തൗഹീദുര്‍റുബുബിയ്യത്തിനെ കുറിച്ചുള്ള സ്വൂഫി ചിന്താഗതികള്‍

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

2020 ഫെബ്രുവരി 22 1441 ജുമാദല്‍ ആഖിറ 23

(സ്വൂഫികളും വിശ്വാസ വ്യതിയാനവും: 3)

(വിവ: ശമീര്‍ മദീനി)

മറഞ്ഞ കാര്യങ്ങള്‍ (ഗൈബ്) അറിയല്‍ സര്‍വലോകരക്ഷിതാവായ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.

അല്ലാഹു പറയുന്നു: ''അവന്റെ പക്കലാകുന്നു മറഞ്ഞ കാര്യങ്ങളുടെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല'' (ക്വുര്‍ആന്‍ 6:59).

ഉന്നതനും മഹാനുമായ അല്ലാഹു പറയുന്നു: ''അവര്‍ പറയുന്നു: അദ്ദേഹത്തിന് (നബിക്ക്) തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു തെളിവ് (നേരിട്ട്) ഇറക്കിക്കൊടുക്കപ്പെടാത്തതെന്തുകൊണ്ട്? (നബിയേ,) പറയുക; മറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന് മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു''(ക്വുര്‍ആന്‍ 10:20).

''ആകാശ-ഭൂമികളിലെ മറഞ്ഞ യാഥാര്‍ഥ്യങ്ങളെപ്പറ്റിയുള്ള അറിവ് അല്ലാഹുവിന്നാണുള്ളത്. അവങ്കലേക്ക് തന്നെ കാര്യങ്ങളെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും അവന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്റെ രക്ഷിതാവ് അശ്രദ്ധനല്ല'' (ക്വുര്‍ആന്‍ 11:123).

''(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും മറഞ്ഞ കാര്യങ്ങള്‍ അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല'' (ക്വുര്‍ആന്‍ 27:65).

എന്നു മത്രമല്ല, അല്ലാഹു നിശ്ചയിച്ച കാര്യങ്ങളും (ക്വദാ-ക്വദ്ര്‍) ലൗഹുല്‍മഹ്ഫൂളിലെ ചില കാര്യങ്ങള്‍ പോലും തിരുത്താനും കൈകാര്യം ചെയ്യാനുമൊക്കെ അവര്‍ക്ക് സാധിക്കുമെന്ന് വരെ അക്കൂട്ടര്‍ ജല്‍പിക്കുന്നു. അല്ലാഹുവിന്റെ വചനങ്ങളോട് എന്തുമാത്രം എതിര്‍പ്പിലാണ് ഈ നിരര്‍ഥകവാദം നിലകൊള്ളുന്നത്!

അല്ലാഹു പറയുന്നു: ''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടു കഴിഞ്ഞതായിട്ടല്ലതെ. തീര്‍ച്ചയായും അത് അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു'''(ക്വുര്‍ആന്‍ 57:22).

''(ഇങ്ങനെ നാം ചെയ്തത്,) നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ (അമിതമായി) ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യതൊരുരുഅഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല'''(ക്വുര്‍ആന്‍ 57:23).

നബി ﷺ  പറയുന്നു: ''ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പേ സൃഷ്ടികളുടെ കാര്യങ്ങളെല്ലാം അല്ലാഹു നിര്‍ണയിച്ചുകഴിഞ്ഞു. അവന്റെ സിംഹാസനം (അര്‍ശ്) വെള്ളത്തിന്മേലായിരുന്നു'' (മുസ്‌ലിം).

മറ്റു ചില റിപ്പോര്‍ട്ടുകളിലൂടെ ഇപ്രകാരം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്:

''അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് പേനയാണ്. എന്നിട്ടതിനോട് അവന്‍ എഴുതാന്‍ കല്‍പിച്ചു. അത് ചോദിച്ചു: 'എന്റെ രക്ഷിതാവേ, എന്താണ് ഞാന്‍ എഴുതേണ്ടത്?' അവന്‍ പറഞ്ഞു: അന്ത്യസമയം വരെയുള്ള എല്ലാറ്റിന്റെയും വിധിനിര്‍ണയങ്ങള്‍ (ഖദ്ര്‍) നീ രേഖപ്പെടുത്തുക.'' (അബൂദാവൂദ്)

അതായത്, ഗുണവും ദോഷവും അല്ലാഹുവിന്റെ കൈകളില്‍ മാത്രമാണ്. (അഥവാ അവനാണ് കാര്യങ്ങളൊക്കെ നിശ്ചയിക്കുന്നതും നടത്തുന്നതും).

