എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 ഏപ്രിൽ 30, 1442 റമദാൻ 28

ഏലസ്സിലൂടെ സ്വർഗം നഷ്ടപ്പെടുത്തുന്നവർ

-ഉമ്മു ഹംദാൻ, മഞ്ചേരി

‘നേർപഥം’ ലക്കം 274 ൽ സഹ്‌റ സുല്ലമിയ്യ എഴുതിയ ‘ഏലസ്സ് പൊട്ടിച്ചെറിഞ്ഞവർ’ എന്ന കുറിപ്പ് ശ്രദ്ധേയമായിരുന്നു. സമൂഹത്തിൽ ഏലസ്സും ഐക്കല്ലും മന്ത്രിച്ചൂതിയ നൂലുമൊക്കെ അരയിലും കഴുത്തിലും കൈയിലും കെട്ടിനടക്കുന്ന അനേകം സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുണ്ട്. അധികമാളുകൾക്കും അതിന്റെ അപകടമെന്തെന്നറിയില്ല എന്നതാണ് വസ്തുത. അവ ശരീരത്തിലുണ്ടെങ്കിൽ യാതൊരാപത്തും വരികയില്ല എന്നവർ വിശ്വസിക്കുന്നു. അഥവാ പടച്ചവനിൽ ഭരമേൽപിക്കാതെ ഏലസ്സിലും മറ്റും ഭരമേൽപിക്കുന്നു. അത് പച്ചയായ ശിർക്കാണെന്ന് അവർ തിരിച്ചറിയുന്നില്ല. ശിർക്കിന്റെ ഗൗരവം തിരിച്ചറിയുന്നവർക്കേ ഈ തെറ്റിൽനിന്നും മോചിതരാകാൻ കഴിയൂ.

“തീർച്ചയായും ശിർക്ക് വലിയ അക്രമം തന്നെയാണ്’’ (ക്വുർആൻ 31:13). ശിർക്ക് ചെയ്തവനായി മരണപ്പെടുന്നവന് അല്ലാഹുവിൽനിന്നുള്ള പാപമോചനം സിദ്ധിക്കുകയില്ല. അല്ലാഹു പറയുന്നു: “തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്’’ (ക്വുർആൻ 4:48).

ശിർക്ക് ചെയ്യുന്നവന് എന്നെന്നേക്കുമായി സ്വർഗം നിഷിദ്ധമാണെന്ന് അല്ലാഹു അറിയിക്കുന്നു: “അല്ലാഹുവിനോട് വല്ലവനും പങ്കുചേർക്കുന്നപക്ഷം തീർച്ചയായും അല്ലാഹു അവന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും’’ (5: 72).

ശിർക്ക് ചെയ്യുന്നവൻ വ്യക്തമായ വഴികേടിലകപ്പെട്ടവനാണ്. ഏകദൈവവിശ്വാസത്തിന്റെ ഔന്നിത്യത്തിൽനിന്ന് അവൻ നിലംപൊത്തിയിരിക്കുന്നു. അല്ലാഹു പറയുന്നു: “അല്ലാഹുവിൽ വല്ലവനും പങ്കുചേർക്കുന്ന പക്ഷം അവൻ ആകാശത്തുനിന്ന് വീണതുപോലെയാകുന്നു. അങ്ങനെ പക്ഷികൾ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കിൽ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു’’ (22:31).