വലിയ്യുകള്‍ക്ക് വഹ്‌യ് കിട്ടുമെന്നോ?

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

2020 മാര്‍ച്ച് 21 1441 റജബ് 26

(സ്വൂഫികളും വിശ്വാസ വ്യതിയാനവും: 6)

(വിവ: ശമീര്‍ മദീനി)

തവസ്സുലിന്റെ രണ്ട് രൂപങ്ങെള കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി.

മൂന്ന്: നബി ﷺ യുടെയോ സ്വഹാബത്തിന്റെയോ മാതൃകയില്ലാത്ത ബിദ്ഈ തവസ്സുല്‍. ബിദ്ഈ തവസ്സുലുകളുടെ കൂട്ടത്തില്‍ പെട്ടതുതന്നെയാണ് നബി ﷺ യുടെ അസ്തിത്വം(ദാത്ത്) കൊണ്ടും ശരീരം (ജസദ്) കൊണ്ടും സ്ഥാനം (ജാഹ്) കൊണ്ടുമൊക്കെയുള്ള പ്രാര്‍ഥനകള്‍. ഇവ നൂതനാചരവും അനനുവ ദനീയവുമാണ്. എന്തുകൊണ്ടെന്നാല്‍ നബി ﷺ യോ സ്വഹാബത്തോ അങ്ങനെ ചെയ്തിട്ടില്ല. അവര്‍ ചെയ്തിട്ടില്ലാത്ത ഇത്തരത്തിലുള്ള ഇബാദത്തുകള്‍ അഖിലവും ബിദ്അത്തുകളാണ്. ചിലര്‍ നബി ﷺ യോട് വിളിച്ചുപ്രാര്‍ഥിക്കുന്നതിന് 'തവസ്സുല്‍' എന്ന ഓമനപ്പേര് നല്‍കി. അങ്ങനെ ഒരാള്‍ 'നബിയേ, എന്റെ രോഗിയുടെ അസുഖം ഭേദമാക്കേണമേ...'എന്ന് പ്രാര്‍ഥിച്ചാല്‍ അവര്‍ അതിന് പറയുന്ന പേര് നബി ﷺ യെ കൊണ്ടുള്ള തവസ്സുല്‍ എന്നാണ്. അറബിഭാഷ അറിയുന്ന ഏതൊരാള്‍ക്കും, അല്ലെങ്കില്‍ പദങ്ങള്‍ ഗ്രഹിക്കാനുള്ള ഗ്രാഹ്യശേഷിയെങ്കിലുമുള്ള ഏതൊരാള്‍ക്കും അറിയാവുന്നതാണ് ഇത് നബി ﷺ യോടുള്ള ശുദ്ധപ്രാര്‍ഥനയാണ്; തവസ്സുലല്ല എന്നത്. അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥന ശിര്‍ക്കും മതം വിലക്കിയതുമാണ് എന്ന കാര്യം മുമ്പ് വ്യക്തമാക്കിയതാണല്ലൊ. ഇതും തവസ്സുലെന്ന പേരില്‍ പറയപ്പെടുന്ന മറ്റൊരു തരമാണ്.

നബിമാരിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട സ്വൂഫി വിശ്വാസങ്ങളില്‍പെട്ട മറ്റൊന്നാണ്, ചിലയാളുകള്‍ക്ക് ശരീഅത്തിന്റെ നിയമശാസനകള്‍ ബാധകമല്ല എന്നും നബി ﷺ യുടെ മാതൃകയനുസരിച്ചല്ലാതെയും അല്ലാഹുവിന് ഇബാദത്ത് ചെയ്യാം എന്നുമൊക്കെയുള്ള വാദങ്ങള്‍. വലിയ്യായ ഖിള്‌റി(അ)ന് (ഖിള്ര്‍(അ) അല്ലാഹുവിന്റെ പ്രവാചകനാണ് എന്നതാണ് പ്രബലമായ അഭിപ്രായം- വിവര്‍ത്തകന്‍) മൂസാനബി(അ)യുടെ ശരീഅത്ത് ബാധകമായിരുന്നില്ല. ഖിള്ര്‍(അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം മുഹമ്മദ് നബി ﷺ  പഠിപ്പിച്ച ഇസ്‌ലാമിക ശരീഅത്തനുസരിച്ചല്ല പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഔലിയാക്കള്‍ അദ്ദേഹത്തെ കണ്ടുമുട്ടുകയും അറിവ് സ്വീകരിക്കുകയും ഒക്കെ ചെയ്യാറുണ്ട് തുടങ്ങിയ വിശ്വാസങ്ങള്‍ ഇസ്‌ലാം ദീനിന് കടകവിരുദ്ധമാണ്. മുഹമ്മദ് നബി ﷺ യുടെ നിയോഗമന ദൗത്യം സര്‍വ മനുഷ്യരിലേക്കു മാണെന്നും സര്‍വമനുഷ്യരും അദ്ദേഹത്തെ പിന്‍പറ്റാന്‍ ബാധ്യസ്ഥരുമാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:

