പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷനേടാന്‍ പത്ത് ഉപദേശങ്ങള്‍

ശൈഖ് അബ്ദുറസ്സാഖ് ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ബദര്‍ (ഹഫി)

2020 ഏപ്രില്‍ 11 1441 ശഅബാന്‍ 18

(വിവര്‍ത്തനം: സമീര്‍ മുണ്ടേരി)

ശൈഖ് അബ്ദുറസ്സാഖ് ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ബദര്‍ (ഹഫി) എഴുതിയ ''പകര്‍ച്ചവ്യാധികളില്‍ നിന്നു രക്ഷപ്പെടാനുള്ള പത്ത് ഉപദേശങ്ങള്‍'' എന്ന ലഘുകൃതിയുടെ ആശയ വിവര്‍ത്തനം.

അല്ലാഹുവിനാണ് സര്‍വസ്തുതിയും. അവന്‍ പ്രയാസമനുഭവിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നു. പ്രയാസങ്ങള്‍ പരിഹരിക്കുന്നു. അവനെ സ്മരിക്കുന്നതുകൊണ്ടല്ലാതെ ഹൃദയങ്ങള്‍ ജീവസ്സുറ്റതാവുകയില്ല. അവന്റെ അനുവാദമില്ലാതെ ഒരു കാര്യവും നടക്കുകയില്ല. അവന്റെ കാരുണ്യംകൊണ്ടല്ലാതെ ഒരു പ്രയാസത്തില്‍നിന്നും രക്ഷനേടാന്‍ കഴിയുകയില്ല. അവന്‍ എളുപ്പമാക്കിയാലല്ലാതെ ഒരു ആഗ്രഹവും സഫലമാവുകയില്ല. അവനെ അനുസരിക്കുന്നതിലൂടെയല്ലാതെ സൗഭാഗ്യം ലഭിക്കുകയില്ല.

കൊറോണ എന്ന പേരില്‍ അറിയപ്പെടുന്ന പകര്‍ച്ചവ്യാധിയുടെ ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ചില ഉപദേശങ്ങളാണ് ഇവ. ഈ പരീക്ഷണം അല്ലാഹു എല്ലാവരില്‍ നിന്നും എത്രയും പെെട്ടന്ന് നീക്കിക്കളയട്ടെ.

ഒന്ന്: പരീക്ഷണം ഉണ്ടാകുന്നതിന് മുമ്പ് പറയേണ്ടത്

ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ) പറഞ്ഞു: നബി ﷺ  പറയുന്നത് ഞാന്‍ കേട്ടു: ''അല്ലാഹുവിന്റെ നാമത്തില്‍. അവന്റെ നാമം (സ്മരിക്കുന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം കേള്‍ക്കുന്ന വനും അറിയുന്നവനുമാകുന്നു.''

ഈ പ്രാര്‍ഥന മൂന്ന് പ്രാവശ്യം പറഞ്ഞാല്‍ നേരം പുലരുന്നതുവരെ അവനെ ഒരു പരീക്ഷണവും ബാധിക്കുകയില്ല. ആരെങ്കിലും അത് പ്രഭാതത്തില്‍ പറഞ്ഞാല്‍ വൈകുന്നേരംവരെ അവനെ ഒരു പരീക്ഷണവും ബാധിക്കുകയില്ല'' (അബൂദാവൂദ്).

രണ്ട്: യൂനുസ് നബി(അ)യുടെ പ്രാര്‍ഥന അധികരിപ്പിക്കുക

അദ്ദേഹം മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ട സമയത്ത് നടത്തിയ ദുആയാണ് ഇത്. അല്ലാഹു പറഞ്ഞു: ''ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: 'നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.' അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു'' (അല്‍അമ്പിയാഅ് 77-78).

'സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു' എന്ന ഭാഗത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു കസീര്‍ (റഹി) പറഞ്ഞു: അതായത് അവര്‍ പ്രയാസത്തിലാവുമ്പോള്‍ നമ്മിലേക്ക് മടങ്ങിക്കൊണ്ട് നമ്മോട് പ്രാര്‍ഥിക്കുമ്പോള്‍. പ്രത്യേകിച്ച് പരീക്ഷണത്തിന്റെ സമയത്ത് അവര്‍ ഈ പ്രാര്‍ഥന പ്രാര്‍ഥിക്കുമ്പോള്‍. (സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു). പിന്നെ നബി ﷺ യില്‍ നിന്നുള്ള ഈ ഹദീഥ് അദ്ദേഹം ഉദ്ദരിച്ചു. ''യൂനുസ്(അ) മത്സ്യത്തിന്റെ വയറ്റിലായിരിക്കെ ചെയ്ത ഈ പ്രാര്‍ഥന പ്രാര്‍ഥിച്ച ഒരാള്‍ക്കും അല്ലാഹു ഉത്തരം നല്‍കാതിരുന്നിട്ടില്ല'' (അഹ്മദ്, തിര്‍മിദി).

ഇബ്‌നുല്‍ ക്വയ്യിം(റഹി) അല്‍ഫവാഇദില്‍ പറഞ്ഞു: ''തൗഹീദ് മുഖേനയാണ് ഇഹേലാകത്തെ പരീക്ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുക. അതുകൊണ്ടാണ് പ്രയാസത്തിന്റെ സമയത്തുള്ള ദുആ തൗഹീദു കൊണ്ടായത്. യൂനുസ്‌നബി(അ)യുടെ പ്രാര്‍ഥനകൊണ്ട് പ്രാര്‍ഥിക്കുന്ന ഒരാള്‍ക്കും തൗഹീദ് കൊണ്ട് അവന്റെ പ്രയാസം അല്ലാഹു നീക്കിക്കൊടുക്കാതിരിക്കുകയില്ല.

മൂന്ന്: പരീക്ഷണക്കെടുതിയില്‍ നിന്ന് രക്ഷതേടുക

അബൂഹുറയ്‌റ(റ)യില്‍ നിന്ന്: ''പരീക്ഷണം, ദൗര്‍ഭാഗ്യം പിടികൂടല്‍, മോശമായ വിധി, ശത്രുക്കള്‍ സന്തോഷിക്കല്‍ എന്നിവയില്‍നിന്നെല്ലാം നബി ﷺ  രക്ഷതേടുമായിരുന്നു: 'അല്ലാഹുവേ, പരീക്ഷണക്കെടുതിയില്‍ നിന്നും, ദൗര്‍ഭാഗ്യക്കയത്തില്‍നിന്നും വിധിയിലെ വിപത്തില്‍ നിന്നും എനിക്കേല്‍ക്കുന്ന പ്രയാസത്തില്‍ ശത്രുക്കള്‍ സന്തോഷിക്കുന്നതില്‍നിന്നും ഞാന്‍ നിന്നില്‍ അഭയംതേടുന്നു'' (ബുഖാരി).

നാല്: വീട്ടില്‍നിന്നു പുറത്തുപോകുമ്പോഴുള്ള പ്രാര്‍ഥന പതിവാക്കുക

അനസ് ബിന്‍ മാലികി(റ)ല്‍ നിന്ന്: നബി ﷺ  പറഞ്ഞു: ''ഒരാള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ 'അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ പുറപ്പെടുന്നു), അല്ലാഹുവില്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല' എന്ന് പറഞ്ഞാല്‍ അന്നേരം അയാളോട് പറയപ്പെടും: '(മറ്റുള്ളവരുടെ തിന്മയില്‍ നിന്ന്) നീ തടയപ്പെട്ടു, നീ സംരക്ഷിക്കപ്പെട്ടു. നീ സന്മാര്‍ഗം സിദ്ധിച്ചവനായി. പിശാച് അവനില്‍ നിന്ന് അകന്ന് നില്‍ക്കും. എന്നിട്ട് മറ്റൊരു പിശാചിനോട് പറയും: നീ എങ്ങനെ ഒരാളിലേക്ക് ചെല്ലും? തീര്‍ച്ചയായും അയാള്‍ക്ക് സന്മാര്‍ഗം സിദ്ധിച്ചിരിക്കുന്നു, മറ്റുള്ളവരില്‍ നിന്നുള്ള തിന്മ അയാള്‍ക്ക് തടയപ്പെട്ടിരിക്കുന്നു, അയാള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു'' (സുനനു അബീദാവൂദ്).

