വിശുദ്ധ ക്വുര്‍ആന്‍ നമ്മെ സ്വാധീനിക്കുന്നുണ്ടോ?

ബുസൈന മഖ്‌റാനി

2020 മെയ് 30 1441 ശവ്വാല്‍ 06

(വിവ: അര്‍ശദ് കാരക്കാട്)

വിശുദ്ധ ക്വുര്‍ആനിനും അതിന്റെ മഹത്ത്വത്തിനും കീഴൊതുങ്ങുന്ന, പാരായണം ചെയ്യുമ്പോള്‍ കണ്ണില്‍നിന്ന് കണ്ണുനീര്‍ പൊഴിക്കുന്ന ഭക്തിസാന്ദ്രമായ, വിനീതമായ മനസ്സുകള്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ നമ്മില്‍ അധികമാളുകളും വര്‍ഷത്തിലൊരിക്കല്‍, റമദാന്‍ മാസത്തിലല്ലാതെ വിശുദ്ധ ക്വുര്‍ആനെ സമീപിക്കുന്നില്ല. അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുന്ന സമയത്ത് ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാത്ത നിര്‍ജീവമായ മനസ്സുകളെയാണ് നാം കാണുന്നത്.

അല്ലാഹുവിന്റെ അത്ഭുതകഴിവുകളില്‍ പെട്ടതാകുന്നു അവന്റെ വചനമെന്നത്. അത് നമ്മുടെ ഹൃദയങ്ങള്‍ക്ക് കൈമാറിയിരിക്കുന്നു. ആ വചനങ്ങള്‍ കേട്ടുകഴിയുമ്പോള്‍ മനസ്സുകളെ സ്വാധീനിക്കുകയും കീഴ്‌പെടുത്തുകയും ചെയ്യുന്ന എന്തൊന്നില്ലാത്ത സ്വസ്ഥതയും ശാന്തതയും നാം അനുഭവിക്കുന്നു, നമുക്ക് ചുറ്റുമുള്ളതെല്ലാം സ്തബ്ധമാകുന്നു. നമ്മെ ഇല്ലാതാക്കുന്ന മോശമായ വിചാരങ്ങള്‍ വിട്ടുപോകുന്നു. തീര്‍ച്ചയായും, അസാധാരണ സ്വാധീനശക്തി വിശുദ്ധ ക്വുര്‍ആനിനുണ്ട്!

വിശുദ്ധ ക്വുര്‍ആന്‍ പ്രയാസമനുഭവിക്കുന്ന മനസ്സുകള്‍ക്ക് സമാധാനം നല്‍കുന്നു, ദുഃഖമനുഭവിക്കുന്നവരുടെ ദുഃഖങ്ങള്‍ നീക്കുന്നു. മനശ്ശാന്തി പ്രദാനം ചെയ്യുന്നു. പതിയെ പതിയെ മനസ്സിന്‌സ്വസ്ഥതയും സമാധാനവും പകരുന്നു. അവിശ്വാസികള്‍ക്കുവരെ അതുകൊണ്ട് മനസ്സമാധാനം ലഭിക്കുന്നുവെങ്കില്‍ വിശ്വാസികളുടെ കാര്യം പറയേണ്ടതില്ലല്ലോ. അവിശ്വാസികളായിരുന്ന ധാരാളം പേര്‍ ഇസ്‌ലാമിലേക്ക് വന്നതിന്റെ കാരണം വിശുദ്ധ ക്വുര്‍ആന്‍ തന്നെയാണ്. അറബി ഭാഷയറിയാത്തവരെ പോലും അതിന്റെ പാരായണം കേള്‍ക്കുമ്പോള്‍ വല്ലാതെ സ്വാധീനിച്ചിരുന്നു.

പാരായണം നടത്തുകയോ കേള്‍ക്കുകയോ ചെയ്യുമ്പോഴേക്ക് നമ്മ സ്വാധീനിച്ച് കണ്ണില്‍നിന്ന് കണ്ണുനീര്‍ വീഴ്ത്താന്‍ കഴിയുന്നത് വിശുദ്ധ ക്വുര്‍ആനിന്റെ സവിശേഷതയാണ്. അല്ലാഹു പറയുന്നു:

''ഈ ക്വുര്‍ആനിനെ നാം ഒരു പര്‍വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി''(ക്വുര്‍ആന്‍ 59:21).

