പ്രമാണങ്ങളെ അവഗണിക്കുന്നവര്‍

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

2020 മാര്‍ച്ച് 28 1441 ശഅബാന്‍ 04

(സ്വൂഫികളും വിശ്വാസ വ്യതിയാനവും: 7)

(വിവ: ശമീര്‍ മദീനി)

സ്വൂഫികള്‍ പണ്ഡിതന്മാരുടെ സ്ഥാനം കുറച്ചുകാണുന്നവരാണെന്നും അവരുടെ ശ്രേഷ്ഠത മനസ്സിലാക്കാത്തവരാണെന്നും കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. എന്നാല്‍ അനവധി സൂക്തങ്ങളിലൂടെ അവരുടെ ഉന്നതമായ സ്ഥാനവും പദവിയും ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്.

''നിനക്കു മുമ്പ് മനുഷ്യന്മാരെയല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം സന്ദേശം നല്‍കുന്നു. നിങ്ങള്‍ക്ക് അറിഞ്ഞുകൂടെങ്കില്‍ (വേദം മുഖേന) ഉല്‍ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോദിച്ചു നോക്കുക'''(ക്വുര്‍ആന്‍ 16:43).

''സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്കു വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെമേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു'' (ക്വുര്‍ആന്‍ 4:83).

ഔലിയാക്കളുടെ ക്വബ്‌റുകള്‍ക്കുക്കുമീതെ ശവകുടീരങ്ങള്‍ പടുത്തുയര്‍ത്തലും സൂഫികളുടെ ഒരു ആചാരമാണ്. എന്നാല്‍ നബി ﷺ യാകട്ടെ ക്വബ്‌റുകള്‍ക്കു മീതെ കെട്ടിടം നിര്‍മിക്കുന്നതിനെ വിരോധിക്കുകയാ ണ് ചെയ്തിട്ടുള്ളത്. സ്വഹീഹു മുസ്‌ലിമില്‍ വന്ന ജാബിര്‍(റ)വിന്റെ ഹദീഥില്‍നിന്നും ഇക്കാര്യം വ്യക്തമാണ്.

(സ്വഹീഹു മുസ്‌ലിമില്‍ ''ക്വബ്ര്‍ കുമ്മായമിടുന്നതും അതിന്മേല്‍ കെട്ടിടം നിര്‍മിക്കുന്നതും വിരോധി ക്കല്‍' എന്ന ശീര്‍ഷകത്തിലാണ് ഈ ഹദീഥുള്ളത്. പ്രസ്തുത ഹദീഥ് ഇപ്രകാരമാണ്: ജാബിര്‍(റ) പറയുന്നു: ''ക്വബ്ര്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും ക്വബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കുന്നതും നബി ﷺ  വിരോധിച്ചിരിക്കുന്നു'' -വിവര്‍ത്തകന്‍)

അമീറുല്‍ മുഅ്മിനീന്‍ അലിയ്യുബ്‌നു അബീത്വാലിബ്(റ) അബുല്‍ ഹയ്യാജ് അല്‍അസദി(റ)യോട് പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ  എന്നെ നിയോഗിച്ചയച്ച ഒരു കാര്യത്തിന് ഞാന്‍ നിന്നെ നിയോഗിക്കട്ടെയോ? അതായത്, ഉയര്‍ന്നുനില്‍ക്കുന്ന ഒരു ക്വബ്‌റും നിരപ്പാക്കാതെ നീ വിട്ടുകളയരുത്'' (മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, നസാഈ).

ജിഹാദ് (ധര്‍മ സമരം), നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും, മതവിധികള്‍ ജനങ്ങളെ പഠിപ്പിക്കല്‍ തുടങ്ങി ഇസ്‌ലാം നിര്‍ദേശിച്ചതും മഹത്ത്വം വിവരിച്ചതുമായ ഉല്‍കൃഷ്ട കര്‍മങ്ങള്‍ ഉപേക്ഷിക്കലും സ്വൂഫികളുടെ മറ്റൊരു രീതിയാണ്.

നബി ﷺ  പറയുന്നു:''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രാവിലെയോ വൈകുന്നേരമോ സഞ്ചരിക്കല്‍ ഈലോകത്തെയും അതിലുള്ളതിനെക്കാളുമൊക്കെ ഉത്തമമാണ്'''(ബുഖാരി, മുസ്‌ലിം).

