'രാജാധിരാജന്റെ' രാജസന്നിധിയില്‍

ശൈഖ് മുഹമ്മദ്ബിന്‍ റാഷിദ് അല്‍മഖ്തൂം

2020 മാര്‍ച്ച് 07 1441 റജബ് 12

(വിവ: ഇ. യൂസുഫ്‌ സാഹിബ്‌ ഓച്ചിറ)

ആധുനിക ദുബൈയുടെ ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്ബിന്‍ റാഷിദ് അല്‍മക്തൂം. 1949ല്‍ ജനിച്ച അദ്ദേഹം സ്വദേശത്തെ അല്‍അഹ്മദി സ്‌കൂളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. ബ്രിട്ടണിലെ മോണ്‍സ് മിലിട്ടറി അക്കാദമിയില്‍ പഠനംപൂര്‍ത്തീകരിച്ചു. 1968ല്‍ ദുബൈ പോലീസിന്റെ മേധാവിയായി ചുമതലയേറ്റു. 1971ല്‍ പ്രതിരോധമന്ത്രിയുടെ പദവിയിലെത്തി. 1995ല്‍ ദുബൈയുടെ കിരീടാവകാശിയും 2006 മുതല്‍ രാജ്യത്തിന്റെ ഭരണാധികാരിയുമാണ്. 2006ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ യു.എ.ഇ.യുടെ വൈസ്പ്രസിഡന്റായി ജനങ്ങളാല്‍ അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ട. ജന്മഭൂമിയുടെ സജീവ സേവനത്തിന്റെ പാതയില്‍ വ്യാപൃതനായ അദ്ദേഹം 2018ല്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ചു.

ഇന്ന്ന്നുകാണുന്ന ദുബൈക്ക് അത്യാധുനികതയുടെ മുഖംനല്‍കി പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് കൈപിടിച്ച് നടത്തുന്നതില്‍ ശൈഖ് മുഹമ്മദിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. ഭരണീയരും വിദേശികളും ഇത്രകണ്ട് ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരി ഭൂമുഖത്ത് തന്നെ അത്യപൂര്‍വമാണ്. ഭരണാധികാരത്തിന്റെയോ പ്രൗഢിയുടെയുമൊന്നും മേമ്പൊടികൂടാതെ സമൂഹവുമായി നേരിട്ടിടപെടാന്‍ ശ്രമിക്കുന്ന ശൈഖ് മുഹമ്മദ് താന്‍ പിന്നിട്ട അരനൂറ്റാണ്ട് പാതയിലെ അവിസ്മരണീയമായ 50 അനുഭവങ്ങളെ വിശദീകരിച്ചുകൊണ്ട് അറബിയില്‍ തയ്യാറാക്കിയ 'ക്വിസ്സ്വതീ' എന്ന ആത്മകഥ ഇതിനോടകം ലോകത്ത് ഒട്ടനവധി ഭാഷകളില്‍ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതില്‍നിന്നുമുള്ള ഒരധ്യായത്തിന്റെ പരിഭാഷയാണ് ഇവിടെ വായനക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നത്.

''എന്റെ പിതാവ് ശൈഖ് റാഷിദ് ദുബൈയുടെ ഭരണാധികാരമേറ്റെടുത്തതിനെ തുടര്‍ന്ന് ഞാനും പിതാവിനൊപ്പം ആദ്യമായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. ഇറാനിലെ ഭരണാധികാരി ആയിരുന്ന അഹ്മദ് രിസാ ഷാ പഹ്‌ലവിയെ സന്ദര്‍ശിക്കാനുള്ള യാത്രയില്‍ ഞാനും പിതാവിനൊപ്പമുണ്ടായിരുന്നു. രാജക്കന്മാരുടെ രാജാവ്, ഷഹന്‍ഷാ, ചക്രവര്‍ത്തി, എമ്പയര്‍ എന്നൊക്കെയാണ് അദ്ദേഹം തന്നെപ്പറ്റി സ്വയം വിശേഷിപ്പിച്ചിരുന്നത്. മയൂര സിംഹാസനത്തിലായിരുന്നു അദ്ദേഹം ഉപവിഷ്ടനായിരുന്നത്.

