എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 ആഗസ്റ്റ് 13, 1442 മുഹർറം 14

നീതിയുടെ വെളിച്ചവും അനീതിയുടെ ഇരുട്ടും

-അബൂഫർഹാൻ, കോട്ടക്കൽ

‘നേർപഥം’ ലക്കം 289ൽ ‘ഭരണ സിരാകേന്ദ്രങ്ങളിൽ ഉന്നത കുറ്റവാളികളോ?’ എന്ന തലക്കെട്ടിൽ സുഫ്‌യാൻ അബ്ദുസ്സലാം എഴൂതിയ ലേഖനം ശ്രദ്ധേയമായി.

മദ്യലഹരിയിൽ അർധരാത്രി കാറോടിക്കുന്നതിനിടയിൽ ഒരു പത്രപ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിസ്ഥാനത്തുള്ള ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ നടപടി വൻ പ്രതിഷേധത്തെ തുടർന്ന് സർക്കാരിന് പിൻവലിക്കേണ്ടിവന്നതായി നാം കണ്ടു. നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള ‘കൂട്ടിപ്പിടിക്കലുകൾ’ പുതിയതൊന്നുമല്ല. രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥമേലാളന്മാരും തീരുമാനിക്കുന്നതാണല്ലോ നാട്ടിൽ നടപ്പാക്കപ്പെടുന്നത്. ഉന്നതരും ഉന്നതരുമായി ബന്ധമുള്ളവരും തെറ്റു ചെയ്താൽ അവർക്ക് നിയമസുരക്ഷ നൽകാനും അവർ കുറ്റക്കാരല്ല എന്നു സ്ഥാപിക്കാനും ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും ആളുകളുണ്ട്. രണ്ടുകൂട്ടരും ഒത്തുപിടിച്ചാൽ പിന്നെ വാദി പ്രതിയും പ്രതി വാദിയുമാകാൻ പ്രയാസമില്ലല്ലോ.

ശ്രീറാമും പെൺസുഹൃത്തും സഞ്ചരിച്ച വാഹനം കെ.എം.ബഷീറിനെ തട്ടിത്തെറിപ്പിക്കുകയും ബഷീർ തൽക്ഷണം മരണപ്പെടുകയും ചെയ്ത സംഭവത്തിന്റെ പേരിൽ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ സർക്കാർ അയാളെ ജില്ലാ കളക്ടറായി നിയോഗിച്ചുകൊണ്ട് ആദരിച്ചതിനെ എങ്ങനെ ന്യായീകരിക്കാനാവും? ഇദ്ദേഹം വാഹനമോടിക്കുമ്പോൾ മദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയാണ് അപകടത്തിന് കാരണമായതെന്നുമാണ് ഇയാൾക്കെതിരെ നിലനിൽക്കുന്ന കേസ്. കേസിൽ ശ്രീറാം പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന അഭിപ്രായം ശക്തമായിരിക്കെ അന്തിമവിധി വരാതെ ഒരു ജില്ലയുടെ നീതിന്യായ, ഭരണ കടിഞ്ഞാൺ അയാളെ ഏൽപിച്ചത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയും തെറ്റായ സന്ദേശവുമാണെന്നതിൽ സംശയമില്ല. സർക്കാർ അദ്ദേഹത്തെ കളക്ടർ സ്ഥാനത്തുനിന്നും മാറ്റി സിവിൽ സപ്ലൈസ് മേധാവിയാക്കി നിയമിച്ചിരിക്കുകയാണ്. സിവിൽ സപ്ലൈസ് മന്ത്രി ഇതിൽ തന്റെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

സ്വജനപക്ഷപാതം കാണിക്കുന്നവർ ചിന്തിക്കാൻ ഇസ്‌ലാമിക ചരിത്രത്തിൽനിന്ന് സ്വർണത്തിളക്കമുള്ള ഒരു സംഭവം ഉദ്ധരിക്കട്ടെ: ആഇശ(റ) പറയുന്നു: “ഒരു മഖ്‌സൂം ഗോത്രക്കാരിയുടെ മോഷണക്കേസ് ക്വുറൈശികൾക്ക് വിഷമ പ്രശ്‌നമായി. ‘അല്ലാഹുവിന്റെ ദൂതനോട് അവളുടെ പ്രശ്‌നം സംബന്ധിച്ച് ആരാണ് സംസാരിക്കുക?.’ അവർ തമ്മിൽ തമ്മിൽ അന്വേഷിച്ചു. ‘റസൂലിന്റെ ഇഷ്ടക്കാരനായ ഉസാമതുബ്‌നു സൈദിനല്ലാതെ മറ്റാർക്കാണ് അതിന് ധൈര്യം വരിക?’-- ഇതായിരുന്നു അവരുടെയെല്ലാം അഭിപ്രായം. അങ്ങനെ ഉസാമ(റ) നബി ﷺ യോട് സംസാരിച്ചു. അപ്പോൾ തിരുമേനി ﷺ  ചോദിച്ചു: ‘അല്ലാഹുവിന്റെ ശിക്ഷാവിധിയിൽ നീ ശുപാർശയുമായി വരികയോ?’ തുടർന്ന് അവിടുന്ന് ചെയ്ത ഒരു പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു: ‘ഉന്നതർ മോഷ്ടിച്ചാൽ വെറുതെ വിടുകയും ദുർബലർ മോഷ്ടിച്ചാൽ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പതിവ് നിങ്ങളുടെ മുൻഗാമികൾക്കിടയിൽ നിലനിന്നത് അവരുടെ നാശത്തിന് ഹേതുവായിട്ടുണ്ട്. അല്ലാഹുവിനെക്കൊണ്ട് സത്യം. മുഹമ്മദിന്റെ മകൾ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കിൽ ഞാൻ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും’’ (ബുഖാരി, മുസ്‌ലിം).

മാതാപിതാക്കളോടും ഇണകളോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടും അയൽക്കാരോടും എന്നുവേണ്ട എല്ലാവരോടും നീതിപാലിക്കാൻ ഇസ്‌ലാം അനുശാസിക്കുന്നു. വ്യക്തികളെ നോക്കി നിലപാടെടുക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. “...എന്നാൽ നീ തീർപ്പുകൽപിക്കുകയാണെങ്കിൽ അവർക്കിടയിൽ നീതിപൂർവം തീർപ്പുകൽപിക്കുക. നീതി പാലിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു’’(ക്വുർആൻ 5:42).