ഇതാണ് നിര്‍ജീവമായ വസ്തുക്കളുടെ അവസ്ഥയെങ്കില്‍, നിര്‍ജീവമായ ഏതെങ്കിലുമൊരു വസ്തുവല്ല, കൊടുങ്കാറ്റില്‍ ഇളകാത്ത പര്‍വതങ്ങളാണ് പേടിച്ച് വിറകൊള്ളുമെന്ന് പറയുന്നത്. അപ്പോള്‍ പിന്നെ മനുഷ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ!

സ്വഹീഹ് ബുഖാരിയില്‍ ഇപ്രകാരം കാണാവുന്നതാണ്: ''അബൂബക്കര്‍(റ) തന്റെ വീടിന്റെ മുറ്റത്ത് ഒരു മസ്ജിദ് നിര്‍മിക്കുകയും ജനങ്ങളില്‍നിന്ന് അകന്ന് അവിടെ നമസ്‌കരിക്കുകയും ക്വുര്‍ആന്‍ പാരായണം നടത്തുകയും ചെയ്യുമായിരുന്നു. ആ സമയം മുശ്‌രിക്കുകളായ സ്ത്രീകളും അവരുടെ കുട്ടികളും അവിടെ തടിച്ചുകൂടി അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കുമായിരുന്നു. അബൂബക്കര്‍(റ) ക്വുര്‍ആന്‍ പാരായണം ചെയ്താല്‍ കരയുമായിരുന്നു. പാരായണം ചെയ്യുമ്പോള്‍ തന്റെ കണ്ണില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ അദ്ദേഹത്തിന് അടക്കിനിര്‍ത്താനാകുമായിരുന്നില്ല. സത്യനിഷേധികളായ നേതാക്കന്മാരെ ഇത് ഭയപ്പെടുത്തിയിരുന്നു.''

ക്വുര്‍ആനിന്റെ സ്വാധീനം എത്രത്തോളമുണ്ട് എന്നത് ഈ ഹദീഥില്‍ നിന്ന് വ്യക്തമാണ്. സത്യനിഷേധികളായവര്‍ അത്തരം ആളുകള്‍ക്കിടിയില്‍ നിന്ന് അകന്നുനില്‍ക്കുകയും വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് കേട്ടാല്‍ ഓടിയകലുകയും ചെയ്യുന്നില്ലായിരുന്നെങ്കില്‍, അവരെല്ലാം വിശുദ്ധ ക്വുര്‍ആനിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരാകുമായിരുന്നു.

ഈയൊരു പ്രതിഭാസം മനുഷ്യമനസ്സുകളെ വിറകൊള്ളിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അസ്ഥികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആ അസാധാരണമായ വിറ നമ്മുടെ അവയവങ്ങളെയോ മനസ്സിനെയോ മാത്രമല്ല സ്വാധീനിക്കുന്നത്. മറിച്ച്, അതിനെല്ലാം അപ്പുറമാണ് അതിന്റെ സ്വാധീനം. അത് നമ്മെ ഭൂമിയില്‍ വിനയാന്വിതരാക്കുകയും ചെയ്യുന്നു.

അല്ലാഹു പറയുന്നു: ''(നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ക്വുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (ദിവ്യ) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചു കേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ചുകൊണ്ട് മുഖം കുത്തി വീഴുന്നതാണ്'' (ക്വുര്‍ആന്‍ 17:107).

ജുബൈര്‍ ബിന്‍ മുത്ഇം പറയുന്നു: ''നബി ﷺ  മഗ്‌രിബ് നമസ്‌കാരത്തില്‍ ക്വുര്‍ആനിലെ 'ത്വൂര്‍' എന്ന അധ്യായം ഓതുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. 'അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?' എന്ന വചനങ്ങളില്‍ എത്തിയപ്പോള്‍ എന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് തോന്നി.''

അല്ലാഹുവിന്റെ പ്രവാചകന്റെ മേല്‍ അവതീര്‍ണമായ വിശുദ്ധ ക്വുര്‍ആന്‍ അന്ന് മുശ്‌രിക്കായിരുന്ന ജുബൈര്‍ ബിന്‍ മുത്ഇമിന് പോലും പ്രത്യേകമായ ഒരു അനുഭൂതി മനസ്സിലുണ്ടാക്കി. തന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്തു. ഇത് ക്വുര്‍ആനിന്റെ ദൈവികതയുടെ അടയാളമാണ്.

