ഭിന്നതകൾക്കുള്ള പരിഹാരം

ടി.കെ.അശ്‌റഫ്‌

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23

ഐക്യം, ആദർശം, പ്രസ്ഥാനം: 2

ലോകസമാധാനത്തിന്‌ തന്നെ ഭീഷണി ഉയർത്തുന്ന ഭീകരതക്കെതിരെ സമാധാനവാദികളുടെ ഐക്യം അനിവാര്യമാണ്‌. ഫാഷിസ്റ്റ്‌ ശക്തികൾ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച്‌ ഇന്ത്യയുടെ ജീവവായുവായ നാനാത്വത്തിൽ ഏകത്വത്തെ തകർത്ത്‌ ഏകശിലാ തടവറയിൽ രാജ്യത്തെ തളച്ചിടാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ സമാധാനമാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വിശാലമായൊരു ഐക്യവും യോജിപ്പും കാലം നമ്മിൽനിന്നാവശ്യപ്പെടുന്നുണ്ട്‌. മുസ്ലിം സമുദായം സാധ്യമാകുന്ന മേഖലകളിൽ ഒന്നിച്ചു നിൽക്കണം. ഇന്ത്യയിൽ സുരക്ഷിതമായി നിലകൊള്ളുന്ന കേരളത്തിന്റെ സമാധാന ഭൂമിക തകിടം മറിക്കുക വഴി വർഗീയ ചേരിതിരിവിന്റെ വിത്ത്‌ വിതയ്ക്കാൻ കാത്തിരിക്കുന്നവരെ ഒറ്റപ്പെടുത്താൻ യോജിച്ച മുന്നേറ്റം അനിവാര്യമാണ്‌... ഇതൊക്കെയാണ്‌ കഴിഞ്ഞ ലേഖനത്തിൽ നാം ചർച്ച ചെയ്തത്‌. അതോടാപ്പം മുജാഹിദ്‌ പ്രസ്ഥാനത്തിൽ അടുത്തകാലത്തായി സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ സംഭവവികാസങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. ആദർശത്തിന്റെ പേരിൽ ഭിന്നിച്ചവർ ഐക്യപ്പെടുമ്പോൾ ആദർശഭിന്നതയുള്ള വിഷയങ്ങളിൽ എന്ത്‌ തീരുമാനമാണ്‌ കൈക്കൊണ്ടത്‌ എന്ന്‌ വിശദീകരിക്കൽ അനിവാര്യമാണ്‌. എന്നാൽ അങ്ങനെയൊരു തീരുമാനം പ്രഖ്യാപിക്കൽ സംഭവിച്ചിട്ടില്ല താനും!

തീരുമാനം പറയാതിരുന്നാൽ

ആദർശ വിഷയങ്ങളിൽ തീരുമാനം പറയാതിരുന്നാൽ ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. പതിനാല്‌ വർഷം മുജാഹിദുകൾക്കിടയിൽ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലന്ന്‌ പൊതുജനങ്ങൾ ധരിക്കാനിടയാകും. ആരൊക്കെയോ തമ്മിലുള്ള ഈഗോ പ്രശ്നങ്ങളായിരുന്നു പ്രശ്നങ്ങളുടെ പിന്നിലെന്നും ന്യായമായും സംശയിക്കും.

ഈ സംശയത്തിന്റെ മുന ഇരുഭാഗത്തു നിന്നും ഐക്യത്തിന്‌ മുൻകയ്യെടുത്തവരിലേക്ക്‌ സ്വാഭാവികമായും നീളുകയും ചെയ്യും. ലക്ഷക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ സുപ്രീം കോടതി വരെ നടത്തിയ കേസും പള്ളിയുള്ള സ്ഥലങ്ങളിൽ ഭിന്നിപ്പിന്റെ പേരിൽ പണിതുയർത്തിയ പുതിയ പള്ളികൾക്ക്‌ വേണ്ടി ചെലവഴിച്ച സമ്പത്തും ഒരേ കാലയളവിൽ ചേരിതിരിഞ്ഞ്‌ നടത്തിയ സമ്മേളനങ്ങളും അധ്വാനവും എല്ലാം എന്തിന്റെ പേരിലായിരുന്നുവെന്ന ചോദ്യം പൊതുസമൂഹത്തിൽ ഉയരുക സ്വാഭാവികമാണ്‌.

