സ്വൂഫികളും വിശ്വാസ വ്യതിയാനവും

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

2020 ഫെബ്രുവരി 15 1441 ജുമാദല്‍ ആഖിറ 16

(സ്വൂഫികളും വിശ്വാസ വ്യതിയാനവും: 2)

(വിവ: ശമീര്‍ മദീനി)

ഒന്ന്: തൗഹീദുര്‍റുബുബിയ്യത്തിനെ കുറിച്ചുള്ള സ്വൂഫി ചിന്താഗതികള്‍

അല്ലാഹു താനുദ്ദേശിക്കുന്നത് ചെയ്യുന്നവനാണെന്നും അവന്റെ തീരുമാനങ്ങളെ തടുക്കാനാരുമില്ലെന്നും അവന്റെ വിധിയെ ചോദ്യം ചെയ്യാനാര്‍ക്കുമാകില്ലെന്നും അവന്റെ ആധിപത്യത്തില്‍ അവന്‍ നിര്‍ണയിച്ചതും സൃഷ്ടിച്ചതുമല്ലാതെ യാതൊന്നും സംഭവിക്കുകയില്ലെന്നുമൊക്കെയുള്ള കാര്യങ്ങള്‍ അനവധി തെളിവുകളിലൂടെ ഖണ്ഡിതമായി സ്ഥിരപ്പെട്ട സംഗതികളാണ്. അല്ലാഹു പറയുന്നു:

''താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു'' (ക്വുര്‍ആന്‍ 36:82).

''പറയുക: ആകാശത്തുനിന്നും ഭൂമിയില്‍നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നതാരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? അവര്‍ പറയും; അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?''(ക്വുര്‍ആന്‍ 10:31).

വസ്തുത ഇതായിരിക്കെ സ്വൂഫികളിലെ ഒരു വിഭാഗം വാദിക്കുന്നത് ഔലിയാക്കള്‍ പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവരാണെന്നും അവര്‍രുഉദ്ദേശിക്കുന്നവര്‍ക്ക് അവര്‍ ഉപകാരം ചെയ്ത് കൊടുക്കുമെന്നും അവരുദ്ദേശിന്നവര്‍ക്ക് അവര്‍ ഉപദ്രവം ചെയ്യുമെന്നുമൊക്കെയാണ്. എത്രത്തോളമെന്നാല്‍ ഉപജീവനം (രിസ്‌ക്വ്) അവരുടെ കരങ്ങളിലാണ് എന്നും അവര്‍ ജല്‍പിക്കുന്നു! എന്തൊരു വിചിത്രമായ വാദമാണിത്!

ചുരുക്കത്തില്‍, അല്ലാഹുവിന്റെതു മാത്രമായ പല പ്രവര്‍ത്തനങ്ങളെയും അവര്‍ ഔലിയാക്കളില്‍ ആരോപിച്ചു. അങ്ങനെ സൃഷ്ടികര്‍മത്തിലും ഉപജീവനം നല്‍കുന്നതിലും മറ്റും ഔലിയാക്കളെ അവര്‍ അല്ലാഹുവിന് സമന്മാരും പങ്കാളികളുമാക്കി. അബദ്ധജഡിലമായ ഒരു വിശ്വാസമാണ് ഇതെന്നതില്‍ യാതൊരു സംശയവുമില്ല. ലോകരക്ഷിതാവായ അല്ലാഹു തന്റെ പ്രവാചകനായ മുഹമ്മദ് നബി ﷺ  യോട് (അദ്ദേഹത്തിന്റെ ഉന്നതമായ സ്ഥാനമാനങ്ങളുള്ളതോടൊപ്പം തന്നെ) അഭിസംബോധന ചെയ്തത് ഇത്തരുണത്തില്‍ ശ്രദ്ധിക്കുക.

