സ്വൂഫികളും വിശ്വാസ വ്യതിയാനവും

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09

(വിവ: ശമീര്‍ മദീനി)

(ഗ്രന്ഥകാരനെ കുറിച്ച്: ഡോ: സഅ്ദ്ബ്‌നു നാസ്വിറുബ്‌നു അബ്ദുല്‍ അസീസ് അബൂഹബീബ് അശ്ശത്‌രി. സുഊദി അറേബ്യയിലെ ഒരു പണ്ഡിത കുടുംബത്തില്‍ ജനിച്ച അദ്ദേഹം രിയാദിലെ ശരീഅ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. ഹി:1417ല്‍ ഉസ്വൂലുല്‍ ഫിക്വ്ഹില്‍ ഡോക്ടറേറ്റ് നേടി. സുഊദി അറേബ്യയിലെ ശൈഖ് അബ്ദുല്‍ അസീസ് ഇബ്‌നുബാസ്(റഹി), ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് മുതലായവര്‍ ഗുരുനാഥന്മാരില്‍ പ്രമുഖരാണ്. ചെറുതും വലുതുമായി ഇരുപതില്‍പരം ഗ്രന്ഥങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'ആറാഉസ്സൂഫിയ്യ ഫീ അര്‍കാനില്‍ ഈമാന്‍' എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയാണിത്).

പരക്കെ അറിയപ്പെടുന്ന ഒരു കക്ഷിയാണ് സ്വൂഫിയാക്കള്‍. അതുകൊണ്ട് തന്നെ അവരുടെ ചിന്താഗതികളും വിശ്വാസ-ആദര്‍ശങ്ങളും ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പഠന വിധേയമാക്കുന്നത് നന്നായിരിക്കും. അതുകൊണ്ടാണ് വിശ്വാസ കാര്യങ്ങളിലെ സ്വൂഫി ചിന്താഗതികള്‍ എന്ന പേരില്‍ ഇത്തരമൊരു ചര്‍ച്ചക്ക് തയ്യാറായത്. വിഷയത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സുപ്രധാനങ്ങളായ രണ്ട് കാര്യങ്ങളെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു.

ഒന്ന്: സ്വൂഫികള്‍ ഇന്ന് നിലവിലുണ്ടോ? അവരുടെ പ്രകടമായ രീതിശാസ്ത്രങ്ങളും അടയാളങ്ങളും എന്തൊക്കെയാണ്?

രണ്ട്: തസ്വവ്വുഫിന്റെ തുടക്കമെങ്ങനെയായിരുന്നു? സ്വൂഫിസത്തിന്റെ പ്രകടമായ അടയാളങ്ങളും രീതിശാസ്ത്രങ്ങളും എന്തൊക്കെയാണ്?

മറുപടി: സ്വൂഫിസത്തിലേക്ക് ചേര്‍ത്തു പറയുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന നിരവധി കക്ഷികളുണ്ട്. മൊറോക്കോ, സുഡാന്‍, ലിബിയ, സിറിയ, ഈജിപ്ത് തുടങ്ങിയ നാടുകളിലുള്ള 'ശാദുലിയ്യാ'' വിഭാഗവും, സുഡാന്‍, നൈജീരിയ, സിനഗല്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലുള്ള 'തീജാനിയ്യ' വിഭാഗവും അതിനുദാഹരണങ്ങളാണ്. മാത്രമല്ല, നൈജീരിയ്യയില്‍ മാത്രമുള്ള 'തീജാനിയ്യാ'ക്കള്‍ പത്ത് ദശലക്ഷത്തിലധികം വരുമെന്നാണ് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. സ്വൂഫി വിഭാഗത്തില്‍ തന്നെ പെട്ട മറ്റൊരു കക്ഷിയാണ് സുഡാനിലെ 'ഖത്മിയ്യ''ത്വരീക്വത്ത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലെ 'ബറേല്‍വി'കളും, 'നഖ്ശബന്ദിയ്യ', 'മൗലവിയ്യ', 'ക്വാദിരിയ്യ',''രിഫാഇയ്യ', 'കത്താനിയ്യ', 'അഹ്മദിയ്യത്തുല്‍ ഇദ്‌രീസിയ്യ' തുടങ്ങിയവയും സ്വൂഫി വിഭാഗങ്ങളാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ 'ദയൂബന്ദി'കളെ പോലെയും തുര്‍ക്കിയിലെ 'നൂര്‍സിയ്യാ'ക്കളെ പോലെയും സ്വൂഫിസത്തിന്റെ സ്വാധീനമുള്ള, അവരുടെ ആദര്‍ശങ്ങള്‍ സ്വീകരിച്ചതുമായ വേറെ ചില കക്ഷികളും വിഭാഗങ്ങളുമുണ്ട്. അതുകൊണ്ട്തന്നെ ഈ വിഷയത്തെ കുറിച്ചുള്ള പഠനം കാലാഹരണപ്പെട്ടുപോയ വല്ലതിനും ജീവന്‍ നല്‍കി അവതരിപ്പിക്കുന്നതല്ല; പ്രത്യുത നമ്മുടെ സമകാലിക യാഥാര്‍ഥ്യങ്ങളെ കുറിച്ചുള്ള പഠനമാണെന്നത് വ്യക്തമാണ്.