എന്തുകൊണ്ട്‌ ആദർശം വിശദീകരിക്കണം?

ആദർശപരമായ വ്യക്തതയും ഒരുമയുമുണ്ടായതാണ്‌ സംഘടനാപരമായി ഒന്നിക്കാനുണ്ടായ കാരണമെങ്കിൽ അത്‌ വിശദീകരിക്കപ്പെടണം. 2001ലെ തീരുമാനങ്ങളിലേക്ക്‌ മടങ്ങിയെങ്കിൽ അന്ന്‌ ചെയ്തതു പോലെ യോജിച്ചെടുത്ത തീരുമാനങ്ങൾ പ്രിന്റ്‌ ചെയ്ത്‌ ശാഖകൾക്ക്‌ എത്തിച്ചുകൊടുത്ത്‌ സംശയങ്ങൾ ദൂരീകരിച്ചുകൊടുക്കാമല്ലോ.

ആർക്കാണ്‌ തെറ്റ്‌ പറ്റിയെതെന്ന്‌ വിശദീകരിക്കാതെയുള്ള യോജിപ്പ്‌ അണികളിൽ വമ്പിച്ച ആദർശ പ്രതിസന്ധിയുണ്ടാക്കും. ഊഹാപോഹങ്ങൾക്കും ചേരിതിരിയലിനും വീണ്ടും കാരണമാകും. ക്വുർആനിലേക്കും സുന്നത്തിലേക്കും മടങ്ങിയെന്ന ഒറ്റവാക്കിൽ മുഴുവൻ ആദർശ വിഷയങ്ങളെയും പൊതിഞ്ഞ്‌ സൂക്ഷിക്കാൻ സാധ്യമല്ല. ആദർശം പൊതിഞ്ഞ്‌ സൂക്ഷിക്കാനുള്ളതല്ല, സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ളതാണ്‌. അല്ലാഹു അല്ലാത്തവരോട്‌ പ്രാർഥിച്ചാൽ എന്താണ്‌ കുഴപ്പം എന്ന ചോദ്യത്തിന്‌ അത്‌ ശിർക്കാണന്ന്‌ വ്യക്തമായ മറുപടിയാണ്‌ മുജാഹിദ്‌ പ്രസ്ഥാനം നൽകിപ്പോരുന്നത്‌. അതല്ലാതെ ക്വുർആനിലും സുന്നത്തിലും എന്താണോ പറഞ്ഞത്‌ അതാണ്‌ മറുപടി എന്ന്‌ മാത്രം പറഞ്ഞ്‌ അവസാനിപ്പിച്ചാൽ ശ്രോതാവിന്‌ കാര്യം മനസ്സിലാകില്ല. അതുപോലെ സിഹ്‌റ്‌ ഫലിക്കുമോയെന്ന ചോദ്യത്തിന്‌ പ്രമാണത്തിലേക്ക്‌ മടങ്ങിയെന്ന്‌ മാത്രം പറഞ്ഞതുകൊണ്ടായില്ല. ഫലിക്കും; എന്നാൽ സിഹ്‌റ്‌ ചെയ്യൽ മഹാപാപമാണ്‌ എന്ന പ്രമാണബദ്ധമായ മറുപടിയാണ്‌ നൽകേണ്ടത്‌. അതിലേക്ക്‌ യോജിച്ചുവെന്ന്‌ പറയുമ്പോഴാണ്‌ ഐക്യം സത്യസന്ധമാകുന്നത്‌.

