ജംഇയ്യത്തുല്‍ ഉലമായുടെ ജനനം

മുബാറക് ബിന്‍ ഉമര്‍

2017 മാര്‍ച്ച് 11 1438 ജമാദുല്‍ ആഖിര്‍ 12

മലയാളക്കരയിലെ മുസ്‌ലിം നവോത്ഥാന ചരിത്രം: 2

1924ല്‍ ആലുവയില്‍ നടന്ന ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് കേരള ജംഇയ്യത്തുല്‍ ഉലമാഅ് (അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃ) രൂപീകരിക്കപ്പെട്ടത്. മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ പണ്ഡിതന്മാരുടെ ഒരു സംഘടന ആവശ്യമാണെന്ന് കണ്ട് അതിന്റെ രൂപീകരണത്തിനായി കെ.എം. മൗലവി സെക്രട്ടറിയായി ഒരു അഡ്‌ഹോക്ക് കമ്മറ്റിയുണ്ടാക്കി. ഐക്യസംഘം രണ്ടാം വാര്‍ഷിക സമ്മേളനത്തിലേക്ക് ഉലമാക്കളെ ക്ഷണിക്കാന്‍ തീരുമാനിച്ചു. ടി.കെ. മുഹമ്മദ് മൗലവി, ഇ.കെ. മൗലവി, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് എന്നിവര്‍ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ഉലമാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചു. അധ്യക്ഷനായി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിന്റെ പ്രിന്‍സിപ്പള്‍ അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്തിനെ ക്ഷണിച്ചു. കേരളത്തിലെ അക്കാലത്തെ പ്രമുഖരായ ഉലമാക്കള്‍ വെല്ലൂരില്‍ പഠിച്ചു പാസ്സായവരായിരുന്നു. ഉലമാക്കള്‍ക്ക് യാത്രാചെലവും ഭക്ഷണചെലവും ഐക്യസംഘം വഹിക്കുന്നതാണെന്നറിയിച്ചിരുന്നു.

ഉലമാക്കള്‍ക്ക് ഒരു സംഘടന രൂപീകരിക്കണം. 'നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യുന്ന ഒരു സംഘമുണ്ടായിരിക്കല്‍ ഫര്‍ദ്കിഫായാണ്. അതുകൊണ്ട് കേരളത്തിലെ ഉലമാക്കളുടെ ഒരു സംഘമുണ്ടായിരിക്കണമെന്ന് ഈ യോഗം തീരുമാനിക്കുന്നു' എന്ന പ്രമേയം ചര്‍ച്ചക്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത ഒരു ബാഖവി എഴുന്നേറ്റ് നിന്ന് ഇങ്ങനെ ഒരു സംഘമുണ്ടായിരിക്കല്‍ ഫര്‍ദ് കിഫായയാണെന്നതിന്ന് എന്താണ് ദലീല്‍(തെളിവ്) എന്നു ചോദിച്ചു. അതിനു മറുപടി പറഞ്ഞത് ഇ.കെ. മൗലവിയാണ്. ആലുഇംറാനിലെ 'നല്ലതിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍' എന്ന ആയത്ത് ഓതി. അത് കേട്ട ബാഖവി, അത് ക്വുര്‍ആനല്ലേ, ശറഇല്‍ എന്താണ് ദലീല്‍ എന്നാണ് താന്‍ ചോദിച്ചതെന്നായി. അപ്പോള്‍ ഇ.കെ. മൗലവി അധ്യക്ഷനോട് ക്വുര്‍ആന്‍ ദലീലായി സ്വീകരിക്കാന്‍ പറ്റില്ലേ എന്ന് ചോദിച്ചു. അപ്പോള്‍ ആ ബാഖവിയോട് അധ്യക്ഷന്‍ മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു.

ക്വുര്‍ആനും ഹദീഥും ദലീല്‍(തെളിവ്, രേഖ) ആയി സ്വീകരിക്കാന്‍ കൊള്ളുകയില്ല, മദ്ഹബിന്റെ കിതാബുകളേ മതത്തില്‍ തെളിവായി അംഗീകരിക്കാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു അക്കാലത്തെ യാഥാസ്ഥിതികരുടെ നിലപാട്.

