സമസ്തയെ പ്രതിസന്ധിയിലാക്കിയ പ്രശ്‌നക്കാർ ആര് ?
മൂസ സ്വലാഹി കാര
2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10

ഖാദി വിഷയത്തിൽ നീരസം പ്രകടിപ്പിച്ച് മുക്കം ഫൈസി നടത്തിയത് മൂർച്ചയേറിയ പരാമർശങ്ങൾ തന്നെയാണ്. ആ വാക്കുകൾ ഇപ്രകാരമാണ്:
“ഇസ്‌ലാമിക നിയങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാദിയായത്. ക്വുർആനിൽനിന്നും ഹദീസിൽ നിന്നും നിയമങ്ങൾ കണ്ടുപിടിക്കാൻ പറ്റിയവരാകണം ഖാദിമാർ. കിതാബ് ഓതുകയും വേണം. ഇതൊക്കെയുണ്ടെന്ന് അവരും അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാദിയാക്കിക്കൊളൂ എന്നാണ് പറയുന്നത്. അങ്ങനെ ഖാദിയാക്കിക്കൊടുക്കാൻ കുറെയാളുകൾ. നമ്മുടെ കൂട്ടത്തിലുള്ള കുറെ ആളുകളും അതിന് കൂട്ടുനിൽക്കുന്നു. കുറെയാളുകൾ ചേർന്ന് ഖാദിയെ തീരുമാനിക്കുകയാണ്. ഇതിനൊക്കെ ഒരു നിയമമില്ലേ? കാര്യങ്ങൾ അതിര് വിടുകയാണ്. സമസ്ത-സിഐസി വിഷയത്തിൽ ഒരു കാര്യം പറഞ്ഞു. അത് കേൾക്കാൻ തയാറായില്ല. സമസ്ത
പറഞ്ഞാൽ കേൾക്കണ്ടേ? പണ്ടൊക്കെ അങ്ങനെയായിരുന്നോ? മഹല്ലുകളിൽ സമസ്തയെ വെല്ലുവിളിക്കുകയാണ്. സമസ്തയെ വെല്ലുവിളിച്ച് വേറെ പാർട്ടിയുണ്ടാക്കുകയാണ്. ഖാദി ഫൗണ്ടേഷൻ എന്തിനാണ്? ഇതിന്റെ അർഥമെന്താണ്? ഇത് നമുക്ക് തിരിയും’’ (മാധ്യമം, 2024 ഒക്ടോബർ 29 ചൊവ്വ, പേജ് 5).
സമസ്തയെ ഇകഴ്ത്താനും അനുയായികളെ ചൊടിപ്പിക്കാനും ഇതിലേറെ വല്ലതും പറയേണ്ടതുണ്ടോ! പ്രതിസ്ഥാനത്തുള്ള സ്വാദിഖലി തങ്ങൾ ഇതിനെതിരെ കുറിപ്പിട്ടിതും കാണാം: “വേദികളിൽ നിന്ന് വേദികളിലെത്തുമ്പോൾ സ്‌നേഹപ്പൂക്കൾ കിട്ടാറുണ്ടെന്നും എന്നാൽ ചിലർ ഇടവേളകളിൽ മുള്ളുമായി വരുമെന്നും പാണക്കാട് സാദിഖലി തങ്ങൾ. അതൊന്നും പക്ഷേ, ഉള്ളിൽ കൊള്ളാറില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു’’ (മാധ്യമം/2024 ഒക്ടോബർ 29 ചൊവ്വ, പേജ് 5).
