മലക്കുകളിലും വേദഗ്രന്ഥങ്ങളിലുമുള്ള വിശ്വാസം

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

2020 മാര്‍ച്ച് 07 1441 റജബ് 12

(സ്വൂഫികളും വിശ്വാസ വ്യതിയാനവും: 4)

(വിവ: ശമീര്‍ മദീനി)

മലക്കുകളില്‍ വിശ്വസിക്കലും നിര്‍ബന്ധമാണെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു.  അല്ലാഹു പറയുന്നു:

''തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയില്‍ ഒരുരുവിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല (എന്നതാണ് അവരുടെ നിലപാട്). അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം'' (ക്വുര്‍ആന്‍ 2:285).

മലക്കുകള്‍ അല്ലാഹുവിന്റെ സൃഷ്ടികളാണ്. പ്രകാശത്താലാണ് അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന്റെ കല്‍പനകള്‍ക്കെതിരില്‍ അവര്‍ പ്രവര്‍ത്തിക്കുകയില്ല. അല്ലാഹുവിന്റെ വിധികളെയും നിര്‍ദേശങ്ങളെയും ലംഘിച്ച് അവര്‍ അവര്‍ പുറത്തുകടക്കുകയില്ല. അവരുടെ സര്‍വ കാര്യങ്ങളും സ്ഥിതിഗതികളും അല്ലാഹുവിനറിയാം. അവരില്‍ ചിലരുടെ പേരുകള്‍ അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. ഉദാഹരണത്തിന്, ജിബ്‌രീല്‍. അവരില്‍ ചിലരുടെ ജോലിയെക്കുറിച്ചും അല്ലാഹു പറഞ്ഞു തന്നിട്ടുണ്ട്. മരണത്തിന്റെ ചുമതലയേല്‍പിക്കപ്പെട്ട മലക്കും ഗര്‍ഭസ്ഥശിശുവിന്റെ ചുമതലയേല്‍പിക്കപ്പെട്ട മലക്കുമൊക്കെ അതിനുദാഹരണങ്ങളാണ്.

എന്നാല്‍ ചില സൂഫിയ്യാക്കള്‍ മലക്കുകളെ വിളിച്ചു പ്രാര്‍ഥിക്കുന്നു! മുമ്പ് വിശദമാക്കിയതു പോലെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്നു തന്നെ പുറത്താകുന്ന ഗുരുതരമായ പാപമാകുന്നു അത്.

അല്ലാഹു പറയുന്നു: ''...അല്ലാഹുവോടൊപ്പം മറ്റാരെയും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കരുത്''  (ക്വുര്‍ആന്‍ 72:18).

''മലക്കുകളെയും പ്രവാചകന്മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്‍പിക്കാവുന്നതുമല്ല. നിങ്ങള്‍ മുസ്‌ലിംകളായിക്കഴിഞ്ഞതിനു ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്?)'''(ക്വുര്‍ആന്‍ 3:80).

അല്ലാഹു പറയുന്നു: ''അവരെ മുഴുവന്‍ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു). എന്നിട്ട് അവന്‍ മലക്കുകളോട് ചോദിക്കും: നിങ്ങളെയാണോ ഈ കൂട്ടര്‍ ആരാധിച്ചിരുന്നത്? അവര്‍ പറയും: നീ എത്ര പരിശുദ്ധന്‍! നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അവരല്ല. എന്നാല്‍ അവര്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്. അവരില്‍ അധികപേരും അവരില്‍ (ജിന്നുകളില്‍) വിശ്വസിക്കുന്നവരത്രെ'''(ക്വുര്‍ആന്‍ 34:40-41).

