റമദാനിന്റെ പ്രത്യേകതയും ദുല്‍ഖര്‍നൈനും

തബാറുക് മഅ്‌റൂഫ്

2020 മെയ് 23 1441 റമദാന്‍ 30

(വിവ: അര്‍ശദ് കാരക്കാട്)

ശഅ്ബാന്‍ മാസത്തിലെ അവസാന ദിവസം, ശ്രേഷ്ഠമായ റമദാനിന്റെ ആദ്യരാവില്‍ ചന്ദ്രന്‍ വെളിപ്പെടുമ്പോള്‍ പ്രപഞ്ചത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രവാചകന്‍ ﷺ  പറയുന്നു: ''റമദാന്‍ മാസത്തിലെ ആദ്യരാവായാല്‍, ദുര്‍മാര്‍ഗികളായ ജിന്നുകളും പിശാചും ബന്ധിക്കപ്പെടുന്നു. നരക കവാടങ്ങള്‍ അടക്കപ്പെടുന്നു. അതില്‍ നിന്ന് ഒരു കവാടം പോലും തുറക്കുകയില്ല. സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുന്നു. അതില്‍ നിന്ന് ഒരു കവാടം പോലും അടക്കപ്പെടുകയുമില്ല. വിളിച്ചുപറയുന്നവന്‍ (മലക്ക്) എല്ലാ രാവിലും വിളിച്ചു പറയും: 'നന്മ ചെയ്ത് മുന്നേറുന്നവനേ, അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുക. തിന്മ ചെയ്യുന്നവനേ, അത് കുറക്കുകയും ചെയ്യുക. അല്ലാഹു നരകമോചനം നല്‍കുന്നു.' ഇപ്രകാരം (റമദാനിലെ) എല്ലാ, രാവിലും വിളിച്ചുപറയുന്നു.''

നിശ്ചലമായി ഒന്നും തന്നെയില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? ഓരോ വസ്തുവും ചലിച്ചുകൊണ്ടിരിക്കുന്നു. സൂര്യന്‍, ഭൂമി, ക്ഷീരപഥം, അങ്ങനെ ലോകം തന്നെയും ചലിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, പുതിയ വഴികളിലേക്ക് പ്രവേശിക്കാനും മാറ്റത്തിന് തയ്യാറെടുക്കാനും ഭയക്കുന്ന നിങ്ങളുടെ അവസ്ഥയെന്താണ്! അല്ലയോ ചങ്ങാതീ, നിങ്ങളുടെ ഹൃദയത്തിലേക്ക് വെളിച്ചം കടന്നുവരാന്‍ ഇനിയും സമയമായിട്ടില്ലേ? മനസ്സിനെ സംശുദ്ധമാക്കാനും പുതിയൊരു മാറ്റത്തിന് തയാറെടുക്കാനും ഇനിയും അവര്‍ക്ക് സമയമായിട്ടില്ലേ? പുതിയ തുടക്കങ്ങളും മാറ്റങ്ങളുമാണ് നമ്മെ എല്ലാവരെയും എപ്പോഴും ആകര്‍ഷിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മനസ്സിനെ തിരിച്ചറിയാന്‍ ഇപ്രാവശ്യമെങ്കിലും ശ്രമിക്കുക. അപ്രകാരം നിങ്ങള്‍ ഈ വര്‍ഷത്തെ വിശുദ്ധ റമദാനിന്റെ രാവില്‍ നിങ്ങളുടെ മനസ്സ് തുറക്കുക! അത്തരമൊരു പ്രവൃത്തിക്കുള്ള വിസ്മയകരമായ വഴി സൂറത്തുല്‍ കഹ്ഫ് നമുക്ക് അറിയിച്ചുതരുന്നു:

റമദാനിന്റെ പ്രത്യേകതയും ദുല്‍ഖര്‍നൈനും

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദുല്‍ഖര്‍നൈന്‍ സംഭവത്തെയും വിശുദ്ധ റമദാനിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള അതിശയകരമായ ഒരു ലേഖനത്തിലൂടെ ഞാന്‍ കടന്നുപോവുകയുണ്ടായി. നാം എങ്ങനെ മാറണമെന്ന് ആ ലേഖനം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. വെള്ളിയാഴ്ചയുടെ സൂര്യന്‍ ഓരോ പ്രാവശ്യവും നമ്മില്‍ ഉദിക്കുമ്പോഴും ആ വിശേഷണങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പക്ഷേ, അത് നാം വേണ്ടവിധത്തില്‍ ചിന്തിച്ച് മനസ്സിലാക്കിയിട്ടില്ല.

അവര്‍ പറഞ്ഞു: ''അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ്, മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ? അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും, ഐശ്വര്യവു) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തി കൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം'' (ക്വുര്‍ആന്‍ 18:94,95).