ഇതോടൊപ്പം മറ്റൊരു വേറിട്ട കാഴ്ച കൂടി സമസ്തക്കകത്തുനിന്ന് കാണാനിടയായി. 28/11/2024 വ്യാഴാഴ്ച ‘സമസ്ത ആദർശ സംരക്ഷണ സമിതി’ എന്നൊരു പുതിയ പദ്ധതി പ്രഖ്യാപനം നടന്നു. മഹാന്മാർ ഉണ്ടാക്കിയതിന് മറ്റൊരു സംരക്ഷണമോ എന്നൊന്നും ചോദിച്ച് പോകരുത്! സംരക്ഷണ സമിതി രൂപീകരിക്കാൻ മാത്രം ഇടച്ചിലുണ്ടെന്നത് വ്യക്തമായി! സമിതിയുടെ ഉദ്ദേശ്യം സംഘാടകർ തന്നെ പറയുന്നു: “ദീർഘകാലമായി തുടരുന്ന വിഭാഗീയതക്കൊടുവിൽ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം സമാന്തര പ്രവർത്തനത്തിന് പുതിയ വേദി രൂപവത്ക്കരിച്ചു. സമസ്ത ആദർശ സംരക്ഷണ സമിതി എന്ന പേരിലാണ് വേദിക്ക് രൂപം നൽകിത്... ഉന്നത സ്ഥാനീയരായ വ്യക്തികളെ അപമാനിച്ച ഉമർ ഫൈസി മുക്കത്തെ കേന്ദ്ര മുശാവറ അംഗത്വത്തിൽനിന്നും ഉത്തരവാദപ്പെട്ട മറ്റു സ്ഥാനങ്ങളിൽ നിന്നും പുറത്താക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗും സമസ്തയും തമ്മിലെ ശക്തമായ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത് പ്രതിഷേധാർഹമാണെന്നും അത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും മറ്റൊരു പ്രമേയത്തിലും ആവശ്യപ്പെട്ടു... സുന്നി ആദർശ സമ്മേളനങ്ങൾ എന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്ന പരിപാടികൾ ലീഗിനെയും പാണക്കാട് സാദിഖലി തങ്ങളെയും വിമർശിക്കാനാണ് ഒരു വിഭാഗം ഉപയോഗപ്പെടുത്തുന്നത്’’ (മാധ്യമം, 2024 നവംബർ 29, പേജ് 40).
മലപ്പുറം ജില്ല സമസ്ത ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് അംഗവുമായ മൊയ്തീൻ ഫൈസി പുത്തനഴി കടുപ്പത്തിൽ പറഞ്ഞത് കൂടി വായിക്കാം: “89ൽ ശരീഅത്ത് വിഷയവുമായി ബന്ധപ്പെട്ട് ഇ.കെ അബൂബക്കർ മുസ്‌ലിയാർ വേദി പങ്കിട്ടതിന്റെ പേരിൽ ഒരു വിഭാഗം പുറത്തെടുത്ത ആയുധങ്ങളുമായി ഇന്ന് ചില യുവജന, വിദ്യാർഥി നേതാക്കൾ നടത്തുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. സമസ്തയുടെ ഭരണഘടനയും നടന്നുവന്ന വഴികളും വിസ്മരിച്ച് വിഘടിതരുടെ പാത പിന്തുടരരുത്. വിവേകമില്ലാത്തവരുടെ പ്രവർത്തനങ്ങൾ നേതാക്കൾക്കുതന്നെ പ്രയാസവും പ്രതിസന്ധിയും സൃഷ്ടിക്കുകയാണ്. നമ്മുടെ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം, വാർത്ത, മുശാവറ അംഗങ്ങളുടെ പ്രസംഗം തുടങ്ങിയവുയുമായി നമുക്കുതന്നെ ബന്ധമില്ലെന്ന് പറയുന്ന അവസ്ഥയിലേക്ക് നേതാക്കളെ എത്തിച്ചത് ദുഃഖകരമാണ്. ഇക്കൂട്ടരെ നേർവഴിക്ക് നടത്തേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു’’ (മാധ്യമം, 2024 നവംബർ 29 വെള്ളി, പേജ് 4).
സത്യത്തിനെതിരെ ഉടലെടുത്ത ഈ പ്രസ്ഥാനം വെന്തുരുകുന്ന അവസ്ഥക്കാണ് സമൂഹം സാക്ഷികളാകുന്നത്. പ്രശ്‌നക്കാരെ ഒതുക്കാനോ പ്രതിസന്ധി മറികടക്കാനോ നാൽപതംഗ മുശാവറക്ക് ഇനിയും സാധിക്കുന്നില്ലെന്നത് കൂടുതൽ പരിഭ്രാന്തി പരത്തുകയാണ്.