പ്രമാണത്തിൽ യോജിച്ചുവെന്നത്‌ സത്യമാണങ്കിൽ ആ സത്യം പറഞ്ഞാൽ പിന്നെയെങ്ങനെയാണ്‌ ഭിന്നതയുണ്ടാവുക?

വിഴുപ്പലക്കണോ?

ഇനിയും പഴയ കാര്യങ്ങൾ ചിക്കിച്ചികഞ്ഞ്‌ വിഴുപ്പലക്കേണ്ടതുണ്ടോയെന്ന ചോദ്യം കൊണ്ടാണ്‌ ആദർശ തീരുമാനം അന്വേഷിക്കുന്നവരെ ചിലർ നേരിടുന്നത്‌. രണ്ട്‌ സംഘങ്ങൾ പഴയതെല്ലാം മറന്ന്‌ ഒന്നാകാനും വിട്ടുവീഴ്ച ചെയ്യാനും തീരുമാനിച്ച സ്ഥിതിക്ക്‌ കുപ്പ ചികയുന്നത്‌ ശരിയായ നടപടിയല്ല; വ്യക്തിപരമായി നടത്തിയ ആരോപണ പ്രത്യാരോപണങ്ങളുടെ കാര്യത്തിൽ ഈ നിലപാട്‌ തന്നെയാണ്‌ സ്വീകരിക്കേണ്ടത്‌. അതിൽ ആർക്കും ഭിന്നാഭിപ്രായമില്ല. പക്ഷേ, ആയത്തും ഹദീഥും ഉദ്ധരിച്ച്‌ നടത്തിയ മതപരമായ വിഷയങ്ങളിൽ എടുത്ത തീരുമാനം വിശദീകരിക്കുന്നത്‌ എങ്ങനെയാണ്‌ വിഴുപ്പലക്കലാവുന്നത്‌? സിഹ്‌റ്‌ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണന്ന മടവൂർ വിഭാഗത്തിന്റെ വാദം തിരുത്തിയെന്ന്‌ പറയുമ്പോഴേക്ക്‌ വിഴുപ്പലക്കലാവുന്നത്‌ എങ്ങനെയാണ്‌?

മലക്കും ജിന്നും മനുഷ്യരിൽ ഇടപെടുന്നത്‌ അഭൗതിക മാർഗത്തിലൂടെയാണന്ന വാദത്തിന്‌ ഐക്യത്തിൽ എന്ത്‌ സംഭവിച്ചു? ഖബർ ആഹാദായ ഹദീഥുകൾ വിശ്വാസ കാര്യങ്ങൾക്ക്‌ സ്വീകരിക്കാനാവില്ലന്ന വാദം എന്തായി? ക്വബറ്‌ ശിക്ഷ ആത്മീയം മാത്രമാണെന്ന വാദം തിരുത്തിയോ? ഇസ്‌റാഅ​‍്‌, മിഅ​‍്‌റാജ്‌ യാത്ര സ്വപ്നം മാത്രമെന്ന വാദം തിരുത്തിയോ? സംസം വെള്ളത്തിന്‌ രോഗശമനമില്ലന്ന വാദം ഇനിയും തുടരുമോ? ഹജറുൽ അസ്‌വദ്‌ കേവലമൊരു കല്ല്‌ മാത്രമാണന്ന വാദം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ? അജ്‌വ കാരക്കയെക്കുറിച്ചുള്ള ഹദീഥ്‌ അംഗീകരിക്കുന്നുണ്ടോ? കണ്ണേറിന്റെ വിഷയത്തിൽ എന്താണ്‌ തീരുമാനം? മസീഹുദ്ദജ്ജാലിനെപ്പറ്റി ഹദീഥിൽ പറഞ്ഞത്‌ അംഗീകരിക്കുന്നുണ്ടോ? `സ്വിറാത്ത്‌` പാലം ഉണ്ടോ ഇല്ലയോ? ഇങ്ങനെ ധാരാളം വിഷയങ്ങൾ കഴിഞ്ഞ 14 വർഷം വിവാദത്തിലുള്ളതാണ്‌. പതിനൊന്ന്‌ മാസം ചർച്ച ചെയ്യാൻ മാത്രം വിഷയങ്ങൾ ഉണ്ടായിരുന്നുവെന്ന്‌ അവർ തന്നെ സമ്മതിച്ചതുമാണ്‌. ഇതിന്റെ തീരുമാനം ജനങ്ങൾക്കിടയിൽ വിശദീകരിക്കുന്നത്‌ വിഴുപ്പലക്കലല്ല; അഴുക്ക്‌ നീക്കലാണ്‌.

