എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 ജനുവരി 29, 1442 ജുമാദൽ ആഖിർ 26

സമൂഹ മാധ്യമങ്ങളിലെ സ്‌ത്ര‌ീ

-മുഫീദ്‌ ടി. കെ. പാലക്കാഴി

സമൂഹമാധ്യമങ്ങളില്‍ ഫ്രന്റ് റിക്വസ്റ്റ് നടത്തുന്ന വേട്ടക്കാര്‍ ഇടുന്ന ചൂണ്ടകളാണ് നന്മയുടെ ആദ്യപോസ്റ്റുകളും സന്ദേശങ്ങളും. ഈ ചൂണ്ടയില്‍ കുടുങ്ങുന്ന സദ്‌വൃത്തയായ ഇരയെപോലും പിന്നീട് ദുര്‍മാര്‍ഗത്തിലേക്ക് വലിച്ചിഴക്കാന്‍ വേട്ടക്കാര്‍ക്ക് കഴിയുമെന്നത് ദിനേനെ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നുണ്ട്.

ന്യായമെന്നു തോന്നിയ പ്രശ്‌നങ്ങളില്‍ ‘ഇഷ്ട'വും ‘പങ്കുവെക്കലു'മെല്ലാമായി തുടങ്ങുന്ന ബന്ധങ്ങള്‍ പലപ്പോഴും അവിഹിതങ്ങളിലേക്കെത്തുന്നത് വ്യാപകമാണ്. പ്രത്യേകിച്ചും തന്റെ ജീവിതാവസ്ഥകള്‍ സംതൃപ്തമല്ലാത്ത യുവതികളാണ് ഇങ്ങനെ ചതിക്കപ്പെടുന്നത്.

മിസ്ഡ് കാള്‍ മുഖേന എത്രയോ കുടുംബങ്ങള്‍ നമ്മുടെ നാട്ടില്‍ തകര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ധാര്‍മിക ബോധത്തോടെ ജീവിക്കുന്ന സ്ത്രീകൾ സഭ്യേതരവാക്കുകള്‍ പറയുകയോ എഴുതുകയോ ചെയ്യുകയില്ല. അതിനാല്‍ തന്നെ നേര്‍ക്കുനേരെ ഒരു സ്ത്രീയില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ കിട്ടുകയില്ല. എന്നാല്‍ സൈബറിടങ്ങളിലെ ക്രിമിനലുകള്‍ അതീവ തന്ത്രശാലികളാണ്. മാന്യമായ സംസാരത്തിലൂടെ അമാന്യമായതിലേക്കെത്തിക്കാനും പോക്ക് ശരിയല്ല എന്ന് ഇര തിരിച്ചറിയുമ്പോഴേക്കും തിരിച്ചു കയറാന്‍ കഴിയാത്തവിധം കെണിയില്‍ പെടുത്താനും സൈബര്‍ വേട്ടക്കാര്‍ വിദഗ്ധരാണ്. ഫോട്ടോഷോപ്പിന്റെയും മോര്‍ഫിംഗിന്റെയും സാധ്യതകള്‍ ഏറ്റവുമേറെ ദുരുപയോഗപ്പെടുത്തുന്നത് സോഷ്യല്‍ മീഡിയകളിലെ ഇതുപോലുള്ള വേട്ടക്കാരാണ്.

പേജും വാളും ഫ്രണ്ട്‌സുമെല്ലാം തിരഞ്ഞ് സ്ത്രീ പുരുഷന്മാരുടെ സ്വഭാവവും സംസ്‌കാരവും അന്വേഷിക്കുന്നത് തൊഴിലാളികളെ തിരയുന്ന അന്താരാഷ്ട്ര ഭീമന്‍ കമ്പനികള്‍ മുതല്‍ നാട്ടിലെ വിവാഹാന്വേഷകര്‍ വരെയാണെന്ന തിരിച്ചറിവ് നല്ലതാണ്.

അന്യരുമായി ഇടപെടുമ്പോള്‍ ഏറെ ശ്രദ്ധിക്കാന്‍ കല്പിക്കപ്പെട്ട മുസ്‌ലിം സ്ത്രീ ഇവിടെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അന്യരുടെ മിസ്ഡ് കാളുകെളയും പോസ്റ്റുകളെയും അവഗണിക്കുക. അസഭ്യങ്ങളിലും അന്യായങ്ങളിലും മൗനം സമ്മതമാക്കാതിരിക്കുക. സ്വന്തവും കുടുംബവും പരിചയക്കാരുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ മൂന്നാമതൊരാള്‍ അറിയാന്‍ പാടില്ലാത്തതാണെങ്കില്‍ അനുവദിക്കപ്പെട്ടവരോടു പോലും വാക്കായും ചിത്രമായും പങ്കുവെക്കാതിരിക്കുക. ഫോണില്‍ ഭര്‍ത്താവിനോട് പ്രേമഭാഷണം നടത്തുന്നതും ചിത്രങ്ങള്‍ കൈമാറുന്നതുമെല്ലാം നാളെ നാം അപമാനിക്കപ്പെടാന്‍ ഇടയാക്കിയേക്കും. അക്കൗണ്ടുകള്‍ കുടുംബാംഗങ്ങള്‍ പരസ്പരം പങ്കുവെക്കുക. വീട്ടിലെ കുട്ടികളുടെ സ്വകാര്യമുറികളില്‍ ഫോണ്‍ അനുവദിക്കാതിരിക്കുക. നീണ്ട സംഭാഷണങ്ങള്‍ നിരീക്ഷിക്കുക. ഫോണും മറ്റും റീചാര്‍ജിംഗിനും സര്‍വീസിനും കൈമാറുമ്പോള്‍ ദുരുപയോഗപ്പെടുത്തപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുക. ഇനിയും ഈ രംഗത്ത് സുരക്ഷയുടെ ഒരുപാടു വേലിക്കെട്ടുകള്‍ ഒരുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സമൂഹ മാധ്യമങ്ങളുടെ മറ്റൊരു വലിയ ദൂഷ്യം അതിലൂടെ നല്‍കപ്പെടുന്ന വിവരങ്ങളുടെ ആധികാരികതയില്ലായ്മയാണ്. പലപ്പോഴും സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളും വിശേഷങ്ങളുമാണ് അതില്‍ പങ്കുവെക്കപ്പെടുന്നത്. ഇതില്‍ പലതും ബോധപൂര്‍വമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയുമെല്ലാം ലേബലില്‍ ഇതിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ഗ്രൂപ്പുകള്‍ തന്നെയുണ്ട്.

മതകാര്യങ്ങളായി പുണ്യകരമെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന പലതിനും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമുണ്ടാകാറില്ല. ഏറെ വൈകാരികമായും മറ്റും അവതരിപ്പിക്കപ്പെടുന്ന ഇവ പലപ്പോഴും നല്ലതല്ലേ എന്ന ധാരണയില്‍ വ്യാപകമായി ലൈകും ഷയറും വാരിക്കൂട്ടുന്നു. ഏതായാലും സൂക്ഷിക്കുന്നതു നന്ന്; ആണായാലും പെണ്ണായാലും.