വളരെ രസകരമായ സംഭവങ്ങൾക്ക് കൂടി സമസ്തയിലെ ഈ പ്രശ്‌ന പശ്ചാത്തലം വഴിവെച്ചു. മുശാവറക്കകത്ത് ‘കള്ളന്മാർ’ എന്നാണ് ഉമർ ഫൈസി പറഞ്ഞിരിക്കുന്നത്. ആ വാർത്ത കൂടി വായിക്കാം:
“സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ വിഭാഗീയത ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്നു സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി. പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ പരാമർശം ചർച്ചയ്‌ക്കെടുത്തപ്പോൾ ഉമർ ഫൈസി മുക്കം നടത്തിയ കള്ളന്മാർ എന്ന പരാമർശത്തിൽ പ്രതിച്ചേധിച്ചായിരുന്നു ജിഫ്രി തങ്ങളുടെ ഇറങ്ങിപ്പോക്ക്.’’
“യോഗം ആരംഭിച്ചപ്പോൾ തന്നെ ഉമർ ഫൈസിക്ക് എതിരായ പരാതിയും അജൻഡയിലുണ്ടെന്നും അക്കാര്യം ചർച്ച ചെയ്യുമ്പോൾ ഉമർ ഫൈസി യോഗത്തിൽനിന്നു മാറി നിൽക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ട ചർച്ചകൾക്കു ശേഷം ഒന്നര മണിക്കൂറോളം കഴിഞ്ഞ് വിവാദ വിഷയം ചർച്ചയ്‌ക്കെടുത്തു. തന്റെ പ്രസംഗം സ്വാദിഖലി തങ്ങൾക്കെതിരെ ആയിരുന്നില്ലെന്നു ഉമർ ഫൈസി വിശദീകരിച്ചെങ്കിലും ആർക്കെതിരെയാണു സംസാരിച്ചതെന്നു വ്യക്തമാക്കണമെന്ന ആവശ്യത്തിനു മറുപടിയുണ്ടായില്ല. ഇതോടെ ഉമർ ഫൈസിയോടു ചർച്ച കഴിയുന്നത് വരെ പുറത്തു നിൽക്കാൻ ജിഫ്രി തങ്ങൾ വീണ്ടും ആവശ്യപ്പെട്ടെങ്കിലും വിസമ്മതം അറിയിച്ച് യോഗത്തിൽ തുടരുകയായിരുന്നു. ഇതോടെ മറ്റൊരു മുശാവറ അംഗമായ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പ്രസിഡന്റ് പറഞ്ഞിട്ടും പുറത്തിറങ്ങാത്തത് എന്താണെന്ന് ചോദ്യം ചെയ്തു. ഇതിനു നിങ്ങൾ കള്ളൻമാർ പറയുന്നതുപോലെ ചെയ്യാനാകില്ലെന്ന് ഉമർ ഫൈസി മറുപടി നൽകിയതാണ് ജിഫ്രി തങ്ങളെ പ്രകോപിപ്പിച്ചത്. കള്ളന്മാർ എന്ന് ഇവിടെ കൂടിയവരെ വിളിച്ചെങ്കിൽ അക്കൂട്ടത്തിൽ ഞാനും ഉൾപ്പെടുമല്ലോ’’ (മലയാള മനോരമ, 2024 ഡിസംബർ 20 വ്യാഴം, പേജ് 1).
