മലയാളക്കരയിലെ മുസ്‌ലിം നവോത്ഥാന ചരിത്രം

മുബാറക് ബിന്‍ ഉമര്‍

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണ ഭൂതകാലമാണ് മലയാളക്കരയുടേത്. പ്രമാണങ്ങള്‍ പൊടി പറ്റാതെ അലമാരകളിലുറങ്ങിയപ്പോള്‍ അതിന്റെ അനുയായികള്‍ സമൂഹത്തില്‍ ഏറ്റവും നിന്ദ്യരായി മാറി. കേരള മുസ്‌ലിം നവോത്ഥാന സംഘടനയായ ഐക്യസംഘം കാലെടുത്തു വെയ്ക്കുന്നത് അവിടേക്കാണ്. പ്രസ്തുത ചരിത്രം വ്യക്തമാക്കുന്ന പഠന പരമ്പര.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കടുത്ത ജാതിവ്യവസ്ഥയും ജന്മി-കുടിയാന്‍ വ്യവസ്ഥയും ശക്തമായി നിലനിന്നിരുന്ന ഒരു ജനതയായിരുന്നു കേരളത്തിലുണ്ടായിരുന്നത്. അവരിലേക്ക് സമത്വ, സാഹോദര്യ, സ്‌നേഹത്തിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ സന്ദേശമെത്തിയപ്പോള്‍ ദാഹിച്ചുവലഞ്ഞവന്‍ വെള്ളം കിട്ടിയതുപോലെ ഇരുകൈകളും നീട്ടി അതിനെ പുല്‍കുകയായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. നാല്‍ക്കാലികള്‍ക്ക് നല്‍കപ്പെട്ട സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് തികച്ചും അധഃസ്ഥിതരായി ജനസമൂഹങ്ങള്‍ ജീവിച്ചിരുന്ന ഒരു കാലഘട്ടം. 'ദൃഷ്ടിയില്‍ പോലും ദോഷമുള്ളോര്‍' ആയിരുന്നു ഭൂരിപക്ഷ വര്‍ഗങ്ങളും; ഉന്നത ജാതിക്കാരന്‍ നടക്കുന്ന വഴി പൊതുവഴിയാണെങ്കിലും അവരുടെ കാഴ്ചയില്‍ പോലും പെട്ടുപോകാന്‍ പാടില്ലാത്ത നിലക്ക് ജീവിച്ചിരുന്നവര്‍. ഇസ്‌ലാം അധമത്വത്തില്‍നിന്നും വിവേചനത്തില്‍നിന്നും മോചനം നല്‍കുന്നുവെന്ന തിരിച്ചറിവില്‍ ആളുകള്‍ ഇസ്‌ലാമിലേക്ക് ഒഴുകിത്തുടങ്ങി.

കാലം മുന്നോട്ടു നീങ്ങി. ഏകദൈവാരാധനയിലധിഷ്ഠിതമായ പരിശുദ്ധ ഇസ്‌ലാമിന്റെ വിശ്വാസാനുഷ്ഠാനങ്ങള്‍ ശരിയാം വിധം പഠിക്കാനോ ഗ്രഹിക്കാനോ പിന്തുടരാനോ പറ്റിയ സാഹചര്യങ്ങള്‍ വിരളമായി. അത്തരത്തില്‍ ജീവിച്ചിരുന്ന സമുദായത്തില്‍ സത്യം മനസ്സിലാക്കിയ പ്രബോധകര്‍ വ്യക്തിപരമായും കൂട്ടായും ഇസ്വ്‌ലാഹ് അഥവാ പരിഷ്‌കരണ പ്രവര്‍ത്തനം നടത്തിയിരിക്കും എന്നതില്‍ സംശയിക്കേണ്ടതില്ല.

അറിയപ്പെട്ട ചരിത്രത്തില്‍ ഈ രംഗത്ത് ഒരു പ്രസ്ഥാനത്തിന്റെ ശക്തിയോടെ പ്രവര്‍ത്തിച്ച പ്രഥമ ഇസ്വ്‌ലാഹീ പ്രവര്‍ത്തകന്‍ സയ്യിദ് സനാഉല്ലാ മക്തി തങ്ങളാണ്. (ജനനം 1847, മരണം 1912). 1882ല്‍ സര്‍ക്കാര്‍ ജോലി രാജിവെച്ച തങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞുവീശി. െ്രെകസ്തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരിലെന്നപോലെ മുസ്‌ലിംകളിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരിലും അദ്ദേഹം പടപൊരുതി.