നബി ﷺ  പറഞ്ഞു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു ദാസന്റെ കാല്‍പാദങ്ങളില്‍ മണ്ണു പുരളുന്നുവോ അയാളെ നരകാഗ്നി സ്പര്‍ശിക്കുകയില്ല'' (ബുഖാരി).

ഈ ഹദീഥുകളൊക്കെ ഇമാം ബുഖാരി ഉദ്ധരിച്ച പ്രബലമായ റിപ്പോര്‍ട്ടുകളാണ്. നന്മ കല്‍പിക്കുന്നതിനെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ''മനുഷ്യവംശത്തിനു വേണ്ടി രംഗത്തുകൊണ്ടുവരപ്പെട്ട  ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു'' (ക്വുര്‍ആന്‍ 3:110).

''സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.'' (9:71)

സ്വഹീഹു മുസ്‌ലിമില്‍ അബൂസഈദ്(റ)ന്റെ ഹദീഥില്‍ ഇപ്രകാരം കാണാം. നബി ﷺ  പറഞ്ഞു: ''നിങ്ങളിലാരെങ്കിലും വല്ല തിന്മയും കാണുന്നുവെങ്കില്‍ തന്റെ കൈകൊണ്ട് അതിനെ തടുക്കട്ടെ, അതിന് കഴിയുന്നില്ലെങ്കില്‍ തന്റെ നാവുകൊണ്ടും അതിനും സാധിക്കുന്നില്ലെങ്കില്‍ തന്റെ ഹൃദയംകൊണ്ടും. അത് ഈമാനിന്റെ ഏറ്റവും ദുര്‍ബലാവസ്ഥയാണ്.''

നല്ല പരമ്പരയോടെ സുനനുകളില്‍ ഇപ്രകാരം വന്നിക്കുന്നു: നബി ﷺ  പറയുന്നു: ''ജനങ്ങള്‍ അക്രമിയെ കണ്ടിട്ടും അയാളുടെ കൈകള്‍ക്ക് പിടിക്കുന്നില്ലെങ്കില്‍ അല്ലാഹു അവര്‍ക്ക് മൊത്തത്തില്‍ ശിക്ഷയിറക്കുന്നതാണ്''  (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ).

ജനങ്ങളെ പഠിപ്പിക്കുന്നതിന്റെയും ഇസ്‌ലാമിക പ്രബോധനത്തിന്റെയും പ്രാധാന്യവും മഹത്ത്വവും സംബന്ധിച്ച് നബി ﷺ യുടെ ഈ വാക്കുകള്‍ കാണുക: ''നീ മുഖേന ഒരാളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുന്നത് മുന്തിയതരം ചുവന്ന ഒട്ടകങ്ങള്‍ നിനക്കുണ്ടാകുന്നതിനെക്കാള്‍  ഉത്തമമാണ്'' (ബുഖാരി, മുസ്‌ലിം).

''ആരെങ്കിലും ഒരാളെ ഒരു സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അത് പിന്‍പറ്റുന്നവരുടേതിനൊക്കെയും സമാനമായ പ്രതിഫലം അയാള്‍ക്കുണ്ടായിരിക്കും. അത് അവരുടെ പ്രതിഫലത്തില്‍ നിന്നും യാതൊരു കുറവും വരുത്തുകയുമില്ല''(മുസ്‌ലിം).

പ്രബലമായ പരമ്പരയോടുകൂടി തിര്‍മിദി ഉദ്ധരിക്കുന്ന അബൂഉമാമ(റ)യുടെ ഹദീഥില്‍ നബി ﷺ  പറയുന്നു: ''ഭക്തനെ അപേക്ഷിച്ച് ഒരു പണ്ഡിതന്റെ ശ്രേഷ്ഠത, നിങ്ങളില്‍ ഏറ്റവും താഴെയുള്ള ഒരാളെയപേക്ഷിച്ച് എന്റെ ശ്രേഷ്ഠത പോലെയാണ്. തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശങ്ങളിലും ഭൂമിയിലുമള്ളവരും മാളത്തിലുള്ള ഉറുമ്പും മത്സ്യം വരെയും ജനങ്ങള്‍ക്ക് നന്മ പഠിപ്പിക്കുന്നവര്‍ക്കായി അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതാണ്.''