അല്ലാഹു പറയുന്നു: ''അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല'' (ക്വുര്‍ആന്‍ 39:23).

''റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ'' (ക്വുര്‍ആന്‍ 5:83).

ഇതാണ് വിശുദ്ധ ക്വുര്‍ആനിനെ ഇതര ഗ്രന്ഥങ്ങളില്‍ നിന്നും രചനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. അല്ലാഹുവിന്റെ ദിവ്യവചനങ്ങള്‍ നമ്മെ വിറകൊള്ളിക്കുകയും ഹൃദയങ്ങളെ ചകിതമാക്കുകയും കരയിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ദിവ്യവചനങ്ങളെ ഉപേക്ഷിക്കുകയെന്നത് നമുക്ക് യോജിച്ചതാണോ? പ്രത്യേകിച്ച്, ക്വുര്‍ആന്‍ കാരുണ്യവും ശമനവുമാണെന്ന് നാം മനസ്സിലാക്കിയിരിക്കെ!

ചിലര്‍ തങ്ങളുടെ ദിനേനയുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും അല്ലാഹുവിന്റെ വചനങ്ങള്‍ മനഃപാഠമാക്കുന്നതില്‍ മുന്നേറുകയും അത് പാരായണം ചെയ്ത് പൂര്‍ത്തീകരിക്കുകയും അവന്റെ സൂക്തങ്ങളിലെ മുന്നറിയിപ്പുകളെ ഭയപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെതിരായി, അല്ലാഹുവിന്റെ വചനം ഒരു നിലയ്ക്കും സ്വാധീനിക്കാത്ത, നോവലുകളും ചിന്താപരമായ മറ്റു പുസ്തകങ്ങളും മാത്രം സ്വാധീനം ചെലുത്തുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഒറ്റ രാത്രികൊണ്ട് വായിച്ചുതീര്‍ത്ത പുസ്തകങ്ങളുടെ കണക്കുകളില്‍ അവര്‍ അഭിമാനം കൊള്ളുകയും അല്ലാഹുവിന്റെ വചനത്തെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അവസാനമായി അവര്‍ വിശുദ്ധ ക്വുര്‍ആന്‍ തുറന്ന് നോക്കിയത് ഒന്നോ രണ്ടോ മാസം മുമ്പായിരിക്കും. അതുമല്ലെങ്കില്‍ മാസങ്ങളായിക്കാണും. ലേഖനങ്ങള്‍ മറിച്ചുനോക്കിയും സാമൂഹ്യ മാധ്യമങ്ങളില്‍ സമയം ചെലവഴിച്ചും പുസ്തകങ്ങള്‍ വായിച്ചാസ്വദിച്ചും അവര്‍ രാത്രിയില്‍ കഴിഞ്ഞുകൂടുന്നു. ഒരു നിമിഷമെങ്കിലും വിശുദ്ധ ക്വുര്‍ആന്‍ വായിച്ച് ചിന്തിക്കുന്നതിന് അവരുടെ ഹൃദയങ്ങള്‍ തുടിക്കുന്നില്ല. ഇത്തരക്കാരെ കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?). എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ'' (39:22).

രാത്രിയില്‍ അല്ലാഹുവിന് വിധേയപ്പെട്ട് ദിവ്യസൂക്തങ്ങള്‍ പാരായാണം ചെയ്യുന്ന ചിലയാളുകളെ കുറിച്ച് നാം കേള്‍ക്കുന്നു. അതുപോലെ, സാഹിത്യ പുസ്തകങ്ങള്‍ക്കും നവസാമൂഹ്യ മാധ്യമങ്ങള്‍ക്കും വിധേയപ്പെട്ട് രാത്രിയെ തള്ളിനീക്കുന്ന ആളുകളെ കുറിച്ചും നമ്മള്‍ കേള്‍ക്കുന്നു. എന്നാല്‍, ഇത് നമ്മെ ഒരുപാട് സങ്കടപ്പെടുത്തുന്നു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ക്വുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്യുന്നതിന്റെ മഹത്ത്വം നാം അറിഞ്ഞിരുന്നുവെങ്കില്‍!