പ്രജകളില്‍നിന്നുള്ള വേര്‍തിരിവിനു വേണ്ടി രാജാക്കന്മാര്‍ സ്വന്തമായി മെനെഞ്ഞെടുക്കുന്ന ഈ പ്രഢികളും പ്രഭാവലയങ്ങളുമൊന്നും അന്ന് കേവലം പതിനൊന്ന് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന എന്നെ ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നില്ല. തങ്ങള്‍ ശുദ്ധരക്തത്തിന്റെ ഉടമകളാണെന്നും പ്രത്യേകകള്‍ നിറഞ്ഞ ഉന്നതകുലജാതരാണെന്നുമൊക്കെ പ്രജകളുടെ മനസ്സില്‍ കോറിയിടാനുള്ള ശ്രമങ്ങള്‍. ഭരണീയരില്‍നിന്നും ദൂരംപ്രാപിക്കാനുള്ള ഈ ശ്രമം കാരണം അവരെത്തന്നെ ജനങ്ങള്‍ വിദൂരത്തിലാക്കി.

പേര്‍ഷ്യന്‍ സാമ്രാജ്യം  സ്ഥാപിക്കപ്പെട്ട് 2500 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ മഹോത്സവങ്ങള്‍ 1971ല്‍ നടന്നു. ഞാനും അതില്‍ സന്നിഹിതനായിരുന്നു. അന്നാണ് കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് ബോധ്യമായത്. ഏകദേശം 100 മില്യന്‍ ഡോളര്‍ ചെലവഴിച്ച 'ഉദ്ധര്‍ഷ മഹാമഹം.' അക്കാലത്തെ ഏറ്റവും ഭീമമായ ഒരുരുതുകയാണ് പൗരാണിക പേര്‍ഷ്യന്‍ നഗരമായ പേര്‍സെപൊലീസില്‍ നടന്ന ഐതിഹാസിക സമ്മേളനത്തിന് ചെലവഴിച്ചത്.

ഭൂമുഖത്തിന്റെ വിവിധകോണുകളിലുള്ള ഭരണാധികാരികളും നേതാക്കളും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടു. 160 ഏക്കറിലായി ഉയര്‍ത്തപ്പെട്ട 59 ടെന്റുകള്‍. ഇതിന്റെ മധ്യത്തില്‍ പൂന്തോട്ടങ്ങള്‍ക്ക് നടുവിലായി പ്രത്യേകമായി അലങ്കരിച്ച തുല്യതയില്ലാത്ത മൂന്ന് വിശിഷ്ട ടെന്റുകള്‍ പ്രത്യേകം. സമ്മേളനത്തിന്റെ ആവശ്യത്തിനുനുവേണ്ടി പ്രത്യേകമായി ഒരുക്കപ്പെട്ടവയായിരുന്നു ഇവയെല്ലാം! ഫ്രാന്‍സില്‍നിന്നെത്തിയ ഷെഫുകള്‍ മയിലിന്റെ നെഞ്ചുഭാഗത്തെ മാംസം ഞങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കി. ഭക്ഷണം വിളമ്പാന്‍ ഏറ്റവും മുന്തിയ ഇനം സെറാമിക്കുകള്‍ കൊണ്ട് നിര്‍മിക്കപ്പെട്ട വെട്ടിത്തിളങ്ങുന്ന പാത്രങ്ങള്‍. ബാക്കോര്‍ ഇനത്തില്‍പെട്ട ക്രിസ്റ്റലുകള്‍കൊണ്ട് നിര്‍മിക്കപ്പെട്ട ആഡംബര ചഷകങ്ങളില്‍ ഞങ്ങള്‍ക്കായി പാനീയങ്ങള്‍ ഒരുക്കപ്പെട്ടു. പൗരാണിക പേര്‍ഷ്യന്‍ സ്മൃതികളും ചരിത്രവും വിളിച്ചോതുന്ന വേഷവിധാനങ്ങളണിഞ്ഞ ആയിരക്കണക്കിന് സൈനികരും. എല്ലാവരും രാജകീയ പ്രഢിയും പെരുമയും കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു.