''(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാമായിരുന്നെങ്കില്‍ ഞാന്‍ ധാരാളം ഗുണങ്ങള്‍ നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരുരുതാക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങ ള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്''

(ക്വുര്‍ആന്‍ 7:188).

അല്ലാഹു, അവന്‍ മാത്രമാണ് സ്രഷ്ടാവ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ തടയുന്നു. അല്ലാഹു പറയുന്നു:

''പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 3:26).

''രാവിനെ നീ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ നീ രാവിലും പ്രവേശിപ്പിക്കുന്നു. ജീവനില്ലാത്തതില്‍ നിന്ന് നീ ജീവിയെ പുറത്തു വരുത്തുന്നു. ജീവിയില്‍ നിന്ന് ജീവനില്ലാത്തതിനെയും നീ പുറത്തു വരുത്തുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നീ നല്‍കുകയും ചെയ്യുന്നു'''(ക്വുര്‍ആന്‍ 3:27).

''അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍ പെട്ട ഏതെങ്കിലും ഒരുരുകാര്യം ചെയ്യുന്ന വല്ലവനും നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അവന്‍ അത്യുന്നതനായിരിക്കുന്നു'' (ക്വുര്‍ആന്‍ 30:40).

അതായത്, ഇപ്പറഞ്ഞവയൊന്നും ചെയ്യാന്‍ സര്‍വലോകരക്ഷിതാവായ അല്ലാഹുവല്ലാതെ മറ്റാരും ഇല്ല തന്നെ. പ്രപഞ്ചത്തിലെ കൈകാര്യകര്‍തൃത്വം, ജീവിപ്പിക്കലും മരിപ്പിക്കലും, ഉപജീവനം നല്‍കല്‍ ഇവയൊക്കെ അല്ലാഹുവിലേക്ക് മാത്രം മടങ്ങുന്ന കാര്യങ്ങളാണ്. എന്നാല്‍ അമ്പിയാക്കളും ഔലിയാക്കളുമൊക്കെ അവര്‍ എത്രതന്നെ ഉന്നത പദവികളിലെത്തിയാലും അവരൊരിക്കലും പ്രപഞ്ചത്തിലെ കാര്യങ്ങള്‍ നടത്തുന്നവരോ അല്ലാഹുവിന്റെ അനുമതിയോടും നിര്‍ദേശത്തോടും കൂടിയല്ലാതെ മറ്റെന്തെങ്കിലും ചെയ്യുന്നവരോ അല്ല. അല്ലാഹു പറയുന്നു:

''അതല്ലെങ്കില്‍ അല്ലാഹു തന്റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവനായി ആരുണ്ട്? എങ്കിലും അവര്‍ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു'' (ക്വുര്‍ആന്‍ 67:21).

''തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും'' (ക്വുര്‍ആന്‍ 51:58).

''നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാകുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്'''(ക്വുര്‍ആന്‍ 29:17).

''അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളേയും പ്രദാനം ചെയ്യുന്നു'' (ക്വുര്‍ആന്‍ 42:49).

''അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു'' (ക്വുര്‍ആന്‍ 42:50).

മഴ വര്‍ഷിപ്പിക്കലും സസ്യലതാദികള്‍ മുളപ്പിക്കലുമൊക്കെ ലോകരക്ഷിതാവായ അല്ലാഹു മാത്രമാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:

''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷി(ച്ച് ജീവി)ക്കുവാന്‍ വേണ്ടിയത്രെ അത്'' (ക്വുര്‍ആന്‍ 2:21).

''നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കുകയും ആകാശത്തു നിന്ന് വെള്ളംചൊരിഞ്ഞു തന്നിട്ട് അതുമുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്'' (ക്വുര്‍ആന്‍ 2:22).

''ആകാശത്തു നിന്ന് വെള്ളം ചൊരിയുകയും ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന്‍ നല്‍കുകയും ചെയ്തതാരെന്ന് നീ അവരോട് ചോദിക്കുന്നപക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷേ, അവരില്‍ അധികപേരും ചിന്തിച്ചുചിന്തിച്ചു മനസ്സിലാക്കുന്നില്ല'' (ക്വുര്‍ആന്‍ 29:63).

