ഐക്യം, ആദര്‍ശം, പ്രസ്ഥാനം

ടി.കെ.അശ്‌റഫ്

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19

ഐക്യവും യോജിപ്പും വളരെ അത്യാവശ്യമായൊരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകസമാധാനത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന ഭീകരതക്കെതിരെ സമാധാനവാദികളുടെ ഐക്യം അനിവാര്യമാണ്. സാമ്രാജ്യത്വ ശക്തികള്‍ സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെ നശിപ്പിക്കാന്‍ മുസ്‌ലിം നാമധാരികളെത്തന്നെ മുന്നില്‍ നിര്‍ത്തി ഐ.എസ് പോലുള്ള ഭീകര സംഘങ്ങള്‍ക്ക് രൂപം നല്‍കിക്കൊണ്ട് നടത്തുന്ന നരനായാട്ടിന്റെ ചുരുളഴിക്കാന്‍ ലോക മനസ്സാക്ഷി ഉണരേണ്ട സമയം വൈകിയിരിക്കുന്നു. ബുദ്ധമതത്തിലൂന്നി പ്രവര്‍ത്തിക്കുന്ന മ്യാന്‍മര്‍ സര്‍ക്കാര്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളില്‍ നടത്തുന്ന വംശഹത്യയെ ബുദ്ധമത ഭീകരതയെന്ന് വിശേഷിപ്പിക്കാത്ത മീഡിയ ഐ.എസിന്റെ ചെയ്തികളെ ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കുന്നതില്‍ നിന്ന് തന്നെ മാധ്യമങ്ങളുടെ ഇസ്‌ലാം വിരുദ്ധതയുടെ ഒളിയജണ്ട വ്യക്തമാണ്.

വിശാല ഐക്യം തേടുന്ന ഇന്ത്യ

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് ഇന്ത്യയുടെ ജീവവായുവായ നാനാത്വത്തില്‍ ഏകത്വത്തെ തകര്‍ത്ത് ഏകശിലാ തടവറയില്‍ രാജ്യത്തെ തളച്ചിടാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ സമാധാനമാഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ വിശാലമായൊരു ഐക്യവും യോജിപ്പുമാണ് കാലം നമ്മില്‍നിന്നാവശ്യപ്പെടുന്നത്. നമ്മുടെ രാജ്യത്തെ വര്‍ഗീയമായി വെട്ടിക്കീറാന്‍ ഒരിക്കലും അനുവദിക്കരുത്. എല്ലാ മതവിശ്വാസികളും രാജ്യത്തെ വര്‍ഗീയവത്കരിക്കുന്നതിനെതിരില്‍ രംഗത്ത് വരണം. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മതത്തെ മറയാക്കി വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ അതത് മത നേതാക്കള്‍ തയ്യാറാവണം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഭ്യന്തര ശൈഥില്യങ്ങളില്‍ അമരാതെ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാനായി യോജിച്ച കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കണം.

സമുദായ ഐക്യം അനിവാര്യമാക്കുന്ന കേരളം

ഇന്ത്യയില്‍ സുരക്ഷിതമായി നിലകൊള്ളുന്ന കേരളത്തിന്റെ സമാധാന ഭൂമിക തകിടം മറിക്കുക വഴി വര്‍ഗീയ ചേരിതിരിവിന്റെ വിത്ത് വിതയ്ക്കാന്‍ കാത്തിരിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ യോജിച്ച മുന്നേറ്റം അനിവാര്യമാണ്. തിരൂരങ്ങാടിയിലെ കൊടിഞ്ഞിയില്‍ നടന്ന ഫൈസല്‍ വധവും ചില പ്രബോധകര്‍ക്കെതിരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ചുവടുവെപ്പുകളും ഇസ്‌ലാമിനും അതിന്റെ പ്രബോധനത്തിനും പ്രബോധകര്‍ക്കും നേരെ ഉയരുന്ന ഭീഷണിയുടെ ആഴം നമ്മെ വിളിച്ചറിയിക്കുന്നു. ന്യൂനപക്ഷത്തെ തമ്മിലടിപ്പിക്കാനും ഭൂരിപക്ഷത്തെ ഏകീകരിക്കാനും ലക്ഷ്യം വെച്ച് നടത്തുന്ന നീക്കത്തിന്റെ തുടര്‍ച്ച മാത്രമാണ് ഏകസിവില്‍കോഡ് വിവാദം. ഈ സന്ദര്‍ഭത്തില്‍ മുസ്‌ലിം സംഘടനകള്‍ വിവേകത്തിന്റെ വഴിയാണ് സ്വീകരിക്കേണ്ടത്.