“അധ്യക്ഷന്റെ നിർദ്ദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്ന് കൂടി ബഹാഉദ്ദീൻ നദ്‌വി പറഞ്ഞപ്പോൾ ഉമർ ഫൈസി ക്ഷുഭിതനായി. കള്ളന്മാരാണ് കുഴപ്പമുണ്ടാക്കുന്നതെന്നും അങ്ങനെയു ള്ളവർ ഇവിടെ ഇരിക്കുമ്പോൾ താൻ പുറത്തുപോകണമെന്ന് പറഞ്ഞാൽ അംഗീകരിക്കില്ലെന്നും ഉമർ ഫൈസി പറഞ്ഞു. താനെന്താണ് മോഷ്ടിച്ചതെന്ന് ബഹാഉദ്ദീൻ നദ്‌വി തിരിച്ചു ചോദിച്ചു. പബ്ലിസിറ്റിക്കായി പലരും കള്ളം പറയുകയാണെന്നായിരുന്നു ഉമർ ഫൈസിയുടെ മറുപടി. ഇതോടെ ഉമർ ഫൈസിക്കെതിരെ മുസ്തഫ ഫൈസി, മൂസക്കോയ മുസ്‌ലിയാർ,കെ.ടി ഹംസ മുസ്‌ലിയാർ എന്നിവരടക്കം രംഗത്തു വന്നു’’ (മാധ്യമം, 2024 ഡിസംബർ 12 വ്യാഴം, പേജ് 5).
ഒരേ ആദർശത്തിൽ നിലകൊള്ളുന്നവർ സ്വാർഥ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ കാണുമ്പോൾ വേലി തന്നെ വിളവ് തിന്നുന്നു എന്നേ പറയാനുള്ളൂ. ആദർശ പ്രതിബദ്ധതയുള്ള അഹ്‌ലുസ്സുന്നക്കും അതിന്റെ പ്രചാരകർക്കും നേരെ അനാവശ്യമായി നടത്തിയ ആരോപണങ്ങൾക്കെല്ലാം ശക്തമായ തിരിച്ചടി മുസ്‌ലിയാക്കന്മാർ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
തൗഹീദിൽ നിലയുറപ്പിച്ചവരെ നുണകൾ മെനഞ്ഞ് താറടിക്കാൻ തുനിഞ്ഞിറങ്ങിയ അമ്പലക്കടവ് ഫൈസിക്ക് മേലും സമസ്തയിലെ പ്രധാനികൾ വിധിച്ചത് മറ്റൊന്നല്ല.
“സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കാണിച്ച് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ സമസ്ത നേതൃത്വത്തിന് പരാതി. ലീഗ് അനുകൂല വിഭാഗമാണ് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് കത്ത് കൈമാറിയത്. കേക്കുമുറി വിവാദത്തിലടക്കം സാദിഖലി തങ്ങൾക്കെതിരെ പരാമർശം നടത്തിയ ഹമീദ് ഫൈസിയെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. ഹമീദ് ഫൈസി കടുത്ത വിഭാഗീയ പ്രവർത്തനം നടത്തുന്നെന്നും കത്തിൽ ആരോപിച്ചു. ഇ.മൊയ്തീൻ ഫൈസി പുത്തനഴി, കെ.എ റഹ്‌മാൻ ഫൈസി കാവനൂർ, കുട്ടി ഹസൻ ദാരിമി, എം.സി മായിൻ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി തുടങ്ങിയ 25 നേതാക്കളാണ് കത്ത് നൽകിയത്’’ (മാധ്യമം, 2025 ജനുവരി 14 ചൊവ്വ, പേജ് 4).
നൂറാം വാർഷികം ഗംഭീരമാക്കാൻ വേണ്ടി ജിഫ്രി തങ്ങൾ നടത്തിയ ആഹ്വാനം ശ്രദ്ധിക്കുക: “ശംസുൽ ഉലമയും വരക്കൽ മുല്ലക്കോയ തങ്ങളുമടക്കം സമസ്തയുടെ സ്ഥാപക നേതാക്കന്മാരൊക്കെ സംഘടിച്ചതും പ്രവർത്തിച്ചതും ബിദഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാനും സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങളെ ജനങ്ങളിൽ പ്രചരിപ്പിക്കാനുമായിരുന്നു. അതേ അടിസ്ഥാനപരമായ മാർഗങ്ങളിലൂടെയാണ് ഇന്നും സമസ്ത പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതിൽ അടിയുറച്ചു നിന്ന് പ്രവർത്തിക്കാനും 2026ൽ നടക്കുന്ന സമസ്തയുടെ 100-ാം വാർഷിക മഹാസമ്മേളനം ചരിത്ര സംഭവമാക്കാനും മുഴുവൻ സത്യവിശ്വാസികളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു’’ (സുപ്രഭാതം, 2024 ഒക്ടോബർ 1 വെള്ളി, പേജ് 2).