സമ്മേളനം ഞാന്‍ ശ്രദ്ധാപൂര്‍വം വീക്ഷിച്ചു. അതിഥികളെ പരിചയപ്പെടാനും അവരെ രാജ്യത്തേക്ക് ക്ഷണിക്കാനും ഞാന്‍ ആ സന്ദര്‍ഭം പ്രയോജനപ്പെടുത്തി. ചെറിയ പ്രായത്തിലായിരുന്നിട്ട് പോലും ഈ ഐതിഹാസിക സമ്മേളന മഹോത്സവം എന്റെ മനസ്സില്‍ ചില ചിന്തകള്‍ക്ക് രൂപംനല്‍കി. ജീവിതകാലത്തൊരിക്കലും വിസ്മരിക്കാനാവാത്ത തരത്തിലുള്ള ഗുണപാഠങ്ങള്‍. രണ്ട് രാജ്യങ്ങളും തമ്മില്‍ വലിപ്പത്തില്‍ വലിയ അന്തരമാണുള്ളതെങ്കിലും, ദുബൈ-എമിറെറ്റ്‌സില്‍ ഞങ്ങള്‍ പിന്തുടരുന്ന രീതികളും ഭരണാധികാരത്തില്‍ രിസാ ഷാ പഹ്‌ലവി സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങളും തമ്മിലുള്ള താരതമ്യമായിരുന്നു അവ.

ആഡംബരത്തിന്റെ സര്‍വാതിരുകളും ലംഘിച്ച ഈ ഐതിഹാസികതക്കൊപ്പം ഞാന്‍ കണ്ടത് ദാരിദ്ര്യത്തിലും ദൈന്യതയിലുമായി കഴിയുന്ന ഒട്ടനവധി ഇറാനിയന്‍ ഗ്രാമങ്ങളെയാണ്. വൈദ്യുതിപോലും ചെന്നെത്തിയിട്ടില്ലാത്തവ. ഒരേ നാട്ടില്‍തന്നെ പരസ്പര വിരുദ്ധങ്ങളായ രണ്ട് രൂപങ്ങള്‍ ഒന്നിക്കുന്ന അവസ്ഥ.

ജീവിതം കൊണ്ടും കൊട്ടാരത്തിലെ ആഡംബരങ്ങള്‍കൊണ്ടും ഭരണീയരില്‍നിന്നും ഏറെ വിദൂരംപ്രാപിച്ച് കഴിയുന്ന ഇറാനിലെ 'രാജാധിരാജന്റെ' ശൈലികള്‍ ഒറ്റനോട്ടത്തില്‍ എനിക്ക് ഗ്രഹിക്കാനായി. എല്ലാ ദിവസവും നേരം വെളുക്കുന്നതിന് മുമ്പ്തന്നെ സമൂഹത്തിനൊപ്പം തന്റെ പ്രഭാതസവാരിയും വിവിധ പദ്ധതികളുടെ മേല്‍നോട്ടവും തൊഴിലാളികള്‍ക്കും എഞ്ചിനിയര്‍മാര്‍ക്കും ആവശ്യമായ നിര്‍ദ്ദേഫദശങ്ങളും നല്‍കുന്ന എന്റെ പിതാവിനെയായിരുന്നു ഞാന്‍ കണ്ടുവളര്‍ന്നത്.

പൊതുജനങ്ങളെ അദ്ദേഹം തന്റെ തുറന്നസദസ്സില്‍ സ്വീകരിച്ചിരുന്നു. അതിഥികള്‍ക്കൊപ്പം അദ്ദേഹം പ്രാതല്‍ കഴിച്ചു. ഖോര്‍ദുബൈയിലെ കസ്റ്റംസ് ഓഫീസിനുനുസമീപം വളരെ ലളിതമായ ഒരു ഓഫീസ് അദ്ദേഹം ഒരുക്കിയിരുന്നു. തുറമുഖത്തെ ഫ്‌ളാറ്റ്‌ഫോമില്‍ അദ്ദേഹം ഏറെനേരം ചെലവഴിച്ചിരുന്നു. പുറത്തുനടക്കുന്ന പദ്ധതികളും സംരംഭങ്ങളുമൊക്കെ നേരില്‍ കണ്ട് മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. തന്റെ മാര്‍ഗത്തില്‍ ഏറ്റവും ലാളിത്യമാര്‍ന്ന ശൈലിയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്.