''പറയുക: നിങ്ങള്‍ക്കൊരു നിശ്ചിത ദിവസമുണ്ട്. അതു വിട്ട് ഒരു നിമിഷം പോലും നിങ്ങള്‍ പിന്നോട്ട് പോകുകയോ മുന്നോട്ട് പോകുകയോ ഇല്ല'''(ക്വുര്‍ആന്‍ 34:30).

അല്ലാഹു തന്റെ പ്രവാചകനോട് പ്രഖ്യാപിക്കുവാന്‍ പറയുന്നു: ''പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വ സിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം''(ക്വുര്‍ആന്‍ 7:158).

ഖിള്ര്‍(അ) മരണപ്പെട്ടു. അദ്ദേഹമെങ്ങാനും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ പ്രവാചക സന്നിധിയില്‍ വന്ന് സ്വഹാബിയായി സഹവാസത്തിന്റെ ശ്രേഷ്ഠത കൈവരിക്കുമായിരുന്നു.

അല്ലാഹു പറയുന്നു: ''അല്ലാഹു പ്രവാചകന്മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക): ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടര്‍ന്ന്) അവന്‍ (അവരോട്) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്'' (ക്വുര്‍ആന്‍ 3:81).

അല്ലാഹു പറയുന്നു: ''(നബിയേ,) നിനക്കു മുമ്പ് ഒരു മനുഷ്യനും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?'' (ക്വുര്‍ആന്‍ 21:34).

നബി ﷺ  ഒരു രാത്രി ഇപ്രകാരം പറയുണ്ടായി:

''ഈ രാത്രിയില്‍ ഭൂമുഖത്തുള്ള ഏതൊരാളും നൂറു വര്‍ഷം കഴിയുന്നതിനു മുമ്പായി മരണപ്പെടുന്നതാണ്''

(ബുഖാരി, മുസ്‌ലിം).

മേല്‍പറഞ്ഞ കാര്യങ്ങളില്‍ നിന്നും മനസ്സിലാകുന്ന മറ്റൊരു സംഗതിയാണ് സ്വൂഫിയ്യാക്കള്‍ ഔലിയാക്കള്‍ക്ക് അമ്പിയാക്കന്മാരെക്കാള്‍ ഉന്നതസ്ഥാനം കല്‍പിക്കുന്നു എന്നത്. അവരത് അങ്ങനെ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നബി ﷺ  പറയുന്നത് കാണുക.

''അന്ത്യനാളില്‍ ആദം സന്തതികളുടെ നേതാവായിരിക്കും ഞാന്‍. അഭിമാനം പറയുകയല്ല'' (തിര്‍മിദി).

ഇത്തരം വാദഗതികളുമായി നടക്കുന്നവര്‍ നബി ﷺ യുടെ സ്ഥാനം കുറച്ചു കാണിക്കുന്നവരായിപ്പോകുന്നതിനെ ഭയക്കേണ്ടതുണ്ട്. അങ്ങനെ അല്ലാഹു ആക്ഷേപിച്ചു പറഞ്ഞ ഇക്കൂട്ടരില്‍ പെട്ടുപോകുന്നതും ഭയക്കണം.

''തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)'' (ക്വുര്‍ആന്‍ 108:3).

ഔലിയാക്കള്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് വഹ്‌യ് ലഭിക്കുന്നുന്നെും അവര്‍ സ്വപ്‌നങ്ങളിലൂടെയും വെളിപാടുകളിലൂടെയും മതവിധികള്‍ സ്വീകരിക്കുന്നുവെന്നുമൊക്കെയുള്ള വിശ്വാസങ്ങള്‍ ചില സ്വൂഫിയ്യാക്കളുടെ പിഴച്ച വിശ്വാസങ്ങളില്‍പെട്ടതാണ്. അവരില്‍ ചിലര്‍ ഇത്രവരെ പറയുകയുണ്ടായി: 'നിങ്ങള്‍ നിങ്ങളുടെ വിജ്ഞാനങ്ങള്‍ മരണപ്പെട്ടവരില്‍ നിന്നുമാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഞങ്ങളാകട്ടെ എന്നെന്നും ജീവിച്ചിരിക്കുന്ന, ഒരിക്കലും മരിക്കാത്ത അല്ലാഹുവില്‍നിന്ന് നേരിട്ടാണ് അറിവുകള്‍ സ്വീകരിക്കുന്നത്.'

