എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 ഏപ്രിൽ 23, 1442 റമദാൻ 21

ജലസംരക്ഷണത്തിന്റെ അനിവാര്യത

-അബൂ അംജദ്, തിരൂർ

272ലെ ജലസംരക്ഷണവുമായി ബന്ധപ്പെട്ട ലേഖനം പ്രൗഢവും നിത്യപ്രസക്തവുമായിരുന്നു. ഓരോ വർഷം പിന്നിടുമ്പോഴും ജലദൗർലഭ്യം വർധിച്ചുകൊണ്ടേയിരിക്കുകയാണ്. വേനൽ പിറന്നാൽ നിത്യവും എത്രയെത്ര കുഴൽകിണറുകളാണ് കുഴിച്ചുകൊണ്ടിരിക്കുന്നത്! ഇത് തുടർന്നാൽ ഭൂഗർഭജലം പാടെ ഇല്ലാതായി മാറുന്ന അവസ്ഥതന്നെ സംജാതമായേക്കാം.

മഴവെള്ളം ധാരാളം ലഭിക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ ആ വെള്ളമെല്ലാം കുത്തിയൊലിച്ച് പുഴകളിലും തോടുകളിലുമെത്തി അവസാനം കടലിൽ ചെന്നുചേരുന്നു. മഴവെള്ള സംഭരണത്തിന്റെ അനിവാര്യത നമുക്ക് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല.

വെള്ളം ദുർവ്യയം ചെയ്യുന്നതിൽ ഒട്ടും മടിയില്ലാത്തവരാണ് മലയാളികൾ. ഭക്ഷണമായാലും വെള്ളമായാലും ദുർവ്യയം പാടില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:

“ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങൾക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചുകൊള്ളുക. നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’’ (ക്വുർആൻ 7:31).

“ചെലവുചെയ്യുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാർഗം സ്വീകരിക്കുന്നവരുമാകുന്നു അവർ’’ (ക്വുർആൻ 25:67).