എത്രത്തോളമെന്നാല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തുന്ന സന്ദര്‍ശകര്‍ അദ്ദേഹമൊരു സാധാരണ ഉദ്യോഗസ്ഥാനാണോയെന്ന്ന്നുപോലും സംശയിച്ചിരുന്നു. വിവിധ പദ്ധതികളുടെ എഞ്ചിനിയര്‍മാരെയും തൊഴിലാളികളെയും അദ്ദേഹം സ്ഥിരമായി നിയന്ത്രിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും അവരുടെ ആവശ്യങ്ങള്‍ ആരായുകയും ചെയ്തുവന്നിരുന്നു. ഇക്കാരണത്താല്‍ ചില എഞ്ചിനിയര്‍മാര്‍അദ്ദേഹത്തെ 'ഫോര്‍മാന്‍' എന്നായിരുന്നു  സംബോധന ചെയ്തിരുന്നത്. ഈ രണ്ട് ജീവിതങ്ങള്‍ തമ്മിലുള്ള അന്തരം വളരെ പ്രകടമാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും ഭരണാധികാരിയായ ഷായുമായി എന്റെ പിതാവിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. നിരവധി വിശിഷ്ടാവസരങ്ങളില്‍ അദ്ദേഹം ഷായെ സന്ദര്‍ശിച്ചിരുന്നു. അതെല്ലാം നല്ല പ്രയോജനങ്ങളായി ഞങ്ങള്‍ക്ക് മടങ്ങിവരികയും ചെയ്തിട്ടുണ്ട്. ഇറാനിലെ ഷായുടെ മാതിരി മയൂരസിംഹാസനത്തില്‍ തലയില്‍ ഒരു കിരീടവുമേന്തി എന്റെ പിതാവ് റാഷിദ് ഇരിക്കുന്ന ഒരുരുരീതി എനിക്ക് ഒരിക്കലും സങ്കല്‍പിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല. അദ്ദേഹം ഇതില്‍നിന്നെല്ലാം ഏറെ വിദൂരത്താണ്. ലാളിത്യവും നിഷ്‌ക്കളങ്കതയുമായി അദ്ദേഹം സാമീപ്യം പ്രാപിച്ചിരുന്നു; അതുപോലെതന്നെ ജനങ്ങളുമായും. അതെ, ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകാന്‍ സാധിക്കുകയെന്നതാണ് ഏറ്റവും വലിയ ഗുണപാഠം.

ഒരല്‍പം നയതന്ത്രതയോടെ ഷാഹ് തനിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അവസാനത്തെ 20 വര്‍ഷങ്ങള്‍. സിംഹാസനങ്ങള്‍ കാറ്റില്‍ പറന്നു, തനിക്ക് ചുറ്റുമുള്ള ഒട്ടനവധി രാജാധികാരങ്ങള്‍ നിലംപരിശായി. അവരെല്ലാം എന്നെന്നും നിലനില്‍ക്കുന്നവരാണെന്നായിരുന്നു നമ്മുടെ ധാരണകള്‍. 1952ല്‍ ഈജിപ്ഷ്യന്‍ സൈന്യം ഫാറൂഖ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി. 1958ല്‍ ഇറാഖിലെ തന്റെ കൊട്ടാരത്തില്‍വെച്ച് കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ തന്നെ ഭരണാധികാരിയായ ഫൈസല്‍ രാജാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തി. 1962ല്‍ യമനിലെ ഇമാം മുഹമ്മദ് ബദറും അധികാരത്തില്‍നിന്നും നിഷ്‌ക്കാസിതനായി. 1969ല്‍ കേണല്‍ മുഅമ്മര്‍ ഗദ്ദാഫി നടത്തിയ സൈനിക അട്ടിമറിയില്‍ ലിബിയയിലെ ഭരണാധികാരി ഇദ്‌രീസ് രാജാവിനും അധികാരം നഷ്ടപ്പെട്ടു. സമൂഹത്തില്‍ സംഭവിച്ച അതിവേഗ പരിവര്‍ത്തനങ്ങള്‍!…

'രാജാധിരാജന്‍ ഷാ' ഇതൊന്നും കണക്കിലെടുക്കാന്‍ തയ്യാറായില്ല. അമേരിക്കയും ബ്രിട്ടണുമായിരുന്നുന്നുഅദ്ദേഹത്തിന്റെ മുഖ്യാശ്രയം. ജനകീയ പിന്തുണയോ സമൂഹത്തിന്റെ സഹായങ്ങളോ അദ്ദേഹത്തിന് ലഭിച്ചതുമില്ല. സ്വന്തം ശൈലിക്ക് അനുസൃതമായ ജീവിതത്തിലും കൊട്ടാരത്തിലെ രാജകീയതയിലും മുഴുകിയിരിക്കുകയായിരുന്നു അയാള്‍.

