എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 ഒക്ടോബർ 29, 1444 റബീഉൽ ആഖിർ 03

കുട്ടികളിലെ പഠന വൈകല്യം എങ്ങനെ പരിഹരിക്കാം?

-യാസിർ സ്വലാഹി, കരിഞ്ചാപ്പാടി

‘നേർപഥം’ ലക്കം 300ൽ വന്ന അശ്‌റഫ് എകരൂലിന്റെ ‘കുട്ടികളുടെ മാനസിക വളർച്ച’ എന്ന ലേഖനം ഓരോ രക്ഷിതാവും വായിക്കേണ്ടതാണ്. അവരുടെ മാനസിക വളർച്ച എത്രകണ്ട് നല്ലനിലയിലാകുന്നുവോ അത്രകണ്ട് പഠനമേഖലയിൽ മുന്നേറുവാൻ അവർക്ക് സാധ്യമാകും.

അധ്യാപകരെയും രക്ഷിതാക്കളെയും വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്ന കാര്യമാണ് കുട്ടികളുടെ പഠനത്തിലുള്ള താൽപര്യക്കുറവ്. ഇതിന് ഒരു പരിഹാരം അനിവാര്യമാണ്. കോവിഡിന് ശേഷം കുട്ടികളിൽ നല്ലൊരു വിഭാഗം മൊബൈൽ ഫോണിനടിമപ്പെട്ടിരിക്കുന്നു. ഇത് മറച്ചുവച്ചിട്ട് യാതൊരു കാര്യവുമില്ല. രോഗമറിഞ്ഞ് ചികിത്സിക്കുന്നതാണ് ഫലപ്രദം. ഗെയിമുകളും യു ട്യൂബ് ചാനലുകളും ഇല്ലാത്ത ലോകം അവർക്ക് ചിന്തിക്കാൻ പറ്റാത്തതായിരിക്കുന്നു. പഠനത്തെക്കാൾ അവരുടെ ചിന്തയിൽ നിറഞ്ഞുനിൽക്കുന്നത് ഇത്തരം കാര്യങ്ങളാണ്.

കുട്ടികൾക്ക് നല്ല മതബോധം നൽകുക, അവരുടെ അഭിരുചി തിരിച്ചറിഞ്ഞ് അതിലൂടെ നയിക്കുക, വീട്ടിൽ പഠനാന്തരീക്ഷമുണ്ടാക്കി കുട്ടികളെ വിജ്ഞാനത്തിന്റെ വഴിയിലെത്തിക്കുക എന്നീ കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണം.

ഈ മൂന്ന് കാര്യങ്ങൾ എളുപ്പം സാധ്യമാകുന്നതല്ല. നിരന്തര പ്രയത്‌നം അനിവാര്യമാണ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമാണ് വേണ്ടത്.

ഓരോ കുട്ടിയും താൻ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് ശഠിക്കുന്നവരാണ്. അതിനെതിരെ ആര് വാളോങ്ങിയാലും അവർക്കത് സഹിക്കില്ല. അതുകൊണ്ട് വളരെ ശ്രദ്ധയോടെ വേണം അവരെ സമീപിക്കാൻ. അനുനയ രൂപത്തിലുള്ള സമീപനമാണ് അഭികാമ്യം. അല്ലാത്തപക്ഷം അവരിൽ വാശി വളരും.

മതബോധം എല്ലാവരെയും നന്മയിലേക്കാണ് നയിക്കുന്നത്. കുട്ടികളെ മതബോധത്തോടെ വളർത്തിയാൽ അവർ വിജയം വരിക്കും. ഇന്ന് പലരും തോന്നിവാസം ചെയ്യാൻ മതമുപേക്ഷിക്കുകയാണ്. ആധുനിക മീഡിയകൾ അതിന് വെള്ളവും വളവും നൽകിക്കൊണ്ടിരിക്കുന്നു. മതബോധമുള്ള വ്യക്തിയെ തിന്മയിൽനിന്നകറ്റുന്ന പ്രധാന ഘടകമാണ് അഞ്ച് നേരത്തെ നമസ്‌കാരം. വിശുദ്ധ ക്വുർആൻ അത് പ്രത്യേകം ഉണർത്തിയിട്ടുണ്ട്. അതിനാൽ അതിന്റെ പ്രാധാന്യം മക്കളെ ബോധ്യപ്പെടുത്തുകയും അത് ശീലിപ്പിക്കുകയും വേണം.

എല്ലാ കുട്ടികളും ഒരുപോലെ പഠിക്കാൻ താൽപര്യമുള്ളവരല്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കളുടെ ഇഷ്ടം കുട്ടികളിൽ അടിച്ചേൽപിക്കരുത്. അത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. കുട്ടികളുടെ അഭിരുചി കണ്ടെത്തി അതിലേക്കവരെ നയിക്കാനാണ് രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കേണ്ടത്.

കുട്ടികളുടെ മാനസികോല്ലാസം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന്റെ കുറവ് പഠനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കായിക വിനോദവും അതുപോലെ അനിവാര്യമാണ്. അത് മനസ്സിനും ശരീരത്തിനും ഉണർവും ഉൻമേഷവും നൽകും.

അവരോടൊപ്പമിരുന്ന് ആശയവിനിമയം നടത്താൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം. വിദ്യാലയത്തെ കുറിച്ചും കൂട്ടുകാരെ കുറിച്ചും അധ്യാപകരെ കുറിച്ചുമെല്ലാം സംസാരിക്കണം. പഠന കാര്യത്തിൽ സഹായിക്കണം. അതിനു കഴിയില്ലെങ്കിൽ പഠിക്കുന്ന സമയത്ത് അവരുടെ അടുത്ത് ഇരിക്കുകയെങ്കിലും ചെയ്യണം. അത് അവർക്ക് വലിയ പ്രോത്സാഹനമാകും. കുട്ടികളിൽ തെറ്റ് കണ്ടാൽ ശാസിക്കുന്നത് പോലെ ശരി കണ്ടാൽ അഭിനന്ദിക്കാനും തയ്യാറാകണം. പ്രോത്സാഹനവും സമ്മാനം നൽകലുമൊക്കെ അവരിൽ പോസിറ്റീവായ ചിന്താഗതി വളർത്തും.