സമസ്തയെ പ്രതിക്കൂട്ടിലാക്കുന്ന ഉമർ ഫൈസി വരെ ഈ ആഹ്വാന വേദിയിലുണ്ടായിരുന്നെങ്കിലും അയാൾ ഉൾപ്പെടെയുള്ള വിമത സ്വഭാവക്കാരെ അനുയായികൾ അകറ്റിത്തുടങ്ങി.
‘സമസ്ത നൂറിന്റെ നിറവിൽ’ എന്ന പേരിൽ സമസ്ത മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനങ്ങളുടെ തുടക്കത്തെ സംബന്ധിച്ച വാർത്ത കാണുക: “ലീഗ് വിരുദ്ധ സമസ്ത നേതാക്കൾക്ക് ക്ഷണമില്ല. എസ്‌വൈഎസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത ജോയന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കം, എസ്‌കെഎസ്എസ് എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, സമസ്ത മുശാവറ അംഗങ്ങളായ അബ്ദുസ്സ ലാം ബാഖവി വടക്കേക്കാട്, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി എന്നിവരിൽ ആരെയും ക്ഷണിച്ചിട്ടി ല്ല’’ (മാധ്യമം 2025 ജനുവരി 30 വ്യാഴം, പേജ് 4).
സമസ്തയുടെ ആദർശത്തിന് പോറലേൽക്കാതെ സംരക്ഷിക്കുകയാണെന്ന പേരിൽ ‘ശജറകൾ’ സംഘടിപ്പിക്കുന്ന ആദർശ ക്യാമ്പയിൻ ലീഗ് വിരോധം തീർക്കാൻ പരമാവധി ഉപയോഗപ്പെടുത്തുന്നതി നാൽ അതിന് വിലങ്ങുവെക്കൽ കൂടി നവോത്ഥാന സമ്മേളന ലക്ഷ്യമാണ്. ‘ആദർശ സമ്മേളനത്തിന് ബദൽ നവോത്ഥാന സമ്മേളനം, ഉൾപ്പോര് അടങ്ങാതെ സമസ്ത’ എന്ന തലക്കെട്ടിൽ വന്ന വാർത്ത വായിക്കാം:
“സമസ്തയിലെ വിഭാഗീയതക്ക് മുശാവറ ഇടപെട്ട് അറുതിയുണ്ടാക്കിയെന്ന പ്രതീതിയുണ്ടെങ്കിലും സംഘടനയിൽ മുസ്‌ലിം ലീഗിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ഉൾപ്പോര് അവസാനിക്കുന്നില്ല. ലീഗ് വിരുദ്ധ വിഭാഗം ആദർശ സമ്മേളനമെന്ന പേരിൽ വിവിധ തലങ്ങളിൽ നടത്തിയ പരിപാടികൾ സമസ്തക്കുള്ളിലെ വിഭാഗീയത പരസ്യമാക്കിയിരുന്നു. അതിന് മറുപടിയെന്നോണം സമസ്ത മഹല്ല് ഫെഡറേഷന്റെ (എസ്എംഎഫ്) ആഭിമുഖ്യത്തിൽ നവോത്ഥാന സമ്മേളനങ്ങൾ ആരംഭിച്ചിരിക്കുകയാണിപ്പോൾ. വെള്ളിയാഴ്ച മലപ്പുറത്ത് നടന്ന നവോത്ഥാന സമ്മേളനത്തിന്റെ ഉദ്ഘാന വേദിയിൽ കേന്ദ്ര മുശാവറ അംഗം മുസ്തഫൽ ഫൈസി നടത്തിയ പ്രസംഗം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെയുള്ള തുറന്നുപറച്ചിലായിരുന്നു അദ്ദേഹത്തിന്റ പ്രസംഗം.
