എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 ഫെബ്രുവരി 19, 1442 റജബ്  18

വിദ്യാഭ്യാസ വിപണിയില്‍ തോല്‍ക്കുന്നവരും ജയിക്കുന്നവരും

-ത്വാഹിര്‍ കോഴിക്കോട്

പത്താംതരം വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ലീവിങ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ eligible for higher studies എന്ന് എഴുതിയ ഒരു വരി അതില്‍ കാണുമല്ലോ. ഈ വിദ്യാര്‍ഥികള്‍ക്കെല്ലാം ഉന്നത പഠന സാധ്യത ഉറപ്പുവരുത്തുക കൂടി അധികൃതരുടെ ഉത്തരവാദിത്തമല്ലേ? ഒരു വിദ്യാര്‍ഥിക്ക് തുടര്‍ന്നുള്ള പഠനത്തിന് യോഗ്യനാണ് എന്ന് രേഖ നല്‍കുമ്പോള്‍ അവന്റെ ബൗദ്ധികനിലവാരത്തിന് അനുയോജ്യമായ തുടര്‍പഠനത്തിനുള്ള സാഹചര്യം ഒരുക്കുക എന്നത് അനിവാര്യമാണ്.

ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി ജയിച്ചവര്‍ക്ക് അവരുദ്ദേശിക്കുന്ന സ്ഥാപനത്തില്‍ അവരുദ്ദേശിക്കുന്ന കോഴ്‌സിനു പ്രവേശനം നല്‍കുന്ന അവസ്ഥയുണ്ടാകണം. അതോടൊപ്പം, വിജയിച്ചിട്ടും മാര്‍ക്കില്‍ ചെറിയ കുറവുണ്ടെന്നതിന്റെ പേരില്‍ ഇഷ്ടമേഖലയില്‍ തുടര്‍പഠനത്തിനുള്ള അവസരം പരിപൂര്‍ണമായി നിഷേധിക്കപ്പെടുകയും ചെയ്തുകൂടാ.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാതെ വരുമ്പോള്‍ സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. അവിടങ്ങളിലെ ഭാരിച്ച ഫീസ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒടുവില്‍ ലോണിനായി ബാങ്കിനെ ആശ്രയിക്കേണ്ടിവരുന്നു.

ഡിഗ്രി, പ്രൊഫഷണല്‍ തലങ്ങളിലെ പഠന കാലത്താണ് നിര്‍ധനരായ അധികവിദ്യാര്‍ഥികളും ബാങ്കിനെ സമീപിക്കുന്നത്. പഠിക്കാനുള്ള അതിയായ ആഗ്രഹവും ലക്ഷ്യബോധവുമൊക്കെയാണ് ഇത്തരക്കാരെ ഭീമമായ ബാങ്ക് ലോണ്‍ ഇടപാടുകളിലേക്ക് തള്ളുന്നത്. ബാങ്ക് ലോണ്‍ അല്ലാതെ മറ്റൊരു മാര്‍ഗം മുന്‍പില്‍ തുറക്കപ്പെടാതിരുന്നാല്‍ അതോടെ പഠനമെന്ന ഉദാത്ത ലക്ഷ്യത്തില്‍നിന്നു പിന്തിരിയുമെന്ന തീരുമാനത്തിലായിരുന്നു പ്രൊഫഷണല്‍ കോഴ്‌സിനു സ്വാശ്രയ കോളേജില്‍ ചേരുന്നതിനു മുമ്പ് ഞാന്‍ എന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ‘പണമുള്ളവന്‍ പഠിക്കട്ടെ, അല്ലാത്തവര്‍ പഠനം അവസാനിപ്പിക്കട്ടെ' എന്ന് പറയാതെ പറയുന്നുണ്ട് നമ്മുടെ നാട്.

മറ്റു രാജ്യങ്ങളില്‍, വിശിഷ്യാ ഗള്‍ഫ് രാജ്യങ്ങളില്‍ കിട്ടുന്ന ജോലി എന്താണോ അതില്‍ ഏര്‍പ്പെടുന്നവരില്‍ നല്ലൊരു ശതമാനവും ബിരുദധാരികളായ മലയാളികളുണ്ടെന്നത് അര്‍ഹതപ്പെട്ടവര്‍ക്ക് അനുയോജ്യമായ തൊഴില്‍ സ്വന്തം നാട് നല്‍കുന്നില്ല എന്നതിന്റെ തെളിവാണ്.

ഉന്നത പഠനത്തിനുള്ള സര്‍ക്കാര്‍ സീറ്റുകള്‍ ലഭിക്കുന്നവരില്‍ ചിലര്‍ അതിന്റെ മൂല്യം അറിയാതെ ദുരുപയോഗം ചെയ്യുന്നതും കാഴ്ചയാണ്. 2 മുതല്‍ 5.5 വര്‍ഷം വരെ പഠിച്ചു പൂര്‍ത്തിയാക്കേണ്ട കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുന്നവരുണ്ട്. മറ്റൊരുപാട് പേരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ അതിനു ഫൈന്‍ വാങ്ങുകയോ ശിക്ഷ നല്‍കുകയോ ചെയ്യുന്ന രീതിയും നിലവിലില്ല.

സ്വാശ്രയ കോളേജുകള്‍ തികച്ചും കച്ചവട സ്ഥാപനങ്ങളായി അധഃപതിച്ചിരിക്കുന്നു. അത് നടത്തുന്നത് ഏത് സമുദായമായാലും ശരി, ഏത് സംഘടനയായാലും ശരി. ഏറ്റവും കൂടുതല്‍ ഡൊണേഷന്‍ നല്‍കാന്‍ തയ്യാറുള്ള രക്ഷിതാവിന്റെ കുട്ടിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ സീറ്റ് ബുക്ക് ചെയ്തു വെക്കുന്നു. രക്ഷിതാവിന്റെ പ്രൊഫഷന്റെ സ്ട്രാറ്റജിയും ഉന്നതങ്ങളിലെ പിടിപാടും വരെ നോക്കി സീറ്റ് നല്‍കുന്ന അവസ്ഥയാണുള്ളത്.

ഒരു മാറ്റം അനിവാര്യമാണ്. കാശില്ലാത്തതിനാല്‍,  ഉന്നതപഠനം ആഗ്രഹിക്കുന്ന ബുദ്ധിമാനായ ഒരു കുട്ടിയുടെയും പഠനം മുടങ്ങിക്കൂടാ. ലോണിന്റെ വലയില്‍ അകപ്പെടാതെ അവന്-അവള്‍ക്ക്- പഠിക്കാന്‍ കഴിയണം.