ശൈഖ് മാഹിന്‍ ഹമദാനി തങ്ങളുടെ നേതൃത്വത്തില്‍ 1922ല്‍ കൊടുങ്ങല്ലൂരില്‍ കേരള മുസ്‌ലിം ഐക്യസംഘം രൂപീകൃതമായി. (നിഷ്പക്ഷ സംഘം എന്ന പേരായിരുന്നു ആദ്യം). 1923ല്‍ കൊടുങ്ങല്ലൂരിലെ എറിയാട്ട് വെച്ച് സംഘത്തിന്റെ ഒന്നാം വാര്‍ഷികമാഘോഷിച്ചു. അധ്യക്ഷത വഹിച്ചത് വക്കം മൗലവി ആയിരുന്നു. കെ.എം. മൗലവി, കെ.എം. സീതി സാഹിബ്, മണപ്പാട്ട് കുഞ്ഞഹ്മദ് ഹാജി, എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി, ബി. പോക്കര്‍ സാഹിബ്, ഇ. മൊയ്തു മൗലവി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് തുടങ്ങിയ ഒട്ടനവധി നേതാക്കളും പണ്ഡിതന്മാരും ഐക്യസംഘത്തിന്റെ മുന്നണിയിലുണ്ടായിരുന്നു.

ഓരോ വര്‍ഷവും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച് ഐക്യസംഘം വിപുലമായ നിലയില്‍ വാര്‍ഷിക സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 1924ല്‍ ആലുവയില്‍ രണ്ടാം വാര്‍ഷിക സമ്മേളനം നടന്നു. മറ്റു സമ്മേളനങ്ങള്‍ നടന്ന സ്ഥലങ്ങള്‍: മൂന്നാം സമ്മേളനം കോഴിക്കോട്, നാലാം സമ്മേളനം തലശ്ശേരി (പ്രസിദ്ധ പണ്ഡിതനും ക്വുര്‍ആന്‍ വ്യാഖ്യാതാവുമായ മുഹമ്മദ് മാര്‍മഡ്യുക് പിക്താളാണ് അതില്‍ അധ്യക്ഷത വഹിച്ചത്), അഞ്ചാമത്തേത് കണ്ണൂര്‍, ആറാമത്തേത് തിരൂര്‍ (അധ്യക്ഷന്‍ മദിരാശിയിലെ ഡോ. അബ്ദുല്‍ഹഖ് സാഹിബ്), ഏഴാമത്തേത് എറണാകുളം, എട്ടാമത്തേത് തിരുവനന്തപുരം, ഒമ്പതാമത്തേത് മലപ്പുറം (അധ്യക്ഷന്‍ വടക്കേ മലബാര്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ഖാന്‍ബഹദൂര്‍ മീര്‍ സൈനുദ്ദീന്‍ സാഹിബ്), പത്താമത്തേത് കാസര്‍ഗോഡ് (അധ്യക്ഷന്‍ മദിരാശിയിലെ സയ്യിദ് അബ്ദുല്‍ വഹാബ് ബുഖാരി സാഹിബ്), പതിനൊന്നാമത്തേത് കൊടുങ്ങല്ലൂരിലെ എറിയാട്ട് (അധ്യക്ഷന്‍ ഭരണഘടനാ നിര്‍മാണ സഭാംഗവും സുപ്രീം കോടതി അഡ്വക്കറ്റുമായിരുന്ന ബി. പോക്കര്‍ സാഹിബ്), പന്ത്രണ്ടാമത്തേത് കണ്ണൂരിലെ അറക്കല്‍കെട്ടില്‍(അധ്യക്ഷന്‍ മദിരാശിയിലെ അബ്ദുല്‍ ഹമീദ് ഖാന്‍). ഒടുവിലത്തെ വാര്‍ഷിക സമ്മേളനമായിരുന്നു അത്. കേരള ജംഇയ്യത്തുല്‍ ഉലമ സജീവമായതുകൊണ്ടും മറ്റു പല കാരണങ്ങളാലും ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് നിലച്ചു എന്ന് പറയാം.