തീവ്രവാദ ആരോപണം അവസാനിപ്പിക്കുക

സമസ്തയിലെ ചില പ്രഭാഷകന്മാര്‍ സലഫികള്‍ക്ക് നേരെ നടത്തുന്ന തീവ്രവാദ ആരോപണത്തിന് കടിഞ്ഞാണിടാന്‍ വൈകിയാല്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും. പ്രമാണ വിരുദ്ധമായ ആശയത്തെ ആര്‍ക്കും ചോദ്യം ചെയ്യാം. അതിന് വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരുമാണ്. അതല്ലാതെ ലോകത്തുരുണ്ടുകൂടുന്ന ഊഹാപോഹങ്ങളില്‍ നിന്ന് ചികഞ്ഞെടുത്ത ചില കണ്ടെത്തലുകളെ ചേര്‍ത്തുവെച്ച് കേരളത്തിലെ മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരില്‍ ഭീകരത കെട്ടിവെക്കുന്നത് സമസ്തയിലെ സാധാരണക്കാര്‍ പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. തടിയന്റവിട നസീര്‍ തീവ്രവാദ ആരോപണത്തില്‍ പിടിക്കപ്പെട്ടതിന്റെ മറപിടിച്ച് സമസ്തയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മുജാഹിദുകളാരും തുനിഞ്ഞിട്ടില്ലല്ലൊ.

മൗദൂദിയെപ്പോലുള്ളവരുടെ ഗ്രന്ഥങ്ങളിലുള്ള പ്രമാണവിരുദ്ധവും തീവ്രവുമായ ആശയങ്ങള്‍ തള്ളിപ്പറയാനും ന്യായീകരണം അവസാനിപ്പിക്കാനും പുസ്തകങ്ങള്‍ പിന്‍വലിക്കാനും ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വം ഇനിയും വൈകിക്കൂടാ. മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ വില്‍ക്കപ്പെടുന്ന കാലത്തോളം അതിലുള്ള തീവ്ര ആശയങ്ങളെ വിമര്‍ശിക്കുന്നതിനെ തീവ്രവാദ ആരോപണമായി വ്യാഖ്യാനിക്കുന്നത് ന്യായമല്ല.

ഇസ്‌ലാമിക പ്രബോധകര്‍ക്ക് നേരെയുള്ള വേട്ടയെ മുസ്‌ലിംകള്‍ക്ക് നേരെയുള്ള നീക്കമായിട്ട് മാത്രമല്ല നാം കാണേണ്ടത്. നമ്മുടെ ഭരണഘടനയിലെ മൗലികാവകാശത്തിനെതിരെയുള്ള കടന്നുകയറ്റം കൂടിയാണത്. അഥവാ ഭരണഘടനക്കെതിരെയുള്ള തുറന്ന യുദ്ധം. രാജ്യത്തിന്റെ ബഹുസ്വരതക്കെതിരെയുള്ള കലാപമാണത്. ഇത് മുസ്‌ലിംകളെ മാത്രമല്ല ബാധിക്കുക. സ്വന്തമായി അഭിപ്രായമുള്ള മുഴുവന്‍ വ്യക്തികളെയും കശാപ്പ് ചെയ്യുന്ന കൊടുവാളാണിത്. കലാകാരന്മാരിലേക്കും പൊതുപ്രവര്‍ത്തകരിലേക്കും അത് നീങ്ങിത്തുടങ്ങി. സമൂഹത്തിന്റെ സമൂലമായ നാശത്തിലേക്ക് പ്രകാശവേഗതയില്‍ ഈ അസഹിഷ്ണുത ആളിപ്പടരും.