ആഡംബരഭരിതമായ ഈ മാമാങ്കം കഴിഞ്ഞ് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം രാജാധിരാജനായി വാണരുളിയ ഷാ തന്റെ മയൂരസിംഹാസനത്തില്‍നിന്നും നിലംപതിച്ചു. ഇസ്‌ലാമിക വിപ്ലവമെന്ന് പ്രചരിപ്പിക്കപ്പെട്ട, മുല്ലമാര്‍ നയിച്ച കലാപങ്ങളും പ്രകടനങ്ങളുമായിരുന്നുന്നുകാരണം. ഷായ്ക്ക് സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നു. ഒട്ടനവധി രാജ്യങ്ങള്‍ അദ്ദേഹത്തിന് അഭയം നിഷേധിച്ചപ്പോള്‍ പലരാജ്യങ്ങള്‍ക്കും അദ്ദേഹം ഒരു 'ഭാരമായി'ത്തീര്‍ന്നു. അഭയം തേടിയുള്ള അദ്ദേഹത്തിന്റെ വട്ടംചുറ്റല്‍ ഈജിപ്തില്‍ അവസാനിക്കുന്നതിന് മുമ്പ്, അദ്ദേഹത്തെ സ്വീകരിക്കാന്‍ വിസമ്മതിച്ചവരില്‍ ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നു.

വിപ്ലവകാരികളാല്‍ തകര്‍ത്തെറിയപ്പെട്ട രാജ്യങ്ങളില്‍ പോലും പിന്നീട് പുതിയ മേലങ്കികളണിഞ്ഞ് വിപ്ലവകാരികള്‍ അധികാരത്തിലേറി. രാജവാഴ്ചയുടെ കേന്ദ്രങ്ങളെന്നതിന് പകരം റിപ്പബ്ലിക്കുകളെന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചത്. സ്വന്തമായി രൂപകല്‍പന ചെയ്ത ഔന്നത്യത്തിന്റെ കൊട്ടാരങ്ങള്‍ കാരണം അവരും ജനമനസ്സുകളില്‍നിന്നും അകന്നുകൊണ്ടിരുന്നു. തങ്ങളുടെ അജണ്ടകളെ പ്രകീര്‍ത്തിക്കുന്ന മുഖസ്തുതിക്കാരുടെയും പ്രകീര്‍ത്തകരുടെയും ഒരു വലയം സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. 2004ല്‍ ഞാന്‍ അവരുമായി സംസാരിച്ചിരുന്നു.' ഞാന്‍ അവരോടായി പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ ജനതക്ക് വേണ്ടി വിപ്ലവം കൊണ്ടുവന്നവരാണ്. സാമ്പത്തികരംഗത്തും നാഗരികതയുടെ പുനഃസൃഷ്ടിപ്പിലും അവര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും നിങ്ങളുടെ വിപ്ലവം പൂര്‍ണമാകണം. നിങ്ങള്‍ മാറ്റത്തിരുത്തലുകള്‍ക്ക് തയ്യറാകാത്ത പക്ഷം നിങ്ങള്‍ അതിജയിക്കപ്പെടും. ഇതെനിക്ക് നേരത്തെതന്നെ ബോധ്യപ്പെട്ടതാണ്. ഈവിഷയത്തില്‍ ജീവിതത്തിന്റെ കാലചക്രമെന്തെന്ന് എനിക്ക് അറിയുകയും ചെയ്യാം.' ഖേദകരമെന്ന് പറയട്ടെ, അവരുട രാജ്യങ്ങള്‍ വിപ്ലവങ്ങളിലും കലാപങ്ങളിലും സമരങ്ങളിലും തകര്‍ന്ന് തരിപ്പണമാകുവോളം അവര്‍ എന്റെ വാക്കുകള്‍ ശ്രവിക്കാന്‍ തയ്യാറായില്ല. നേരത്തെക്കാള്‍ കൂടുതലായി രാജ്യം ഒരിക്കല്‍കൂടി തകര്‍ന്ന് തരിപ്പണമായി.

ഈ രാജ്യങ്ങള്‍ ഇന്ന് എവിടെ എത്തിനില്‍ക്കുന്നു, യു.എ.ഇ. എവിടെയെത്തി നില്‍ക്കുന്നു? ശൈഖ് സായിദും റാഷിദും ജനമനസ്സുകളില്‍ കുകുടിയിരിക്കുമ്പോള്‍, രാജാധിരാജാവിനും മറ്റുള്ളവര്‍ക്കും ചരിത്രത്തിലുള്ള സ്ഥാനം എവിടെയാണ്?