ജിന്നുകളുടെ ചില പ്രവര്‍ത്തനങ്ങളെ മലക്കുകളുടെ പ്രവര്‍ത്തനങ്ങളായി ചിലപ്പോള്‍ മനുഷ്യര്‍ ധരിച്ചേക്കുമെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ഇതാണ് സൂഫിയ്യാക്കളില്‍ കൂടുതലായി സംഭവിക്കുന്നതും. ജിന്നുകളിലാരെങ്കിലും ചെന്ന് വല്ല സംസാരങ്ങളും ഇത്തരക്കാരുടെ മനസ്സുകളിലോ കാതുകളിലോ ഇട്ടുകൊടുക്കുന്നു. അപ്പോള്‍ അത് മലക്കുകളില്‍ നിന്നുള്ള സന്ദേശങ്ങളും 'കശ്ഫും' 'ഇല്‍ഹാമു'മൊക്കെയായിരിക്കുമെന്ന് അയാള്‍ വിചാരിക്കുകയും ചെയ്യുന്നു. പരിശുദ്ധ ഇസ്‌ലാമിന്റെ നിയമ സംഹിതകളും വിധിവിലക്കുകളുമടങ്ങുന്ന ശരീഅത്ത് ക്വുര്‍ആന്‍കൊണ്ടും സുന്നത്ത്‌കൊണ്ടും സമ്പൂര്‍ണമാണ്. അതുകൊണ്ട് തന്നെ എന്താണെന്ന് പോലും അറിയാത്ത ഇത്തരത്തിലുള്ള യാതൊന്നും നമുക്ക്  ആവശ്യമേയില്ല. മാത്രമല്ല, ജിന്നുകളും പിശാചുക്കളും ചിലരുടെ മനസ്സുകളിലേക്ക് ദുര്‍ബോധനങ്ങള്‍ ഇട്ടുകൊടുക്കുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്.

''അപ്രകാരം ഓരോ പ്രവാചകനും മനുഷ്യരിലും ജിന്നുകളിലുംപെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതുകൊണ്ട് അവര്‍ കെട്ടിച്ചമക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക'' (ക്വുര്‍ആന്‍ 6:112).

അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്നപക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്) പങ്കുചേര്‍ക്കുന്നവരായിപ്പോകും'' (ക്വുര്‍ആന്‍ 6:121).

ഇതാണ് 'റൂഹ് ഹാളിറാകല്‍' (ആത്മാവ് ഹാജരാകല്‍) എന്ന പേരില്‍ സൂഫിയ്യാക്കള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ മരണപ്പെട്ടവരുടെ സ്വരത്തില്‍ ജിന്ന് സംസാരിക്കുകയാണ്. അങ്ങനെ തങ്ങളുടെ ആഗ്രഹ സഫലീകരണത്തിനായി അവര്‍ ജിന്നുകളോട് സഹായാര്‍ഥന നടത്തുന്നു. ഇത് പാടില്ലാത്തതാണ്. കാരണം, ഇത്തരം സാഹചര്യങ്ങളും സഹായാര്‍ഥനയും നബി ﷺ യുടെ കാലത്ത് നിലവിലുണ്ടായിന്നിട്ടും നബി ﷺ  അപ്രകാരം ചെയ്തിട്ടില്ല. അതിനാല്‍ അത് മതം അനുവദിക്കുന്നില്ല. മാത്രമല്ല, ജിന്നുകള്‍ എന്തെങ്കിലും നേട്ടങ്ങള്‍ അവര്‍ക്ക് തിരിച്ചു കിട്ടിയിട്ടല്ലാതെ എന്തെങ്കിലും ചെയ്തു തരികയുമില്ല.(1)

അല്ലാഹു പറയുന്നു: ''അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റു ചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമാകുന്നു'''(ക്വുര്‍ആന്‍ 6:128).

വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം

അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കലും നിര്‍ബന്ധമാണെന്ന് നിരവധിപ്രാമാണിക വചനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്‍ മുമ്പ് അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്നപക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു'''(ക്വുര്‍ആന്‍ 4:136).

അല്ലാഹു പറയുന്നു: ''നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏതു ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു''  (ക്വുര്‍ആന്‍ 42:15).

അവ അല്ലാഹുവിങ്കല്‍ നിന്ന് അവതരിച്ചതാണെന്നും യാഥാര്‍ഥ്യമായി തന്നെ അല്ലാഹു സംസാരിച്ച വചനങ്ങളാണ് അവയെന്നും നാം വിശ്വസിക്കുന്നു.  

വേദഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട സൂഫീ ചിന്താഗതികളിലൊന്നാണ് വിശുദ്ധ ക്വുര്‍ആനിന് ബാഹ്യവും(ദാഹിര്‍) ആന്തരികവും(ബാത്വിന്‍) എന്നിങ്ങനെ രണ്ട് വശങ്ങളുണ്ട് എന്ന വാദം. ബാഹ്യജ്ഞാനമാണത്രെ മതനിയമങ്ങളെ സംബന്ധിച്ചുള്ള (ശരീഅത്ത്) അറിവ്. എന്നാല്‍ ഉല്‍കൃഷ്ട ജ്ഞാനമാകട്ടെ, അത് ആന്തരിക ജ്ഞാനമാണ്. പ്രത്യേക ഔലിയാക്കള്‍ക്കല്ലാതെ അറിയാന്‍ കഴിയാത്ത യഥാര്‍ഥ ജ്ഞാനം (ഇല്‍മുല്‍ ഹക്വീക്വത്ത്) അതാണെന്നാണ് അവര്‍ പറയുന്നത്. എന്നിട്ട് ക്വുര്‍ആനിന്റെ ബാഹ്യാര്‍ഥത്തിന് നിരക്കാത്ത പല വ്യാഖാനങ്ങളിലേക്കും അതിലൂടെ അവര്‍ എത്തിച്ചേരുന്നു. അറബി ഭാഷയനുസരിച്ചുള്ള ആശയങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായ വിവരണങ്ങള്‍ ക്വുര്‍ആന്‍ സൂക്തങ്ങള്‍ക്ക് അവര്‍ നല്‍കുകയും ചെയ്യുന്നു. പക്ഷേ, ക്വുര്‍ആന്‍ അറബി ഭാഷയിലാണ് അവതരിച്ചതെന്ന് ക്വുര്‍ആനിക സൂക്തങ്ങള്‍ തന്നെ തുടരെ തുടരെ വ്യക്തമാക്കിയതാണ്. അപ്പോള്‍ തീര്‍ച്ചയായും ക്വുര്‍ആന്‍ ഗ്രഹിക്കേണ്ടത് ഈ ഭാഷയനുസരിച്ച് തന്നെയായിരിക്കണം.

അല്ലാഹു പറയുന്നു: ''നിങ്ങള്‍ ഗ്രഹിക്കുന്നതിനുവേണ്ടി അത് അറബി ഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി നാം അവതരിപ്പിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 12:2).

''തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ക്വുര്‍ആനാക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നതിനുവേണ്ടിയാകുന്നു''കു(ക്വുര്‍ആന്‍ 43:3).

''ഇതാകട്ടെ, സ്പഷ്ടമായ അറബി ഭാഷയാകുന്നു''കു(ക്വുര്‍ആന്‍ 16:103).

''വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി അറബി ഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം)''(ക്വുര്‍ആന്‍ 41:3).

ക്വുര്‍ആനിന്റെ ശരിയായ ആശയത്തെ മാറ്റിമറിക്കുന്ന ഒന്നാണ് 'ദൗക്വ്' (അഭിരുചി), 'കശ്ഫ്' (വെളിപ്പെടുത്തല്‍) എന്നീ പേരുകളിലുള്ള സ്വൂഫീ ചിന്താഗതികള്‍.(2)അതുകൊണ്ടു തന്നെ വിജ്ഞാനം അന്വേഷിക്കുന്നതിലും മതത്തില്‍ അറിവു നേടുന്നതിലുമൊക്കെ അവര്‍ തല്‍പരരല്ല. ക്വുര്‍ആനിനെക്കാളും നബി ﷺ യില്‍ നിന്നും സ്ഥിരപ്പെട്ടുവന്ന ദിക്ര്‍-ദുആകളെക്കാളുമൊക്കെ ഉല്‍കൃഷ്ടമാണ് തങ്ങള്‍ പടച്ചുണ്ടാക്കിയ നൂതനദിക്‌റുകള്‍ എന്ന് പറയുന്നതുവരെയെത്തി അവരില്‍ ചിലരുടെ സ്ഥിതി! എത്രത്തോളമെന്നാല്‍ സ്വൂഫിയ്യാക്കളില്‍ ചിലര്‍ പറയുന്നു 'ക്വുര്‍ആന്‍ പാരായണത്തെക്കാള്‍ ഉത്തമമാണ് ശാദുലി വിര്‍ദുകള്‍ എന്ന്. മറ്റുചിലര്‍ പറയുന്നു 'ക്വുര്‍ആന്‍ മുഴുവനും ആറായിരം തവണ പാരായണം ചെയ്യുന്നതിന് തുല്യമാണ് സ്വലാത്തുല്‍ ഫാതിഹ്' (അഥവാ സ്വൂഫിയ്യാക്കളുണ്ടാക്കിയ ഒരു ബിദ്ഈ സ്വലാത്ത്) എന്ന്. അങ്ങനെ അവര്‍ ജനങ്ങളെ ക്വുര്‍ആനിനെ കയ്യൊഴിക്കുന്ന തരത്തിലാക്കിത്തീര്‍ത്തു.(3)

അല്ലാഹു പറയുന്നു: ''(അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ക്വുര്‍ആനെ അഗണ്യമാക്കിക്കളഞ്ഞിരിക്കുന്നു'' (ക്വുര്‍ആന്‍ 25:30).

