എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 ഡിസംബർ 10, 1444 ജുമാദുൽ ഊല 15

ചാനലുകളുടെ ‘അന്തിച്ചോറ്!

-അബ്ദുൽ മാലിക് സലഫി

ഏതെങ്കിലും പത്രത്തിന്റെ ചരമകോളത്തിൽ ഇന്നേവരെ നാമാരും വിനോദവാർത്തകൾ കണ്ടിട്ടില്ല. സ്‌പോർട്‌സ് പേജിൽ എഡിറ്റോറിയലും കണ്ടിട്ടില്ല. ഇത് എന്തുകൊണ്ട്? കളിയെയും കാര്യത്തെയും വേർതിരിക്കുന്ന ഈ ബോധത്തെ നമുക്ക് ‘കോമൺസെൻസ്’ എന്നു വിളിക്കാം. ‘വകതിരിവ്’ എന്ന് മാതൃഭാഷ. നമ്മുടെ നാട്ടിലെ ചില ചാനലുകളിൽ ‘രാത്രി ഭക്ഷണം’ വിളമ്പുന്ന ചില ‘ഷെഫു’കൾക്കും അതിഥികളായെത്തുന്ന ചില കസ്റ്റമേഴ്‌സിനും മേൽപറഞ്ഞ കാര്യം അഥവാ ‘വകതിരിവ്’ കുറഞ്ഞു വരുന്നതായി തോന്നിയിട്ടുണ്ട്. ചിലപ്പോൾ എന്റെ തോന്നൽ മാത്രമാവാം.

ഇരുപത്തിനാല് മണിക്കൂറും (ബാറ്റൺ കൈമാറി) വായ തുറന്നിരിക്കാൻ വിധിക്കപ്പെട്ടവരാണല്ലോ ചാനലുകളിലുള്ളവർ. അവർക്ക് എന്തെങ്കിലും വിഷയം വേണം. അതിന് മറ്റുള്ളവരുടെ വായിലേക്കുതന്നെ ശ്രദ്ധിക്കണം. വിവാദമാക്കാൻ സാധ്യതയുള്ള എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ ഉടൻ അതിനെ ചവിട്ടിക്കുഴച്ചും നീട്ടിപ്പരത്തിയും ‘അന്തിച്ചോറ്’ വിളമ്പുന്ന മേശയിലേക്ക് എത്തിക്കണം. മുസ്‌ലിം സംഘടന നേതാക്കൾ, പ്രഭാഷകർ എന്നിവരുടെ വാക്കുകളിലെ പതിരുകൾക്കാണ് ഇവർ വല്ലാതെ പ്രാധാന്യം കൊടുത്തു കാണുന്നത്.

ഇത് ഇപ്പോൾ പറയാൻ ഒരു കാരണമുണ്ട്. ചിലർക്ക് ‘കളിഭ്രാന്ത്’ പിടിച്ച സമയമാണിത്. മതവിശ്വാസികളോട് ഏതു കാര്യത്തിലും പരിധികൾ പാലിക്കണമെന്ന് മത നേതാക്കൾ പറയാറുണ്ട്. ‘കളിഭ്രാന്ത്’ വല്ലാതെ മൂത്തത് കണ്ടപ്പോൾ കളിയുടെ വിഷയത്തിലും മതപരിധികൾ പാലിക്കണമെന്ന് സമുദായത്തെ ഉപദേശിച്ചു. ചില ചാനൽ ‘പാചകക്കാർ’ അതിനെയങ്ങ് ഏറ്റെടുത്തു. വിവാദമാക്കി കത്തിച്ചു നിർത്താൻ വല്ലാതെ പാടുപെട്ടു. മതവിശ്വാസികളെ മതത്തിനെതിരെയും നേതൃത്വത്തിനെതിരെയും തിരിച്ചുവിടുക എന്ന ലിബറൽ അജണ്ട, ഉപ്പുപോലെ എല്ലാ വിഭവത്തിലും ചില ചാനൽ അവതാരകർ സമം ചേർത്താണ് എല്ലാ അന്തിക്കും വിഭവം ഒരുക്കാറുള്ളത്.

കളിയും വിനോദവും മതത്തിനെതിരല്ല. ആരാധനയിൽ പോലും അതിരുവിടരുതെന്നതാണ് മതം അനുശാസിക്കുന്നത്. അപ്പോൾ കളിയിൽ അതിരുവിടുന്നതിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇക്കാര്യം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന മതനേതാക്കൾ വിനോദങ്ങളിൽ അതിരുവിടരുതെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? അത് പറയേണ്ടതാണ്. ഇനിയും പറയണം. പറയുന്ന ശൈലി യുക്തിപരമാവണം എന്നതല്ലാതെ മത നേതാക്കൾ ഇത്തരം വിഷയത്തിൽ മിണ്ടരുത്, സമൂഹം എന്തും ചെയ്യട്ടെ എന്ന തിട്ടൂരമിറക്കാൻ ആർക്കാണ് അവകാശമുള്ളത്?

ഫുട്‌ബോളിന്റെ വിഷയത്തിൽ നമ്മുടെ നാട്ടിൽ ചിലർ അതിരുവിടുന്നുണ്ട് എന്നത് ആർക്കാണ് നിഷേധിക്കാനാവുക? കളിയാവേശം മൂത്ത ഫാൻസുകാർ നമ്മുടെ നാട്ടിൽ പോലീസിനെ ആക്രമിച്ചത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഏത് ആർട്ടിക്കിളിലാണ് വരവുവെക്കേണ്ടത് എന്ന് ഇത്തരക്കാർ വ്യക്തമാക്കണം. ബെൽജിയം മൊറോക്കയോട് തോറ്റപ്പോൾ എന്താണ് ബെൽജിയത്തിൽ നടന്നത്? അത് ഈ ചാനലുകാർ തന്നെ കാണിച്ചുതന്നല്ലോ. അതിനെയും ഫുട്‌ബോൾ സ്പിരിറ്റായി കാണണമെന്നാണോ?

പതിനായിരങ്ങൾ മുടക്കി പരസ്പരം മത്സരിച്ച് മാനംമുട്ടെ ഫ്‌ളക്‌സ് കട്ടൗട്ടുകൾ ഉയർത്തിയാലേ കളിക്ക് ഹരം കൂടൂ എന്ന ചിന്തക്ക് മതപരമായി നോക്കുമ്പോൾ ചില അക്ഷരത്തെറ്റുകൾ ഉണ്ട്. ഇക്കാര്യം മാന്യമായി സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതാണ്. അതിനെ വലിയ അപരാധമായി കണ്ട് മണിക്കൂറുകൾ നീണ്ട ചർച്ച നടത്തുന്നത് വിഷയദാരിദ്ര്യം ബാധിച്ചതിനാൽ തന്നെയാണ്. മത വിഷയമായാൽ റീച്ച് കൂടും എന്ന സൃഗാല ബുദ്ധിയും ഇതിനുപിന്നിലുണ്ട്. ‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം’ എന്നേ പറയാനുള്ളൂ.