സ്വൂഫിസത്തിന്റെ തുടക്കം ഭൗതിക വിരക്തിയും (സുഹ്ദ്) ആരാധനക്കായി ഒഴിഞ്ഞിരിക്കലും ഇസ്‌ലാമിക സമൂഹത്തില്‍ വ്യാപിച്ചിരുന്ന ആഡംഭരത്തിന്റെ ഭാവങ്ങള്‍ ഉപേക്ഷിക്കലുമൊക്കെയായിരുന്നു. പരുക്കന്‍ രോമവസ്ത്രങ്ങള്‍ ധരിക്കല്‍ അതാണറിയിക്കുന്നത്. വിജ്ഞാനങ്ങളില്‍ നിന്നകന്ന് ആരാധനകളിലും മറ്റു കര്‍മങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചതിലൂടെ വ്യത്യസ്തങ്ങളായ വിശ്വാസ ആദര്‍ശങ്ങള്‍ അവരിലേക്ക് എളുപ്പത്തില്‍ കടന്നുകൂടുവാന്‍ സഹായകമായി. കാരണം അത്തരം വ്യതിയാനങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും വിധത്തിലുള്ള മതപരമായ അറിവ് അവര്‍ക്കുണ്ടായിരുന്നില്ല.

'തസ്വവ്വുഫി'ന്റെ ചരിത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍, സ്വഹാബത്തിന്റെ കാലഘട്ടം മുതല്‍ അതിന്റെ തുടക്കമുണ്ടായിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. സ്വഹാബികള്‍ അപ്പോള്‍ തന്നെ അതിനെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. തന്റെയും കുടുംബത്തിന്റെയും ഉപജീവനത്തിനായി ജോലി ചെയ്യാതെ ആരാധനക്കായി ഒഴിഞ്ഞിരിക്കുന്നവരെ ഉമര്‍(റ) ആക്ഷേപിക്കുകയുണ്ടായി. കൂഫയിലെ പള്ളിയില്‍ ഒരുമിച്ചുകൂടി സംഘമായി ദിക്ര്‍ ചൊല്ലിയവരെ ഇബ്‌നു മസ്ഊദും(റ) എതിര്‍ത്തിട്ടുണ്ട്. ചില മലകളില്‍ ആരാധനക്കായി പ്രത്യേക ഭവനങ്ങളുണ്ടാക്കിയവരെയും അദ്ദേഹം ആക്ഷേപിച്ചു. തസ്വവ്വുഫിന്റെ പ്രകടരൂപങ്ങള്‍ ഏതാനും കൊച്ചു കൊച്ചു ബിദ്അത്തുകള്‍ കൊണ്ടാണ് തുടങ്ങിയത്. പിന്നീട് കാലാന്തരത്തില്‍ അത് വളര്‍ന്ന് വലുതായി. ശരീഅത്തിന് വിരുദ്ധമായ പല ഗുരുതര സംഗതികളും അവരുടെ പക്കല്‍ രൂപപ്പെട്ടു തുടങ്ങി.

സ്വൂഫികള്‍ വ്യത്യസ്തങ്ങളായ നിരവധി കക്ഷികളാണ്. അവര്‍ക്കിടയില്‍ തന്നെ പരസ്പര ഭിന്നതയും എതിര്‍പ്പുകളുമുണ്ട്. പരസ്പര മാത്സര്യങ്ങളും ആക്ഷേപശരങ്ങള്‍ വര്‍ഷിക്കലുമൊക്കെയുണ്ട്. തസ്വവ്വുഫിന്റെ കാര്യത്തിലും ബിദ്അത്തുകളിലും അവരൊക്കെയും ഒരേ നിലവാരത്തിലല്ല. വിശ്വാസ കാര്യങ്ങളില്‍ ഏതിലെങ്കിലുമുള്ള സ്വൂഫി ചിന്താഗതികളെ കുറിച്ച് നാം സംസാരിക്കുമ്പോള്‍ അത് അവരിലെ എല്ലാ കക്ഷികളിലുമുണ്ട് എന്ന അര്‍ഥത്തിലല്ല. അപ്രകാരം തന്നെ ആധുനിക സൗകര്യങ്ങളും വാര്‍ത്താവിനിമയ മാര്‍ഗങ്ങളുമൊക്കെ വ്യാപിച്ച ഈ കാലഘട്ടത്തില്‍ ധാരാളക്കണക്കിന് സ്വൂഫികള്‍ തങ്ങളുടെ മുന്‍കാല ചിന്താഗതികളില്‍ ചിലതില്‍ നിന്നൊക്കെ മാറാന്‍ തുടങ്ങിയതായും കണ്ടിട്ടുണ്ട്. തങ്ങളുടെ ബിദ്അത്തുകളെയും ചില വിശ്വാസങ്ങളെയും നിരാകരിക്കുന്ന വ്യക്തമായ തെളിവുകള്‍ കണ്ടതുകൊണ്ടായിരിക്കാമത്.

