പ്രവാചകന്‍മാരിലുള്ള വിശ്വാസം

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

2020 മാര്‍ച്ച് 14 1441 റജബ് 19

(സ്വൂഫികളും വിശ്വാസ വ്യതിയാനവും: 4)

(വിവ: ശമീര്‍ മദീനി)

മനുഷ്യരെ നന്മയിലേക്ക് നയിക്കുന്നതിനും സന്മാര്‍ഗ ദര്‍ശനത്തിനുമായി അല്ലാഹു നിരവധി ദൂതന്മാരെ യും പ്രവാചകന്മാരെയും മനുഷ്യവര്‍ഗത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് അറിയിക്കുന്ന അനവധി തെളിവുകളുണ്ട്.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി). എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചു തള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നുവെന്ന് നോക്കുക'' (ക്വുര്‍ആന്‍ 16:36).

അവര്‍ അറിയിക്കുന്ന കാര്യങ്ങള്‍ സത്യപ്പെടുത്തി അംഗീകരിക്കലും അവര്‍ കല്‍പിക്കുന്ന കാര്യങ്ങളില്‍ അവരെ അനുസരിക്കലും അല്ലാഹു നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് നബി ﷺ  മനുഷ്യരില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടനും അന്ത്യപ്രവാചകനുമാണെന്ന് നാം വിശ്വസിക്കുന്നു. നമ്മുടെ സ്വന്തം ശരീരത്തെക്കാളും മറ്റു സര്‍വ സൃഷ്ടികളേക്കാളുമെല്ലാമുപരിയായി നാം അദ്ദേഹത്തെ സ്‌നേഹിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തെ ആദരിക്കുകയും മഹത്തരമായ പല പ്രത്യേകതകളും നല്‍കി അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. പരലോകത്തുവെച്ചുള്ള ശുപാര്‍ശ(ശഫാഅത്ത്)യും ഹൗളുല്‍ കൗഥറുമൊക്കെ അവയില്‍പെട്ടതാണ്.

എന്നാല്‍ നബിമാരിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട് മറ്റുപല ചിന്താഗതികളുമാണ് സ്വൂഫികള്‍ക്കള്‍ക്കുള്ളത്. അവരില്‍ ഭൂരിഭാഗവും പറയാറുള്ളതുപോലെ, മുഹമ്മദ് നബി ﷺ  പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതും അേദ്ദഹത്തിന്റെ പ്രകാശമാണ് 'ആദ്യസൃഷ്ടി' എന്നതുമൊക്കെ അത്തരത്തിലുള്ള ചിലതു മാത്രമാണ്. എന്നാല്‍ അല്ലാഹു പറയുന്നത് ഇപ്രകാരമാണ്:

''പറയുക: തീര്‍ച്ചയായും ഞാന്‍ നിങ്ങളെ പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം(വഹ്‌യ്) നല്‍കപ്പെട്ടിരിക്കുന്നു'''(ക്വുര്‍ആന്‍ 18:110).

അല്ലാഹുവിന്റെ ഈ വചനങ്ങളും അവരുടെ വാദത്തിന് മറുപടി നല്‍കുന്നുണ്ട്.

''തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമാ യിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു'''(ക്വുര്‍ആന്‍ 23:12,13).

''കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അവനെ നാം പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കു ന്നു'''(ക്വുര്‍ആന്‍ 76:2).

അറിയപ്പെട്ട രണ്ട് ക്വുറൈശീ മാതാപിതാക്കള്‍ക്ക് ജനിച്ച സന്തതിയാണ് മുഹമ്മദ് നബി ﷺ  എന്നതും സുപ്രസിദ്ധമാണ്. അല്ലാഹു പറയുന്നു:

''മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്നപക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്'' (ക്വുര്‍ആന്‍ 3:144).

അവരില്‍ ചിലര്‍ നബി ﷺ യിലേക്ക് ഒരു കള്ളവാര്‍ത്ത ചേര്‍ത്ത് പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. അതായത് അവിടുന്ന് ഇങ്ങനെ പറഞ്ഞു പോല്‍: ''ആദം കളിമണ്ണിനും വെള്ളത്തിനുമിടയില്‍ ആയിരിക്കെത്തന്നെ ഞാന്‍ നബിയായിരുന്നു.''

യാതൊരടിസ്ഥാനവുമില്ലാത്ത ഇത് നിര്‍മിതമായ, വ്യാജ ഹദീഥാണെന്ന വസ്തുത അനവധി പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ആശയം നിരര്‍ഥകവുമാണ്. ആദം(അ) കളിമണ്ണിനും വെള്ളത്തിനുമിട യില്‍ ആയിരുന്ന ഒരവസ്ഥ ഉണ്ടായിട്ടേയില്ല. കളിമണ്ണ് എന്നതു തന്നെ മണ്ണും വെള്ളവും ചേര്‍ന്നതാണ്. തീര്‍ച്ചയായും ആദം(അ) ആകട്ടെ, ശരീരവും ആത്മാവും ചേര്‍ന്നതാണ്.