മതേതര സമൂഹത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാന്‍ ന്യൂനപക്ഷങ്ങള്‍ ഐക്യത്തോടെ നീങ്ങേണ്ട ഘട്ടമാണിത്. സമുദായ സംഘടനകള്‍ അതിന് നേതൃത്വം നല്‍കണം. ആദര്‍ശപരമായ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പൊതുഭീഷണിക്കെതിരെ യോജിക്കാനാവണം. 1930കളില്‍ എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനിന്ന് രാജ്യത്തിന് വേണ്ടി പോരാടുമ്പോള്‍ തന്നെ ശരീഅത്ത് സംരക്ഷണത്തിന് വേണ്ടി മുസ്‌ലിംകള്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ചരിത്രത്തിന്റെ ആവര്‍ത്തനമാണ് കാലം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്. പരസ്പരം പോരടിച്ച് പൊതുശത്രു കത്തിച്ചുവെച്ച അഗ്‌നിയില്‍ ഇയ്യാംപാറ്റകളെ പോലെ എരിഞ്ഞ് തീരേണ്ടവരല്ല വിവേകമുള്ളവര്‍. സമുദായം നേരിടുന്ന, രാജ്യം നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ ഐക്യത്തോടെ മുന്നോട്ട് നീങ്ങുകയാണ് നാം വേണ്ടത്.

മുജാഹിദ് ഐക്യം യാഥാര്‍ഥ്യമാകാന്‍

നാം എത്ര ശ്രമിച്ചാലും വിജയമുണ്ടാക്കേണ്ടത് അല്ലാഹുവാണ്. അല്ലാഹുവിന്റെ നിയമാതിര്‍ത്തികള്‍ കാത്തു സൂക്ഷിക്കുന്നവരെ മാത്രമെ അല്ലാഹു സഹായിക്കുകയുള്ളൂ. രാജ്യത്തിന്റെ വെല്ലുവിളിയുടെ പേരില്‍ തന്റെ വിശ്വാസവും മതപരമായ കണിശതയും കൈവെടിഞ്ഞാല്‍ അല്ലാഹുവും നമ്മെ കൈവെടിയും. കേരളത്തിലെ മുജാഹിദുകള്‍ക്കിടയിലെ ഐക്യം വിലയിരുത്തേണ്ടത് ഈ മര്‍മത്തില്‍ ഊന്നി നിന്നുകൊണ്ടായിരിക്കണം.

കേരളത്തില്‍ നവോത്ഥാനത്തിന്റെ തിരികൊളുത്തിയ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസ്ഥാനം 2002ല്‍ ഭിന്നതച്ചതില്‍ ദുഃഖിക്കാത്തവരില്ല. ഇതൊന്ന് ഒന്നിച്ച് കാണണമെന്ന് ആഗ്രഹിക്കാത്തവരില്ല. അതുകൊണ്ട് തന്നെ മുജാഹിദുകള്‍ ഐക്യപ്പെട്ടുവെന്ന വാര്‍ത്ത സന്തോഷം പകരുന്നതാണ്. എന്നാല്‍ ഈ ഐക്യം താല്‍കാലികമായ പ്രതിഭാസമായിക്കൂടാ. അത് യാഥാര്‍ഥ്യമാകണം. ആദര്‍ശത്തെയും പ്രസ്ഥാനത്തെയും സ്‌നേഹിക്കുന്നവര്‍ അതാണാഗ്രഹിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അകന്ന് നിന്നത് ആദര്‍ശപരമായ കാരണത്താലാണന്ന് ഏവരും മനസ്സിലാക്കിയതാണ്. ആദര്‍ശപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പതിനൊന്ന് മാസം എടുക്കേണ്ടിവന്നുവെന്ന് ഐക്യത്തിന്റെ നാള്‍ വഴിയില്‍ പ്രത്യേകം എടുത്ത് പറഞ്ഞത് ശ്രദ്ധേയമാണ്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ ഐക്യത്തിന്റെ ശേഷമുണ്ടായ ഒൗദേ്യാഗിക വിശദീകരണങ്ങള്‍ ആദര്‍ശബോധമുള്ളവരെ നിരാശരാക്കുന്നതും ഐക്യത്തെ നെഞ്ചിലേറ്റിയവരെ വഞ്ചിക്കുന്നതുമായി എന്ന് പറയേണ്ടി വന്നതില്‍ ദുഃഖമുണ്ട്.

ഐക്യവും വാര്‍ത്താ സമ്മേളനവും

2016 ഡിസംബര്‍ 5ന് കോഴിക്കോട് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഐക്യപ്പെട്ട വാര്‍ത്ത ആദ്യമായി പുറത്ത് വരുന്നത്. ഐക്യപ്രമേയം പത്രക്കാരെ അറിയിച്ച ശേഷം സംശയങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടെന്ന് ടി.പി അബ്ദുല്ലക്കോയ മദനി അറിയിച്ചു.