പ്രമാണങ്ങളിൽ യോജിച്ചുവെന്ന്‌  പറഞ്ഞാൽ പോരേ?

ക്വുർആനിലേക്കും സുന്നത്തിലേക്കും മടങ്ങിയെന്ന്‌ പറയുന്നതിലൂടെ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായില്ലേ എന്ന്‌ ചോദിക്കുന്നവരുണ്ട്‌. ഉത്തരമായിട്ടില്ലെന്നാണ്‌ മറുപടി. മേൽവിഷയങ്ങളെ അംഗീകരിക്കുന്നവരും നിഷേധിക്കുന്നവരും പിൻബലമായി ഉയർത്തിപ്പിടിക്കുന്നത്‌ ക്വുർആനും സുന്നത്തും തന്നെയാണ്‌. തീരുമാനം പറയാതിരുന്നാൽ ഇരുകൂട്ടരും അവർ വിശ്വസിച്ചതിൽ തന്നെ ഉറച്ച്‌ നിൽക്കും. നിലവിലുള്ള സ്ഥിതിയിൽ യാതൊരു മാറ്റവും ഉണ്ടാവില്ല. അത്‌ ഭാവിയിൽ വമ്പിച്ച പ്രശ്നങ്ങൾക്ക്‌ കാരണമാകും. ഇരുവിഭാഗവും തങ്ങളുടെ അണികളെ ഒരർഥത്തിൽ വഞ്ചിച്ചുവെന്ന്‌ തന്നെ പറയാം. മടവൂർ വിഭാഗം എല്ലാം തിരുത്തി നിരുപാധികം സംഘടനയിലേക്ക്‌ തിരിച്ച്‌ വരികയാണന്ന സന്ദേശമാണ്‌ ടി.പി വിഭാഗം അവരുടെ അണികൾക്ക്‌ നൽകിയത്‌. എന്നാൽ നമ്മുടെ നിലപാടുകൾ യാതൊന്നും തിരുത്താതെയാണ്‌ കെ.എൻ.എം നമ്മെ സ്വീകരിക്കുന്നതെന്ന വിശദീകരണമാണ്‌ മടവൂർ വിഭാഗം അണികളെ ധരിപ്പിച്ചിരിക്കുന്നത്‌. രണ്ട്‌ വർഷം തൽകാലം ഈ കാര്യം പുറത്തു പറയില്ലെന്ന കരാർ ഉണ്ടന്നാണ്‌ മടവൂർ വിഭാഗത്തിന്റെ വിശദീകരണം. ഇത്‌ `മക്കം ഫഥി`ന്‌ മുമ്പുണ്ടായ `ഹുദൈബിയ സന്ധി`പോലെ തൽകാലമുള്ള വിട്ടുവീഴ്ചയാണന്നും അന്തിമ വിജയം നമുക്കായിരിക്കുമെന്നും മടവൂർ വിഭാഗം അണികൾക്ക്‌ ആത്മവിശ്വാസം നൽകുന്നുണ്ട്‌.

ഭിന്നാഭിപ്രായം മുൻകാലത്തും ഇല്ലേ?