'ലൗഹുല്‍ മഹ്ഫൂളി'ലുള്ളതൊക്കെയും നബി ﷺ ക്ക് അറിയുമെന്നും അദ്ദേഹത്തിന്റെ ഔദാര്യമാണ് ദുന്‍യാവെന്നുമൊക്കെ അവരില്‍ ചിലര്‍ ജല്‍പിക്കുന്നു. അല്ലാഹു നബി ﷺ യോട് പറയുന്നത് കാണുക:

''(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് മറഞ്ഞ കാര്യങ്ങളറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്'' (ക്വുര്‍ആന്‍ 7:188).

അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്താന്‍ എനിക്ക് ഒരു വിധത്തിലും സാധിക്കുകയില്ലെന്ന് നബി ﷺ  തന്റെ അടുത്ത ബന്ധുക്കളോടു പോലും പറഞ്ഞിരുന്നതായി സ്വഹീഹായ ഹദീഥുകളില്‍ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു:

''(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങ ളെക്കൊണ്ടോ എന്ത് ചെയ്യപ്പെടുമെന്ന് എനിക്കറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍തുടരുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു'' (ക്വുര്‍ആന്‍ 46:9).

സ്വൂഫികളുടെ പിഴവുകളില്‍ പെട്ട മറ്റൊന്നാണ് നബി ﷺ യോടുള്ള പ്രാര്‍ഥന. വാസ്തവത്തില്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്നു തന്നെ പുറത്തു പോകുന്ന വന്‍പാപമായ ശിര്‍ക്കാകുന്നു അത്. അവരില്‍ ചിലര്‍ ''അല്ലാഹുവിന്റെ റസൂലേ, എന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരേണമേ, റബ്ബിന്റെയടുക്കല്‍ എനിക്കുവേണ്ടി അങ്ങ് ശഫാഅത്ത് ചെയ്യേണമേ...'' എന്നിങ്ങനെ പ്രാര്‍ഥിക്കുന്നതായി കാണാം. പ്രാര്‍ഥനയാകട്ടെ, അല്ലാഹുവല്ലാത്ത ഒരാളോടും പാടില്ല താനും. കാരണം അത് ഇബാദത്ത് അഥവാ ആരാധന യാണ്. ഇബാദത്ത് അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിക്കല്‍ ഇസ്‌ലാമില്‍ നിന്നുതന്നെ പുറത്താകുന്ന ശിര്‍ക്കാകുന്നു. അല്ലാഹു പറയുന്നു:

''നിന്നോട് നിന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്'' (ക്വുര്‍ആന്‍ 2:186).

ഈ സന്തോഷവാര്‍ത്തയുണ്ടായിരിക്കെ അല്ലാഹുവല്ലാത്ത ഒരാളോടും ദുആ ചെയ്യേണ്ട യാതൊരാ വശ്യവും നമുക്കില്ല.

സ്വൂഫികളില്‍ ചിലരുടെ വിശ്വാസം, ഭൗതികലോകത്തെ ഒരാളുടെ ജീവിതം പോലെ തന്നെ നബി ﷺ  ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നുമാണ്. അല്ലാഹു പറയുന്നതാകട്ടെ ഇപ്രകാരമാണ്:

''തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു'' (ക്വുര്‍ആന്‍ 39:30).

നബി ﷺ  മരണപ്പെട്ടുപോയി. അവിടുന്ന് തന്റെ ക്വബ്‌റില്‍ ബര്‍സഖിയായ ലോകത്ത് ശുഹദാക്കളെക്കാ ള്‍ ഉന്നതമായ നിലയില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. അതൊരിക്കലും ഭൗതികലോകത്തെ ജീവിതം പോലെ യല്ല. അതില്‍നിന്നു തന്നെ നബി ﷺ യെ കണ്ടുവെന്നും അവരുടെ സദസ്സുകളിലും യോഗങ്ങളിലുമൊക്കെ സന്നിഹിതരായി എന്നുമൊക്കെ പറയുന്ന സ്വൂഫികളില്‍ ചിലരുടെ വാദത്തിന്റെ നിരര്‍ഥകതയും മനസ്സിലാക്കാവുന്നതാണ്. അവരില്‍ ചിലര്‍ നബിയോട് പാപമോചനത്തിനര്‍പിക്കാറുമുണ്ട്!