അഞ്ച്: പ്രഭാതത്തിലും പ്രദോഷത്തിലും സൗഖ്യത്തിന് വേണ്ടി തേടുക

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: ''അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്റെ ആദര്‍ശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എന്റെ നഗ്‌നത മറക്കേണമേ, എന്റെ ഭയപ്പാടുകള്‍ക്ക് നിര്‍ഭയത്വമേകേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തുകൂടെയും ഇടതുഭാഗത്തുകൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളില്‍ നിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗര്‍ഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതില്‍ നിന്ന് നിന്റെ മഹത്ത്വത്തില്‍ ഞാന്‍ അഭയംതേടുന്നു.''

ആറ്: പ്രാര്‍ഥന അധികരിപ്പിക്കുക

നബി ﷺ  പറഞ്ഞതായി ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ''നിങ്ങളില്‍ നിന്ന് ആര്‍ക്കെങ്കിലും പ്രാര്‍ഥനയുടെ കവാടം തുറക്കപ്പെട്ടാല്‍ അവന് കാരുണ്യത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെട്ടു. സൗഖ്യം ചോദിക്കപ്പെടുന്നതിനെക്കാള്‍ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റൊരു കാര്യവും അവന്‍ ചോദിക്കപ്പെടുന്നില്ല'' (തിര്‍മുദി).

ഏഴ്: പകര്‍ച്ചവ്യാധിയുള്ള സ്ഥലങ്ങള്‍ സൂക്ഷിക്കുക

അബ്ദുല്ലാഹിബ്‌നു ആമിറി(റ)ല്‍ നിന്ന്: ''ഉമര്‍(റ) ശാമിലേക്ക് പുറപ്പെട്ടു. അദ്ദേഹം സര്‍ഗില്‍ എത്തിയപ്പോള്‍ ശാമില്‍ പകര്‍ച്ചവ്യാധി വ്യാപിക്കുന്നതായി അറിഞ്ഞു. അപ്പോള്‍ അബ്ദുറഹ്മാന്‍ഇബ്‌നു ഔഫ്(റ)അദ്ദേഹത്തോട് പറഞ്ഞു: 'നബി ﷺ  പറഞ്ഞിട്ടുണ്ട്: ഒരു നാട്ടില്‍ പകര്‍ച്ച വ്യാധിയുള്ളതായി നിങ്ങള്‍ കേട്ടാല്‍ അങ്ങോട്ട് പോകരുത്. നിങ്ങള്‍ ഉള്ള നാട്ടില്‍ പകര്‍ച്ചവ്യാധി ഉണ്ടായാല്‍ അവിടെനിന്നും നിങ്ങള്‍ പുറത്തുപോവുകയും അരുത്.''

അബൂഹുറയ്‌റ(റ)യില്‍ നിന്ന്: നബി ﷺ  പറഞ്ഞു: ''രോഗമുള്ളവന്‍ രോഗമില്ലാത്തവന്റെ അടുത്തേക്ക് ചെല്ലരുത്'' (മുസ്‌ലിം).

എട്ട്: നന്മകള്‍ വര്‍ധിപ്പിക്കുക

അനസി(റ)ല്‍ നിന്ന്; നബി ﷺ  പറഞ്ഞു: ''പുണ്യകര്‍മങ്ങള്‍ ആപത്തുകളെയും പരീക്ഷണങ്ങളെയും ബുദ്ധിമുട്ടുകളെയും തടുക്കുന്നു. ദുനിയാവിലെ നന്മയുടെ ആളുകള്‍ പരലോകത്തും നന്മയുടെ ആളുകളാണ്'' (ഹാകിം).