മുൻകാലത്തും പല വിഷയങ്ങളിലും മുജാഹിദ്‌ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും അവർക്കിടയിൽ അക്കാര്യങ്ങൾ ഭിന്നിപ്പിന്‌ കാരണമായിട്ടില്ലന്നും അതുപോലെ ഭിന്ന വീക്ഷണങ്ങൾ നിലനിർത്തി മുന്നോട്ട്‌ പോകാമെന്നുമാണ്‌ ചിലർ വിചാരിക്കുന്നത്‌.

അഭിപ്രായ വ്യത്യാസങ്ങൾ അനുവദിക്കപ്പെട്ടതും അല്ലാത്തതുമുണ്ട്‌. അടിസ്ഥാനത്തിൽ മാറ്റം വരാതെ മസ്അലകളിൽ (പ്രശ്നങ്ങളിൽ) ഭിന്ന വീക്ഷണങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്‌. ഇജ്തിഹാദിന്‌ പഴുതുള്ള വിഷയങ്ങളിൽ തെറ്റ്‌ സംഭവിക്കലും അതുപോലെ തന്നെയാണ്‌. എന്നാൽ കഴിഞ്ഞ വിവാദ വിഷയങ്ങൾ അടിസ്ഥാന വിഷയങ്ങളിലാണ്‌. പ്രമാണത്തെ സ്വീകരിക്കൽ, ഈമാൻ കാര്യങ്ങൾ, തൗഹീദ്‌, സുന്നത്ത്‌ തുടങ്ങിയ വിഷയങ്ങൾ മസ്അലയിലെ തർക്കങ്ങളല്ല. അടിസ്ഥാന ഭിന്നതകളാണ്‌. സിഹ്ര് ഫലിക്കുമെന്ന്‌ വിശ്വസിച്ചതിന്റെ പേരിൽ കെ.എൻ.എം വിഭാഗം മുശ്‌രിക്കുകളാണെന്നാണ്‌ മടവൂർ വിഭാഗം പ്രചരിപ്പിച്ചത്‌. അതെങ്ങനെയാണ്‌ മസ്അല വിഷയമാകുന്നത്‌? അഹ്ലുസ്സുന്നയുടെ ഏത്‌ പണ്ഡിതനാണ്‌ 2002ന്‌ മുമ്പ്‌ സിഹ്ര് ഫലിക്കുമെന്ന്‌ വിശ്വസിച്ചാൽ ശിർക്കാണന്ന്‌ പറഞ്ഞിട്ടുള്ളത്‌?

എഴുത്തുകാരുടെയോ പ്രഭാഷകരുടെയോ ഒറ്റപ്പെട്ട അഭിപ്രായം സംഘടന ഏറ്റെടുത്ത്‌ പ്രചരിപ്പിച്ചിട്ടില്ല; അവർ എഴുതിയ ഗ്രന്ഥങ്ങളിലുള്ള പിഴച്ച വിശ്വാസങ്ങൾ ചർച്ചക്ക്‌ വരുമ്പോൾ സംഘടന അതിനെ കയ്യൊഴിയുകയാണ്‌ ചെയ്തിട്ടുള്ളതെങ്കിൽ ഇപ്പോൾ അവരുടെ വീക്ഷണങ്ങൾ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെ പ്രചരിപ്പിച്ച്‌ സംഘടനയുടെ ഔദ്യോഗിക നയമായി സ്വീകരിക്കുന്നുവെന്നതാണ്‌ വ്യത്യാസം. വിവാദ വിഷയങ്ങൾ ഇനി ഔദ്യോഗിക വേദികളിലും പ്രസിദ്ധീകരണങ്ങളിലും ഉന്നയിക്കില്ലെന്ന `ഐക്യഫോർമുല` പോലും ഐക്യത്തിന്‌ ശേഷം പുറത്തിറങ്ങിയ ശബാബും അൽമനാറും വിചിന്തനവും ലംഘിച്ചു. അതുവഴി ശിർക്കും തൗഹീദും തമ്മിൽ ഒന്നിച്ച്‌ പോവുകയെന്ന വിചിത്രമായ കാഴ്ചയാണ്‌ നാം കാണുന്നത്‌. ഇത്തരം ഒരവസ്ഥ മുൻകാലത്ത്‌ മുജാഹിദ്‌ പ്രസ്ഥാനത്തിൽ ഉണ്ടായിട്ടേയില്ല.

