എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 നവംബർ 19, 1444 റബീഉൽ ആഖിർ 24

‘രോഗം: വിശ്വാസികൾ അറിയേണ്ടത്’

-മുഹമ്മദ് ശമീം, ആലുവ

‘നേർപഥം’ ലക്കം 301ൽ ഹുസൈൻ സലഫി എഴുതിയ ‘രോഗം: വിശ്വാസികൾ അറിയേണ്ടത്’ എന്ന കവർ സ്‌റ്റോറി ഓരോ വിശ്വാസിയും അനിവാര്യമായും വായിച്ചിരിക്കേണ്ടതാണ്. ഇന്ന് എന്തെങ്കിലും രോഗം ഇല്ലാത്തവർ ഇല്ല എന്നുതന്നെ പറയാം. ജീവിതശൈലി രോഗങ്ങൾ എന്ന ഓനപ്പേരിൽ അറിയപ്പെടുന്ന രോഗങ്ങൾ ഒരുഭാഗത്ത്. ബാക്ടീരിയകളും വൈറസുകളും വഴി പകരുന്ന പകർച്ചവ്യാധികൾ മറുഭാഗത്ത്. ഹാർട്ട് ബ്‌ളോക്ക്, സ്‌ട്രോക്ക് എന്നിങ്ങനെയുള്ളവ വേറെയും. വരുമാനത്തിന്റെ നല്ലൊരു ഭാഗവും ചികിത്സയ്ക്കുവേണ്ടി ചെലവഴിക്കേണ്ടിവരുന്നു പലർക്കും.

ഏതുതരം രോഗമാണെങ്കിലും അല്ലാഹുവിന്റെ പരീക്ഷണമാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ജീവിച്ചിരിക്കുന്ന കാലമത്രയും പൂർണമായ ആരോഗ്യത്തോടെയും സൗഖ്യത്തോടെയും കഴിയുക എന്നത് മനുഷ്യന്റെ നടക്കാത്ത മോഹമാണ്. പലവിധ രോഗങ്ങളും നമ്മെ ബാധിച്ചേക്കാം. അത്തരം സന്ദർഭങ്ങളിൽ ഒരു മുസ്‌ലിം പാലിക്കേണ്ട മര്യാദകൾ എന്തായിരിക്കണം, അതിനോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്നൊക്കെ സലഫിയുടെ ലേഖനത്തിന്റെ ബാക്കി ഭാഗങ്ങളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഐഹിക ജീവിതവും അതിലെ അനുഭവങ്ങളും ശാശ്വതമല്ല. ഇന്ന് നമുക്ക് സന്തോഷമാണെങ്കിൽ നാളെ നമുക്ക് ദുഃഖമായേക്കാം. അങ്ങനെ രാവും പകലും മാറിമാറി വരുന്നത് പോലെ, സുഖവും ദുഃഖവും സന്തോഷവും സങ്കടവുമൊക്കെ മാറിമാറി വന്നുകൊണ്ടേയിരിക്കും. എല്ലാം ഉൾക്കൊള്ളുവാൻ വിശ്വാസികൾക്ക് സാധിക്കേണ്ടതുണ്ട്.


ജനസംഖ്യാ നിയന്ത്രണം...

-ഹാശിം പി.ടി, വടകര

ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് മുജീബ് ഒട്ടുമ്മൽ എഴുതിയ ലേഖനം (ലക്കം 302) വായിച്ചു. വിഷയം സമഗ്രമായിത്തന്നെ ലേഖകൻ കൈകാര്യം ചെയ്തിട്ടുണ്ട്.

വിദ്വേഷ പ്രചാരണത്തിനായി ഹിന്ദുത്വവാദികൾ കാലങ്ങളായി ഉപയോഗിച്ചുവരുന്ന രാഷ്ട്രീയ ആയുധമാണ് ജനസംഖ്യവിസ്‌ഫോടന സിദ്ധാന്തം. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ; പ്രത്യേകിച്ച് മുസ്‌ലിംകളുടെ അംഗസംഖ്യ നാൾക്കുനാൾ വർധിച്ച് വരുന്നുവെന്നും ഈ നില തുടർന്നാൽ അധികം വൈകാതെ ഇന്ത്യ ഒരു മുസ്‌ലിം രാജ്യമാകുമെന്നുമുള്ള ഭീതിയാണ് സംഘപരിവാരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നിൽ നിൽക്കുന്ന, നേതാക്കൾ എന്തു പറഞ്ഞാലും കണ്ണടച്ച് വിശ്വസിക്കുന്ന, വളരെ പെട്ടെന്നുതന്നെ വൈകാരികമായി പ്രതികരിക്കുന്ന സ്വഭാവമുള്ള ജനങ്ങളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളത്.

അങ്ങനെയുള്ള ജനതയെ, കപടയുക്തിയുടെയും കള്ളങ്ങളുടെയും ചേരുവകളോടെ തങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയാണ് എന്ന് വിശ്വസിപ്പിക്കൽ എളുപ്പമാണ്. കൊളോണിയൽ ഭരണകൂടം അധികാരം നിലനിർത്തുന്നതിനായി ഹിന്ദു-മുസ്‌ലിം വിഭജനത്തിന് വേണ്ടി ഉപയോഗിച്ച വ്യാജവർത്തമാനങ്ങളിൽ ഒന്നായിരുന്നു ജനപ്പെരുപ്പ ഭീതി. അത് ഭിന്നിപ്പിക്കാനും വെറുപ്പുൽപാദിപ്പിക്കാനും പറ്റിയ ഒന്നാണെന്നു തിരിച്ചറിഞ്ഞ സംഘ്പരിവാറുകാർ അത് ഏറ്റുപിടിക്കുകയായിരുന്നു. ആവശ്യമുള്ളപ്പോഴൊക്കെ അവർ അതെടുത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.


വൃദ്ധസദനം

-സാജിദ സലീം, ചാവക്കാട്

‘നേർപഥം’ ലക്കം 302ൽ തെസ്‌ന വീരാൻ എഴുതിയ ‘വൃദ്ധസദനം’ എന്ന കവിത കഴമ്പുള്ള, ചിന്താർഹമായ ഒരു രചനയായിരുന്നു. കവയിത്രിക്കും വാരികയുടെ അണിയറ ശിൽപികൾക്കും അഭിനന്ദനങ്ങൾ.