(അല്ലാഹു അനുഗ്രഹം ചെയ്യുമെന്നും മറ്റുള്ളവര്‍ അനുഗ്രഹത്തിനായി അല്ലാഹുവോട് പ്രാര്‍ഥിക്കുമെന്നും വിവക്ഷ-വിവര്‍ത്തകന്‍).'

ഇബ്‌നു മസ്ഊദി(റ)ന്റെ ഹദീഥില്‍ നബി ﷺ  പറയുന്നു: ''നമ്മില്‍ നിന്നും വല്ലതും കേള്‍ക്കുകയും എന്നിട്ട് അതു കേട്ടപ്രകാരം തന്നെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തയാളെ അല്ലാഹു പ്രശോഭിപ്പിക്കട്ടെ! നേരിട്ട് കേള്‍ക്കുന്നവരെക്കാള്‍ വാര്‍ത്തയെത്തുന്ന എത്രയോ ആളുകള്‍ കൂടുതലായി അത് ഉള്‍ക്കൊള്ളുന്നുണ്ടാവും'' (തിര്‍മിദി).

എന്നാല്‍ സ്വൂഫികളെ കുറിച്ച് നിങ്ങളന്വേഷിച്ചുനോക്കിയാല്‍ നബി ﷺ യുടെ ഹദീഥുകള്‍ പഠിക്കുന്ന രീതി അവര്‍ക്കിടയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

അന്യ സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള പരസ്പര സമ്പര്‍ക്കവും അവരില്‍ കാണുന്ന മറ്റൊരു ദുഷ്പ്രവണതയാണ.്

(അന്യസ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ പാലിക്കേണ്ട ഇസ്‌ലാം പഠിപ്പിച്ച വിധത്തിലുള്ള മറയും അകല്‍ച്ചയുമൊന്നും അവര്‍ ശ്രദ്ധിക്കുകയോ പാലിക്കുകയോ ചെയ്യാറില്ല എന്നര്‍ഥം-വിവര്‍ത്തകന്‍).

എന്നാല്‍ നബി ﷺ  പറയുന്നത് കാണുക:''ഒരു പുരുഷനും അന്യസ്ത്രീയുമായി തനിച്ചാകരുത്'' (ബുഖാരി, മുസ്‌ലിം).

''നിങ്ങള്‍ അന്യസ്ത്രീകളുടെയടുക്കല്‍ പ്രവേശിക്കുന്നത് സൂക്ഷിക്കുക''(ബുഖാരി, മുസ്‌ലിം).

നബി ﷺ  കൊണ്ടുവന്ന മാതൃകയനുസരിച്ചല്ലാതെ ഒരു ആരാധനാകര്‍മവും നാം ചെയ്തുകൂടാ എന്നാണ് പ്രമാണങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. അതായത്, നബി ﷺ യുടെ മാതൃകയില്ലാത്ത ഏതൊരു ആരാധനാകര്‍മവും നൂതനാചാരവും (ബിദ്അത്ത്) വഴികേടുമായിരിക്കും.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്''(33:21).

''അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളിയും അവര്‍ക്കുണ്ടോ?'' (42:21).

നബി ﷺ  പറയുന്നു: ''നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) ആരെങ്കിലും അതിലില്ലാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാല്‍ അത് തിരസ്‌കരിക്കപ്പെടുന്നതാണ്'' (ബുഖാരി, മുസ്‌ലിം).

''വചനങ്ങളില്‍ ഉത്തമം അല്ലാഹുവിന്റെ ഗ്രന്ഥമായ ക്വുര്‍ആനാണ്. മാതൃകകളില്‍ ഉത്തമം മുഹമ്മദ് നബി ﷺ യുടെ മാതൃകയാണ്. കാര്യങ്ങളില്‍ ഏറ്റവും ചീത്തയായത് നൂതന നിര്‍മിതികളാണ്. എല്ലാ നൂതന ആചാരങ്ങളും വഴികേടാണ്''(മുസ്‌ലിം).

''നിങ്ങള്‍ എന്റെ സുന്നത്തും എനിക്കു ശേഷം സച്ചരിതരായ ഖലീഫമാരുടെ ചര്യയും പിന്‍പറ്റുക. അവ നിങ്ങള്‍ മുറുകെപിടിക്കുക. അണപ്പല്ലുകള്‍ കൊണ്ടവയെ നിങ്ങള്‍ കടിച്ചുപിടിക്കുക. പുതു നിര്‍മിതങ്ങളായ കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും പുത്തനാചാരങ്ങളൊക്കെയും വഴികേടാണ്'' (സില്‍സിലത്തുസ്‌സ്വഹീഹ: 2735).