അനവധി തെളിവുകളിലൂടെ അനിഷേധ്യമായി സ്ഥിരപ്പെട്ട സംഗതിയാണ് പ്രവാചക പരിസമാപ്തിയും മതത്തിന്റെ സമ്പൂര്‍ണതയും. അല്ലാഹു പറയുന്നു:

''മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും  പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 33:40).

അല്ലാഹു പറയുന്നു: ''ഇന്നേദിവസം ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു'''(ക്വുര്‍ആന്‍ 5:3).

ഇസ്‌ലാം സമ്പൂര്‍ണമാണെന്നിരിക്കെ മതവിധികള്‍ സ്വീകരിക്കുന്നതിന് ഇത്തരം സ്വപ്‌നങ്ങളുടെയും വെളിപാടുകളുടെയും ആവശ്യമേയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആന്‍ മൂലപ്രമാണമായി നമ്മുടെ മുമ്പിലുണ്ട്. അല്ലാഹു പറയുന്നു:

''ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് അവരില്‍ നിന്നുതന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും ഇക്കൂട്ടരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് നിന്നെ നാം കൊണ്ട് വരികയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്‌പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്  നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്'' (ക്വുര്‍ആന്‍ 16:89).

അല്ലാഹുവിന്റെ ഗ്രന്ഥമാകട്ടെ പരിശുദ്ധവും അന്യൂനവുമാണ്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്''(ക്വുര്‍ആന്‍ 15:9).

''അതിന്റെ മുമ്പിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍നിന്ന് അവതരിക്കപ്പെട്ടതത്രെ അത്''(ക്വുര്‍ആന്‍ 41:42).

എന്നാല്‍ ഇത്തരം സ്വപ്‌നങ്ങളുടെയും വെളിപാടുകളുടെയും സ്ഥിതിയതല്ല. അവയെ സംബന്ധി ച്ചിടത്തോളം പിശാചുക്കളുടെയും ജിന്നുകളുടെയും കളികളില്‍ നിന്നും മനുഷ്യര്‍ നിര്‍ഭയനല്ല. അല്ലാഹു തആലാ പറഞ്ഞതുപോലെ:''

''അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മ മാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്നപക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്) പങ്കുചേര്‍ക്കുന്നവരായിപ്പോകും'' (ക്വുര്‍ആന്‍ 6:121).

''വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക'' (ക്വുര്‍ആന്‍ 4:59).

അല്ലാഹുവിന്റെ ഗ്രന്ഥമായ ക്വുര്‍ആനും നബി ﷺ യുടെ ചര്യയായ സുന്നത്തുമാണ് ഇതിന്റെ വിവക്ഷയെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.

നബി ﷺ യുടെ മാര്‍ഗദര്‍ശനങ്ങള്‍ക്ക് എതിരായ പല ആരാധനാകര്‍മങ്ങളിലൂടെയും അല്ലാഹുവിലേ ക്ക് അടുക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നതും സ്വൂഫിയ്യാക്കളുടെ വ്യതിയാനങ്ങളിലൊന്നാണ്. ആരാധനയുടെയും അല്ലാഹുവിലേക്കുള്ള സാമീപ്യത്തിന്റെയും പേരുപറഞ്ഞ് സമ്പാദനമാര്‍ഗങ്ങള്‍ ഒഴിവാക്കുന്നത് അതിനാലാണ്. എന്നാല്‍ ഇസ്‌ലാമിക ശരീഅത്താകട്ടെ അധ്വാനത്തെയും സമ്പാദനത്തെ യും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:

''അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'''(ക്വുര്‍ആന്‍ 62:10).

നബി ﷺ  പറഞ്ഞതായി സ്വഹീഹായ ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു:

''ഒരാളും തന്റെ സ്വന്തം കൈകള്‍ കൊണ്ട് അധ്വാനിച്ചുണ്ടാക്കിയതില്‍ നിന്ന് ഭക്ഷിക്കുന്നതിനെക്കാള്‍ ഉത്തമമായ ഭക്ഷണം കഴിക്കുന്നില്ല'' (ബുഖാരി).