ഈ വാക്കുകള്‍ കൊണ്ട് ഏതെങ്കിലും വ്യക്തികളെ ആക്ഷേപിക്കല്‍ എന്റെ ലക്ഷ്യമല്ല. മറിച്ച് സ്വൂഫികളുടെ ചില വിശ്വാസങ്ങള്‍ ക്വുര്‍ആനും സുന്നത്തുമായി തട്ടിച്ചുനോക്കി സര്‍വലോക രക്ഷിതാവായ അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിനത്തില്‍ എന്റെയും അവരുടെയും രക്ഷയാഗ്രഹിച്ചുകൊണ്ടും നസ്വീഹത്തി(ഗുണകാംക്ഷ)ന്റെ താല്‍പര്യത്താലുമുള്ള അല്ലാഹുവിന്റെ പൊരുത്തത്തിനായുള്ള ശ്രമം മാത്രമാണിത്. ഈമാന്‍ കാര്യങ്ങളുടെ ക്രമത്തില്‍ തന്നെ എന്റെ വാക്കുകളെ ഞാന്‍ ക്രമീകരിക്കുകയാണ്. അതായത്, ഈമാനിനെ കുറിച്ച് നബി(സ)യോട്  ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് വിശദീകരിച്ചതായി സ്വഹീഹായ ഹദീഥുകളില്‍ വന്ന ക്രമത്തില്‍ തന്നെ. നബി ﷺ  പറഞ്ഞു:

''ഈമാന്‍ അഥവാ വിശ്വാസമെന്നത്, അല്ലാഹുവിലും അവന്റെ മലക്കുകളിലും കിതാബുകളിലും ദൂതന്‍മാരിലും അന്ത്യദിനത്തിലും വിധിയിലും അഥവാ അതിന്റെ നന്മ-തിന്മകളിലും നീ വിശ്വസിക്കലാണ്'' (മുസ്‌ലിം).

അല്ലാഹുവിലുള്ള വിശ്വാസം

അല്ലാഹുവില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണെന്ന് നിരവധി തെളിവുകള്‍ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്‍ മുമ്പ് അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവരും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു''(ക്വുര്‍ആന്‍ 4:136).

ആ തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അല്ലാഹുവിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ടവയെ മൂന്ന് വിഭാഗങ്ങളായി തിരിക്കുവാന്‍ സാധിക്കും. ഒന്ന്, അല്ലാഹുവിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട വിശ്വാസം. അഥവാ അവനാണ് ഉപജീവനം നല്‍കുന്നവനും (അര്‍റാസിക്വ്) കാര്യങ്ങള്‍ നിയന്ത്രിക്കുന്നവനും (അല്‍മുദബ്ബിര്‍) ആയ സ്രഷ്ടാവ് (അല്‍ഖാലിക്വ്). ഇതാണ് തൗഹീദുര്‍റുബൂബിയ്യ (സൃഷ്ടി പരിപാലനത്തിലുള്ള ഏകത്വം) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

രണ്ടാമത്തേത്, ആരാധനാകര്‍മങ്ങള്‍ മുഴുവനും അവന് മാത്രം അര്‍പ്പിക്കുകയെന്ന നമ്മുടെ ബാധ്യതയുമായി ബന്ധപ്പെട്ടതാണ്. മറ്റാരും ആരാധനക്കര്‍ഹരല്ല. ഇതാണ് തൗഹീദുല്‍ ഉലൂഹിയ്യ അഥവാ ആരാധനയിലുള്ള ഏകത്വം.

മൂന്നാമത്തേത്, അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള വിശ്വാസമാണ് (അഥവാ തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്ത്). അല്ലാഹു അവനെ സ്വയം പരിചയപ്പെടുത്തിയതോ അവന്റെ റസൂല്‍(സ) അവനെക്കുറിച്ച് അറിയിച്ചതോ ആയ സര്‍വവിശേഷണങ്ങളും യാതൊരു ഭേദഗതിയോ (തഹ്‌രീഫ്) നിഷേധമോ (തഅ്ത്വീല്‍) ഉപമയോ (തംഥീല്‍) രൂപം ആവിഷ്‌കരിക്കലോ (തക്‌യീഫ്) ഒന്നും കൂടാതെ തന്നെ അവന്റെ ഔന്നത്യത്തിനും മഹത്ത്വത്തിനും യോജിക്കുന്ന വിധത്തില്‍ നാം അംഗീകരിക്കേണ്ടതുണ്ട്.

അല്ലാഹു പറയുന്നു: ''ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ നീ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കുകയും ചെയ്യുക. അവന്നു പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ?''(ക്വുര്‍ആന്‍ 19:65).

ഈ സൂക്തത്തിലെ 'ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍' എന്ന ഭാഗം തൗഹീദുര്‍റുബൂബിയ്യത്താണ്. 'അതിനാല്‍ അവനെ നീ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കുകയും ചെയ്യുക' എന്നത് തൗഹീദുല്‍ ഉലൂഹിയ്യത്തും 'അവന്നു പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ?' എന്നത് തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്തുമാണ്. (തുടരും)