വിധിയിലുള്ള വിശ്വാസം

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

2020 മെയ് 09 1441 റമദാന്‍ 16

(സ്വൂഫികളും വിശ്വാസ വ്യതിയാനങ്ങളും 9)

(വിവ: ശമീര്‍ മദീനി)

നന്മ, തിന്മകളായി ലോകത്ത് എന്തെല്ലാം നടക്കുന്നുണ്ടോ അവയെല്ലാം അല്ലാഹുവിന്റെ അറിവോടും തീരുമാനത്തോടും കൂടിയാണ് സംഭവിക്കുന്നത്. അതൊക്കെയും അല്ലാഹു'ലൗഹുല്‍ മഹ്ഫൂളില്‍' രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവയെ സൃഷ്ടിച്ചതും അല്ലാഹുവാണ്. ഈ സംഗതികള്‍ ഈമാന്‍ കാര്യങ്ങളിലെ വിധിവിശ്വാസത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു'' (ക്വുര്‍ആന്‍ 54:49).

''ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവന്‍). അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു'''(ക്വുര്‍ആന്‍ 25:2).

പക്ഷേ, മനുഷ്യര്‍ കാര്യകാരണ ബന്ധങ്ങളെ സമീപിക്കുന്നത് ഇതിന് എതിരല്ല. മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യമില്ല എന്നും ഇതിനര്‍ഥമില്ല. മറിച്ച് അതുണ്ട്. പക്ഷേ, മനുഷ്യന്റെ ഉദ്ദേശ്യങ്ങളും ആഗ്രഹങ്ങളുമൊക്കെ അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അല്ലാഹു പറയുന്നു:

''ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല'' (ക്വുര്‍ആന്‍ 81:29).

സ്വൂഫിയ്യാക്കളില്‍ ചിലര്‍ തെറ്റുകളെ ന്യായീകരിക്കാന്‍ വിധിയെ തെളിവാക്കാറുണ്ട്. അത് അല്ലാഹുവിന്റെ സൃഷ്ടിയാണെന്നിരിക്കെ അവന്‍ തൃപ്തിപ്പെടാത്തത് അവന്‍ എങ്ങനെ സൃഷ്ടിക്കും എന്നാണ് അവരുടെ ചോദ്യം. എന്നാല്‍ മനുഷ്യര്‍ ചെയ്യാന്‍ അല്ലാഹു താല്‍പര്യപ്പെടാത്ത പലതും അല്ലാഹു ചിലപ്പോള്‍ സൃഷ്ടിച്ചേക്കുമെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ട്. അല്ലാഹു പറയുന്നു:

''അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും അവന്റെ പ്രീതി അവര്‍ ഇഷ്ടപ്പെടാതിരിക്കുകയുമാണ് ചെയ്തത്. അതിനാല്‍ അവരുടെ കര്‍മങ്ങളെ അവന്‍ നിഷ്ഫലമാക്കികളഞ്ഞു'''(ക്വുര്‍ആന്‍ 47:28).

ഉപരിസൂചിത വാദഗതിക്കാരെ ഖണ്ഡിച്ചുകൊണ്ട് അല്ലാഹു പറഞ്ഞത് കാണുക: ''ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്. ഇതേപ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതുവരെ നിഷേധിച്ചു കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്. പറയുക: ആകയാല്‍ അല്ലാഹുവിനാണ് മികച്ച തെളിവുള്ളത്. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു'''(ക്വുര്‍ആന്‍ 6:148,149).

അതിനാല്‍ ഒരാള്‍ക്കും തന്നെ, അല്ലാഹു ദൂതന്മാരെ അയച്ച് കാര്യങ്ങള്‍ വ്യക്തമാക്കിത്തരികയും നന്മ പ്രവര്‍ത്തിക്കാന്‍ സാധ്യമാക്കുകയും ചെയ്തശേഷം 'ക്വളാ-ക്വദ്‌റി'നെ (വിധിയെ) തെളിവാക്കാന്‍ പാടുള്ളതല്ല. അല്ലാഹു പറയുന്നു:

''സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'''(ക്വുര്‍ആന്‍ 4:165).

ജോലിയും ചികില്‍സയും പോലുള്ള കാര്യകാരണ ബന്ധങ്ങളെ ഉപേക്ഷിക്കലായി തവക്കുലിനെ അധിക സ്വൂഫിയ്യാക്കളും വിശദീകരിച്ചിട്ടുണ്ട്. എന്നിട്ട് അത് അവരെ യാചനയിലേക്ക് നയിച്ചു. എന്നാല്‍ അതാകട്ടെ കാര്യകാരണ ബന്ധങ്ങളിലെ ഏറ്റവും നിന്ദ്യമായ ഒന്നാണ് താനും! മാത്രമല്ല കാര്യകാരണ ബന്ധങ്ങള്‍ സ്വീകരിക്കുവാനും കര്‍മങ്ങള്‍ ചെയ്യുവാനും പ്രേരിപ്പിക്കുന്ന നിരവധി സൂക്തങ്ങള്‍ക്ക് എതിരുമാണത്. അല്ലാഹു പറയുന്നു:

''അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കിത്തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്...'' (ക്വുര്‍ആന്‍ 67:15).