പ്രമേയം അവതരിപ്പിച്ച് സംസാരിച്ചത് പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇ.മൊയ്തു മൗലവി ആയിരുന്നു. എ. അബ്ദുല്‍ ക്വാദിര്‍ മൗലവി, ഇ.കെ. മൗലവി, പാലശ്ശേരി മമ്മു മൗലവി(കുറ്റൂര്‍) എന്നിവര്‍ പ്രമേയത്തെ പിന്തുണച്ചു.

ആ യോഗത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമാഅ് രൂപീകരിച്ചു. പ്രസിഡന്റ് എം. അബ്ദുല്‍ ക്വാദിര്‍ മൗലവി, വൈസ് പ്രസിഡന്റുമാര്‍ സി. അബ്ദുല്ലക്കോയ തങ്ങള്‍, കെ.കെ. മുഹമ്മദ് കുട്ടി മൗലവി. സെക്രട്ടറി സി.കെ. മൊയ്തീന്‍ കുട്ടി മൗലവി, ജോ. സെക്രട്ടറി ഇ.കെ. മൗലവി. പ്രവര്‍ത്തക സമിതി അംഗങ്ങള്‍: പി.എന്‍. മുഹമ്മദ് മൗലവി(പുളിക്കല്‍), പാലോട് മൂസക്കുട്ടി മൗലവി (കണ്ണൂര്‍), പി.പി. ഉണ്ണി മുഹ്‌യിദ്ദീന്‍ കുട്ടി മൗലവി(പുളിക്കല്‍), ടി. മുഹമ്മദ് കുട്ടി മൗലവി (കെ.എം. മൗലവി), പി.എ അബ്ദുല്‍ ക്വാദിര്‍ മൗലവി (കോട്ടയം), ബി.വി. കോയക്കുട്ടി തങ്ങള്‍ (ചാവക്കാട്), സി.അബ്ദുല്ലക്കുട്ടി മൗലവി, പാലശ്ശേരി മമ്മു മൗലവി (കുറ്റൂര്‍).

അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്തിന്റെ നിര്‍ദേശപ്രകാരം ജംഇയ്യത്തിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളായി താഴെ പറയുന്ന കാര്യങ്ങള്‍ നിശ്ചയിച്ചു:

ഛിന്നഭിന്നമായിക്കിടക്കുന്ന ഉലമാക്കളുടെ ഇടയില്‍ ഐക്യമുണ്ടാക്കുക.

മുസ്‌ലിംകളുടെ ഇടയിലുള്ള വഴക്കുകളെ അവരുടെ വക പഞ്ചായത്ത് സ്ഥാപിച്ച് അതില്‍ വെച്ച് തീരുമാനിക്കുക.

ദാറുല്‍ ഇഫ്താഅ് (മതവിധി കല്‍പിക്കല്‍ സമിതി) ഏര്‍പെടുത്തുക.

മുസ്‌ലിംകളുടെ ഇടയിലുള്ള മതവിശ്വാസങ്ങളിലെ മതവിരുദ്ധങ്ങളും ആപല്‍ക്കരവുമായ ദുരാചാരങ്ങള്‍ ദൂരീകരിക്കുക.

ഇസ്‌ലാംമത പ്രവര്‍ത്തനത്തിന്നായി ഉചിതമായ മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ഐക്യസംഘം സജീവമായി പ്രവര്‍ത്തിച്ചു. ജംഇയ്യത്തുല്‍ ഉലമായിലെ പണ്ഡിതന്മാരായിരുന്നു അതിന്റെ മുന്നണിയിലും പിന്നണിയിലും.