ഉസൈദ് ബിന്‍ ഹുദൈര്‍(റ) പറയുന്നു: ''ഞാന്‍ രാത്രിയില്‍ സൂറത്തുല്‍ബക്വറ പാരായണം ചെയ്യുകയായിരുന്നു. അപ്പോള്‍ തല ഞാന്‍ ആകാശത്തേക്ക് ഉയര്‍ത്തി. മേഘങ്ങള്‍ക്കിടയില്‍ വിളക്കില്‍നിന്നെന്ന പോലെ വെളിച്ചം! ഞാന്‍ പുറത്തേക്കിറങ്ങി. അപ്പോള്‍ അത് കാണുന്നില്ല. അല്ലാഹുവിന്റെ റസൂൽ ﷺ  ചോദിച്ചു: 'അതെന്താണെന്ന് താങ്കള്‍ക്കറിയാമോ?' ഞാന്‍ പറഞ്ഞു: 'ഇല്ല.' പ്രവാചകൻ ﷺ  പറഞ്ഞു: 'അത്, മലക്കുകള്‍ നിന്റെ ശബ്ദത്തിലേക്ക് (ക്വുര്‍ആന്‍ പാരായണത്തിലേക്ക്) വന്നെത്തിയതാണ്. താങ്കള്‍ പാരായണം തുടര്‍ന്നിരുന്നുവെങ്കില്‍ അത് മാഞ്ഞുപോകുമായിരുന്നില്ല. ജനങ്ങള്‍ അത് നോക്കി നില്‍ക്കുമായിരുന്നു.''

ഒരിക്കല്‍ പ്രവാചക സദസ്സില്‍ ശുറൈഹ് ഹദറമി(റ) സ്മരിക്കപ്പെട്ടു. ഇമാം നസാഈ റിപ്പോര്‍ട്ട് ചെയ്യുന്നു: ''അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: 'ആ മനുഷ്യന്‍ ക്വുര്‍ആന്‍ തലയണയാക്കിയിരുന്നില്ല' (പാരായാണം ചെയ്യുമ്പോള്‍ ഉറങ്ങുമായിരുന്നില്ല).

എന്റെ പ്രിയ വായനക്കാരേ, നോവലുകളും വ്യത്യസ്തമായ മറ്റു പല പുസ്തകങ്ങളും വായിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കി, അവയുടെ ആസ്വാദനത്തില്‍ മുഴുകുന്ന വിഭാഗമായി നിങ്ങള്‍ തീരരുത്. ഈ വായന ഉറക്കത്തില്‍ നിന്ന് അവരെ തടഞ്ഞ് നിര്‍ത്തുന്നുവെങ്കില്‍, ക്വുര്‍ആന്‍ പാരായാണം അവരെ ഉറക്കത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഉറങ്ങാന്‍ സമയമുണ്ടായിട്ടും അവര്‍ വിശുദ്ധ ക്വുര്‍ആനിന് മുന്നില്‍ ഉറങ്ങുന്നു. അല്ലാഹു പറയുന്നു:

''എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്'' (ക്വുര്‍ആന്‍ 20:124).

 അല്ലാഹുവിന് നമ്മളെയോ, നമ്മള്‍ ഇബാദത്ത് ചെയ്യേണ്ടതിന്റെയോ ആവശ്യമില്ല. മറിച്ച് നമുക്കാണ് ആവശ്യമായി വരുന്നത്. അല്ലാഹുവിലേക്ക് അടുക്കുന്നതിന് അനുസരണയോടെ ആരാധനകള്‍ ചെയ്ത് നാം മുന്നേറേണ്ടതുണ്ട്. നമ്മെ അവിവേകികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താതെ, അനുസരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ അവന്റെ അനുഗ്രഹത്തിന് നാം നന്ദി കാണിക്കേണ്ടതുമുണ്ട്. അവനോട് സഹായം ചോദിക്കുകയും അവന്‍ നല്‍കിയ അുഗ്രഹങ്ങള്‍ക്കെല്ലാം നന്ദി കാണിക്കുകയും ചെയ്യുക.

അല്ലാഹു പറയുന്നു: 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു' (ക്വുര്‍ആന്‍ 1:5).

അല്ലാഹുവിനോട് സഹായം ചോദിക്കുമ്പേള്‍ വിജയത്തിന്റെയും എളുപ്പത്തിന്റെയും വാതിലുകള്‍ നമുക്ക് മുന്നില്‍ തുറക്കപ്പെടുകയാണ് ചെയ്യുന്നത്.