''(നബിയേ,) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ടുവരുന്നതിന്നായി മനുഷ്യനും ജിന്നുകളും ഒന്നിച്ചു ചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ടുവരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും''  (ക്വുര്‍ആന്‍ 17:88).

ഒരു ക്വുദ്‌സിയായ ഹദീഥിലൂടെ അല്ലാഹു പറഞ്ഞതായി നബി ﷺ  അറിയിക്കുന്നു: ''എന്നോട് ചോദിക്കുന്നതില്‍ നിന്നും ആരെയെങ്കിലും ക്വുര്‍ആനും എന്റെ ദിക്‌റുകളും വ്യാപൃതനാക്കിയാല്‍, എന്നോട് ചോദിച്ചവര്‍ക്ക് നല്‍കിയതില്‍ ഏറ്റവും ഉത്തമമായത് ഞാനവന് നല്‍കുന്നതാണ്. മറ്റു വചനങ്ങളുടെ മേല്‍ അല്ലാഹുവിന്റെ വചനത്തിനുള്ള ശ്രേഷ്ഠത സൃഷ്ടികളുടെമേല്‍ അല്ലാഹുവിനുള്ള ശ്രേഷ്ഠത പോലെയാണ്'' (തിര്‍മിദി ഉദ്ധരിക്കുകയും ഹസനാണെന്ന് വിധിക്കുകയും ചെയ്തത്).

അപ്രകാരം തന്നെ അവര്‍ മറ്റു പലതിനും ക്വുര്‍ആനെക്കാള്‍ സ്ഥാനം നല്‍കുന്നവരാണ്. സ്വഹീഹായ ഹദീഥിലൂടെ നബി ﷺ  പഠിപ്പിച്ച ഈ വചനവും അവരും എവിടെ നില്‍ക്കുന്നു എന്ന് ആലോചിക്കുക.

നബി ﷺ  പറയുന്നു: ''നിങ്ങളില്‍ ഏറ്റവും ഉത്തമന്മാര്‍ ക്വുര്‍ആന്‍ പഠിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ്''  (ബുഖാരി).

റഫറന്‍സ്:

1. ജിന്ന്‌സേവ, ചാത്തന്‍സേവ എന്നീ പേരുകളില്‍ നമ്മുടെ നാടുകളില്‍ നടക്കുന്നതൊക്കെയും ഇത്തരത്തിലുള്ള പൈശാചിക കര്‍മങ്ങളും ബഹുദൈവാരാധനകളുമാണ്. അല്ലാഹുവിന്റെ കോപവും പശാചിന്റെ പ്രീതിയുമാണ് അവയിലൂടെ സമ്പാദിക്കുന്നത് എന്ന വസ്തുത അധികമാരും അറിയുന്നില്ല. മനുഷ്യപിശാചുക്കളും ജിന്നുപിശാചുക്കളും തമ്മിലുള്ള ഇത്തരം അവിഹിത ബന്ധത്തിലൂടെ ധാരാളം ആളുകള്‍ വഴി തെറ്റിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം.

2. വെളിപാടിലൂടെ സ്വൂഫീ ശൈഖുമാര്‍ക്ക് പല സന്ദേശങ്ങളും അറിവുകളും കിട്ടിക്കൊണ്ടിരിക്കുന്നുവെന്നും അവയാണ് സുപ്രധാന ജ്ഞാനങ്ങള്‍ എന്നുമാണ് അവരുടെ വിശ്വാസം. അത്തരത്തിലുള്ള അറിവുകള്‍ക്ക് അവര്‍ നല്‍കിയിരിക്കുന്ന സാങ്കേതിക നാമങ്ങളാണ് 'കശ്ഫ്,' 'ദൗക്വ്' പോലുള്ളവ.

3. മുഹ്‌യുദ്ദീന്‍ മാല തെറ്റൊന്നും കൂടാതെ പാരായണം ചെയ്താല്‍ മഹത്തായ പ്രതിഫലമുണ്ടെന്ന് മാലകളിലൂടെയും മറ്റും നമ്മുടെ നാട്ടിലെ സ്വൂഫിയ്യാക്കള്‍ പ്രചരിപ്പിക്കുന്നതും ഇതിനോട് ചേര്‍ത്തു വായിക്കുക. (വിവര്‍ത്തകന്‍)