീഴ്‌പെട്ടു കഴിഞ്ഞാൽ അവർ നേർവഴിയിലായിക്കഴിഞ്ഞു. അവർ പിന്തിരിഞ്ഞു കളഞ്ഞാലോ അവർക്ക് (അല്ലാഹുവിന്റെ സന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമെ നിനക്കുള്ളൂ. അല്ലാഹു (തന്റെ) ദാസൻമാരുടെ കാര്യങ്ങൾ കണ്ടറിയുന്നവനാകുന്നു’’ (3:20).
മതവിശ്വാസം; വിശുദ്ധിയും വ്യതിരിക്തതയും
എല്ലാ പ്രവാചകന്മാരും മുഴുവൻ വേദഗ്രന്ഥങ്ങളും അതത് കാലഘട്ടക്കാരോട് ഉറക്കെ പറഞ്ഞ ആശയം ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മരണാനന്തരം പരലോകജീവിതം ഉണ്ടെന്ന യാഥാർഥ്യവുമാണ്. മുൻകഴിഞ്ഞ നബിമാരിലും അവർക്ക് നൽകപ്പെട്ടതിലും വേർതിരിവ് കാണിക്കാത്ത വിശ്വാസമാണ് വേണ്ടതെന്ന് പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അല്ലാഹു പറയുന്നു: “നിങ്ങൾ പറയുക: അല്ലാഹുവിലും അവങ്കൽനിന്ന് ഞങ്ങൾക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്‌റാഹീമിനും ഇസ്മാഈലിനും ഇസ്ഹാക്വിനും യഅ്ക്വൂബിനും യഅ്ക്വൂബ് സന്തതികൾക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവർക്ക് നൽകപ്പെട്ടതിലും, സർവ പ്രവാചകൻമാർക്കും അവരുടെ രക്ഷിതാവിങ്കൽനിന്ന് നൽകപ്പെട്ടതി(സന്ദേശങ്ങളി)ലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപിക്കുന്നില്ല. ഞങ്ങൾ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു’’ (2:136).
കാലക്രമേണ വേദഗ്രന്ഥങ്ങൾ മാറ്റത്തിരുത്തലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കും വിധേയമാക്കപ്പെടുകയും ഓരോ വിഭാഗങ്ങളും മനുഷ്യനിർമിത ആശയങ്ങളിൽ തൽപരരാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായി. അല്ലാഹുവിങ്കൽ സ്വീകാര്യമായ ഏകമതം ഇസ്‌ലാമും കേടുകൂടാതെ അവശേഷിക്കുന്ന ഗ്രന്ഥം വിശുദ്ധ ക്വുർആനുമാണ്. പുറംതിരിഞ്ഞ് നിൽക്കുന്നവരെ കാത്തിരിക്കുന്നത് വമ്പിച്ച പരാജയമാണ്. അല്ലാഹു പറയുന്നു: “ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനിൽനിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്കും’’ (3:85).
ഇബ്‌നു കസീർ(റഹി) പറയുന്നു: “ഇസ്‌ലാം ഒഴികെ ഒരാളിൽനിന്നും അല്ലാഹു സ്വീകരിക്കുന്നൊരു മതമില്ല. ഓരോ സന്ദർഭത്തിലും അവൻ നിയോഗിച്ച പ്രവാചകന്മാരെ പിൻപറ്റലാണത്. അവസാന ദൂതനായ മുഹമ്മദ് നബി(സ)യിലൂടെയുള്ളതാണ് അല്ലാഹുവിലേക്കുള്ള വഴി. അദ്ദേഹത്തിന്റെ നിയോഗശേഷം അതല്ലാത്തൊരു ശരീഅത്തിലൂടെ ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അവൻ സ്വീകരിക്കപ്പെടുകയില്ല.’’

