പ്രയാസഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന ആറ് കാര്യങ്ങള്‍

സ്വാലിഹ് ഇബ്‌നു അബ്ദുല്ലാഹ് ഇബ്‌നുഹംദ് അല്‍ ഉസൈമി

2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25

(വിവ. യാസിര്‍ അല്‍ഹികമി)

വിശ്വാസികളേ, അടിമ അല്ലാഹുവിനെ  ആശ്രയിക്കാന്‍ നിര്‍ബന്ധിതനാണ്. അല്ലാഹു പറയുന്നു:

''മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു'' (ക്വുര്‍ആന്‍ 35:15).

ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ അധികരിക്കുമ്പോള്‍ ഈ ആശ്രയം അനിവാര്യമാവുന്നു. അല്ലാഹുവിലേക്ക് മടങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഇങ്ങനെ അല്ലാഹുവിലേക്ക് മടങ്ങല്‍ വളരെ മഹത്തായ ആറു അടിസ്ഥാന കാര്യങ്ങളിലൂടെ പ്രകടമാക്കാം.

1) ഒന്ന് ക്വദ്‌റിലുള്ള വിശ്വാസം

അല്ലാഹു പറയുന്നു: ''ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 25:2).

''തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു'' (ക്വുര്‍ആന്‍ 54:49).

അതുകൊണ്ട് വിശ്വാസികള്‍ ക്വദ്‌റില്‍ (വിധിയില്‍) വിശ്വസിക്കുകയും ക്ഷമയോടെ അതിനെ സ്വീകരിക്കുകയും വേണം.

പ്രവാചകന്‍ ﷺ  പറഞ്ഞു: ''വിശ്വാസിയുടെ കാര്യം എത്ര അത്ഭുതമാണ്! അവന്റെ എല്ലാ കാര്യങ്ങളും അവനു നന്മയാണ്. അത് സത്യവിശ്വാസിക്കു മാത്രം ലഭിക്കുന്നതുമാണ്. അവനു സന്തോഷമുണ്ടായാല്‍ അവന്‍ അല്ലാഹുവിനു നന്ദി കാണിക്കുന്നു; അത് അവനു നന്മയാണ്. അവനു പ്രയാസമുണ്ടായാല്‍ അവന്‍ ക്ഷമിക്കുന്നു; അതും അവനു നന്മയാണ്.'' (മുസ്‌ലിം).

അതിനാല്‍ വിശ്വാസി വിധിയിലുള്ള വിശ്വാസം കൊണ്ട് അവന്റെ ഹൃദയത്തെ നന്നാക്കണം. കാര്യങ്ങള്‍ അല്ലാഹു തീരുമാനിക്കുന്നതിനനുസരിച്ചാണു നടക്കുക. അവനുദ്ദേശിക്കുന്നത് സംഭവിക്കുന്നു. അവനുദ്ദേശിക്കാത്ത ഒന്നും സംഭവിക്കുന്നില്ല.

2) അല്ലാഹുവില്‍ പൂര്‍ണമായി ഭരമേല്‍പിക്കുക

അല്ലാഹു പറയുന്നു: ''വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നപക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്'' (ക്വുര്‍ആന്‍ 65:3).

''പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്.''(ക്വുര്‍ആന്‍ 9:51).

അതിനാല്‍ വിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയാണു വേണ്ടത്. അവര്‍ കെട്ടുകഥകള്‍ ഉണ്ടാക്കുവാന്‍ മത്സരിക്കുന്നവരോ അവയില്‍ വിശ്വക്കുന്ന ദുര്‍ബലരോ ആകരുത്.

നബി ﷺ  പറഞ്ഞു: ''ശക്തനായ വിശ്വാസിയെയാണ് ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിന് ഇഷ്ടം. ഇരുവരിലും നന്മയുണ്ട്'' (മുസ്‌ലിം).

3) അല്ലാഹുവിലേക്ക് മടങ്ങലും തൗബ ചെയ്യലും

അല്ലാഹു പറയുന്നു: ''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം'' (ക്വുര്‍ആന്‍ 30:41).

അഥവാ കരയിലും കടലിലുമുള്ള സൃഷ്ടികളില്‍ അവരുടെ ആഹാരപാനീയങ്ങളിലും ആരോഗ്യത്തിലും ശക്തിയിലും എല്ലാം കുഴപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതിനു കാരണം മനുഷ്യരുടെ പ്രവര്‍ത്തനങ്ങളാണ്. അപ്പോള്‍ അല്ലാഹു ചില ശിക്ഷകള്‍ അവര്‍ക്ക് നല്‍കും. ഒരുപക്ഷേ, അവര്‍ മടങ്ങിയേക്കാം.

ഇബ്‌നുമുന്‍ദിര്‍(റ) ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞതായി ഉദ്ധരിക്കുന്നു: ''അഥവാ അവര്‍ പശ്ചാത്തപിച്ചേക്കാം.''