ഭരണത്തില്‍ ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗങ്ങളും ആ ആരാജ്യങ്ങളും തമ്മില്‍ ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ട്. ജനങ്ങളുമായുള്ള സാമീപ്യം, താഴ്മയോടെയുള്ള ഇടപെടല്‍, അവര്‍ക്കുക്കുവേണ്ടിയുള്ള സേവന പ്രതിബദ്ധത, അവരുടെ സന്തുഷ്ടിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ എന്നൊക്കെ അവയെ നിര്‍വചിക്കാം. അഭിവൃദ്ധിക്കും പരാജയത്തിനുമിടയിലെ വ്യത്യാസങ്ങള്‍ ഇവയാണ്:

പരമാധികാരി അല്ലാഹു മാത്രമാണ്, ഔന്നത്യം അവന് മാത്രം സ്വന്തമാണ്. രാജാധിരാജന്‍ അവന്‍ മാത്രമാണ്. അവന്‍ മാത്രം എന്നെന്നും അവശേഷിക്കുകയും ബാക്കിയെല്ലാം നശിക്കുകയും ചെയ്യും. അഹങ്കാരികളുടെ അധികാരത്തിന് ശാശ്വതത്വമുണ്ടാവുകയില്ല. അഹംഭാവമെന്നത് ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്.

കവിയുടെ വാക്കുകള്‍:

'യമനിലെ കിരീടമണിഞ്ഞ രാജാക്കന്മാര്‍ ഇന്നെവിടെയാണ്?

അവരുടെ മുത്തുമാലകള്‍ക്കും കിരീടങ്ങള്‍ക്കും ഇന്നെന്തു സംഭവിച്ചു?

ഇറമില്‍ ശദ്ദാദ് പണിതുയര്‍ത്തിയ കോട്ടത്തളം ഇന്നെവിടെ?

പേര്‍ഷ്യയും സാസാനും സ്ഥാപിച്ച അധികാരം ഇന്നെവിടെ?

ഖാറൂന്‍ സമ്പാദിച്ചുകൂട്ടിയ സ്വര്‍ണക്കൂമ്പാരങ്ങള്‍ ഇന്നെവിടെയാണ്?

ആദും ശദ്ദാദും ഖഹ്ത്വാനും ഇന്നെവിടെയാണ്...?'

ഭൂമുഖത്ത് സമ്പൂര്‍ണ അധികാരം സ്ഥാപിച്ചവര്‍ നാലുപേരാണെന്ന് പറയപ്പെടുന്നു. നംറൂദ്, ബുഖുത്വന്‍സ്വര്‍, ദുല്‍ഖര്‍നൈന്‍, പിന്നെ സുലൈമാന്‍(അ). മനുഷ്യ-ഭൂതങ്ങളില്‍ വെച്ച് ഏറ്റവും വലിയ അധികാരം അദ്ദേഹത്തിന്റെതായിരുന്നു.

രാജാവിനോട് സംസാരിക്കാനായി അദ്ദേഹത്തിന്റെ പരേഡിനിടയിലേക്ക് ഇടിച്ചുകയറിയ ഒരുരുമനുഷ്യന്റെ കഥയുണ്ട്. സൈനികര്‍ അദ്ദേഹത്തെ തടഞ്ഞു. അയാള്‍ അട്ടഹസിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു: 'അല്ലയോ രാജാവേ! ദൈവത്തിന്റെ പ്രവാചകനായിരുന്ന സുലൈമാന്‍(അ) ഒരുരുഉറുമ്പിനോട് സംസാരിക്കാന്‍ അദ്ദേഹത്തിന്റെ യാത്രാസംഘത്തെ നിര്‍ത്തുകയും അദ്ദേഹം ഉറുമ്പിന്റെ പരിഭവം ശ്രവിക്കുകയും ചെയ്തു. ഞാന്‍ ദൈവസന്നിധിയില്‍ ആ ഉറുമ്പിനെക്കാള്‍ നിന്ദ്യനോ? താങ്കള്‍ സുലൈമാന്‍ നബി(അ)യെക്കാള്‍ ഉത്കൃഷ്ടനോ അല്ല.' ഇത് കേട്ട രാജാവ്, അയാളുമായി സംസാരിക്കാന്‍ തന്റെ കുതിരയുടെ പുറത്തുനിന്നും ചാടിയിറങ്ങി.