മുസ്‌ലിം സമൂഹത്തിനു വേണ്ടി നിലകൊള്ളുന്ന പാർട്ടി മുസ്‌ലിം ലീഗാണെന്ന് പറഞ്ഞ മുസ്തഫൽ ഫൈസി ലീഗിനെ മാറ്റി നിർത്തിക്കൊണ്ടും വിമർശിച്ചുകൊണ്ടും സമസ്തക്ക് നിലനിൽപില്ലെന്നും പ്രഖ്യാപിച്ചു. വണ്ടിയിൽ വൈകിക്കയറിയവരല്ല ദിശ നിർണയിക്കേണ്ടതെന്ന് ഒളിയമ്പെയ്തു’’ (2025 ഫെബ്രുവരി 2 ഞായർ, പേജ് 10).
സമസ്തയിൽ സംഘടനാപോര് നടക്കുന്നുണ്ടോ എന്ന സംശയം തീരാൻ ഇതൊക്കെ തന്നെ മതിയല്ലോ!
‘സാദിഖലി തങ്ങളോട് ഖേദം പ്രകടിപ്പിച്ച് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം’ എന്ന തലക്കെട്ടിൽ 2025 ജനുവരി 14ന് പത്ര മാധ്യമങ്ങിൽ വാർത്ത വന്നിരുന്നു. എന്നാൽ വാക്കുകൾ കൊണ്ട് ഒതുക്കി തീർക്കാനും ഒളിപ്പിക്കാനും പറ്റാത്ത വിധം ഈ വിഷയത്തിന് ‘വീര്യം’ കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ് പരമാർഥം. ‘പൂർവിക പാത മലീമസമാക്കുന്നവരെ മഹല്ല് കമ്മിറ്റികൾ ശുദ്ധീകരിക്കണമെന്നും സമുദായ കെട്ടുറപ്പിന് തുരങ്കം വെക്കുന്നവരെ പ്രതിരോധിക്കുന്ന കാവൽഭടന്മാരായി മഹല്ല് സാരഥികൾ മാറണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്ത പ്രസരിപ്പിച്ച വെളിച്ചം തലമുറകളിലേക്ക് കൈമാറാൻ ഉലമ-ഉമറാ ബന്ധം ശക്തിപ്പെടുത്തണമെന്നും പാരമ്പര്യവും പൈതൃകവും മുറുകെപ്പിടിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു’’ (മാധ്യമം, 2025 ഫെബ്രുവരി 1 ശനി, പേജ് 12).
മുസ്‌ലിയാക്കന്മാർ മനസ്സിൽ കണ്ട സ്വപ്നം കൂടി വായിക്കാം: “സമസ്തയുടെ ആലിമീങ്ങൾ കൂടിയാലോചന (മുശാവറ)ചെയ്ത ശേഷമേ ഒരു തീരുമാനം പറയൂ. പത്രത്തിലും ദൃശ്യമാധ്യമങ്ങളിലും ആളാവാൻ സമസ്തയിലെ നിഷ്‌കളങ്കരായ പണ്ഡിതരാരും മുതിരാറില്ല’’ (ശംസുൽ ഉലമയും 60-ാം വാർഷിക പ്രഭാഷണവും, പേജ് 14).
എങ്കിൽ പിന്നെ വാർത്തകൾക്ക് മേൽ വാർത്തകൾ നൽകി ഈ വിഷയത്തിൽ പ്രയാസപ്പെടുന്നതെന്തിനാണ്?
ഇസ്‌ലാമിക ചരിത്രത്തിൽ ശത്രുക്കൾ ആദ്യമായി അറിഞ്ഞ പരാജയത്തിന്റെ കാരണങ്ങളെത്തൊട്ട് വിശ്വാസികളെ അല്ലാഹു വിലക്കിയത് കാണുക:
“ഗർവോടുകൂടിയും ജനങ്ങളെ കാണിക്കാൻ വേണ്ടിയും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തടഞ്ഞുനിർത്താൻ വേണ്ടിയും തങ്ങളുടെ വീടുകളിൽ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെപ്പോലെ നിങ്ങളാകരുത്. അല്ലാഹു അവർ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (8:47).