നസാഈ(റ)യുടെ റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്: ''എല്ലാ വഴികേടും നരകത്തിലുമാണ്.''''

ഇത്രയൊക്കെ പ്രമാണവചനങ്ങള്‍ ഉണ്ടായിട്ടും സൂഫികള്‍ ദീനില്‍ സ്ഥിരപ്പെട്ടിട്ടില്ലാത്തതും നബി ﷺ യുടെ സ്വഹാബികള്‍ ചെയ്തിട്ടില്ലാത്തതുമായ എത്രയോ ആചാരങ്ങള്‍ പടച്ചുണ്ടാക്കിയിരിക്കുന്നു! പള്ളി കള്‍ക്കു പുറമെ ആരാധനകള്‍ക്കായി പ്രത്യേക കേന്ദ്രങ്ങളുണ്ടാക്കുന്നതും പാട്ടും കൂത്തും നൃത്ത മേളങ്ങളും ഒക്കെ സംഘടിപ്പിക്കലും ഇത്തരം പുത്തനാചാരങ്ങളാണ്. ദിക്‌റുകള്‍ കേട്ടുകൊണ്ട് മസ്തും ബുദ്ധിഭ്രംശവും പ്രകടിപ്പിക്കലും അല്ലാഹുവിനോടുള്ള അനുരാഗ ജല്‍പനവും പ്രവാചകന്മാരുടെയും ഔലിയാക്കന്മാരുടെയും ജന്മദിനങ്ങള്‍ ആഘോഷിക്കലും സ്വൂഫീ ശൈഖുമാര്‍ക്കുള്ള ബൈഅത്തും അല്ലാഹുവിന്റെ വെറും പേരു മാത്രം കൊണ്ട് അല്ലാഹ്, അല്ലാഹ്... അല്ലെങ്കില്‍ ഹു, ഹു'എന്നിങ്ങനെ ദിക്ര്‍ ചൊല്ലലും ശവകുടീരങ്ങളിലേക്കുള്ള തീര്‍ഥയാത്രകളും ഒക്കെ വഴിപിഴച്ച നൂതനാചാരങ്ങളാണ്. മാത്രമല്ല, ഹജ്ജുപോലെ വര്‍ഷത്തില്‍ ഇത്തരം സിയാറത്തിനായി പ്രത്യേക ദിവസങ്ങള്‍ നിശ്ചയിക്കുകകയും ലക്ഷ ങ്ങള്‍ ചെലവഴിച്ചുകൊണ്ട് അതിനായി ഒരുമിച്ചുകൂടുന്നതും നിങ്ങള്‍ക്ക് കാണാം. നബി ﷺ യാകട്ടെ ഹജ്ജിലല്ലാതെ ഇത്തരമൊരു വാര്‍ഷിക സംഗമം സമുദായത്തിന് മതപരമാക്കി മാതൃക കാണിച്ചിട്ടില്ല.

നബിമാരുടേതുപോലെ ഔലിയാക്കന്മാരുടെ 'ആഥാറുകള്‍''കൊണ്ടും ബര്‍കത്തെടുക്കുന്ന രീതി സ്വൂഫികള്‍ക്കിടയിലുണ്ട്. (അവരുടെ ശേഷിപ്പുകള്‍ എന്ന് സാരം. അഥവാ അവര്‍ ഉപയോഗിച്ചതും ഉപേക്ഷിച്ചു പോയതുമായ വസ്തുക്കള്‍-വിവര്‍ത്തകന്‍).

പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടുവന്ന വസ്തുക്കള്‍ കൊണ്ട് മാത്രമെ ബര്‍കത്തെടുക്കാന്‍ പാടുള്ളൂ. അതുകൊണ്ടാണ് അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും 'ആഥാറു'കള്‍ കൊണ്ട് സ്വഹാബികള്‍ ആരും ബര്‍കത്തെടുക്കാതിരുന്നത്. അവരാകട്ടെ, നബി ﷺ ക്കു ശേഷം ഈ ഉമ്മത്തിലെ ഏറ്റവും ഉല്‍കൃഷ്ടരായ വ്യക്തിത്വങ്ങളാണ്.