ഇബ്‌നുല്‍ ക്വയ്യിം(റഹി) പറഞ്ഞു: ''രോഗത്തിനുള്ള ചികിത്സകളില്‍ ഏറ്റവും മഹത്തരമായത്; സല്‍കര്‍മങ്ങള്‍, ദിക്‌റുകള്‍, ദുആകള്‍, വിനയം, അല്ലാഹുവിലേക്ക് മടങ്ങല്‍, തൗബ എന്നിവയാണ്. രോഗങ്ങള്‍ തടുക്കുന്നതിലും ശമനം സാധ്യമാകുന്നതിലും ഇക്കാര്യങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ഭൗതികമായ മരുന്നുകളെക്കാള്‍ പ്രധാനം ഇവയാണ്. ഇതിന്റെയെല്ലാം ഫലം ലഭിക്കുന്നത് വിശ്വാസത്തിന്റെ തോതനുസരിച്ചായിരിക്കും'' (സാദുല്‍ മആദ്).

ഒമ്പത്: രാത്രി നമസ്‌കാരം

ബിലാലി(റ)ല്‍ നിന്ന്; നബി  ﷺ  പറഞ്ഞു: ''നിങ്ങള്‍ രാത്രി നമസ്‌കാരം നിര്‍വഹിക്കുക. അതു നിങ്ങള്‍ക്ക് മുമ്പുള്ള സച്ചരിതരുടെ പതിവാണ്. രാത്രി നമസ്‌കാരം അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗവും പാപങ്ങളില്‍ നിന്നുള്ള രക്ഷയും പാപങ്ങള്‍ പൊറുക്കപ്പെടാനുള്ള കാരണവും ശാരീരിക രോഗങ്ങളില്‍ നിന്നുള്ള രക്ഷയുമാണ്'' (തിര്‍മിദി).

പത്ത്: പാത്രങ്ങള്‍ അടച്ചുവെക്കുക

ജാബിര്‍ ബിന്‍ അബ്ദില്ല(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറയുന്നതായി ഞാന്‍ കേട്ടു: ''നിങ്ങള്‍ പാത്രങ്ങള്‍ അടച്ചുവെക്കുക. വെള്ളപ്പാത്രങ്ങള്‍ മൂടിക്കെട്ടുക. വര്‍ഷത്തില്‍ ഒരു രാത്രി പകര്‍ച്ചവ്യാധി ഇറങ്ങും. അടച്ചുവെക്കാത്ത ഒരു പാത്രത്തിന്റെയും മൂടിക്കെട്ടാത്ത ഒരു വെള്ളപ്പാത്രത്തിന്റെയും അടുത്തു കൂടി അത് കടന്നുപോകുന്നില്ല; അതില്‍ പകര്‍ച്ചവ്യാധി ഇറങ്ങിയട്ടല്ലാതെ'' (മുസ്‌ലിം).

അവസാനമായി...

ഓരോ മുസ്‌ലിമും അവന്റെ കാര്യങ്ങള്‍ അല്ലാഹുവിലേക്ക് വിടേണ്ടതാണ്. എല്ലാ കാര്യങ്ങളും അവന്റെ നിയന്ത്രണത്തിലാണ്. സംഭവിക്കുന്ന പരീക്ഷണങ്ങള്‍ ക്ഷമയോടും പ്രതിഫലേച്ഛയോടും കൂടി നേരിടുക. ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:

''ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്'' (സുമര്‍ 10).

ആഇശ(റ) പ്ലേഗിനെക്കുറിച്ച് നബി ﷺ യോട് ചോദിച്ചു: അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''അല്ലാഹു അവനുദ്ദേശിക്കുന്നവരിലേക്ക് ഇറക്കുന്ന ഒരു ശിക്ഷയായിരുന്നു അത്. അവന്‍ അതിനെ വിശ്വാസികള്‍ക്ക് കാരുണ്യമാക്കി. ഒരു അടിമക്ക് പ്ലേഗ് ബാധിച്ചു. അവന്‍ തന്റെ നാട്ടില്‍ ക്ഷമയോടെ കഴിഞ്ഞുകൂടി. അല്ലാഹു വിധിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ലെന്ന് അവന്‍ മനസ്സിലാക്കുന്നു എങ്കില്‍ അവന് ശഹീദിന്റെ കൂലിയുണ്ട്''(ബുഖാരി).

അല്ലാഹു എല്ലാ പരീക്ഷണങ്ങളില്‍നിന്നും നമ്മെ കാത്ത് രക്ഷിക്കട്ടെ.