അതുകൊണ്ട്‌ മുൻകാലത്തെ കൂട്ട്‌ പിടിച്ചുകൊണ്ട്‌ ആദർശരഹിതമായ ഈ കൂട്ടുകെട്ടിനെ ന്യായീകരിക്കാനാവില്ല. വീക്ഷണ വ്യത്യാസങ്ങൾക്ക്‌ സാധ്യതയുള്ള വിഷയങ്ങളുടെ മറപിടിച്ച്‌ അടിസ്ഥാന വിഷയങ്ങളിൽ പോലും അങ്ങനെയുമാകാം ഇങ്ങനെയുമാകാമെന്ന നിലപാട്‌ മുജാഹിദുകളുടേതല്ല; ജമാഅത്തുകാരുടേതാണ്‌.

മൂസാ വാണിമേലിന്റെ ലേഖനവും വിവാദത്തിന്റെ മർമവും

2017 ഫെബ്രുവരി 3ന്‌ ഇറങ്ങിയ `വിചിന്തന`ത്തിൽ `ഒരു വിശദീകരണം` എന്ന തലക്കെട്ടിൽ എ.അസ്ഗറലി സാഹിബും എം.അബ്ദുറഹ്മാൻ സലഫിയും എഴുതിയ ലേഖനത്തിൽ സിഹ്ര് ഫലിക്കുമെന്നു വിശ്വസിച്ചാൽ ശിർക്കാണന്ന്‌ പറയാൻ പാടില്ലെന്ന്‌ തുറന്നെഴുതിയിരുന്നു. അതിൽ ക്ഷുഭിതരായ മടവൂർ വിഭാഗം 2017 ഫെബ്രുവരി 10ലെ `ശബാബി`ൽ മൂസാ വാണിമേലിന്റെ സിഹ്‌റുമായി ബന്ധപ്പെട്ട്‌ 1982 നവംബറിൽ `അൽമനാറി`ൽ വന്ന ലേഖനം പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനത്തിൽ സിഹ്ര് ഫലിക്കുമെന്ന്‌ ഉറപ്പിച്ച്‌ പറയുന്നില്ലന്ന്‌ വിശദീകരിക്കുക വഴി വിചിന്തനത്തെ ഖണ്ഡിക്കാനാണ്‌ ശ്രമിക്കുന്നത്‌.

ഈ ലേഖനത്തിൽ എവിടെയാണ്‌ സിഹ്ര് ഫലിക്കുമെന്ന്‌ വിശ്വസിച്ചാൽ ശിർക്കാകുമെന്നുള്ളത്‌? സിഹ്ര് ഫലിക്കുമെന്ന്‌ വിശ്വസിച്ചാൽ ശിർക്കാകുമെന്ന്‌ വാദിച്ചാണല്ലോ മടവൂർ വിഭാഗം മുജാഹിദുകളിൽ ഇത്രയും കാലം ശിർക്കാരോപിച്ചത്‌!

ഈ വാദം മാറ്റാതെയാണ്‌ ഐക്യപ്പെട്ടതും. അതിന്റെ തെളിവാണ്‌ അലി മദനി മടവൂർ വിഭാഗത്തിന്റെ കൗൺസിലിൽ നടത്തിയ പ്രസംഗം. സിഹ്ര് ഫലിക്കുമെന്ന്‌ വിശ്വസിച്ചാൽ ശിർക്കാണെന്നാണ്‌ നമ്മുടെ വിശ്വാസമെന്നും അത്‌ ഇപ്പോൾ പുറത്ത്‌ പറയില്ലെന്നും രണ്ട്‌ വർഷത്തിന്‌ ശേഷം പറയാമെന്നുമൊക്കെയാണ്‌ അദ്ദേഹം നൽകുന്ന വിശദീകരണം.