സിഹ്ര്‍ സംബന്ധിച്ച തര്‍ക്കം

കഴിഞ്ഞ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന വിഷയമായിരുന്നതിനാല്‍ പത്രക്കാര്‍ ആദ്യം അതിനെക്കുറിച്ചു തന്നെ ചോദിച്ചു. സിഹ്ര്‍! ഫലിക്കുമെന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കാണന്ന് മടവൂര്‍ വിഭാഗം വാദിച്ചപ്പോള്‍ ടി.പി വിഭാഗം അതിനെ എതിര്‍ക്കുകയും ചെയ്തു. സിഹ്ര്‍ ഫലിക്കുമെന്നും എന്നാല്‍ അത് ചെയ്യുന്നത് മഹാപാപമാണെന്നുമാണ് ഇത്രയും കാലം വിശദീകരിച്ചിരുന്നത്. ആദര്‍ശ കാര്യങ്ങള്‍ തീരുമാനമായ സ്ഥിതിക്ക് സിഹ്ര്‍ വിഷയത്തില്‍ സംഘടനയുടെ ഔദ്യോഗിക നിലപാട് എന്തായിരിക്കും എന്നാണ് പത്രക്കാരന്‍ ചോദിച്ചത്. ഭിന്നതയുള്ള വിഷയങ്ങളില്‍ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും ഐക്യപ്പെട്ടുവെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ ചോദ്യത്തിന് നിഷ്പ്രയാസം മറുപടി പറയാവുന്നതേയുള്ളൂ. സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്നും എന്നാല്‍ അത് ചെയ്യാന്‍ പാടില്ലെന്നതുമാണ് പ്രാമാണികമായ മറുപടി. 2002ന് മുമ്പുള്ള, അമാനി മൗലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ ഇത് വ്യക്തമായി എഴുതിയിട്ടുള്ളതാണ്. മാത്രമല്ല കേരള ജംഇയ്യത്തുല്‍ ഉലമയുടെ തീരുമാനങ്ങളില്‍ പൈശാചിക ബാധ സത്യമാണെന്നതിന്റെ പ്രമാണങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മദ്‌റസ പാഠപുസ്തകങ്ങളില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തുവരുന്ന വിഷയമാണിത്.

ഇക്കാര്യം വ്യക്തമാക്കുന്നതിന് പകരം സിഹ്ര്‍ വിഷയം ജംഇയ്യത്തുല്‍ ഉലമ ചേര്‍ന്ന് വീണ്ടും തീരുമാനിക്കും എന്നാണ് ടി.പി മറുപടി പറഞ്ഞത്. ആദര്‍ശകാര്യങ്ങള്‍ ഒരുപക്ഷേ, ചര്‍ച്ച ചെയ്തിട്ടുണ്ടാകുമെന്നല്ലാതെ തീരുമാനമായിട്ടില്ലെന്നത് വളരെ വ്യക്തം. വീണ്ടും ചോദിച്ചപ്പോള്‍ ഡിസംബര്‍ 20ന് കോഴിക്കോട് കടപ്പുറത്ത് ചേരുന്ന ഐക്യസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി.

വിചിന്തനംവിശദീകരണവും അസ്ഗറലിയുടെ രാജിയും

കോഴിക്കോട് ഐക്യ സമ്മേളനത്തില്‍ സിഹ്ര്‍ അടക്കമുള്ള വിഷയങ്ങളിലെ ആദര്‍ശ നിലപാടുകള്‍ തുറന്ന് പറഞ്ഞില്ല. അത്തരം വിഷയങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യില്ലെന്നാണ് തീരുമാനം എന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഐക്യകരാര്‍ ലംഘിച്ചുകൊണ്ട് ഫെബ്രു: 3ന് ഇറങ്ങിയ വിചിന്തനത്തില്‍ മടവൂര്‍ വിഭാഗത്തിലെ സൂത്രധാരന്‍ ജനാബ് എ.അസ്ഗറലി, എം അബ്ദുറഹ്മാന്‍ സലഫി എന്നിവരുടെ പേര് വെച്ച് കൊണ്ടു തന്നെ വിശദീകരണം നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരായി. പ്രതിസന്ധി രൂക്ഷമാവുകയാണ് വിശദീകരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. വിചിന്തനത്തിലെ വിശദീകരണത്തിനെതിരില്‍ നിലവിലുള്ള ഓര്‍ഗനൈസേഷന്‍ സെക്രട്ടറി അസ്ഗറലി സാഹിബ് തന്നെ പേര് വെച്ച് എഴുതിയ മറ്റൊരു കുറിപ്പും രാജിക്കത്തും പ്രതിസന്ധി രൂക്ഷമായതിന്റെ തെളിവാണ്. ആദര്‍ശയോജിപ്പിലൂടെയല്ല അഡ്ജസ്റ്റ്‌മെന്റിലൂടെയാണ് ഐക്യപ്പെട്ടതെന്ന സത്യം ഇതിലൂടെ ആധികാരികമായിത്തന്നെ പുറത്ത് വന്നിരിക്കുകയാണ്.

