എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 സെപ്തംബർ 10, 1444 സ്വഫർ 13

പാരതന്ത്ര്യത്തിലെ സ്വാതന്ത്ര്യം!

-നദ നസീർ എസ്. കെ, കരുവാരകുണ്ട്

അറിവിന്റെയും അഭിവൃദ്ധിയുടെയും ഉച്ചകോടിയിലാണിന്നു മനുഷ്യരെന്ന് നാം അഹങ്കരിക്കുന്നു. എന്നാൽ ലോകത്തിന്റെ ധാർമികരംഗത്തുള്ള പരിതാപകരമായ അവസ്ഥകൾ നമ്മെ വല്ലാതെ നിരാശരാക്കുന്നുണ്ട്, പേടിപ്പെടുത്തുണ്ട്. പ്രതീക്ഷ നൽകേണ്ടുന്ന പ്രസരിപ്പിന്റെ യുവത്വം കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങൾ മനംമടുപ്പിക്കുന്നതാണ്. ചില ഒറ്റപ്പെട്ട സംഭവങ്ങൾ എന്നു നാം വിധിയെഴുതിയ സദാചാരവിരുദ്ധ പ്രവർത്തനങ്ങൾ നമ്മുടെ മക്കൾ പഠിക്കുന്ന കലാലയ വരാന്തകളിൽ അവകാശവാദമായി ഉയർന്നുവരുന്നു. സ്വവർഗരതിയെയും അതിനപ്പുറത്തെ തെമ്മാടിത്തരങ്ങളെയും സ്വാഭാവിക പ്രവർത്തനങ്ങളായി കാണാനും അതിനുള്ള സ്വാതന്ത്ര്യം ലഭിക്കാനുമാണവർ ശബ്ദമുയർത്തുന്നത്!

പ്രകൃതിവിരുദ്ധവും അസാന്മാർഗികവുമായ ഏത് പ്രവർത്തനങ്ങളെയും സർവസാധാരണമാക്കാൻ പണിയെടുക്കുന്ന യുവതലമുറ എന്തു സന്ദേശമാണ് ലോകത്തിനു നൽകുന്നത്? കൊള്ളരുതായ്മകൾക്കു വേണ്ടി ഒരുവിഭാഗം ശബ്ദമുയർത്തുമ്പോൾ ഒന്നും മിണ്ടാതെ മാറിനിൽക്കേണ്ടവരാണോ മുസ്‌ലിംകൾ?

സമൂഹത്തിൽനിന്ന് ധാർമികമൂല്യങ്ങൾ വിനഷ്ടമായിക്കൊണ്ടിരിക്കുമ്പോൾ നാം മൗനം പാലിച്ചുകൂടാ. മുസ്‌ലിം സ്ത്രീ-പുരുഷന്മാർ തങ്ങളുടെതായ പങ്ക് മൂല്യശോഷണത്തിനെതിരായ പ്രവർത്തനത്തിൽ വഹിക്കേണ്ടതുണ്ട്.

ജെൻഡർ ന്യൂട്രാലിറ്റിയടക്കം ഏതൊരു വിഷയം ഉയർന്നുവരുമ്പോഴും ഇസ്‌ലാം അതിലേക്ക് വലിച്ചിഴക്കപ്പെടുന്നതും ‘ആറാം നൂറ്റാണ്ടിന്റെ അന്ധകാരം’ ചർച്ചാവിഷയമാകുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ‘പർദയുടെയും അസ്വാതന്ത്ര്യത്തിന്റെയും തടവറയിൽ കഴിയുന്ന’ മുസ്‌ലിം സ്ത്രീയുടെ കണ്ണുനീർ കണ്ട് പലർക്കും ഉറക്കം വരുന്നില്ല! ഇത്തരം ദുരാരോപണങ്ങളെ പ്രതിരോധിക്കേണ്ടത് മുസ്‌ലിം സ്ത്രീകൾ തന്നെയാണ്. ഞങ്ങൾ ഇസ്‌ലാമിന്റെ തണലിൽ സുരക്ഷിതരാണെന്നും സമാധാനതിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായുവാണ് ഇസ്‌ലാമിലൂടെ ഞങ്ങൾക്ക് ലഭിക്കുന്നതെന്നും ഞങ്ങൾക്കുവേണ്ടി ആരും മുതലക്കണ്ണീരൊഴുക്കേണ്ടെന്നും ഉറക്കെ പ്രഖ്യാപിക്കാൻ മുസ്‌ലിം സ്ത്രീകൾക്ക് സാധ്യമാകണം.

ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളെ ഹനിച്ചുകൊണ്ടുള്ള നിയമങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ശ്രമങ്ങളെയും നാം കാണാതിരുന്നുകൂടാ. സമത്വം, നീതി എന്നൊക്കെയുള്ള പദങ്ങളാൽ പ്രലോഭിപ്പിച്ചുകൊണ്ട് ഹിഡൻ അജണ്ടകളോടെ ഒരു നിയമം കൊണ്ടുവരുമ്പോൾ അത് തിരിച്ചറിയാൻ നമുക്ക് സാധിക്കണം.

ലിംഗ നീതിയും അവസര സമത്വവും ഉണ്ടാവണം എന്നതിലും അതിനെപ്പറ്റിയുള്ള അവബോധം കുട്ടികളിലടക്കം ഉണ്ടാകേണ്ടതുണ്ട് എന്നതിലും ആർക്കും സംശയമുണ്ടാകാനിടയില്ല. എന്നാൽ ആൺ-പെൺ വേർതിരിവ് എവിടെയും കാണിക്കേണ്ടെന്നും അവർ സർവതന്ത്ര സ്വതന്ത്രരായി ഇഷ്ടം പോലെ ഇടകലർന്ന് പാറിപ്പറന്ന് ജീവിച്ചോട്ടെ എന്നുമുള്ള തലതരിഞ്ഞ ചിന്താഗതിയിലേക്ക് കുട്ടികളെ നയിക്കാതിരിക്കുക. അത് സർവനാശത്തിലേക്ക് നയിക്കലാണ്.

ആണും പെണ്ണും ഒരേ വസ്ത്രം ധരിക്കട്ടെ, ഒരേ ബെഞ്ചിലിരിക്കട്ടെ എന്ന തീരുമാനം വാസ്തവത്തിൽ സ്വാതന്ത്ര്യം നൽകലാണോ? അവരവർക്ക് കംഫർട്ട് ആയ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുകയല്ലേ അതിലൂടെ സംഭവിക്കുന്നത്? മതം അനുശാസിക്കുന്ന വസ്ത്രധാരണരീതി സ്വീകരിക്കുന്നതിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നവരും സ്വാതന്ത്ര്യം എന്നതിന്റെ അതിര് മനസ്സിലാക്കിയ തിരിച്ചറിവും ഉള്ള ഒരു ന്യൂ ജനറേഷൻ വളർന്നു വരുന്നുണ്ടെന്ന വസ്തുത സ്വതന്ത്രവാദികൾ മനസ്സിലാക്കുക. ഇസ്‌ലാം നൽകുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും അതിന്റെ മഹത്ത്വവും കുട്ടികളും രക്ഷിതാക്കളും തിരിച്ചറിയേണ്ടതുണ്ട്.