എന്നാൽ ഇതിനെതിരാണ്‌ ഫെബ്രുവരി 3ലെ വിചിന്തനത്തിൽ വന്ന ലേഖനം. അതിൽ പറയുന്നത്‌ സിഹ്ര് ഫലിക്കുമെന്നും അങ്ങനെ വിശ്വസിച്ചാൽ ശിർക്കാണന്ന്‌ പറയാൻ പാടില്ലെന്നുമാണ്‌. മുൻഗാമികൾക്കോ പിൻഗാമികൾക്കോ ഇതിൽ ഭിന്നാഭിപ്രായമില്ലെന്നും പറയുന്നു.

സിഹ്ര് ഫലിക്കുമെന്ന്‌ വിശ്വസിച്ചാൽ ശിർക്കാകുമെന്ന വാദം ഇപ്പോൾ നിലനിൽക്കുന്നുണ്ടോ? അങ്ങനെ വാദിച്ച മുൻഗാമികൾ ആരാണ്‌? കെ.എം മൗലവി, അമാനി മൗലവി, ഡോ. ഉസ്മാൻ തുടങ്ങിയവരെല്ലാം സിഹ്‌റിന്‌ യാഥാർഥ്യമുണ്ടന്ന്‌ പഠിപ്പിച്ചവരാണ്‌. അതോടൊപ്പം സിഹ്ര് ചെയ്യൽ മഹാപാപമാണെന്നും അവർ പ്രമാണബദ്ധമായി പഠിപ്പിച്ചിട്ടുണ്ട്‌.

പതിനൊന്ന്‌ മാസം ചർച്ച ചെയ്ത്‌ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന വാദം ശരിയല്ലെന്ന്‌ തർക്കത്തിലിരിക്കുന്ന ഒരു വിഷയത്തിൽ ചർച്ച വന്നപ്പോഴേക്ക്‌ മനസ്സിലായല്ലോ. മറ്റു വിഷയങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.

ഐക്യം യാഥാർഥ്യമായിട്ടില്ലെന്നും യാഥാർഥ്യമാകണമെങ്കിൽ ക്വുർആനിലേക്കും സുന്നത്തിലേക്കും മടങ്ങണമെന്നും നാം പറഞ്ഞതിന്‌ അടിവരയിടുന്നതാണ്‌ ഇപ്പോഴത്തെ ഒച്ചപ്പാടുകൾ. സമയം വൈകിയിട്ടില്ല. വിഷയം പ്രാമാണികമായി പഠിക്കുക. തെറ്റ്‌ തിരുത്തുക. മുവഹ്ഹിദുകളിൽ ശിർക്കാരോപിച്ചതിനും നവയാഥാസ്ഥിതികരെന്നു വിളിച്ചതിനും തൗബ ചെയ്യുക. ദിനംപ്രതി നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുന്ന നേതൃത്വത്തെ അന്ധമായി ന്യായീകരിക്കാതി രിക്കുക.

അസ്ഗറലി സാഹിബ്‌ വിചിന്തനത്തിൽ എഴുതിയതിന്‌ വിരുദ്ധമായി പിറ്റേ ദിവസം സ്വന്തം പേരിൽ കുറിപ്പെഴുതിയില്ലേ? രാജിവെക്കുകയാണന്ന്‌ പറഞ്ഞില്ലേ? അദ്ദേഹം ഞങ്ങളെ വഞ്ചിച്ചു എന്ന്‌ മടവൂർ വിഭാഗം അണികൾ പറഞ്ഞില്ലേ?