''മനുഷ്യര്‍ നിരാശപ്പെട്ടുകഴിഞ്ഞ ശേഷം മഴ വര്‍ഷിപ്പിക്കുകയും തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍ അവന്‍ തന്നെയാകുന്നു. അവന്‍ തന്നെയാകുന്നു സ്തുത്യര്‍ഹനായ രക്ഷാധികാരി'' (ക്വുര്‍ആന്‍ 42:28).

ഔലിയാക്കളില്‍ ചിലരെ ദുന്‍യാവിനെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അച്ചുതണ്ട് (ഖുതുബ്) എന്നോ അടിമകളെ രക്ഷിക്കുന്ന രക്ഷകന്‍ (ഗൗഥ്) എന്നോ ഒക്കെ വിശേഷിപ്പിക്കുന്നതിലെ അബദ്ധവും അപകടവും ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.

(മുഹിയുദ്ദീന്‍ ശൈഖി(റഹി)നെ അല്‍ക്വുതുബ്, ക്വുതുബുല്‍ അക്വ്താബ്, അല്‍ഗൗഥുല്‍അഅ്‌ളം എന്നൊക്കെയാണ് സ്വൂഫീ ത്വരീക്വത്തുകാര്‍ പരിചയപ്പെടുത്തുന്നത്. മാലമൗലൂദുകള്‍ അത്തരം അതിരുവിട്ട ശിര്‍ക്കന്‍ പ്രയോഗങ്ങള്‍ കൊണ്ട് നിറഞ്ഞു കിടക്കുന്നതായി കാണാം. അതുകൊണ്ടൊക്കെയാണ് ഇത്തരം മാലകളും മൗലീദുകളും ഇസ്‌ലാമിന്റെ കടക്കല്‍ കത്തിവെക്കുന്നവയാണെന്ന് പറയുന്നത്-വിവ.)

അല്ലാഹുവിന്റെ റുബൂബിയ്യത്തെന്ന മഹത്തായ പദവിക്ക് നേരെയുള്ള കയ്യേറ്റമാണിതൊക്കെ എന്നതില്‍ സംശയമില്ല. പ്രപഞ്ചത്തിന്റെ നിയന്ത്രണവും അതിലെ കൈകാര്യകര്‍തൃത്വവും അല്ലാഹുവിനു മാത്രമാണുള്ളതെന്ന് വ്യക്തമാക്കുന്ന, മുമ്പ് പറഞ്ഞതു പോലെയുള്ള നിരവധി ആയത്തുകള്‍ക്കും ഹദീഥുകള്‍ക്കും കടകവിരുദ്ധമാണീ ചിന്താഗതി.

അപ്രകാരം തന്നെ തൗഹീദുര്‍റുബൂബിയ്യത്തിന്് എതിരാകുന്ന മറ്റൊരു സംഗതിയാണ് ഔലിയാക്കളില്‍ ചിലര്‍ ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയുമെന്ന സ്വൂഫിയ്യാക്കളുടെ വാദം. അല്ലാഹു തആലാ തന്റെ പ്രവാചകന്‍ മുഹമ്മദ് നബി ﷺ  യോട് പറഞ്ഞ വാക്കുകള്‍ ഇവര്‍ കണ്ടിട്ടില്ലേ? അല്ലാഹു പറയുന്നു:'

''(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരുരുതാക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്'''(ക്വുര്‍ആന്‍ 7:188).

അല്ലാഹു പറയുന്നു: ''പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാ ന്‍ പിന്‍തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാവുമോ? നിങ്ങളെന്താണ് ചിന്തിച്ചു നോക്കാത്തത്?'' (6:50) (അവസാനിച്ചില്ല)