ഇതിൽ യാതൊരു വർഗീയതയുമില്ല. പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ആരാധിക്കുവാനാണ് ഇസ്‌ലാം ക്ഷണിക്കുന്നത്. ഏതെങ്കിലും വംശത്തിന്റെയോ ജാതിയുടെയോ വിഭാഗത്തിന്റെയോ ‘കുലദൈ വ’ത്തിലേക്കല്ല. ഇസ്‌ലാം ഇത് ആരുടെ മേലും അടിച്ചേൽപിക്കാൻ ആവശ്യപ്പെടുന്നില്ല.
മതനിഷേധത്തിന് പിന്തുണ നൽകാമോ?
പ്രമാണ ധ്രുവീകരണം നടത്തി സി.എച്ച് മുസ്തഫ തന്റെ വിഷലിപ്തമായ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അധാർമികതയുടെ വാതായനങ്ങൾ മലർക്കെ തുറന്ന് -അതിനായി നിയമ സാധുത തേടുന്ന-സ്വതന്ത്ര വാദികൾ അയാളെ വാരിപ്പുണരുകയാണ്. സമുദായ സംഘടനകളിൽ പലതിലും ഇടപെട്ടുവരുന്ന ചിലരും അദ്ദേഹത്തിന് പിന്തുണ കൊടുക്കുകയുണ്ടായി. വലിയ തെറ്റിനെയാണ് പിന്തുണച്ചതെന്ന് ബോധ്യപ്പെട്ടവർ തിരുത്താനും സന്നദ്ധരായി.
മർക്കസുദ്ദഅ്‌വ വിഭാഗം പണ്ഡിതസഭയുടെ നിലവിലെ അഡ്വൈസറി ബോർഡ് അംഗമായ സി.എം മൗലവി ആലുവ ഇയാളെ അനുകൂലിച്ചവരിൽ പ്രധാനിയാണ്. സി.എച്ച് മുസ്തഫയുടെ രണ്ട് രചനകളെ അദ്ദേഹം വാനോളം വാഴ്ത്തുകയുമുണ്ടായി. ഇതിന്റെ ഗൗരവം പലവുരു ശ്രദ്ധയിൽപെടുത്തിയിട്ടും അദ്ദേഹത്തിന്റെ ‘മനോഗതം’ ആ നിലപാട് തിരുത്താൻ പ്രേരിപ്പിക്കുന്നില്ല.
‘അകംപൊരുൾ’ ഒന്നാം വാള്യത്തിന്റെ പ്രകാശനം 2019 ഫെബ്രുവരി 16ന് എറണാകുളം ടൗൺ ഹാളിൽ നടത്തപ്പെട്ടപ്പോൾ അതിനെ ഇദ്ദേഹം പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്: “അകംപൊരുൾ വായിക്കുക. ഒട്ടനവധി ദർശനങ്ങളും വീക്ഷണങ്ങളും ചിന്തകളും വിശാലമായ അറിവുകളുടെ ലോകത്തേക്ക് നമ്മുടെ ഭാവനകളെ ഉയർത്തും.’’
വിശുദ്ധ ക്വുർആനിന്റെ ആശയതലത്തെ പരിപൂർണമായും പൊളിക്കാനുള്ള ഇത്തരം ഹീനമായ കളികൾക്ക് കൈയടിച്ച് കൊടുക്കാൻ കഴിയുന്നതെങ്ങനെയാണ്?
‘ഇസ്‌ലാമിലെ മോക്ഷസിദ്ധാന്ത’മെന്ന കൃതിയെ കുറിച്ചെഴുതിയത് വായിക്കാം: “ഇതേപോലെ സർവ വേദങ്ങളെയും സത്യപ്പെടുത്താനുള്ള ഗ്രന്ഥകർത്താവിന്റെ ശ്രമം ശ്ലാഘനീയമാണ്. എന്നാൽ പൊരുൾ മനസ്സിലാകാതെ ഇന്നു കാണുന്ന സർവ മതങ്ങളെയും സത്യപ്പെടുത്തുന്ന സർവമതസത്യവാദമാണ് മുസ്തഫ മൗലവി നടത്തുന്നതെന്ന ആക്ഷേപം വിമർശകരിൽ നിന്നു പ്രതീക്ഷിക്കേണ്ടതാണ്’’ (പേജ് 21).
