എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 ഡിസംബർ 03, 1444 ജുമാദുൽ ഊല 08

അറിയാതെ പോയ രണ്ട് തണലുകൾ

-മുഹമ്മദ് സ്വാലിഹ്

ദാറുൽ ഫുർഖാൻ ഹിഫ്ള് സെന്റർ, തളിപ്പറമ്പ്

അല്ലാഹു നമുക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. അവയിൽപെട്ട വലിയ അനുഗ്രഹമാണ് മാതാപിതാക്കൾ. അവരുടെ കൂടെ ജീവിക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരോട് നല്ല നിലയിൽ പെരുമാറിയാൽ അത് ധാരാളം പ്രതിഫലങ്ങൾ ലഭിക്കാനും സ്വർഗപ്രവേശനം ലഭിക്കാനും കാരണമാകും. ക്വുർആനിൽ ആവർത്തിച്ച് വന്ന വിഷയം കൂടിയാണ് മാതാപിതാക്കളോടുള്ള ബാധ്യത. അല്ലാഹുവും നബിയും കഴിഞ്ഞാൽ പിന്നെ നാം ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടതും പരിഗണിക്കേണ്ടതും നമ്മുടെ മാതാപിതാക്കളെയാണ്. അവർക്ക് വിഷമം തോന്നുന്ന ഒരു സംസാരമോ പ്രവൃത്തിയോ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല. അവരോട് കയർക്കരുത് എന്നത് ക്വുർആനിന്റെ അധ്യാപനമാണ്.

“തന്നെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും നിന്റെ റബ്ബ് വിധിച്ചിരിക്കുന്നു. അവരിൽ ഒരാളോ അവർ രണ്ട് പേരും തന്നെയോ നിന്റെ അടുക്കൽവെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് “ഛെ’’ എന്ന് പറയുകയോ അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് മാന്യമായ വാക്ക് പറയുക.’’ (ക്വുർആൻ 17:23)

ഈ ഒരു ആയത്തിൽകൂടി തന്നെ മാതാപിതാക്കളോടുള്ള ബാധ്യതയെകുറിച്ച് നമുക്ക് മനസ്സിലാക്കാം. അവർ ദേഷ്യപ്പെടാനുള്ള സാഹചര്യം ഒരിക്കലുമൊരുക്കരുത്. കാരണം, മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി. അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപവും. നാം അവർക്ക് വേണ്ടി ധാരാളം നന്മകൾ ചെയ്യുകയും പ്രാർഥിക്കുകയും ചെയ്യണം.

“നിന്റെ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ചിറകുകൾ നീ അവർക്ക് വേണ്ടി താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. അല്ലാഹുവെ ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റി വളർത്തിയത് പോലെ നീ ഇവരോട് കരുണ കാണിക്കേണമേ എന്ന് നീ പറയുകയും ചെയ്യുക.’’ (ക്വുർആൻ 17:24)

നമ്മെ ഒരു നിമിഷം പോലും കാണാതിരിക്കാൻ അവർക്ക് സാധിക്കില്ല. നാം വീട്ടിലേക്കെത്താൻ ഒരൽപം വൈകിയാൽ, എന്നും വിളിക്കുന്ന ഒരു ദിവസം വിളിക്കാതിരുന്നാൽ അവർ അസ്വസ്ഥരായിരിക്കും. നമ്മിൽ പലരും ചില സന്ദർഭങ്ങളിലെങ്കിലും ഉമ്മാന്റെ കണ്ണ് നിറയുന്നത് കണ്ടിട്ടുണ്ടാവും. എന്നാൽ അതിന്റെ അർഥം ഉപ്പാക്ക് നമ്മോട് സ്നേഹമില്ലാ എന്നാണോ? നമ്മളെപ്പറ്റിയുള്ള ചിന്തയില്ലാ എന്നാണോ? അല്ല, ഒരിക്കലും അല്ല. ഉപ്പ എന്ന വ്യക്തി എല്ലാം ഉള്ളിൽ അടക്കിപ്പിടിച്ച് സങ്കടങ്ങൾ കടിച്ച് പിടിച്ച് വെക്കുന്നവരാണ്.

“മാതാപിതാക്കളുടെ വിഷയത്തിൽ നാം അനുശാസം നൽകിയിരിക്കുന്നു. പ്രയാസത്തിനുമേൽ പ്രയാസം അനുഭവിച്ച് കൊണ്ടാണ് നിന്റെ മാതാവ് നിന്നെ ഗർഭം ചുമന്നത്. മുലകുടി നിർത്തുന്നതാകട്ടെ രണ്ട് വർഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കുക.’’ (ക്വുർആൻ 31:14)

പുതിയ തലമുറ ലഹരികളിൽ അഭിരമിക്കുന്നതും പ്രണയകൊലപാതകങ്ങളിൽ ഏർപ്പെടുന്നതും ഗെയിമുകൾക്ക് അടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്നതും സിനിമകളും കൊറിയൻ ഡ്രാമകളും കണ്ട് ബി.ടി.എസ് ഫാനായി തോന്നിയത് പോലെ ജീവിക്കുന്നതും മാതാപിതാക്കളെപറ്റിയുള്ള ബോധ്യമില്ലാത്തത് കൊണ്ടാണ്.

‘ജീവിതം ഒന്നേയുള്ളൂ. അത് കളറാകണം. എന്ത് ഉപയോഗിച്ചാലും ഇല്ലെങ്കിലും മരിക്കുമെന്ന’ മറുപടിക്ക് തിരുത്തലുകൾ വരുത്താൻ നമുക്ക് സാധിക്കണം. ‘ജീവിതം ഒന്നേയുള്ളൂ. അത് റബ്ബിനെ ഭയന്ന് തഖ്‌വയോടെ ആയിരിക്കണം’ എന്ന് അവരെക്കൊണ്ട് പറയിപ്പിക്കാൻ നമുക്ക് കഴിയണം.

അടുക്കളയുടെ നാല് ചുമരുകൾക്കിടയിൽ നിന്ന് നമുക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന ഉമ്മ! രാവും പകലും നമുക്ക് വേണ്ടി ചോര നീരാക്കുന്ന ഉപ്പ! അവരെപ്പറ്റിയുള്ള ചിന്തയുണ്ടെങ്കിൽ തിന്മകളിലേക്ക് പോകാൻ നമുക്ക് ഒരിക്കലും സാധിക്കുകയില്ല. നമ്മെ കാണുന്നതിന് മുമ്പേ നമ്മെ സ്‌നേഹിക്കാൻ തുടങ്ങിയവരാണ് മാതാപിതാക്കൾ. ഗർഭാശയത്തിലുള്ള സമയം മുതൽ നമുക്ക് വേണ്ടി പ്രാർഥിക്കുന്നവരാണ് നമ്മുടെ മാതാപിതാക്കൾ. ആ രണ്ട് മരങ്ങളുടെ തണലിലാണ് നാം വളർന്നതെന്ന തിരിച്ചറിവ് എന്ന് കൈവരുന്നുവോ അന്ന് മാത്രമെ നമ്മുടെ അറിവ് പൂണമാവുകയുള്ളൂ.