ഈ സമ്മേളനങ്ങള്‍ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വലിയ ഒരു ചിന്താവിപ്ലവത്തിന് വഴിയൊരുക്കി. യാഥാസ്ഥിതിക പണ്ഡിത വര്‍ഗം സമ്മേളനങ്ങള്‍ക്കെതിരില്‍ പല കുഴപ്പങ്ങളും തടസ്സങ്ങളും സൃഷ്ടിക്കാന്‍ ശ്രമിക്കുകയുണ്ടായി. ഹോട്ടലുകളും കടകളും തുറക്കാതെ ബഹിഷ്‌കരണം നടപ്പാക്കിയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. പിന്നീട് രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാവായിരുന്ന എ.പി. അഹ്മദ്കുട്ടി മുസ്‌ലിയാര്‍(പാങ്ങ്) ഐക്യസംഘത്തിന്റെ കോഴിക്കോട്ട് നടന്ന മൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രത്യേകമായൊരു സന്ദര്‍ഭത്തില്‍ 'ഈ സംഘത്തെ അല്ലാഹു ഖിയാമത്ത് നാള്‍ വരെ നിലനിര്‍ത്തട്ടെ' എന്ന് പ്രാര്‍ഥിക്കുകയുണ്ടായി.

തിരുവിതാംകൂറില്‍ ഇസ്വ്‌ലാഹീ പ്രവര്‍ത്തനത്തിന്ന് നേതൃത്വം നല്‍കിയത് വക്കം എം. അബ്ദുല്‍ ഖാദിര്‍ മൗലവിയായിരുന്നു (1873 -- 1932). 'മുസ്‌ലിം ധര്‍മ പരിപാലന സംഘം' എന്ന പേരില്‍ ചിറയില്‍കീഴ് താലൂക്കില്‍ ഒരു സംഘം രൂപീകരിച്ച് അന്ധവിശ്വാസ, അനാചാരങ്ങള്‍ക്കെതിരില്‍ പോരാടി. 'അല്‍ ഇസ്‌ലാം' എന്ന പേരില്‍ ഒരു അറബിമലയാളം മാസികയും 'സ്വദേശാഭിമാനി' എന്ന പേരില്‍ ഒരു ദിനപത്രവും (പത്രാധിപര്‍ രാമകൃഷ്ണപിള്ള) പ്രസിദ്ധീകരിച്ചു. മുസ്‌ലിംകളുടെ സര്‍വതോന്മുഖമായ പുരോഗതിക്കായി വക്കം മൗലവി അനുഷ്ഠിച്ച സേവനങ്ങള്‍ ചരിത്രം എക്കാലവും ഓര്‍ക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കൊച്ചിയില്‍ ബാംഗ്ലൂര്‍ സ്വദേശിയായ മൗലവി അബ്ദുല്‍ കരീം സാഹിബ് നടത്തിയ ഇസ്വ്‌ലാഹീ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഫലമുണ്ടായി. കരേക്കാട്ട് കുഞ്ഞിപ്പോക്കു മുസ്‌ല്യാര്‍, 'സ്വലാഹുല്‍ ഇഖ്‌വാന്‍' പത്രാധിപരായിരുന്ന സൈതാലിക്കുട്ടി മാസ്റ്റര്‍ (താനൂര്‍) തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ സ്മരിക്കപ്പെടേണ്ടവയാണ്. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മുസ്‌ലിം കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു നാമമാണ്. വെറും ഓത്തുപള്ളികള്‍ മാത്രമായിരുന്നു മതവിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റി ശാസ്ത്രീയമായ രൂപത്തില്‍ കരിക്കുലവും സിലബസ്സും ആവിഷ്‌കരിച്ച് നടപ്പാക്കിയത് മൗലാനയാണ്. അങ്ങനെയാണ് മദ്‌റസാ പ്രസ്ഥാനം കേരളത്തില്‍ സമാരംഭം കുറിക്കുന്നത്. അറബിക്കോളേജിന്റെയും ഉപജ്ഞാതാവ് മറ്റാരുമല്ല. ഈ സംരംഭങ്ങള്‍ ഇസ്വ്‌ലാഹി പ്രസ്ഥാനം ഏറ്റെടുത്തതോടെ കേരള മുസ്‌ലിംകളുടെ ചരിത്രത്തില്‍ പുതിയൊരു യുഗം ആരംഭിക്കുകയായിരുന്നു. (അവസാനിച്ചില്ല)