നബി ﷺ  പറയുന്നു:'''നിങ്ങളിലൊരാള്‍ ഒരുകെട്ട് വിറക് ശേഖരിച്ച് (ഉപജീവനം തേടലാണ്) ആളുകളോട് യാചിക്കുന്നതിനെക്കാള്‍ അവന് ഉത്തമം. അവര്‍ അവന് നല്‍കട്ടെ, അല്ലെങ്കില്‍ നല്‍കാതിരിക്കട്ടെ'' (ബുഖാരി).

അതുകൊണ്ടുതന്നെ അമ്പിയാക്കന്മാര്‍ ജോലിചെയ്ത് ജീവിക്കുന്നവരായിരുന്നു. സ്വഹാബത്തിന്റെ ഏകകണ്‌ഠേനയുള്ള നിലപാടും അതുതന്നെയാണ്.

അവസാനമായി...

അവസാനമായി രണ്ട് കാര്യങ്ങള്‍ ഞാന്‍ സൂചിപ്പിക്കട്ടെ:

ഒന്ന്) തൗബയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണ്. ലോകരക്ഷിതാവായ അല്ലാഹു അതിലേക്ക് നമ്മെ വിളിക്കുന്നു:

''സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക. നിങ്ങള്‍ വിജയം പ്രാപിക്കുന്നതിനു വേണ്ടി''(ക്വുര്‍ആന്‍ 24:31).

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈകൊണ്ട് മടങ്ങുക'' (ക്വുര്‍ആന്‍ 66:8).

തൗബ അതിനു മുമ്പുള്ള പാപങ്ങളെ തുടച്ചുനീക്കും. അല്ലാഹു പറയുന്നു:

''പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും അവന്നു കീഴ്‌പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം) നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 39:53,54).

സത്യനിഷേധം (കുഫ്ര്‍), ബഹുദൈവ വിശ്വാസം (ശിര്‍ക്ക്) എന്നീ ഗുരുതരങ്ങളായ തെറ്റുകളില്‍ നിന്നു പോലും തൗബ ചെയ്താല്‍ ഉപകരിക്കുമെന്ന് അഥവാ പൊറുത്തുകൊടുക്കുമെന്ന് അല്ലാഹു തന്നെ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

''സത്യനിഷേധികളോട് നീ പറയുക! അവര്‍ വിരമിക്കുകയാണെങ്കില്‍ അവര്‍ മുമ്പ് ചെയ്തുപോയിട്ടുള്ളത് അവര്‍ക്ക് പൊറുത്തുകൊടുക്കുന്നതാണ് എന്ന്'' (ക്വുര്‍ആന്‍ 8:38).

അല്ലാഹു മൂന്നില്‍ ഒരുവനാണ് (ത്രിത്വം) എന്ന് പറഞ്ഞ് അവിശ്വാസികളായവരുടെ മുമ്പിലും അല്ലാഹു തൗബയെ പരിചയപ്പെടുത്തുന്നുണ്ട്. അല്ലാഹു പറയുന്നു:

''അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 5:73,74).

നബി ﷺ  പറഞ്ഞപോലെ പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം കാരണമായി അല്ലാഹു സന്തോഷിക്കുന്നതാണ്.

''മരുഭൂമിയില്‍ വഴിതെറ്റി യാത്രാവാഹനവും ഭക്ഷണവും നഷ്ടപ്പെട്ട ശേഷം അവ തിരിച്ചുകിട്ടിയാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന സന്തോഷമെത്രയാണോ അതിനെക്കാള്‍ കൂടുതലായി അല്ലാഹു തന്റെ അടിമയുടെ പശ്ചാത്താപം കാരണമായി സന്തോഷിക്കുന്നതാണ്'' (ബുഖാരി, മുസ്‌ലിം).