'അന്‍ബിയാ, ഔലിയാ, സ്വാലിഹീങ്ങളുടെ ദാത്ത്, ജാഹ്, ഹഖ്, ബര്‍കത്ത് കൊണ്ട് ഇടതേടുന്നതും, അവരെ നേരിട്ട് വിളിക്കലും സഹായത്തിന്നപേക്ഷിക്കലും, മരണപ്പെട്ടവര്‍ക്കു വേണ്ടി തല്‍ഖീന്‍ ചൊല്ലലും ക്വുര്‍ആന്‍ ഓതലും, മന്ത്രം, ഉറുക്ക്, പിഞ്ഞാണമെഴുതിക്കൊടുക്കലും, ബുര്‍ദ ഓതി മന്ത്രിക്കലും, മുഹ്‌യിദ്ദീന്‍ മാല, രിഫാഈ മാല ചൊല്ലലും ചൊല്ലിക്കലും തുടങ്ങിയ ആചാരങ്ങള്‍ കേരളത്തിലെ മുസ്‌ലിമീങ്ങളില്‍ അനേക കൊല്ലമായിട്ട് നിരാക്ഷേപമായി നടന്നുവരുന്നതും ഇപ്പോഴും നടത്തി വരുന്നതുമായതും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ഉലമാക്കളാല്‍ മതാനുസൃതങ്ങളാണെന്ന് സ്ഥിരപ്പെട്ടവയുമാണെന്നും ഇവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളെല്ലെന്നും അവര്‍ ഇമാമത്തിന്നും ഖത്തീബ് സ്ഥാനത്തിനും ഖാസി സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും' സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കുപ്രസിദ്ധമായ എട്ടാം പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടീഷുകാര്‍ നമ്മുടെ ഭരണകര്‍ത്താക്കളാണെന്നും അവരെ എതിര്‍ക്കാന്‍ പാടില്ലെന്നും ഇവര്‍ സ്വാതന്ത്ര്യ സമരക്കാലത്ത് പ്രമേയം പാസ്സാക്കി! സമസ്ത മുസ്‌ലിയാക്കള്‍ കോണ്‍ഗ്രസ്സുകാരല്ലാത്തവരും ഗവണ്മെന്റ് കക്ഷിയും ആയിരിക്കണമെന്നും അവര്‍ പ്രഖ്യാപിച്ചു! മദ്‌റസാ പ്രസ്ഥാനം നരകത്തിലേക്കുള്ള വഴിയാണ് എന്ന് പാട്ടുപാടി പ്രചരിപ്പിച്ചിരുന്നത് കുപ്രസിദ്ധമത്രെ! മണ്ണാര്‍ക്കാട്ട് ചേര്‍ന്ന സമസ്തയുടെ നാലാം വാര്‍ഷികത്തില്‍(1930) 'സ്ത്രീകള്‍ക്ക് കയ്യെഴുത്ത് പഠിപ്പിക്കല്‍ ശറഇല്‍ മക്‌റൂഹാണെന്ന് പലേ മഹാന്മാരായ ഉലമാക്കള്‍ മുമ്പ് തന്നെ തീരുമാനിച്ചിട്ടുള്ളതാകയാല്‍ അവര്‍ക്ക് കയ്യെഴുത്ത് പഠിപ്പിക്കല്‍ പ്രത്യേകം പാടില്ലാത്തതാണെന്ന് ഈ യോഗം തീരുമാനിക്കുന്നു' എന്ന പ്രമേയം പാസ്സാക്കി! ഖുതുബ അറബിയല്ലാത്ത ഭാഷയില്‍ ഹറാം, സ്ത്രീകള്‍ക്ക് പള്ളിപ്രവേശനം ഹറാം എന്നിവയും ഇവരുടെ പ്രധാന വാദങ്ങളാണ്. ക്വുര്‍ആന്‍ പരിഭാഷകള്‍ ധാരാളം ഇറക്കിയെങ്കിലും അത് ഹറാമാണെന്ന ഫത്‌വ നിലനില്‍ക്കുന്നു.

