എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 ഫെബ്രുവരി 26, 1442 റജബ്  25

ട്രാൻസ്ജെൻഡർ വിഷയവും ലിംഗസമത്വവാദവും

-സുധീര്‍ ഉമ്മര്‍.എം, ചിരട്ടക്കുളം

വായനക്കാരെ നിരാശപ്പെടുത്താത്തവിധം വായിക്കാന്‍ പ്രേരിപ്പിക്കുന്ന വിഭവങ്ങള്‍ നല്‍കിക്കൊണ്ട് പുറത്തിറങ്ങുന്ന ‘നേര്‍പഥ'ത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ‘നേരിന്റെ വരമൊഴി' എന്ന നിലപാടില്‍ മായം ചേര്‍ക്കാതെ, പറയേണ്ട കാര്യങ്ങള്‍ പറഞ്ഞും അറിയേണ്ട കാര്യങ്ങള്‍ അറിയിച്ചും ഇനിയും മുന്നോട്ടുപോകാന്‍ ‘നേര്‍പഥ'ത്തിന് കഴിയുമാറാകട്ടെ.

'നേര്‍പഥം' ലക്കം 265ല്‍ സബീന സുനില്‍ എഴുതിയ കവര്‍സ്‌റ്റോറി ‘ട്രാന്‍സ്‌ജെന്‍ഡര്‍: ഇസ്‌ലാമിന് മൗനമോ?' കാലികപ്രസക്തവും പഠനാര്‍ഹവുമായിരുന്നു. ഇത്തരത്തില്‍ ഒരു പഠനം ആദ്യമായാണ് ശ്രദ്ധയില്‍ പെടുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയത്തിലെ ഇസ്‌ലാമിക വീക്ഷണം ഭംഗിയായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

‘കുട്ടി ആണായതിനും പെണ്ണായതിനുമൊക്കെ ഭാര്യമാരെ ആക്ഷേപിക്കുന്നവരുണ്ട്. ജനിക്കുന്ന സന്താനങ്ങളെല്ലാം പെണ്‍കുട്ടികളാണെങ്കില്‍ പലപ്പോഴും കുടുംബത്തില്‍നിന്നും, ഒരുവേള ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുമൊക്കെ സ്ത്രീക്കെതിരെ ആക്ഷേപങ്ങള്‍ ഉയരാറുണ്ട്. ‘ഇവളെ കല്യാണം കഴിച്ചതുകൊണ്ട് കുടുങ്ങി, പ്രസവിക്കുന്നത് മുഴുവന്‍ പെണ്‍മക്കളാണല്ലോ' എന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്' എന്ന ലേഖികയുടെ വാക്കുകള്‍ വളരെ കൃത്യമാണ്. നമ്മുടെയൊക്കെ ചുറ്റുവട്ടത്തും അയല്‍പക്കത്തുമൊക്കെ പെണ്‍മക്കളെ പ്രസവിച്ചതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുന്ന സ്ത്രീകളുണ്ട് എന്നത് നിഷേധിക്കാന്‍ പറ്റാത്ത കാര്യമാണ്.  

‘ലിംഗസമത്വ'ത്തിലൂടെ ഒളിച്ചുകടത്തുന്നത്?' എന്ന ടി.കെ അശ്‌റഫിന്റെ ലേഖനം ചിന്താര്‍ഹമാണ്. എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിനപ്പുറം ലിംഗസമത്വം എന്ന ആശയത്തെ സ്ത്രീയെയും പുരുഷനെയും ഒന്നാക്കുക എന്ന അജണ്ടയിലേക്ക് പ്രയോഗതലത്തില്‍ കൊണ്ടുവരികയെന്നതാണ് ഫെമിനിസ്റ്റ് സംഘടനകളും ഭൗതിക വാദികളും സ്വതന്ത്രവാദികളും ഇന്ന് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനം അവസാനിക്കണമെങ്കില്‍ പുരുഷന്‍ ചെയ്യുന്നതെല്ലാം സ്ത്രീയും സ്ത്രീകള്‍ ചെയ്യുന്നതെല്ലാം പുരുഷനും ചെയ്യണമെന്ന തലതിരിഞ്ഞ വാദം ആര്‍ക്കാണ് അംഗീകരിക്കുവാന്‍ കഴിയുക? ആര്‍ക്കാണ് അത് പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുക?

സ്ത്രീപുരുഷ പാരസ്പര്യത്തിലാണ് സ്‌നേഹവും കരുണയും കുടികൊള്ളുന്നത്. കൃത്രിമമായി സ്ത്രീയെയും പുരുഷനെയും ഒന്നാക്കുന്നതിലൂടെ ഇത് ലഭിക്കുവാന്‍ പോകുന്നില്ല. ഇണകള്‍ക്കിടയില്‍ പരസ്പരം സ്‌നേഹവും കരുണയും നിക്ഷേപിക്കുന്നത് അല്ലാഹുവാണ്. അത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്‌ണെന്ന് ക്വുര്‍ആന്‍ പ്രസ്താവിക്കുന്നു എന്നത് ശ്രദ്ധേയമാണ്:

‘‘അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്, നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ (ഭാര്യമാരെ) അവന്‍ സൃഷ്ടിച്ചുതന്നിട്ടുള്ളതും; നിങ്ങള്‍ അവരുടെ അടുക്കല്‍ സമാധാനമടയുവാന്‍ വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്‌നേഹബന്ധവും കാരുണ്യവും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 30:21).

വ്യത്യസ്ത കുടുംബ പശ്ചാത്തലത്തിലും നാട്ടിലും ജനിച്ചു വളര്‍ന്നവര്‍, പരസ്പരം മുമ്പ് പരിചയമില്ലാത്തവര്‍ വിവാഹമാകുന്ന കരാറിലൂടെ ഒന്നാകുമ്പോള്‍ മനസ്സും ശരീരവുമാണ് ഒന്നാകുന്നത്. അത്ഭുതകരമായ സ്നേഹബന്ധമാണ് അവര്‍ക്കിടയില്‍ രൂപംകൊള്ളുന്നത്.  രണ്ടുപേരുടെയും വീട്ടുകാരും കുടുംബക്കാരുമൊക്കെയായി ഒട്ടേറെ ബന്ധങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു.

സ്ത്രീയെ സ്ത്രീയായും പുരുഷനെ പുരുഷനായും പരിഗണിക്കാന്‍ തയ്യാറില്ലാത്തവര്‍ ലിംഗസമത്വമെന്ന പേരില്‍ എന്ത് മാറ്റമാണ് സമൂഹത്തില്‍ ഉണ്ടാക്കുവാന്‍ ഉദ്ദേശിക്കുന്നത്?