(മന്‍ഖൂസ് മൗലൂദിലെ ഈ വരികള്‍ അതിനൊരു ഉദാഹരണമാണ്: ''ഇര്‍തകബ്തു അലല്‍ ഖതാ ഗൈറ ഹസ്വ്‌രിന്‍ വഅദദ്, ലക അശ്ൂ ഫീഹി യാ സയ്യിദീ ഖൈറന്നബീ'' അര്‍ഥം: 'പാപമാകുന്ന വാഹനത്തില്‍ ഞാന്‍ കയറിപ്പോയി. കയ്യും കണക്കുമില്ലാത്തത്ര തെറ്റുകള്‍ ചെയ്തുപോയി. പ്രവാചകന്മാരില്‍ ശ്രേഷ്ഠനായ (മുഹമ്മദ് നബിയേ,) അതില്‍ ഞാനങ്ങയോട് ആവലാതി ബോധിപ്പിക്കുന്നു'-വിവ.).

എന്നാല്‍ മഹാനും പ്രതാപിയുമായ അല്ലാഹു ചോദിക്കുന്നത് കാണുക:'''അല്ലാഹുവല്ലാതെ പാപങ്ങള്‍ പൊറുക്കാന്‍ മറ്റാരുണ്ട്?'' (ക്വുര്‍ആന്‍ 3:135).

നബി ﷺ യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വരുന്ന മറ്റൊരു വിഷയമാണ് തവസ്സുല്‍. നബി ﷺ യെ കൊണ്ടുള്ള തവസ്സുല്‍ മൂന്ന് തരത്തിലാണ്.

ഒന്ന്: നബി ﷺ യോടുള്ള സ്‌നേഹവും അനുസരണവും അവിടുത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍പറ്റലും കൊണ്ടൊക്കെ അല്ലാഹുവിലേക്ക് അടുക്കല്‍. ഇത് മതത്തില്‍ അനുവദിക്കപ്പെട്ടതാണ്. കാരണം സല്‍ക ര്‍മങ്ങള്‍ മുഖേന അല്ലാഹുവിലേക്ക് അടുക്കല്‍ അനുവദിക്കപ്പെട്ട തവസ്സുലാണ്. സത്യവിശ്വാസികളുടെ പ്രാര്‍ഥനയായി അല്ലാഹു പറയുന്നു:

''ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങ ളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വ സിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറു ത്തുതരികയും ഞങ്ങളുടെ തിന്മകള്‍ ഞങ്ങളില്‍ നിന്ന് നീ മാച്ചുകളയുകയും ചെയ്യേണമേ. പുണ്യവാ ന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.''

''ഞങ്ങളുടെ രക്ഷിതാവേ, നിന്റെ ദൂതന്മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച. അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. ആകയാല്‍ സ്വന്തം നാടു വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും എന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെടുകയും യുദ്ധത്തിലേര്‍പ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്മകള്‍ മായ്ച്ചുകൊടുക്കുന്നതും താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിനക്കുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്'' (ക്വുര്‍ആന്‍ 3:193-195).

നബി ﷺ യില്‍ വിശ്വസിക്കുകയും നബി ﷺ യെ അനുസരിക്കുകയും ചെയ്യുന്നതിലൂടെയല്ലാതെ സര്‍വലോകരക്ഷിതാവായ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുവാനും സ്വര്‍ഗപ്രവേശനത്തിനും സാധി ക്കുകയില്ല.

രണ്ട്: നബി ﷺ യുടെ പ്രാര്‍ഥന കൊണ്ടുള്ള തവസ്സുല്‍. അതായത് തനിക്കുവേണ്ടി പ്രാര്‍ഥിക്കാനായി ഒരാള്‍ നബി ﷺ യോട് ആവശ്യപ്പെടുകയും അതനുസരിച്ച് അയാള്‍ അല്ലാഹുവോട് ഇപ്രകാരം പറയുകയും ചെയ്യുക: ''എന്റെ രക്ഷിതാവേ, നിന്റെ പ്രവാചകന്‍ എനിക്കു വേണ്ടി ദുആ ചെയ്തിരിക്കുന്നു എന്നത് മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് ചോദിക്കുന്നു...''

