എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2022 മാർച്ച് 26, 1442 ശഅബാൻ 23

അടിസ്ഥാന ബാധ്യതകളെ അവഗണിക്കരുത്

-വി.വി. ബഷീര്‍, വടകര

ലോകം ഇന്ന് വിരല്‍ത്തുമ്പിലാണെന്നത് മനുഷ്യരെ സംബന്ധിച്ച് വലിയൊരു അനുഗ്രഹമാണ്. ആധുനിക ടെക്‌നോളജി എല്ലാം എളുപ്പമാക്കിത്തരുന്നു. എന്നിരുന്നാലും 24 മണിക്കൂര്‍ മനുഷ്യന് മതിയാകുന്നില്ല എന്നതാണ് അവസ്ഥ! അതാണ് എളുപ്പംകൊണ്ട് നാം നേടിയെടുത്തത്! വിശ്വാസികള്‍ക്ക് ഇതിലെല്ലാം നന്മകള്‍ വാരിക്കൂട്ടാന്‍ അവസരങ്ങള്‍ നിരവധിയുണ്ട്. എന്നാലും കാലത്തിന്റെ കുത്തൊഴുക്കില്‍ നാമും പെട്ട് പോകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അല്ലാഹു പറഞ്ഞു: ‘‘നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍'' (3:104).

ഒരു ബാധ്യതയെക്കുറിച്ചാണ് റബ്ബ് പറഞ്ഞുതരുന്നത്. സ്വര്‍ഗ പ്രവേശനത്തിന് അര്‍ഹരാക്കുന്ന ബാധ്യത! നന്മയിലേക്ക് ക്ഷണിക്കാന്‍ പര്യാപ്തമായ സാധ്യതകള്‍ ഉണ്ടായിട്ടും അത് നിര്‍വഹിക്കാന്‍ കഴിയുന്നില്ല എങ്കില്‍ അവരാണ് നഷ്ടക്കാരെന്ന് അല്ലാഹു പറയുന്നു. എല്ലാവര്‍ക്കും പ്രാസംഗികരാവാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എഴുത്തുകാരനാവാനും കഴിയണമെന്നില്ല. എന്നാല്‍ അറിവുള്ള കാര്യം പറഞ്ഞുകൊടുക്കുവാന്‍ ഏതൊരാള്‍ക്കും കഴിയും; കഴിയണം. അതിന് മഹാപണ്ഡിതനാകണം എന്നില്ല.

മലീമസമാകുന്ന സാമൂഹിക അന്തരീക്ഷത്തില്‍ വിശ്വാസത്തിന്റെ പൊന്‍കിരണങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന ചില ഹൃദയങ്ങളുണ്ട്. അവര്‍ സമാധാനത്തിന്റെ തിരുവചനങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്നവരാണ്. അവരിലേക്ക് തൗഹീദിന്റെ വെളിച്ചവുമായി നാം കടന്നുചെല്ലേണ്ടതുണ്ട്. നമസ്‌കാരവും നോമ്പും സകാത്തും ഹജ്ജും മാത്രമല്ല ആരാധന. നബി ﷺ പറഞ്ഞു: ‘‘നിങ്ങളിലാരെങ്കിലും വല്ല തിന്മയും കണ്ടാല്‍ അവന്‍ തന്റെ കൈകൊണ്ട് അതിനെ തടുക്കട്ടെ. സാധിച്ചില്ലെങ്കില്‍ തന്റെ നാവുകൊണ്ട്. അതിനും സാധിച്ചില്ലെങ്കില്‍ തന്റെ ഹൃദയംകൊണ്ടെങ്കിലും. അത് ഈമാനിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയാണ്’’ (മുസ്‌ലിം).

ഇതില്‍ തിന്മക്കെതിരെ ശബ്ദിക്കേണ്ടതിന്റെ ആവശ്യകതയാണ് നാം കാണുന്നത്. മുന്‍ഗാമികള്‍ പ്രബോധനമാര്‍ഗത്തില്‍ കാതങ്ങള്‍ പിന്നിട്ട് യാത്ര ചെയ്തിരുന്നു. നമുക്കിന്ന് യാത്ര ചെയ്യാതെ തന്നെ അത് നിര്‍വഹിക്കാനുള്ള സംവിധാനങ്ങള്‍ എമ്പാടുമുണ്ട്. എന്നിട്ടും നമുക്കതിന് കഴിയുന്നില്ല. അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങള്‍ എന്തിനാണ് ഉപദേശിക്കുന്നത് എന്ന് അവരില്‍പെട്ട ഒരു വിഭാഗം പറഞ്ഞ സന്ദര്‍ഭത്തില്‍, ‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ ഞങ്ങള്‍ അപരാധത്തില്‍നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്’ എന്ന് മറുപടി പറയുന്ന രംഗം ക്വുര്‍ആനിലുണ്ട്.

പരിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ‘‘(നബിയേ) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്ക് ചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ’’ (12:108). പ്രബോധനം ചിലരുടെ മാത്രം ബാധ്യതയല്ല എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.

തന്റെ ദൗത്യം വ്യഥാവിലല്ല എന്ന ബോധ്യം വേണം. നന്മയിലേക്കുള്ള ക്ഷണം ആളുകള്‍ സ്വീകരിച്ചോ ഇല്ലയോ എന്നതല്ല വിഷയം. അത് അവരുടെ ഇഷ്ടം. എത്തിക്കല്‍ നമ്മുടെ ബാധ്യതയും. ‘‘അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല’’ (ക്വുര്‍ആന്‍ 88:21,22).