അപ്രകാരം തന്നെ ഔലിയാക്കളെ കൊണ്ട് സത്യം ചെയ്യലും പാടുള്ളതല്ല. 'സയ്യിദ് ബദവിയുടെ ജീവിതം തന്നെയാണെ സത്യം!' എന്നിങ്ങനെ പറയല്‍ അനുവദനീയമല്ല. (നമ്മുടെ നാട്ടില്‍ മുഹ്‌യുദ്ദീന്‍ ശൈഖ് തന്നെയാണെ സത്യം, ബദ്‌രീങ്ങള്‍ തന്നെയാണെ സത്യം എന്നൊക്കെ പറയാറുള്ളതും ഇതുപോലെ യാണ്-വിവര്‍ത്തകന്‍).

കാരണം, നബി ﷺ  പറയുന്നു: ''ആരെങ്കിലും സത്യം ചെയ്യുകയാണെങ്കില്‍ അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യട്ടെ! അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ!''(ബുഖാരി, മുസ്‌ലിം).

''ആരെങ്കിലും അല്ലമാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്താല്‍, തീര്‍ച്ചയായും അയാള്‍ അവിശ്വാസി (കാഫിര്‍) ആയി. അല്ലെങ്കില്‍ ബഹുദൈവ വിശ്വാസി (മുശ്‌രിക്ക്) ആയി''(അഹ്മദ്, തിര്‍മിദി).

പ്രവാചക കാലഘട്ടത്തിലെയും സ്വഹാബത്തിന്റെ കാലഘട്ടത്തിലെയും സ്ഥിതിവിശേഷങ്ങളെ കുറിച്ച് എന്താണ് മനസ്സിലാക്കിയത്? പില്‍കാലക്കാരായ ഈ സൂഫികള്‍ ആ കാലക്കാരെക്കാള്‍ ഉല്‍കൃഷ്ടരാണെന്നാണോ? അതുമാത്രമല്ല ചിന്തയും ബുദ്ധിയുമൊക്കെ ഒഴിവാക്കണമെന്നും തങ്ങളുടെ പക്കലുള്ള മത നിയമങ്ങളിലേക്കൊന്നും നോക്കരുതെന്നും ഔലിയാക്കളെന്ന് തങ്ങള്‍ പറയുന്ന ആളുകളെ അനുസരിക്കുകയാണ് വേണ്ടതെന്നുമാണ് മുരീദുമാരോട് ഇവര്‍ ആവശ്യപ്പെടുന്നത്.

കറാമത്തുകളെക്കുറിച്ച് പറയുകയാണെങ്കില്‍; നാം അവയില്‍ വിശ്വസിക്കുന്നു. പക്ഷേ, കറാമത്തു നല്‍കപ്പെടാത്തവരെക്കാള്‍ അത് നല്‍കപ്പെട്ടവരാണ് ഏറ്റവും ഉത്തമര്‍ എന്നില്ല. ചിലപ്പോള്‍ ഏറ്റവും ഉത്തമരായവര്‍ക്ക് നല്‍കാതെ അവര്‍ക്ക് താഴെയുള്ള ഉത്തമര്‍ക്ക് അത് നല്‍കപ്പെട്ടേക്കാം. ചിലപ്പോള്‍ അത് ഒരു പരീക്ഷണവുമായേക്കാം. അതായത്, അതുണ്ടായതിന് ശേഷവും അയാള്‍ നബി ﷺ യുടെ മാതൃക മുറുകെപിടിച്ച് ജീവിക്കുണ്ടോ അതല്ല അഹംഭാവം നടിച്ച് തന്റെ സ്ഥിതിയില്‍ വഞ്ചിതനാവുകയാണോ എന്ന പരീക്ഷണം. പിന്നെ, കറാമത്തുണ്ടാവുകയെന്നത് ലക്ഷ്യമല്ല. കറാമത്തുകൊണ്ട് ഒരാളുടെ സ്ഥാനം അല്ലാഹുവിന്റെയടുക്കല്‍ വര്‍ധിക്കുന്നില്ല. പ്രത്യുത അല്ലാഹുവിനെ അനുസരിച്ച്, അവന് വഴിപ്പെട്ട് ജീവിക്കുന്നതിലൂടെയാണ് ഒരാളുടെ പദവി അധികരിക്കുന്നത്. അതുകൊണ്ടാണിങ്ങനെ പറയുന്നത്: ''നീ നേര്‍മാര്‍ഗത്തിലുറച്ച് നില്‍ക്കാനായി പ്രാര്‍ഥിക്കുക, അല്ലാതെ കറാമത്തിന് വേണ്ടിയല്ല പ്രാര്‍ഥിക്കേണ്ടത്. നിന്റെ റബ്ബ് നിന്നില്‍നിന്ന് നേരെ ചൊവ്വെ നിലനില്‍ക്കലാണ് (ഇസ്തിക്വാമത്ത്)ആവശ്യപ്പെടുന്നത്. കറാമത്തുണ്ടാവുക എന്നതല്ല ഒരാള്‍ വലിയ്യാകുന്നതിനുള്ള മാനദണ്ഡം. 'വിലായത്ത്' സത്യവിശ്വാസം കൊണ്ടും തക്വ്‌വ കൊണ്ടുമാണ് ഉണ്ടാകുന്നത്. അല്ലാതെ കറാമത്തുകള്‍ കൊണ്ടല്ല.'''

