എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 മെയ് 07, 1442 ശവ്വാൽ 06

പി.സി ജോർജ് കട്ടയുടയ്ക്കുകയാണ്; കൃഷി വേറെ ചിലർ ഇറക്കും!

-കെ.താജുദ്ദീൻ സ്വലാഹി

ഓന്ത് നിരന്തരമായി നിറം മാറി കുരക്കുന്ന ഒരുതരം ജീവിയായി പരിണമിച്ച് ഷോ കാണിക്കുന്നത് പരിണാമത്തെ ‘വിശദമായി പഠിച്ചവർ’ കാണാതെ പോയതാകുമോ? ചായയിൽ ഉറ്റിക്കുന്ന പുതിയ വന്ധീകരണ മരുന്നും ഷോപ്പിംഗ് മാളുകളുടെ പിന്നിലെ നിഗൂഢ ജിഹാദ് തിയറിയും അവതരിപ്പിച്ച പ്ലാന്തോട്ടത്തിൽ ചാക്കോ മകൻ ജോർജ് അച്ചായന്റെ ‘ഡിറ്റക്ടീവ്’ മികവോടെയുള്ള പ്രഭാഷണമാണ് ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

മതേതരത്വം, സഹവർതിത്വം, സമഭാവന തുടങ്ങിയ ഗുണങ്ങളുടെ ചരിത്രവും പാരമ്പര്യവുമുള്ള നാട്ടിൽ ജീവിക്കുന്നവരാണ് നമ്മളെന്ന് അഭിമാനിക്കുന്നവരാണ് നാം. എന്നാൽ പൂഞ്ഞാറിലെ എക്‌സ് എംഎൽ എയുടെ വർഗീയ വിഷം ഒരൽപം പോലും നമ്മെ നൊമ്പരപ്പെടുത്താതിരിക്കുന്നുവെങ്കിൽ ചുണ്ടറ്റത്തെ ആ മനോഹര വാക്കുകൾ വെറും അധരവ്യായാമം മാത്രമാണ്..

നാടിന്റെ സ്വസ്ഥതക്ക് ഭീഷണിയാകുന്ന ബുൾഡോസർ ബാബമാരുടെ പാർട്ടിക്ക് ഭൂരിപക്ഷ ജനതയുടെ മനസ്സിൽ ഇടമൊരുക്കാനുള്ള പടക്കം പൊട്ടിക്കലാണ് ഇതെന്ന് ആർക്കാണറിയാത്തത്? ഇതൊന്നും കേട്ടില്ലെന്ന് നടിക്കുകയോ മൗനം പാലിക്കുകയോ ചെയ്യുന്നത് ആത്മപരിശോധന ആവശ്യമുള്ള കാര്യമാണ്. പോലീസും കേസും കോടതിയുമൊക്കെ ജനം അവിശ്വസിച്ച് തുടങ്ങിയ ഇക്കാലത്ത് എരിതീയിൽ എണ്ണയൊഴിക്കുന്നതാകരുത് കുഞ്ചികസ്ഥാനീയരുടെ നിലപാടിന്റെ ആഴവും വേഗവുമൊന്നും.

ആളെ പരമാവധി ‘സേഫ്’ ആക്കി, പിന്നെ പറഞ്ഞുനിൽക്കാൻ ഒരു കേസെടുക്കും. ശേഷം ചുവപ്പു നാടയിൽ പൊതിഞ്ഞ് പൊളിറ്റിക്കൽ കേസ് ആർക്കേവിലെ പ്രത്യേക ഫ്രീസറിൽ വെക്കും. ഇതാണ് നാം കണ്ടുകൊണ്ടിരിക്കുന്ന സ്ഥിരം പരിപാടി. അതുതന്നെയാണ് അച്ചായന്റെ വിഷയത്തിലും നാം കണ്ടത്. അറസ്റ്റും ജാമ്യവുമൊക്കെ മണിക്കൂറുകൾക്കകമല്ലേ നടന്നത്!

പാലാ ബിഷപ്പിന്റെ കേസ് ഡയറിയുടെ തൊട്ടടുത്തുതന്നെ ആക്കിയാൽ അറിയാതെയെങ്കിലും ഒരു അന്വേഷണ ഏജൻസിയും ഇത് പിന്നെ പുറത്തെടുക്കില്ല. കാരണം ഇതൊന്നും അന്വേഷിക്കാനും ശിക്ഷിക്കാനും എടുക്കുന്ന കേസല്ലല്ലോ!

ലോകത്തിന്റെ എതെങ്കിലും ഒരു ദിക്കിൽ ഏതോ ഒരു ചങ്ങാതി ‘പുല്ലിന്റെ പുക’ നൽകിയ ലഹരിയിൽ എന്തെങ്കിലും ചെയ്താൽ അതൊക്കെ ലോകത്തെ മുസ്‌ലിം ജനകോടികളുടെ നെഞ്ചിൽ ചാരി ന്യൂസ് നൈറ്റ് ചർച്ചകൾ നടത്താറുണ്ട്...ഓരോ മുസ്‌ലിമും ‘അതുമായി എനിക്ക് ബന്ധമില്ല, ബന്ധമില്ല’ എന്ന് കൈകൂപ്പി പറയണമെന്ന് ചിന്തിപ്പിക്കുന്ന ഇത്തരം ആളുകൾ ഇതുപോലെയുള്ള വിവാദം വരുമ്പോൾ എന്തൊക്കെ പറഞ്ഞാലും ‘അത് അയാളല്ലേ, ആര് വില വെക്കാൻ’ എന്ന ഒറ്റവരിയിൽ ചുരുക്കുന്നത് ശരിയല്ല.

കട്ടപ്പാടത്ത് നെല്ല് കൊയ്യാൻ കട്ടയുടക്കുന്ന ആദ്യദൗത്യമാണ് ഇയാളിലൂടെ ചെയ്യുന്നത്. ഇങ്ങനെ കുറെ പറയുമ്പോൾ ക്രമേണ മനുഷ്യസൗഹൃദ മനസ്സുകൾ ഉടഞ്ഞുതുടങ്ങും. പിന്നെ ഉഴുതുമറിക്കാൻ എളുപ്പമാകും...പിന്നെ കൃഷി...ശേഷം കൊയ്ത്ത്... ആ കൊയ്ത്ത് നമ്മുടെ നാടിന്റെ സൗഹൃദത്തിന്റെ അടിവേരറുത്ത് മാറ്റുന്ന അവസാനത്തെ കൊയ്ത്തായിരിക്കും.

ചിന്തിക്കാൻ: ഇപ്പറഞ്ഞത് ഏതെങ്കിലും മുസ്‌ലിം നേതാവായിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് വെറുതെ സങ്കൽപിച്ചു നോക്കുക.