ഇപ്പോള്‍ ഇവരെവിടെ എത്തി നില്‍ക്കുന്നു എന്നു പറയേണ്ടതില്ലല്ലോ! സ്വന്തമായി വനിതാ അറബിക്കോളേജുകള്‍ വരെ നടത്തുന്നു! സ്വന്തം ക്വുര്‍ആന്‍ പരിഭാഷകള്‍ പ്രസിദ്ധീകരിച്ചു! പള്ളികളോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ പ്രത്യേക സൗകര്യമേര്‍പ്പെടുത്തി ബോര്‍ഡെഴുതി വെക്കാന്‍ തുടങ്ങി. ഖുതുബക്ക് മുമ്പും പിമ്പും മിമ്പറില്‍ നിന്ന് രണ്ടടി താഴെ മലയാളത്തില്‍ തറ പ്രസംഗമാവാം! ഇങ്ങനെ പല മാറ്റങ്ങളുമവര്‍ക്കുണ്ടായി. എങ്കിലും ശിര്‍ക്കന്‍ വാദങ്ങളും ബിദ്അത്തുകളും ഒഴിവാക്കിയിട്ടില്ല.

പ്രഭാഷണങ്ങള്‍, വാദപ്രതിവാദങ്ങള്‍, ഖണ്ഡന-മണ്ഡനങ്ങള്‍ എന്നിവ വഴി ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന് വന്‍ വേരോട്ടം ലഭിച്ചു എന്നത് സംശയമില്ലാത്ത ഒരു വസ്തുതയാണ്. ഖണ്ഡന, മണ്ഡന പ്രസംഗങ്ങള്‍ ജനങ്ങള്‍ക്ക് സത്യം മനസ്സിലാക്കാന്‍ ഏറെ സഹായകമായി. സുപ്രസിദ്ധമായ പൂനൂര്‍ വാദപ്രതിവാദത്തില്‍ എടവണ്ണ അലവി മൗലവിയുടെ, മണ്‍മറഞ്ഞ പുണ്യാത്മാക്കളെ വിളിച്ചു തേടാമെന്നതിന് ക്വുര്‍ആനില്‍ നിന്ന് ഒരു തെളിവുദ്ധരിക്കാമോ എന്ന ചോദ്യത്തിന്ന് നേരം വെളുക്കുവോളം മറുപടി പറയാനാവാതെ വിഷമിച്ച് ഉരുണ്ടു കളിച്ച ഖുറാഫി മുസ്‌ല്യാക്കളുടെ നിസ്സഹായാവസ്ഥയില്‍ നിന്ന് ജനങ്ങള്‍ക്ക് സത്യം ബോധ്യമായി.

വെട്ടം അബ്ദുല്ലഹാജി, കെ.കെ.എം. ജമാലുദ്ദീന്‍ മൗലവി, എ.അലവി മൗലവി, പി.കെ. മൂസമൗലവി, ശെയ്ഖ് മുഹമ്മദ് മൗലവി, എം.സി.സി. സഹോദരന്മാര്‍ (അഹ്മദ് മൗലവി, അബ്ദുര്‍റഹ്മാന്‍ മൗലവി, ഹസന്‍ മൗലവി) പി.സെയ്ദ് മൗലവി, കെ.സി. അബൂബക്ര്‍ മൗലവി, കെ.ഉമര്‍ മൗലവി, ഡോ.എം. ഉസ്മാന്‍ സാഹിബ്, കെ.പി. മുഹമ്മദ് മൗലവി, എന്‍.പി. അബ്ദുല്‍ ക്വാദിര്‍ മൗലവി തുടങ്ങിയ മഹാന്മാര്‍ ഇസ്വ്‌ലാഹീ രംഗത്ത് തങ്ങളുടേതായ സംഭാവനകള്‍ അര്‍പിച്ചു.

മുഹമ്മദ് അമാനി മൗലവിയുടെ ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം ഇസ്വ്‌ലാഹീ പ്രവര്‍ത്തന മേഖലയിലെ ഏറ്റവും മഹത്തായ ഒരു സംരംഭം തന്നെയായിരുന്നു. 1963ലാണ് അതിന്റെ പ്രസിദ്ധീകരണമാരംഭിക്കുന്നത്. അതിനു മുമ്പ് (1953ല്‍) ഉമര്‍ മൗലവിയുടെ അറബി മലയാളത്തിലുള്ള ക്വുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും പുറത്തിറങ്ങിയിരുന്നു. 1950 ഏപ്രില്‍ 20 (1369 റജബ് 2) നാണ് കെ.എന്‍.എം. സ്ഥാപിക്കപ്പെട്ടത്. പില്‍ക്കാലത്ത് യുവജനങ്ങള്‍ക്കു മാത്രമായി ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീനും (1967 സെപ്തം: 7) പിന്നീട് എം.എസ്.എമ്മും എം.ജി.എമ്മും രൂപീകരിക്കപ്പെട്ടു.