ദുല്‍ഖര്‍നൈന്‍ വന്നെത്തിയപ്പോള്‍ സമൂഹം അദ്ദേഹത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. അവര്‍ സഹായം ആവശ്യമുള്ളവരായിരുന്നു. അതവര്‍ക്ക് വീണുകിട്ടിയ അവസരവുമായിരുന്നു. അവരുടെ ബുദ്ധിമുട്ടുകളും അതിനുള്ള പരിഹാരവുമെല്ലാം അവര്‍ ദുല്‍ഖര്‍നൈനിന് അന്വേഷിച്ച് കണ്ടെത്താന്‍ വിട്ടുകൊടുക്കുകയായിരുന്നില്ല. അവര്‍ അവരുടെ കാര്യങ്ങള്‍ തീരുമാനിച്ച് ഉറപ്പിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കൃത്യപ്പെടുത്തുകയും ചെയ്ത ശേഷം അദ്ദേഹത്തിന്റെ അടുക്കലേക്ക് പോവുകയായിരുന്നു. അത് അദ്ദേഹത്തിന് വ്യക്തമാവുകയും ചെയ്തു. അവരുടെ പ്രശ്‌നം യഅ്ജൂജ്മഅ്ജൂജായിരുന്നു. അത് പ്രധാനപ്പെട്ട ഒരു വിഷയം തന്നെയായിരുന്നു. അവര്‍ ഭൂമിയില്‍ വിനാശം വിതയ്ക്കുന്നത് അവസാനിപ്പിക്കുന്ന വലിയ മതില്‍ നിര്‍മിക്കുന്നതിന് തങ്ങളുടെ കായിക പരിശ്രമവും കരവും നല്‍കാമെന്ന് അദ്ദേഹത്തിന് മുന്നില്‍ സമൂഹം നിര്‍ദേശം വെക്കുകയായിരുന്നു.

പുതിയ സ്വഭാവ ഗുണങ്ങളിലൂടെ പുതിയ ജീവിതം പടുത്തുയര്‍ത്താം

ദുല്‍ഖര്‍നൈന്‍ സംഭവത്തിന് വിശുദ്ധ റമദാനുമായി സാമ്യമുണ്ട്. അത്, ആ സമൂഹത്തിന് ദുല്‍ഖര്‍നൈനിനെ ലഭിച്ചതുപോലെ, എപ്പോഴും ലഭ്യമാകുന്ന അവസരമല്ല. നാം ഉപയോഗപ്പെടുത്തുന്നതിന് നമ്മിലേക്ക് വന്നെത്തിയ അവസരമാണത്. നമ്മെ സഹായിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമായി നമ്മിലേക്ക് വന്നെത്തിയ ആ അവസരത്തിന് നാം ഉത്തരം നല്‍കേണ്ടതുണ്ട്. നമ്മുടെ ന്യൂനതകളും തെറ്റുകളും മനസ്സിലാക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്. കാരണം നാം സഹായം ആവശ്യമുള്ളവരും മാറ്റത്തിനായി തയ്യാറെടുക്കുന്നവരുമാണ്.

മാന്യരേ, യഅ്ജൂജ്, മഅ്ജൂജ് പ്രശ്‌നത്തെ പോലെ നമ്മെ നശിപ്പിച്ചുകളയുന്ന പ്രശ്‌നത്തെ നാം വ്യക്തമായി തിരിച്ചറിയുന്നില്ലായെങ്കില്‍ നമ്മിലേക്ക് വന്നെത്തിയ വിശുദ്ധ റമദാനെന്ന അവസരത്തെ ഉപയോഗപ്പെടുത്തുന്നതില്‍ ഒരുപക്ഷേ, നാം പരാജയപ്പെട്ടുപോകുന്നതായിരിക്കും. അതിനാല്‍ ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. റമദാന്‍ വിടവാങ്ങിയാല്‍ റമദാനിന്റെ സ്വാധീനം അവസാനിക്കാതിരിക്കുന്നതിന് പ്രശ്‌നങ്ങളെ പ്രത്യേക സാഹചര്യങ്ങളിലേക്ക് മാത്രം ചുരുക്കാതിരിക്കുക. തുടര്‍ന്ന് മാറ്റത്തിനായി തയ്യാറെടുക്കുക. ആ മാറ്റമെന്നത് നിങ്ങള്‍ റമദാനിന് (പ്രശ്‌നങ്ങള്‍ ദുരീകരിച്ച് തരുന്നതിന്) കരമായോ പകരമായോ നല്‍കേണ്ടതില്‍ നിങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ തെറ്റുകള്‍ക്കുമിടയില്‍ വിശുദ്ധ റമദാന്‍ വലിയൊരു മതില്‍ നിര്‍മിക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും ക്ഷമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുക.