നബി ﷺ യുടെ കാലത്ത് ജീവിച്ചിരുന്ന, പ്രവാചക സന്നിധിയില്‍ ചെന്ന് നേരിട്ട് സംസാരിച്ച ഒരാളെ സംബന്ധിച്ചിടത്തോളം ഇത് സാധുവാണ്. എന്നാല്‍ നബി ﷺ യുടെ മരണശേഷം തനിക്കുവേണ്ടി പ്രാര്‍ഥിക്കണേ എന്ന് അവിടത്തോട് അപേക്ഷിക്കുന്ന ഒരാള്‍ തീര്‍ച്ചയായും അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. പ്രാര്‍ഥനയാകട്ടെ അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അത് മറ്റൊരാളിലേക്കും തിരിക്കാന്‍ പാടില്ല. അതുകൊണ്ടാണ് സ്വഹാബികള്‍ നബി ﷺ യുടെ ജീവിതകാലത്ത് നബി ﷺ യോട് അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെടുകയും എന്നാല്‍ മരണശേഷം അത്തരത്തില്‍ യാതൊന്നും ആവശ്യപ്പെടാതിരിക്കുകയും ചെയ്തത്. അതിനാല്‍ ഉമര്‍(റ) തന്റെ ഭരണകാലത്ത് മഴയില്ലാതായപ്പോള്‍ ഇപ്രകാരം അല്ലാഹുവോട് പ്രാര്‍ഥിച്ചു:

''അല്ലാഹുവേ, ഞങ്ങള്‍ (നബി ﷺ യുടെ കാലത്ത്) നിന്റെ പ്രവാചകനെ കൊണ്ട് മഴക്കു വേണ്ടി പ്രാര്‍ഥിക്കുകയും അങ്ങനെ നീ ഞങ്ങള്‍ക്ക് മഴതരികയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ (നബി ﷺ യുടെ മരണശേഷം) ഞങ്ങള്‍ നിന്റെ പ്രവാചകന്റെ പിതൃവ്യനെ കൊണ്ട് നിന്നോട് മഴക്കുവേണ്ടി പ്രാര്‍ഥിക്കുന്നു...'' (ബുഖാരി).

നബി ﷺ യുടെ മരണശേഷവും പ്രാര്‍ഥിക്കാന്‍ വേണ്ടി നബി ﷺ യോട് അദ്ദേഹം ആവശ്യപ്പെട്ടില്ല; പ്രത്യുത ജീവിച്ചിരിക്കുന്ന ഒരാളോട് പ്രാര്‍ഥനക്ക് നേതൃത്വം കൊടുക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. അതായത്, അബ്ബാസി(റ)ന്റെ പ്രാര്‍ഥന കൊണ്ട് തവസ്സുലാക്കി. മുമ്പ് പ്രവാചകന്റെ കാലത്ത് ചെയ്തിരുന്ന പോലെ നബി ﷺ യുടെ പ്രാര്‍ഥന കൊണ്ട് തങ്ങള്‍ തവസ്സുലാക്കിയില്ല; കാരണം നബി ﷺ  മരണപ്പെട്ടുപോയി. ഇതൊക്കെയാണ് ഉമറി(റ)ന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ അന്ധന്റെ സംഭവം വിവരിക്കുന്ന ഹദീഥില്‍ വന്ന 'അല്ലാഹുവേ, നിന്റെ പ്രവാചകനെ കൊണ്ട് ഞാന്‍ നിന്നിലേക്ക് തിരിയുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു' എന്ന റിപ്പോര്‍ട്ട് സ്വഹീഹാണെന്ന് സങ്കല്‍പിച്ചാല്‍ തന്നെയും അതിന്റെ വിവക്ഷ, 'അല്ലാഹുവേ, നിന്റെ പ്രവാചകന്റെ പ്രാര്‍ഥനയുമായി ഞാന്‍ നിന്നിലേക്ക് തിരിയുകയും നിന്നോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു' എന്നാണ്. കാരണം അയാള്‍ നബി ﷺ യുടെ ജീവിതകാലത്ത് നബി ﷺ യുടെ സന്നിധിയില്‍ ചെന്ന് തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പ്രാര്‍ഥനകൊണ്ടല്ലാതെ നബി ﷺ യുടെ ദാത്ത്'(അസ്തിത്വം) കൊണ്ടാണ് അദ്ദേഹം തവസ്സുലാക്കിയത് എങ്കില്‍ നബി ﷺ യുടെ അടുത്തേക്ക് പോവുകയും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയില്ലായിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ''അല്ലാഹുവേ, എന്റെ കാര്യത്തില്‍ നബി ﷺ യെ നീ ശുപാര്‍ശകനാക്കേണമേ, (അഥവാ നബി ﷺ  എനിക്കു വേണ്ടി പ്രാര്‍ഥിച്ചത് നീ സ്വീക രിക്കേണമേ). നബി ﷺ യുടെ അസ്തിത്വം (ദാത്ത്) കൊണ്ടായിരുന്നു അദ്ദേഹം തവസ്സുല്‍ ചെയ്തതെങ്കില്‍ ഈ വാക്കിന് യാതൊരു അര്‍ഥവും ഉണ്ടാവുകയില്ല. ചിലര്‍ ഇത് നബി ﷺ യെയും വിട്ട് ഔലിയാക്കളെ കൊണ്ടും ചെയ്യുന്നു.