അല്ലാഹു പറയുന്നു:'''നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്നപക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'''(ക്വുര്‍ആന്‍ 10:107).

സ്വീകാര്യയോഗ്യമായ പരമ്പരയിലൂടെ തിര്‍മിദി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു. നബി ﷺ  പറഞ്ഞു: ''നീ അറിയുക! സമൂഹം ഒന്നടങ്കം നിനക്ക് വല്ല ഉപകാരവും ചെയ്തുതരുന്നതിനുവേണ്ടി ഒരുമിച്ചു കൂടിയാല്‍ പോലും അല്ലാഹു നിനക്ക് വിധിച്ചിട്ടില്ലാത്ത യതൊരു ഉപകാരവും ചെയ്തു തരുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല. വല്ല തരത്തിലുമുള്ള ബുദ്ധിമുട്ടും നിനക്ക് വരുത്താന്‍ അവരൊന്നടങ്കം ഒരുമിച്ചുകൂടിയാലും അല്ലാഹു നിനക്ക് വിധിച്ചിട്ടില്ലാത്ത ഒന്നും വരുത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു. ഏടുകള്‍ ഉണങ്ങി.''(അഥവാ വിധികള്‍ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു).

അപ്രകാരം തന്നെ റുബൂബിയ്യത്തിന്റെ വിഷയത്തില്‍ സ്വൂഫികള്‍ക്ക് പറ്റിയ മറ്റൊരു ഭീമാബദ്ധമാണ് അദ്വൈത സങ്കല്‍പം. അതായത്, അല്ലാഹുവല്ലാത്ത ഒന്നും തന്നെയില്ല എന്ന വിശ്വാസം. പ്രപഞ്ചത്തില്‍ കാണപ്പെടുന്നതൊക്കെയും അല്ലാഹുവാണത്രെ! നാം ഈ കാണുന്ന ദൃശ്യ പ്രപഞ്ചങ്ങളെല്ലാം തന്നെ ദൈവത്തിന്റെ പ്രകടരൂപങ്ങളാണത്രെ! സര്‍വലോക രക്ഷിതാവാണത്രെ ഈ കാണുന്ന സൃഷ്ടിജാലങ്ങളത്രയും! സത്യനിഷേധികളും മാലിന്യങ്ങളും അടക്കമുള്ള എല്ലാം ദൈവത്തിന്റെ ദൃശ്യരൂപങ്ങളാണെന്ന ഇത്തരം കുഫ്‌റിന്റെ (സത്യനിഷേധത്തിന്റെ) വാക്കുകള്‍ ഒരാളും പറയുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. അവരുടെയടുക്കല്‍ കാണപ്പെടുന്നതൊക്കെയും ദൈവമാണ്. എന്നാല്‍ ഞാന്‍ പറയട്ടെ; ഈ കാലത്ത് മതനിയമങ്ങളെ ആദരിക്കുന്ന ബുദ്ധിയുള്ള ഒരാളും അങ്ങനെ പറയുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. പക്ഷേ, അങ്ങനെയിരിക്കെയാണ് ആധുനികരായ ചില സ്വൂഫികളുടെ കൃതികളില്‍ അങ്ങനെ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതായി ഞാന്‍ കാണുന്നത്. അങ്ങനെ ഞാനും അവരില്‍ ചിലരും തമ്മില്‍ തദ്‌വിഷയകമായി വാഗ്വാദങ്ങള്‍ നടന്നു. ഈ ഒരൊറ്റ കാര്യത്തെക്കുറിച്ച് ആലോചിച്ചാല്‍ മതി അതിന്റെ നിരര്‍ഥകത മനസ്സിലാക്കാന്‍. ഈ വാദമനുസരിച്ച് 'ഞാനാണ് നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവ്' എന്ന് ഫിര്‍ഔന്‍ പറഞ്ഞതും സത്യമാണെന്ന് അംഗീകരിക്കേണ്ടിവരും. മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവമാണെന്ന് പറഞ്ഞവരെക്കുറിച്ച് അവിശ്വാസികളെന്ന് പറയാന്‍ പറ്റില്ല എന്നുമാകും. അല്ലാഹു പറയുന്നതാകട്ടെ ഇപ്രകാരമാണ്:

''അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും'' (ക്വുര്‍ആന്‍ 5:73).

അപ്പോള്‍ സൃഷ്ടികള്‍ മുഴുവനും അല്ലാഹുവാണ് എന്ന് പറയുന്നവരുടെ സ്ഥിതി എന്തായിരിക്കും?!