1924ല്‍ ആയിരുന്നല്ലോ കെ.ജെ.യു. സ്ഥാപിക്കപ്പെട്ടത്. രണ്ടുവര്‍ഷം കഴിഞ്ഞ് ഒരു വിഭാഗം കേരള ജംഇയ്യത്തുല്‍ ഉലമായില്‍ നിന്ന് പിരിഞ്ഞു പോയി. 1926ല്‍ അവര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ് സ്ഥാപിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമാഅ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, ആ പേരില്‍ ഒരു സംഘടന നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന വിവരമാണ് അധികൃതരില്‍ നിന്ന് കിട്ടിയത്. അപ്പോള്‍ സമസ്ത എന്ന പേര്‍ ചേര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ് രജിസ്റ്റര്‍ ചെയ്തു. സര്‍വ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഇവര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. മരിച്ചു പോയ അന്‍ബിയാ, ഔലിയാക്കളുടെ ദാത്ത്, ജാഹ്, ഹക്വ്, ബര്‍കത്ത് എന്നിവ കൊണ്ട് ഇടതേടുക, അവരെ നേരിട്ട് വിളിച്ച് സഹായം തേടുക, അവരുടെ പേരില്‍ നേര്‍ച്ചയാക്കുക, ക്വബ്‌റിങ്കല്‍ തല്‍ക്വീന്‍ ചൊല്ലുക, അവിടെ ക്വുര്‍ആന്‍ ഓതുക; ഉറുക്ക്, പിഞ്ഞാണം, ഏലസ്സ് മുതലായവ എഴുതിക്കൊടുക്കുക, നേര്‍ച്ചപ്പാട്ടുകളും മാലപ്പാട്ടുകളും കുപ്പിപ്പാട്ടുകളും ചൊല്ലിക്കുക എന്നിവയെല്ലാം നടത്താന്‍ അവര്‍ അനുവാദം കൊടുക്കുകയും അവയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.

ഇസ്വ്‌ലാഹീ പ്രസ്ഥാനത്തില്‍ നിന്ന് പില്‍ക്കാലത്ത് പിരിഞ്ഞു പോയവരാണ് ജമാഅത്തെ ഇസ്‌ലാമിക്കാര്‍. അബുല്‍അഅ്‌ലാ മൗദൂദിയുടെ പുതിയ മതരാഷ്ട്രവാദത്തിലും മറ്റും ആകൃഷ്ടരായി 1940കളില്‍ കേരള ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനം തുടങ്ങി. അനിസ്‌ലാമിക സര്‍ക്കാര്‍ ത്വാഗൂത്താണെന്നും സര്‍ക്കാറിന്റെ നിയമങ്ങള്‍ അനുസരിക്കല്‍ ശിര്‍ക്കാണെന്നും തൗഹീദില്‍ ആരാധനക്കു പുറമെ അനുസരണം, അടിമവേല എന്നിവ കൂടി പരിഗണിക്കപ്പെടേണ്ടതാണെന്നും അവര്‍ സിദ്ധാന്തിച്ചു. ഈ പുത്തന്‍ വാദങ്ങള്‍ ഇസ്‌ലാമിന് അന്യമാണെന്നും പ്രമാണങ്ങള്‍ക്കും പ്രവാചക ചരിത്രങ്ങള്‍ക്കും വിരുദ്ധമാണെന്നും സലഫീ പണ്ഡിതന്മാര്‍ വ്യക്തമാക്കി. അനിസ്‌ലാമിക ഗണ്മെന്റിന്റെ പാഠ്യപദ്ധതികള്‍ പോലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ഇക്കൂട്ടര്‍ സര്‍ക്കാര്‍ വിദ്യാഭ്യാസവും പരീക്ഷകളും ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞു. സ്വന്തമായി കോഴ്‌സും പാഠ്യപദ്ധതികളുമുണ്ടാക്കി. ചിലര്‍ സര്‍ക്കാര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചു, സര്‍ക്കാരുദേ്യാഗം രാജിവെച്ചു. വോട്ട് ഹറാമും തൗഹീദിന് വിരുദ്ധവുമായിരുന്നു. പക്ഷേ, പില്‍ക്കാലത്ത് ഗവണ്മെന്റ് ജോലി ആവാമെന്നായി. ഗവണ്മെന്റ് കോളേജ് ലക്ചറര്‍ ആയിരുന്നയാള്‍ കേരള അമീറായി. വോട്ടു ചെയ്യാന്‍ തുടങ്ങി. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ അവര്‍ക്കുണ്ടായി. പക്ഷേ, മുകളില്‍ ചൂണ്ടിക്കാണിച്ച തൗഹീദിലവര്‍ കൊണ്ടുവന്ന പുതിയ വാദങ്ങളൊന്നും ഇപ്പോഴുമവര്‍ ഒഴിവാക്കിയിട്ടില്ല എന്നത് ആശ്ചര്യകരവും രസകരവുമത്രെ! ഇടക്കാലത്ത് 'സോളിഡാരിറ്റി'യുണ്ടാക്കി കരിമണല്‍, എക്‌സ്പ്രസ് ഹൈവേ തുടങ്ങിയ പ്രശ്‌നങ്ങള്‍ പൊക്കിക്കൊണ്ടു വന്ന് രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചു. ഇപ്പോള്‍ വെല്‍ഫയര്‍ പാര്‍ട്ടിയുണ്ടാക്കി ശരിക്കും രാഷ്ട്രീയത്തിലിറങ്ങുകയും ചെയ്തു.