പുതിയ വിശദീകരണ പ്രകാരം രണ്ട് ആശയങ്ങള്‍ ഇപ്പോഴും ഇരു വിഭാഗത്തിനിടയിലും നിലനില്‍ക്കുന്നുണ്ട്. സിഹ്ര്‍ ഫലിക്കുമെന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കാവില്ലെന്നും അക്കാര്യത്തില്‍ മുന്‍ഗാമികള്‍ക്കോ പിന്‍ഗാമികള്‍ക്കോ തര്‍ക്കമുണ്ടായിട്ടില്ലെന്നും വിചിന്തനം എഴുതുന്നു. എന്നാല്‍ അസ്ഗറലി സാഹിബ് അതിന് ഖണ്ഡനവുമായി അടുത്ത ദിവസം തന്നെ രംഗത്ത് വന്നതോടെ ഈ വിഷയത്തില്‍ രണ്ടഭിപ്രായം നിലനില്‍ക്കുകയാണ് എന്ന് വ്യക്തമാകുന്നു. പതിനൊന്ന് മാസം ചര്‍ച്ച ചെയ്തിട്ടും മര്‍മ പ്രധാനമായ വിഷയത്തില്‍ യോജിപ്പുണ്ടായിട്ടില്ല എന്നര്‍ഥം. അലി മദനി അവരുടെ കൗണ്‍സിലില്‍ പറഞ്ഞതുപോലെ മടവൂര്‍ വിഭാഗം ആദര്‍ശം മാറ്റാതെയാണ് ഐക്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമായി. ഇനി അണികള്‍ വിശ്വസിക്കേണ്ടത് വിചിന്തനം എഴുതിയതാണോ? അതാണ് ഔദ്യോഗിക നിലപാടെങ്കില്‍ അസ്ഗറലി സാഹിബിന്റെ രാജി സ്വീകരിച്ചാല്‍ മാത്രം മതിയോ? അദ്ദേഹം വിചിന്തനത്തിനെതിരില്‍ എഴുതിയത് തെറ്റാണെന്ന് തുറന്ന് പറേയണ്ടേ? വിചിന്തനത്തിനെതിരില്‍ പരസ്യമായി ഓണ്‍ലൈന്‍ മീഡിയകളില്‍ ആഞ്ഞടിച്ച ഭാരവാഹികളെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കാമോ? അതോ അവര്‍ മാപ്പ് പറയുമോ?

അതല്ല, വിചിന്തനം എഴുതിയത് തെറ്റും അസ്ഗറലിയുടെ കുറിപ്പ് ശരിയുമാണെങ്കില്‍ കെ.എന്‍.എം നിലപാട് മാറ്റി മടവൂര്‍ ആദര്‍ശത്തിലേക്ക് പോയി എന്ന് സമ്മതിക്കേണ്ടതായി വരും. മാത്രവുമല്ല, കെ.ജെ.യുവിനെ ഹൈജാക്ക് ചെയ്ത് ഈ ലേഖനം പ്രസിദ്ധീകരിച്ച അസ്ഗറലിക്കും സലഫിക്കുമെതിരില്‍ നടപടി എടുക്കേണ്ടി വരികയും ചെയ്യും.

അടിസ്ഥാന വിഷയങ്ങളില്‍ മുന്‍വിധിയും യുക്തിവാദവും മാറ്റിവെച്ച് പ്രമാണത്തിലേക്ക് മടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഐക്യം പരാജയപ്പെടുക മാത്രമല്ല, ചെയ്യുക, വമ്പിച്ച പരീക്ഷണങ്ങള്‍ നേരിടേണ്ടതായും വരും.

(അവസാനിച്ചില്ല)