മരണത്തിന്റെ മലക്ക് (മലക്കുല്‍ മൗത്ത്) ആരുടെയടുക്കലും ഏതു നിമിഷവും കടന്നുവരാം. എത്രയെത്ര സെറിബ്രല്‍ ത്രോംബോസിസുകളെയും (മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിക്കുന്ന രോഗം) ഹാര്‍ട്ട് അറ്റാക്കുകളെയും വാഹനാപകടങ്ങളെയും കുറിച്ച് നാം കേട്ടതാണ്. പകലില്‍ തെറ്റ് ചെയ്തയാളുടെ പശ്ചാത്താപം സ്വീകരിക്കുന്നതിനായി രാത്രിയിലും, രാത്രിയില്‍ തെറ്റ് ചെയ്തയാള്‍ പശ്ചാത്തപിക്കുന്നതിനായി പകലിലും അല്ലാഹു തന്റെ കൈ നീട്ടിയിരിക്കുകയാണ്. റൂഹ്(ആത്മാവ്) തൊണ്ടക്കുഴിയില്‍ എത്തുന്നതുവരെ അല്ലാഹു അടിമയുടെ തൗബ സ്വീകരിക്കുന്നതാണ്. അതുകൊണ്ടു തന്നെ സ്വൂഫി ചിന്താഗതികളിലകപ്പെട്ടുപോയ എല്ലാവരോടുമായി, തങ്ങളുടെ അവസ്ഥയെക്കുറിച്ച് ഏകാഗ്ര മനസ്സോടെ ഗൗരവതരമായി ചിന്തിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. വ്യക്തിതാല്‍പര്യങ്ങളും മറ്റു വ്യാകുലതകളുമെല്ലാം മാറ്റിവെച്ചുകൊണ്ട്, പടച്ചവനെ കണ്ടുമുട്ടേണ്ടതുണ്ട് എന്ന ബോധത്തോടെ നിഷ്പക്ഷമായി ചിന്തിക്കുക. എന്നിട്ട് ക്വുര്‍ആനിലും സുന്നത്തിലും വന്ന വിധിവിലക്കുകളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും തമ്മില്‍ താരതമ്യം നടത്തുകയും ചെയ്യുക.

രണ്ട്) പരിശുദ്ധമായ ക്വുര്‍ആനും സുന്നത്തും നമ്മുടെ മുമ്പിലുണ്ട്. അവ പ്രിന്റ് ചെയ്തും പഠിച്ചും പഠിപ്പിച്ചും ചിന്തിച്ചും പ്രവര്‍ത്തിച്ചുമൊക്കെയായിട്ട് നാനാവിധേന അത് പ്രചരിപ്പിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ബിദ്അത്തിന്റെ ദിക്‌റുകളുടെ സ്ഥാനത്ത് ക്വുര്‍ആനില്‍ നിന്നും സ്ഥിരപ്പെട്ട ഹദീഥുകളില്‍ നിന്നും ദിക്‌റുകളും ദുആകളും സ്വീകരിക്കാനും പ്രചരിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വിശുദ്ധ ക്വുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും ഗ്രഹിച്ചെടുക്കാവുന്ന ശരിയായ അക്വീദ(വിശ്വാസം)യിലേക്ക് ക്ഷണിക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും നാം ഉപയോഗപ്പെടുത്തണം. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചും മദ്‌റസകള്‍ സ്ഥാപിച്ചും അധ്യാപകരെ വാര്‍ത്തെടുത്തും ആധുനിക സൗകര്യങ്ങളും മാധ്യമങ്ങളും ഒക്കെ ഉപയോഗപ്പെടുത്തികൊണ്ട് ദഅ്‌വത്ത് സജീവമാക്കണം. അപ്രകാരം തന്നെ വ്യക്തികളുടെ കാര്യത്തില്‍- അവര്‍ അമ്പിയാക്കന്മാരോ ഔലിയാക്കന്മാരോ ആയിരുന്നാല്‍ പോലും-അതിരു കവിയാന്‍ പാടില്ലെന്നും നാം ബോധവല്‍കരിക്കേണ്ടതുണ്ട്. മറിച്ച് അവര്‍ക്ക് അര്‍ഹമായ സ്ഥാനത്ത് അവരെ അവരോധിക്കുകയാണ് ചെയ്യേണ്ടത്. ഇസ്‌ലാമിക നിയമങ്ങള്‍ക്ക് (ശരീഅത്തിന്) എതിരായ സ്വൂഫി വേഷ-ഭൂഷാദികള്‍ കയ്യൊഴിക്കാനും ജനങ്ങളെ നാം ഉപദേശിക്കണം.

മുസ്‌ലിം ഉമ്മത്തിന്റെ സ്ഥിതിഗതികള്‍ നന്നാക്കുവാനും വഴിതെറ്റിയവരെ നേര്‍മാര്‍ഗത്തിലാക്കുവാനും സര്‍വശക്തനായ അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. സ്വന്തം തിന്മകളില്‍ നിന്നും ദുഷ്പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്ഷിക്കുവാനും ശിര്‍ക്ക് ബിദ്അത്തുകളെയും അതിന്റെ വഴികളെയും അകറ്റിക്കളയുവാനും മുസ്‌ലിംകളെ സത്യമാര്‍ഗത്തിലായിക്കൊണ്ട് ഐക്യപ്പെടുത്തുവാനും അവരിലെ നേതാക്കന്മാരെ നന്നാക്കുവാനും അവരെക്കൊണ്ട് ദീനിനെ സഹായിക്കുവാനും ദീനിന്റെ യശസ്സ് ഉയര്‍ത്തുവാനും അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി ﷺ യിലും അവിടുത്തെ കുടുംബത്തിലും അനുചരന്മാരിലുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കുമാറകട്ടെ! (ആമീന്‍).

(അവസാനിച്ചു)