“മുൻവിധിയില്ലാതെ വായിക്കുന്നവർക്ക് ചിന്തയുടെ ലോകത്തേക്കുള്ള ഒരു ചവിട്ടുപടിയായി ഈ പുസ്തകം ഉപകരിക്കും, തീർച്ച. ഗ്രന്ഥകർത്താവിനും ഒപ്പം സഹകാരികൾക്കും നന്മ നേരുന്നു’’ (പേജ് 22).
മതനിഷേധത്തിന്റെ തികഞ്ഞ രൂപമായ സി.എച്ച് മുസ്തഫയുടെ നെറികേടുകൾക്ക് ഇത്ര വലിയ ‘അംഗീകാരപത്രം’ കൊടുത്ത സി.എം മൗലവിയെ തിരുത്താൻ മർക്കസുദ്ദഅ്‌വക്കാർ ഇതുവരെ തയ്യാറായിട്ടില്ല. നിരവധി സന്ദർഭങ്ങളിൽ പൊതുവേദികളിലും അല്ലാതെയും ഇതിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിട്ടും ന്യായീകരണങ്ങൾകൊണ്ട് ‘ന്യായം പറഞ്ഞ്’ അവർ അദ്ദേഹത്തിന് സംരക്ഷണ വലയം തീർക്കുകയാണുണ്ടായത്. മാത്രവുമല്ല, അവരുടെ സമ്മേളന സദസ്സിന് മുമ്പിൽ സി.എച്ച് മുസ്തഫയുടെ അതേ ആശയം സി.എം മൗലവി തട്ടിവിടുകയും സമ്മേളന റിവ്യൂവിൽ അവരത് അച്ചടിച്ച് വിടുകയും ചെയ്തു. അത് വായിക്കാം:
“അതായത് ഞാൻ എന്റെ വിശ്വാസ ആചാരങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ജീവിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസ പ്രകാരം ജീവിക്കാനും അതിന്റെ ആചാര അനുഷ്ഠാനങ്ങൾ ചെയ്യാനുമുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട് എന്ന മതേതരത്വത്തിന്റെ പ്രഖ്യാപനം. വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ഈ ഒരു നിർദേശം കേവലം മതത്തിന്റെ പേരിൽ മാത്രമല്ല, ആചാരങ്ങളോട്, അനുഷ്ഠാനങ്ങളോട്, സംസ്‌കാരങ്ങളോട്, ഭാഷയോട്, വേഷവിധാനങ്ങളോട് എല്ലാം ഈ ഒരു സമീപനം തന്നെയാണ് നമ്മൾ സ്വീകരിക്കേണ്ടത്’’ (10-ാം സംസ്ഥാന സമ്മേളന റിവ്യൂ, പേജ് 43).
സൂറത്തുൽ കാഫിറൂനിലെ ‘നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും’ എന്ന വചനത്തിൽനിന്ന് മുസ്തഫ കണ്ടെടുത്ത ‘വൈവിധ്യങ്ങളെ ഉൾക്കൊള്ളലാണ് മതം’ എന്ന’ അടിസ്ഥാനരഹിത വിശ്വാസം മർക്കസുദ്ദഅ്‌വ സംവിധാനത്തിലൂടെ ഇയാൾ വിറ്റഴിക്കുമ്പോൾ മതനിഷേധികൾ വിശ്വാസി സമൂഹത്തെ പല്ലിളിച്ച് പരിഹസിക്കുകയാണ്.