അദ്ദേഹത്തിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ 'അവര്‍ മടങ്ങിയേക്കാം' എന്നതിനെ വിശദീകരിച്ചത് 'അവരുടെ പാപങ്ങളില്‍ നിന്ന്' എന്നാണ്.

അതിനാല്‍ അല്ലാഹു അവനു പശ്ചാത്തപിക്കാന്‍ ആയുര്‍ദൈര്‍ഘ്യം നല്‍കി എന്ന് മനസിലാക്കി അവനിലേക്ക് മടങ്ങുകയും തൗബ ചെയ്യുകയും വേണം.

അല്ലാഹു പറയുന്നു: ''നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദൂതന്‍മാരെ) അയച്ചിട്ടുണ്ട്. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവുംകൊണ്ട് നാം പിടികൂടി; അവര്‍ വിനയശീലരായിത്തീരുവാന്‍ വേണ്ടി. അങ്ങനെ അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത്? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്. അവര്‍ ചെയ്തുകൊണ്ടിരുന്നത് പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു. അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു'' (ക്വുര്‍ആന്‍ 6:42-44).

അടിമ അല്ലാഹുവിലേക്ക് മടങ്ങുന്നതിനായി അല്ലാഹു അവന്റെ ശക്തി ബോധ്യപ്പെടുത്തിയാല്‍ തൗബ ചെയ്യാന്‍ ധൃതികാണിക്കണം. എന്നാല്‍ കഠിനഹൃദയനായി, പിശാച് അലങ്കാരമാക്കിത്തോന്നിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകി തൗബയില്‍ നിന്ന് അകന്നാല്‍ അല്ലാഹു സൗകര്യങ്ങള്‍ നല്‍കിയ ശേഷം രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം പിടികൂടും.

4) ഭൗതിക മാര്‍ഗങ്ങള്‍ സ്വീകരിക്കുക

അല്ലാഹു പറയുന്നു: ''നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്'' (ക്വുര്‍ആന്‍ 2:195).

നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ കുഷ്ഠരോഗിയുടെ അടുക്കല്‍ നിന്നും സിംഹത്തിന്റെ അടുക്കല്‍ നിന്ന് എന്നപോലെ ഓടുക.''

''ഒരു സ്ഥലത്ത് പകര്‍ച്ചവ്യാധിയുണ്ടെന്ന് കേട്ടാല്‍ അങ്ങോട്ട് പോകരുത്. നീ താമസിക്കുന്നേടത്ത് അത്തരം രോഗം വന്നാല്‍ അവിടെ നിന്ന് പുറത്ത് പോവുകയുമരുത്.''

അതിനാല്‍ ഭൗതികമായ മുന്‍കരുതലുകള്‍ സ്വീകരിക്കലും വിശ്വാസിക്ക് നിര്‍ബന്ധമാണ്.

5) കൃത്യമായ സ്രോതസ്സുകളില്‍ നിന്ന് വിവരമറിയുക, വ്യാജവാര്‍ത്ത പ്രചരിപ്പിക്കാതിരിക്കുക

അല്ലാഹു പറയുന്നു: ''സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു'' (ക്വുര്‍ആന്‍ 4:83).

അതിനാല്‍ അറിവുള്ളവരിലേക്ക് കാര്യങ്ങള്‍ വിടുകയും കൃത്യമായ സ്രോതസ്സുകളില്‍ നിന്ന് അറിവ് സ്വീകരിക്കുകയും വേണം. ദീനും ദുന്‍യാവും കളങ്കപ്പെടുംവിധം കേട്ടതുമുഴുവന്‍ പ്രചരിപ്പിക്കുന്ന ഉച്ചഭാഷിണിയാവാതിരിക്കാന്‍ ശ്രദ്ധിക്കണം.

6) പ്രാര്‍ഥന

വിശ്വാസിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രാര്‍ഥന. 'പ്രാര്‍ഥന അതുതന്നെയാണ് ആരാധന' എന്നാണല്ലോ നബി ﷺ  പഠിപ്പിച്ചത്.

രോഗസന്ദര്‍ഭങ്ങളിലെ പ്രാര്‍ഥന രണ്ട് വിധത്തിലാണ്:

1) പ്രയാസങ്ങള്‍ ദൂരികരിച്ച് തരുവാന്‍ പൊതുവായുള്ള പ്രാര്‍ഥന: 'അല്ലാഹുവേ, ഈ പരീക്ഷണത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ... രോഗങ്ങളില്‍ നിന്ന് ഞങ്ങളെ കാക്കേണമേ...' എന്നിങ്ങനെയുള്ളവ.

ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹിലെ ഒരു അധ്യായത്തിനു 'വേദനയും മഹാമാരിയും നീങ്ങാനുള്ള പ്രാര്‍ഥനയുടെ അധ്യായം' എന്നാണു നാമകരണം ചെയ്തിടുള്ളത്. ഇമാം നസാഈയില്‍ 'വേദന മാറാനുള്ള പ്രാര്‍ഥനയുടെ അധ്യായം' എന്നൊരു അധ്യായം കാണാം.