അല്ലാഹു പറയുന്നു: ''ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍''(10:62,63).

അസാധാരണ സംഭവങ്ങളുണ്ടായില്ല എന്നതുകൊണ്ട് ഒരു സത്യവിശ്വാസിക്ക് യാതൊരു തകരാറുമില്ല. അല്ലാഹുവിന്റെയടുക്കല്‍ അയാളുടെ പദവിക്ക് യാതൊരു കുറവും സംഭവിക്കുകയില്ല. എന്നാല്‍ പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്നതിനെ കുറിച്ചാണെങ്കില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവര്‍ക്ക് അവന്‍ ഉത്തരം ചെയ്യും എന്നതാണ് അടിസ്ഥാനം. എന്നാല്‍ പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്നതിന് ചില പ്രതിബന്ധങ്ങള്‍ ഒരുപക്ഷേ, ഉണ്ടായേക്കാം. അതല്ലെങ്കില്‍ ചിലപ്പോള്‍ ആ പ്രാര്‍ഥനക്ക് ഉത്തരം കിട്ടാതിരിക്കലായിരിക്കും ആ അടിമയെ സംബന്ധിച്ചിടത്തോളം നന്നായിട്ടുള്ളത്. അങ്ങനെ അതിന്റെ പ്രതിഫലം അല്ലാഹു അയാള്‍ക്ക് പരലോകത്തേക്ക് സൂക്ഷിച്ചുവെക്കും. അല്ലാതെ ഒരാളുടെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടി എന്നതുകൊണ്ട് മറ്റുള്ളവരെക്കാളൊക്കെ ഉല്‍കൃഷ്ടനാണ് ആ വ്യക്തി എന്നോ, അല്ലാഹുവിനോട് അനുസരണക്കേടാവുന്ന കാര്യങ്ങളിലും അയാളെ അനുസരിക്കാമെന്നോ അതിനര്‍ഥമില്ല. 'പുനരുത്ഥാനനാള്‍ വരേക്കും ആയുസ്സ് നല്‍കേണമേ' എന്ന ഇബ്‌ലീസിന്റെ പ്രാര്‍ഥനക്കും ഉത്തരം നല്‍കപ്പെട്ടിട്ടുണ്ടല്ലൊ! മഹാനായ മുഹമ്മദ് നബി ﷺ  അല്ലാഹുവിനോട് പ്രാര്‍ഥിച്ച അനവധി പ്രാര്‍ഥനകള്‍ക്ക് ഉത്തരം കിട്ടിയിട്ടുണ്ട് എന്നതിനോടൊപ്പം തന്നെ തന്റെ പിതൃവ്യനായ അബൂത്വാലിബിന് വേണ്ടി പ്രാര്‍ഥിച്ചതിന് ഉത്തരം കിട്ടിയില്ല. എന്നു മാത്രമല്ല അല്ലാഹുവിന്റെ ഈ വചനം അവതരിക്കുകയാണ് ചെയ്തത്.

''തീര്‍ച്ചയായും നിനക്കിഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ അല്ലാഹു താനുദ്ദേശിച്ചവരെ നേര്‍വഴിയിലാക്കുന്നു. സന്മാര്‍ഗം പ്രാപിക്കുന്നവരെ പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 28:56).