എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 ഡിസംബർ 31, 1444 ജുമാദുൽ ഉഖ്റാ 06

മലയാളിയുടെ ആസക്തി

-അബ്ദുൽ ജലീൽ, നാദാപുരം

നേർപഥം ലക്കം 308ലെ കവർ സ്‌റ്റോറി ‘വളരുന്ന ആസക്തി; തളരുന്ന മനശ്ശക്തി’ കാലിക പ്രസക്തവും ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമായിരുന്നു.

വഴിവിട്ട ആസക്തികൾക്കുള്ള പരിഹാരം എന്താണെന്ന് കൃത്യമായി ലേഖനം വിശദീകരിക്കുന്നുണ്ട്. ഇഹലോക ജീവിതം ശാശ്വതമല്ല എന്ന തിരിച്ചറിവും തന്നെ സൃഷ്ടിച്ച രക്ഷിതാവിനെക്കുറിച്ചുള്ള ഭയവും മരണാനന്തര ജീവിതത്തിലുള്ള വിശ്വാസവുമാണ് ആസക്തികളിൽനിന്ന് അകന്നുനിൽക്കാനുള്ള യഥാർഥ വഴി. ഇഹലോകത്തിന്റെ നൈമിഷികതയെക്കുറിച്ച് ബോധമുള്ള ഒരു മനുഷ്യൻ ആസക്തികൾക്കു പിന്നാലെ പാഞ്ഞ് താന്തോന്നിയായി ജീവിക്കാൻ തരമില്ല. സകലവിധ അധർമത്തിന്റെയും ആൾരൂപങ്ങളായിരുന്ന ഒരു ജനതതിയെ നിഷ്‌കളങ്കരും സദാചാരനിഷ്ഠരുമാക്കിത്തീർക്കുവാൻ നബി ﷺ ക്ക് സാധിച്ചതിന്റെ പിന്നിൽ അവരിൽ ഭൗതിക ജീവിതത്തോടുള്ള അമിതകാമന ഇല്ലായ്മ ചെയ്യുവാനും പരലോക വിജയത്തിനായുള്ള അഭിനിവേശം സന്നിവേശിപ്പിക്കുവാനും കഴിഞ്ഞു എന്നുള്ളതാണ്.

മരണമെന്ന യാഥാർഥ്യം മറന്നുകൊണ്ട് ഇവിടെ ശാശ്വതനെന്നമട്ടിൽ ജീവിക്കരുത്. നമ്മൾ വെറും വഴിയാത്രക്കാരാണ്. ഇന്നല്ലെങ്കിൽ നാളെ മടങ്ങേണ്ടിവരും. നമുക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നിർബന്ധമായ മടക്കം. നമുക്ക് ഇഷ്ടമുള്ള സമയവും ദിവസവും നോക്കാതെയുള്ള മടക്കം. കാരണം, ആ മടക്കദിവസവും സമയവും തീരുമാനിക്കുന്നത് നമ്മളല്ല; സ്രഷ്ടാവാണ്. ദൈവവിശ്വാസികളും ദൈവനിഷേധികളുമൊക്കെ അവനവന് നിശ്ചയിക്കപ്പെട്ട സമയം വരുമ്പോൾ മടങ്ങിപ്പോയേ തീരൂ. അതിനു മുമ്പായി ജീവിതം നന്നാക്കിയവർക്ക് സമാധാനത്തോടെ മടങ്ങാം.