വിശ്വാസികൾ അവരുടെ വിശ്വാസത്തിൽ കാണിക്കുന്ന കണിശതയും അവിശ്വാസികൾ നിലനിർത്തിപ്പോരുന്ന വിശ്വാസ രീതിയുടെ സ്വഭാവവും തുറന്ന് കാണിച്ച് തരുന്ന ഈ സൂക്തത്തെ കുഫ്‌റിനോട് കൂട്ടുകൂടാൻ ഇങ്ങനെ വലിച്ച് വളച്ച് ഉപയോഗിക്കുന്നത് കടുത്ത പ്രമാണധിക്കാരം തന്നെയാണ്! ഇത്തരക്കാർക്ക് തക്കതായ മറുപടി ക്വുർആൻ കൊടുത്തിട്ടുണ്ട്. അല്ലാഹു പറയുന്നു: “അവർക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവർ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്. തീർച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല. ആകയാൽ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരിൽനിന്ന് നീ തിരിഞ്ഞുകളയുക. അറിവിൽനിന്ന് അവർ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീർച്ചയായും നിന്റെ രക്ഷിതാവാകുന്നു അവന്റെ മാർഗത്തിൽനിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതൽ അറിവുള്ളവൻ. സന്മാർഗം പ്രാപിച്ചവരെ പറ്റി കൂടുതൽ അറിവുള്ളവനും അവൻ തന്നെയാകുന്നു’’ (53:28-30).
ശബാബിന്റെ ന്യായീകരണം പരിഹാരമാകുമോ?
സി.എം മൗലവിയുടെ നിലപാട് മർക്കസുദ്ദഅ്‌വക്കാർക്ക് വലിയ അനർഥങ്ങൾ വരുത്തിവയ്ക്കുന്നുണ്ടെന്ന് മണത്തറിഞ്ഞതുകൊണ്ടാവാം ചില പ്രത്യേക വരികൾ ശബാബിൽ വന്ന് തുടങ്ങിയിട്ടുണ്ട്. കെ.പി സകരിയ്യ സാഹിബ് എഴുതിയ ‘സർവമത സത്യവാദത്തിന്റെ അകംപൊരുൾ’ എന്ന ലേഖനത്തിൽ ഇപ്രകാരം കാണാം: “രണ്ടാമതായി അദ്ദേഹം ചെയ്ത മറ്റൊരു തന്ത്രം സമസ്തക്കാർക്കിടയിൽ അംഗീകാരമുള്ള മുസ്‌ലിം രാഷ്ട്രീയ പാർട്ടിയുടെ സമുന്നതനായ ഒരു നേതാവിനെക്കൊണ്ട് തന്റെ ഖുർആൻ അകംപൊരുൾ എന്ന ഗ്രന്ഥത്തിനും മുജാഹിദുകൾക്കിടയിൽ അറിയപ്പെടുന്ന ഒരു പണ്ഡിതനെക്കൊണ്ട് തന്റെ ഇസ്‌ലാമിലെ മോക്ഷസിദ്ധാന്തം എന്ന ഗ്രന്ഥത്തിനും അവതാരിക എഴുതിച്ചു എന്നതാണ്. ഇവർ രണ്ടു പേരെയും തെറ്റിദ്ധരിപ്പിച്ച് എഴുതി വാങ്ങിയ അവതാരിക ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തിയിട്ടുള്ളത്. ഇവർ രണ്ട് പേരും ഇദ്ദേഹത്തിന്റെ കുതന്ത്രം തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്’’ (ശബാബ്, 2025 നവംബർ 21, പേജ് 21).