കേരള ജംഇയ്യത്തുല്‍ ഉലമാഅ് രൂപീകരണത്തില്‍ പങ്കെടുത്ത ചിലര്‍ തന്നെയാണ് പിന്നീട് വേറിട്ടുപോയി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുണ്ടാക്കിയത്. കേരള ജംഇയ്യത്തുല്‍ ഉലമായില്‍ പ്രമുഖ സ്ഥാനമലങ്കരിച്ചിരുന്ന കെ.സി. അബ്ദുല്ല മൗലവി പിരിഞ്ഞുപോയി ജമാഅത്തുകാരുമായി സഹകരിക്കുകയും പിന്നീട് പലതവണ അവരുടെ കേരള അമീറായിത്തീരുകയും ചെയ്തു. അതുപോലെ പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ക്വുര്‍ആന്‍ വ്യാഖ്യാതാവുമായിരുന്ന സി.എന്‍. അഹ്മദ് മൗലവി സ്വന്തമായ പുത്തന്‍ വ്യാഖ്യാനങ്ങളുമായി രംഗത്തു വന്നപ്പോള്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം അതിനെ ശക്തമായി നേരിട്ടു. വാദപ്രതിവാദ വേദികളില്‍ അജയ്യനായി നിലകൊണ്ടിരുന്ന ചേകനൂര്‍ മൗലവി മുജാഹിദുകളോടൊപ്പം കുറച്ചു കാലം പ്രവര്‍ത്തിച്ചു. പിന്നീട് ഇസ്‌ലാമിനെത്തന്നെ തകര്‍ത്തു കളയുന്ന അത്യന്തം അപകടകരങ്ങളായ വാദങ്ങളുന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ ഇസ്വ്‌ലാഹീ പണ്ഡിതന്മാര്‍ക്ക് അയാള്‍ക്കെതിരില്‍ വാദപ്രതിവാദം നടത്തേണ്ടി വന്നു.

ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു എന്നു പറഞ്ഞല്ലോ. ജംഇയ്യത്തുല്‍ ഉലമ രംഗത്ത് സജീവമായി. കെ.എം. മൗലവി പ്രസിഡന്റും എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി സെക്രട്ടറിയുമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രമായി 1935ല്‍ അല്‍മുര്‍ശിദ് അറബി മലയാള മാസിക തിരൂരങ്ങാടിയില്‍ നിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. കെ.ജെ.യു.വിന്റെ കീഴില്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജും അനാഥശാലയും സ്ഥാപിച്ചു. ഫാറൂഖില്‍ അബുസ്സ്വബാഹ് അഹ്മദലി മൗലവി റൗദത്തുല്‍ ഉലൂം അറബിക്കോളേജും, അരീക്കോട്ട് എന്‍.വി. അബ്ദുസ്സലാം മൗലവി സുല്ലമുസ്സലാം അറബിക്കോളേജും, അന്‍സ്വാറുല്ലാ സംഘം വളവന്നൂരില്‍ അന്‍സ്വാര്‍ അറബിക്കോളേജും സ്ഥാപിച്ചു. വേറെയും കോളേജുകളും സ്ഥാപനങ്ങളും ഉണ്ടായി.

1934 ജനുവരി 5ന് കെ.ജെ.യു.വിന്റെ പതിനൊന്നാം വാര്‍ഷികം പുളിക്കല്‍ മദ്‌റസതുല്‍ മുനവ്വറയില്‍ ചേര്‍ന്നതായി അല്‍ മുര്‍ശിദ് അറബി മലയാള മാസികയില്‍ കാണാം.

പന്ത്രണ്ടാം വാര്‍ഷികം വിപുലമായ നിലയില്‍ ആഘോഷിച്ചു. മലപ്പുറം മക്കരപ്പറമ്പിനടുത്ത പുണര്‍പ്പയില്‍ 1936 ഫെബ്രുവരി 22, 23 തീയതികളിലായിരുന്നു ആ വാര്‍ഷിക സമ്മേളനം. ജമാലിയ കോളേജ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ജലാല്‍ നദ്‌വി ആയിരുന്നു മുഖ്യാതിഥി. രണ്ടായിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. എം.സി.സി. ഹസന്‍ മൗലവി മക്കരപറമ്പിലെ പ്രമുഖ കുടുംബമായ വെങ്കിട്ട കുടുംബത്തില്‍ നിന്നാണ് വിവാഹം ചെയ്തത്. ആ ബന്ധമായിരിക്കണം അവിടെ സമ്മേളന വേദിയാക്കാന്‍ കാരണം. (കരുവള്ളി മുഹമ്മദ് മൗലവി പുണര്‍പ്പ സ്‌കൂളില്‍ ചേര്‍ന്ന ആ സമ്മേളനത്തെപ്പറ്റി തന്റെ സ്മരണയില്‍ നിന്നോര്‍ത്തെടുത്ത് എന്നോടു പറഞ്ഞിട്ടുണ്ട് എന്ന് കൂടി ചൂണ്ടിക്കാണിക്കട്ടെ).

കെ.ജെ.യു. പ്രസിഡന്റായി എന്‍. മമ്മു മൗലവി(തൊടികപ്പുലം) (1933-34), മൗലവി അബ്ദുല്‍ വഹാബ് ബുഖാരി സാഹിബ് (1934-35), കെ. എം. മൗലവി (1935-50), മങ്കട ഉണ്ണീന്‍ മൗലവി (1950-53), പി.പി. ഉണ്ണി മുഹ്‌യിദ്ദീന്‍ കുട്ടി മൗലവി പുളിക്കല്‍ (1953-71), എം. ശെയ്ഖ് മുഹമ്മദ് മൗലവി-ഉഗ്രപുരം (1971-77), കെ. ഉമര്‍ മൗലവി (1977-79), പി.സെയ്ദ് മൗലവി രണ്ടത്താണി (1979-82) എന്നിവര്‍ സേവനമനുഷ്ഠിച്ചു.

1933 മുതല്‍ 1964 വരെ എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി തന്നെയായിരുന്നു സെക്രട്ടറി. അദ്ദേഹത്തിന്റെ കാലശേഷം കെ.എന്‍ ഇബ്‌റാഹീം മൗലവി സെക്രട്ടറി സ്ഥാനമേറ്റു. മദീനത്തുല്‍ ഉലൂം അറബിക്കോളേജ് പ്രിന്‍ സിപ്പാളും കെ.എന്‍.ഇ. ആയിരുന്നു.

(അവസാനിച്ചില്ല)