ഇതുപോലുള്ള വേറെയും വചനങ്ങള്‍ കാണാവുന്നതാണ്. അപ്രകാരം തന്നെ വേറെ ചിലര്‍ വിവാഹം ഉപേക്ഷിച്ചുകൊണ്ടാണ് (ബ്രഹ്മചര്യം സ്വീകരിച്ചുകൊണ്ടാണ്) അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ബ്രഹ്മചര്യത്തെ എതിര്‍ത്തുകൊണ്ട് നബി ﷺ  പറഞ്ഞു:

''തീര്‍ച്ചയായും ഞാന്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നു. എന്നാല്‍ ആരെങ്കിലും എന്റെ ചര്യയെ വെറുക്കുന്നുവെങ്കില്‍ അയാള്‍ എന്നില്‍പ്പെട്ടവനല്ല'' (ബുഖാരി, മുസ്‌ലിം).

മാത്രമല്ല, ഇത് പ്രവാചകന്മാരുടെ സന്മാര്‍ഗ സമ്പ്രദായമായിരുന്നു. അല്ലാഹു പറയുന്നു:

''നിനക്ക് മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുമുണ്ട്. ഒരു ദൂതനും അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്'' (ക്വുര്‍ആന്‍ 13:38).

വേറെ ചിലര്‍ മതപരമായ അറിവുതേടല്‍ ഉപേക്ഷിച്ചുകൊണ്ടാണ് അല്ലാഹുവിലേക്ക് അടുക്കാന്‍ നോക്കുന്നത്. സ്വൂഫിജ്ഞാനം തേടലാണ് മതപരമായ അറിവുനേടുന്നതിനെക്കാള്‍ ഏറ്റവും അര്‍ഹവും ഉല്‍കൃഷ്ടവും എന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ അറിവിന്റെയും മതവിജ്ഞാനങ്ങള്‍ പഠിപ്പിക്കുന്നതിന്റെയും ശ്രേഷ്ഠതകള്‍ വ്യക്തമാക്കുന്ന എത്രയോ പ്രമാണവചനങ്ങളാണുള്ളത്.

അല്ലാഹു പറയുന്നു: ''മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 35:28).

''അതല്ല, പരലോകത്തെപ്പറ്റി ജാഗ്രത പുലര്‍ത്തുകയും, തന്റെ രക്ഷിതാവിന്റെ കാരുണ്യം ആശിക്കുക യും ചെയ്തുകൊണ്ട് സാഷ്ടാംഗം ചെയ്തും നിന്നു പ്രാര്‍ഥിച്ചും രാത്രിസമയങ്ങളില്‍ കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്‍?). പറയുക: അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ''(ക്വുര്‍ആന്‍ 39:9).

നബി ﷺ  പറഞ്ഞു: ''നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ക്വുര്‍ആന്‍ പഠിക്കുകയും അത് മറ്റുള്ളവരെ പഠിപ്പി ക്കുകയും ചെയ്യുന്നവരാണ്''(ബുഖാരി).

അവിടുന്ന് മറ്റൊരിക്കല്‍ പറഞ്ഞു: ''അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ അയാളെ മതത്തില്‍ ജ്ഞാനമുള്ളവനാക്കും'' (ബുഖാരി).

''ആരെങ്കിലും അറിവന്വേഷിച്ച് വല്ല വഴിയിലും പ്രവേശിച്ചാല്‍ അതുവഴി അല്ലാഹു അയാള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള പാത സുഗമമാക്കി കൊടുക്കും'''(മുസ്‌ലിം).

നബി ﷺ  പറഞ്ഞു: ''നിശ്ചയം! മലക്കുകള്‍ തങ്ങളുടെ ചിറകുകള്‍ വിജ്ഞാനാന്വേഷികള്‍ക്കായി താഴ്ത്തിക്കൊടുക്കും. അവരുടെ പ്രവര്‍ത്തനത്തിലുള്ള സംതൃപ്തിയാലാണത്. തീര്‍ച്ചയായും അറിവു ള്ളവര്‍ക്കു വേണ്ടി ആകാശങ്ങളിലും ഭൂമിയിലുള്ളവരൊക്കെയും പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നതാണ്; വെള്ളത്തിലെ മത്സ്യങ്ങള്‍ പോലും. ഭക്തനെക്കാള്‍ പണ്ഡിതനുള്ള ശ്രേഷ്ഠത മറ്റു നക്ഷത്ര ങ്ങളെക്കാള്‍ പതിനാലാം രാവിലെ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ്. നിശ്ചയം! പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്മാര്‍ ദീനാറോ, ദിര്‍ഹമോ അല്ല അനന്തരമായി നല്‍കിയിട്ടുള്ളത്. പ്രത്യുത വിജ്ഞാനമത്രെ അവരുടെ അനന്തര സ്വത്ത്. ആര്‍ക്ക് അത് കിട്ടിയോ മഹത്തായ ഓഹരിയാണ് അയാള്‍ക്ക് കിട്ടിയത്'''(അബൂദാവൂദ്).