മുസ്തഫയുടെ കൃതികളിൽ അടങ്ങിയിരിക്കുന്നത് പച്ചയായ മതനിരാകരണമായിട്ടും മനഃപൂർവം അഞ്ചരപ്പേജ് ‘അവതാരിക’ എഴുതിക്കൊടുത്തതും മാലോകർ കേൾക്കെ പ്രസംഗിച്ചതും എങ്ങനെയാണ് തെറ്റിദ്ധരിപ്പിച്ച് ചെയ്യിച്ചതാവുക? ആശയങ്ങളുമായി ബന്ധമില്ലെന്ന ഒരു വാക്കിൽ ഒതുക്കാതെ, എഴുതിയതും പറഞ്ഞതും എന്തുകൊണ്ടാണ് പിൻവലിക്കാതെയും എടുത്തൊഴിവാക്കാതെയും അതേപോലെ ബാക്കിവച്ചിട്ടുള്ളത്? സ്വന്തം സംവിധാനങ്ങളിലൂടെ തന്നെ മുസ്തഫയുടെ ആശയങ്ങൾക്ക് തിളക്കം കൂട്ടുമ്പോൾ ഈ വരികൾകൊണ്ട് മാത്രം പാപം പരിഹരിക്കപ്പെടുമോ? സമൂഹം കബളിപ്പിക്കപ്പെടാൻ കാരണമാകുന്ന ഇത്തരം പ്രവർത്തനങ്ങളെ തുറന്ന് തിരുത്തിയാൽ മാത്രമെ അത് അനുകരണീയ നിലപാടാവുകയുള്ളൂ.
സിഎച്ചും സിഎമ്മും തമ്മിലുള്ള അതൃപ്പം
താനും സിഎം മൗലവിയും തമ്മിലുള്ള ബന്ധം സിഎച്ച് മുസ്തഫ തന്നെ പറയട്ടെ: “ആത്മ ധൈര്യവും പ്രചോദനവും നൽകുന്ന ആദരണീയ പണ്ഡിതൻ സി.എം മൗലവി ആലുവ എന്റെ വന്ദ്യഗുരു മർഹൂ കെ.ടി അബ്ദു റഹീമിന്റെ ആത്മ മിത്രമാണ്. ആ സ്‌നേഹവായ്പ്
ദയാപൂർവം എന്നോട് അദ്ദേഹം കാത്തുവെക്കുന്നു. എന്റെ ഗുരുവിന്റെ സ്ഥൂലശൂന്യത സി.എമ്മിലൂടെയാണ് ഞാൻ പരിഹരിക്കാറുള്ളത്’’ (അകംപൊരുൾ, വാള്യം 2, പേജ് 15).
“ഈ പുസ്തകത്തിന് പ്രൗഢവും ഉജ്ജ്വലവുമായ അവതാരിക എഴുതി അനുഗ്രഹിച്ച ആദരണീയ പണ്ഡിതൻ സി.എം മൗലവി ആലുവ, അദ്ദേഹം എന്നോട് കാണിക്കുന്ന വാത്സല്യവും സ്‌നേഹവും എന്റെ കർമവീഥിയിൽ തണലും താങ്ങുമാണ്’’ (ഇസ്‌ലാമിലെ മോക്ഷ സിദ്ധാന്തം, പേജ്14).
രോഗം ഒന്നുകിൽ മുസ്തഫയിൽനിന്ന് അങ്ങോട്ട് പകർന്നു, അല്ലെങ്കിൽ സി.എമ്മിൽനിന്ന് ഇങ്ങോട്ട് പകർന്നു. ഇവർ തമ്മിൽ കേവല വ്യക്തിബന്ധമല്ല ഉള്ളതെന്ന് ഈ വാക്കുകൾ വ്യക്തമാക്കുന്നു. ഇവർ പരസ്പരം ഇത്ര നല്ല അതൃപ്പത്തിലായിരിക്കെ മുസ്തഫ സി.എം മൗലവിയെ തെറ്റിദ്ധരിപ്പിച്ച് എഴുതിച്ചതാണെന്ന മർക്കസുദ്ദഅ്‌വക്കാരുടെ ന്യായീകരണം ബാലിശമല്ലേ? സംഭവിച്ചു എന്ന് ഉറപ്പുള്ള തെറ്റിൽ ശഠിച്ച് നിൽക്കുന്നത് ശരിയാണോ?
അല്ലാഹു പറയുന്നു: “വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവർക്ക് വേണ്ടി. പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്) പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ’’ (3:135).