ഇവയില്‍ നബി ﷺ  മദീനയെ ബാധിച്ച പനിയെ അവിടുന്ന് നീക്കുവാന്‍ വേണ്ടി പ്രാര്‍ഥിച്ചത് കാണാം.

2) ഏത് രോഗമാണോ അതില്‍നിന്ന് പ്രത്യേകം രക്ഷതേടുന്ന പ്രാര്‍ഥന. അത് മൂന്ന് തരത്തിലാണ്.

1) സൂറത്തുല്‍ ഫലക്വ്, സൂറത്തുന്നാസ് എന്നിവ പാരായണം ചെയ്യല്‍. പ്രവാചകന്‍ ﷺ  പറഞ്ഞു: ''ഇവ രണ്ട് കൊണ്ടും രക്ഷതേടുന്നത് പോലെ മറ്റൊന്നുകൊണ്ടും ഒരാളും രക്ഷതേടിയിട്ടില്ല'' (അബൂദാവൂദ്, നസാഈ).

അഥവാ ഒരാള്‍ എന്തിനെയെങ്കിലും ഭയപ്പെട്ടാല്‍ അതില്‍ നിന്ന് രക്ഷനേടുവാന്‍ അല്ലാഹുവിനോട് തേടിക്കൊണ്ട് ഈ രണ്ടു സൂറത്തുകളും പാരായണം ചെയ്യണം. ആ ഭയപ്പെടുന്ന കാര്യങ്ങളില്‍ ഈ രോഗവും ഉള്‍പ്പെടും.

2) അബൂദാവൂദ് ഉദ്ധരിച്ച, പ്രവാചകന്‍ ﷺ  ചൊല്ലാറുണ്ടായിരുന്ന ഒരു പ്രാര്‍ഥന:

''അല്ലാഹുവേ, വെള്ളപ്പാണ്ടില്‍നിന്നും ഭ്രാന്തില്‍നിന്നും കുഷ്ഠരോഗത്തില്‍ നിന്നും (മറ്റ്) പ്രയാസമേറിയ രോഗങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ ചോദിക്കുന്നു'' (അബൂദാവൂദ്).

ഇതിലെ 'പ്രയാസമേറിയ രോഗങ്ങള്‍' എന്നതില്‍ പെടുന്നതാണു ജനങ്ങള്‍ ഭീതിയോടെ നോക്കിക്കാണുന്ന ഈ പകര്‍ച്ചവ്യാധി. അതിനാല്‍ ഈ പ്രാര്‍ഥന പ്രാവര്‍ത്തികമാക്കുക.

3) രാവിലെയും വൈകുനേരവും ചൊല്ലേണ്ട ഒരു ദിക്ര്‍. നബി ﷺ  പറഞ്ഞു: ''ഒരു അടിമ പ്രഭാതത്തിലും പ്രദോഷത്തിലും 3 പ്രാവശ്യം 'അല്ലാഹുവിന്റെ നാമത്തില്‍, അവന്റെ നാമത്തോടൊപ്പം ഭൂമിയിലോ ആകശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍ക്കപ്പെടുകയില്ല! അവന്‍ സര്‍വവും കേള്‍ക്കുന്നവനും സര്‍വവും അറിയുന്നവനുമാണ്' എന്ന് പറഞ്ഞാല്‍ അവനെ ഒന്നും ഉപദ്രവിക്കില്ല.

മറ്റൊരു റിപ്പോര്‍ട്ടില്‍ 'പെട്ടെന്നുള്ള പരീക്ഷണങ്ങള്‍ ഏല്‍ക്കില്ല' എന്നും ഉണ്ട്. (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ).

മനുഷ്യരെ പകര്‍ച്ചവ്യാധിയില്‍നിന്ന് രക്ഷിക്കുന്നതാണ് പ്രവാചകന്‍ ﷺ  രാവിലെയും വൈകുന്നേരവും മൂന്ന് പ്രാവശ്യം വീതം ചൊല്ലാറുണ്ടായിരുന്ന ഈ പ്രാര്‍ഥന.

ഇതാണു അല്ലാഹുവിനു കീഴ്‌പ്പെടാനുള്ള ആറു അടിസ്ഥാന കാര്യങ്ങള്‍. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഉത്സാഹിക്കുക.

ഈ രോഗം നമുക്കേല്‍പിച്ച ആഘാതങ്ങളുടെയും ഭയത്തിന്റെയും സാഹചര്യത്തില്‍ അതില്‍ നിന്നുള്ള സംരക്ഷണത്തിനായി അല്ലാഹുവിലേക്ക് വിധേയനാകേണ്ടത് അവനെ ഭയപ്പെട്ടും കീഴ്‌പെട്ടുമാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ഈ ആറു കാര്യങ്ങള്‍.

അല്ലാഹു ഈ രോഗത്തില്‍നിന്ന് നമ്മെയെല്ലാം കാത്തുരക്ഷിക്കുമാറാകട്ടെ. അവന്നാകുന്നു സര്‍വസ്തുതിയും.