എന്തൊന്നാണ് പതിനൊന്ന് മാസങ്ങളില്‍ നിങ്ങളെ തിന്നുകൊണ്ടിരുന്നതെന്ന് നിങ്ങള്‍ കണ്ടെത്തുക. ക്ഷമിക്കാന്‍ കഴിയുന്നില്ലെന്നതാണോ നിങ്ങളുടെ പ്രശ്‌നം? അതല്ല, ഒരു കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്നതാണോ നിങ്ങളുടെ പ്രശ്‌നം? അതുമല്ല, സംതൃപ്തിയില്ലാതിരിക്കുക, ദേഷ്യപ്പെടുക, നാവിനെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക എന്നതാണോ നിങ്ങളുടെ പ്രശ്‌നം? നിങ്ങള്‍ക്കാണ് നിങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും മനസ്സിലാക്കാനും കഴിയുന്നത്. അതിനാല്‍, നിങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നമെന്തെന്ന് നിങ്ങള്‍ കണ്ടെത്തി അതിനെതിരെ പ്രവര്‍ത്തിക്കുക. നിങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോവുകയും ചെയ്യുക. മുപ്പത് ദിനങ്ങളെന്നത് പുതിയ ശീലങ്ങള്‍ പതിവാക്കുന്നതിനുള്ള അവസരമാണ്.

സുന്നത്ത് ജീവിപ്പിക്കുകയെന്നതാണ് റമദാന്‍

ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന വൈറസ് മൂലം ഈ വര്‍ഷത്തെ റമദാന്‍ വ്യതിരിക്തമാണ്. എല്ലാവരും വീട്ടിലിരിക്കുകയാണ്. നിങ്ങളുടെ ആത്മീയതയും തറാവീഹ് നമസ്‌കാരവുമെല്ലാം അവിടെയാണ്. ഇത് നിങ്ങളുടെ മനസ്സിനെ സംസ്‌കരിക്കാനും മാറ്റിപ്പണിയാനുമുള്ള ഏറ്റവും നല്ല അവസരമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? ഈയൊരു സന്ദര്‍ഭത്തില്‍ നമുക്ക് തനിച്ചിരുന്ന് കൂടുതലായി നമ്മുടെ സ്വഭാവത്തിലേക്കും വ്യക്തിത്വത്തിലേക്കും മടങ്ങിച്ചെല്ലാന്‍ കഴിയുന്നു. കൂടാതെ നമ്മെ ഉദ്‌ബോധിപ്പിക്കണമെന്നോ ബോധവത്കരിക്കണമെന്നോ അടിസ്ഥാനമില്ലാത്ത, മേച്ഛമായ മാധ്യമങ്ങളില്‍ നിന്നകന്ന് പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കാനും നമ്മുടെ കേള്‍വിയെയും മനസ്സിനെയും വിശുദ്ധ ക്വുര്‍ആനിന് വിട്ടുകൊടുക്കാനും കഴിയുന്നു.

മാന്യരേ, ദുനിയാവിന്റെ അവസ്ഥയെന്നത് ചിലര്‍ അവരുടെ ജോലികളിലും പഠനങ്ങളിലും വ്യാപൃതരാകുന്നുവെന്നതാണ്. മറ്റുചിലര്‍ അവരുടെ മക്കളുടെ കാര്യങ്ങളില്‍ ശ്രദ്ധിച്ച് കഴിഞ്ഞുകൂടുന്നുവെന്നതാണ്. വളരെ കുറച്ചുപേര്‍ മാത്രമാണ് അല്ലാഹുവിന്റെ സാമീപ്യം തേടിക്കൊണ്ട് അവനിലേക്ക് അടുക്കുന്നത്; ക്വുര്‍ആനിലേക്ക് മടങ്ങുന്നത്. നിശ്ചയദാര്‍ഢ്യത്തോടെയും മനസ്സാന്നിധ്യത്തോടെയും ഭയഭക്തിയോടെയും സംതൃപ്തിയോടെയും നിങ്ങള്‍ ചെയ്യുന്ന ഓരോ നന്മയും അല്ലാഹു സ്വീകരിക്കുകയും അത് നിങ്ങളുടെ സ്വര്‍ഗ പ്രവേശനത്തിന് കാരണമാവുകയും ചെയ്യുന്നതാണ്. നാം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടല്ല; അവന്റെ കാരുണ്യം കൊണ്ടാണ്. നായക്ക് കുടിക്കാന്‍ വെള്ളം നല്‍കിയ മനുഷ്യന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചത് നിങ്ങള്‍ക്ക് അറിയില്ലേ? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന നന്മയിലുള്ള വിശ്വാസം നിങ്ങള്‍ നഷ്ടപ്പെടുത്തരുത്. ഇപ്രകാരമാണ് റമദാന്‍ നിങ്ങളെ മാറ്റിപ്പണിയേണ്ടത്. അങ്ങനെ വിശുദ്ധിയെന്തെന്ന് നിങ്ങള്‍ അനുഭവിക്കുന്നു. നിങ്ങളിലൂടെ പ്രശാന്തത പരക്കുന്നു. പിന്നീട് ഒരിക്കലും, ഈ അനുഭവങ്ങള്‍ വെടിയുകയെന്നത് നിങ്ങള്‍ക്ക് നിസ്സാരമായി കാണാന്‍ കഴിയുകയില്ല. എന്നെ വിശ്വസിച്ചാലും!