മുൻഗാമികളായ അപൂർവം ചിലർക്ക്‌ സിഹ്‌റിന്‌ യാഥാർഥ്യമുണ്ടോ ഇല്ലേ എന്ന കാര്യത്തിൽ ഭിന്ന വീക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നത്‌ പുതിയ കണ്ടെത്തലല്ല. മുജാഹിദ്‌ സംഘടന ഒരു കാലത്തും സിഹ്ര് നിഷേധത്തെ ഔദ്യോഗിക നിലപാടായി കണ്ടിട്ടില്ല. അതിന്‌ തെളിവാണ്‌ അമാനി മൗലവിയുടെ ക്വുർആൻ പരിഭാഷ, കെ.എം മൗലവിയുടെ ഫത്‌വകൾ എന്നിവ. മദ്‌റസ പാഠപുസ്തകത്തിൽ പോലും സിഹ്ര് പിശാചിന്റെ പ്രവർത്തനം കൊണ്ടുണ്ടാകുന്നതാണന്ന്‌ പഠിപ്പിക്കുന്നുണ്ട്‌. സിഹ്ര് വിഷയത്തിൽ ഭിന്ന വീക്ഷണമുണ്ടായിരുന്നോ എന്നതല്ല വിവാദത്തിന്റെ മർമം; അത്‌ ഫലിക്കുമെന്ന്‌ വിശ്വസിച്ചാൽ ശിർക്കാകുമോ ഇല്ലയോ എന്നതാണ്‌. ഹദീഥിൽ പറഞ്ഞ കാര്യം മനസ്സിലാക്കാൻ കഴിയാത്തതിനെയല്ല, മനസ്സിലായിട്ടും തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ അവഗണിക്കുന്നതിനെയാണ്‌ ഹദീഥ്‌ നിഷേധമെന്ന്‌ പറയേണ്ടിവരുന്നത്‌.

ഇത്‌ കുടുംബ വിഷയം പോലെയാണോ?

ആദർശ തീരുമാനങ്ങൾ അന്വേഷിക്കുന്നവരോട്‌ ഞങ്ങളുടെ കുടുംബ വിഷയമാണിതെന്നും താഴെ തട്ട്‌ വരെയുള്ള ഞങ്ങളുടെ പ്രവർത്തകരെ കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള വിശദീകരണം നൽകി ഒഴിഞ്ഞ്‌ മാറുന്ന പ്രവണതയും കാണുന്നുണ്ട്‌. മുജാഹിദ്‌ പ്രസ്ഥാനത്തിലുണ്ടായ പ്രശ്നങ്ങൾ കേവലം കുടുംബപ്രശ്നമായിരുന്നുവെങ്കിൽ എന്തിനാണ്‌ പൊതുസമൂഹത്തിൽ ഒന്നര പതിറ്റാണ്ടിലധികം ഈ പ്രശ്നം ചർച്ച ചെയ്തത്‌? സംഘടനാ മീറ്റിംഗുകളിൽ മാത്രമെ പറഞ്ഞിട്ടുള്ളൂവെങ്കിൽ ഒന്നിക്കുമ്പോഴും സംഘടനാ ബോഡികളിൽ മാത്രം വിശദീകരിച്ചാൽ മതിയായിരുന്നു. നാടിന്റെ മുക്കുമൂലകളിൽ ക്വുർആൻ സൂക്തങ്ങളുദ്ധരിച്ച്‌ വിശദീകരിച്ച കാര്യങ്ങൾക്ക്‌ ഐക്യപ്പെട്ടപ്പോഴുണ്ടായ തീരുമാനമെന്താണെന്ന്‌ പൊതുജനങ്ങളെ അറിയിക്കൽ അനിവാര്യമാണ്‌. മുജാഹിദുകൾക്ക്‌ പ്രവർത്തിക്കാനുള്ളത്‌ പൊതുജനങ്ങൾക്കിടയിലാണല്ലൊ. അവർ ആദർശപരമായി ചോദിക്കുന്ന വിഷയങ്ങൾക്ക്‌ വ്യക്തത നൽകുമ്പോൾ മാത്രമെ അവരെ സത്യസന്ദേശത്തിലേക്ക്‌ എത്തിക്കാൻ കഴിയൂ.