ജംഇയ്യത്തുല്‍ ഉലമായുടെ സുവര്‍ണ കാലഘട്ടം

മുബാറക് ബിന്‍ ഉമര്‍

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19

മലയാളക്കരയിലെ മുസ്‌ലിം നവോത്ഥാന ചരിത്രം: 3

എം.സി.സി.അബ്ദുര്‍റഹ്മാന്‍ മൗലവി കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയായിരുന്ന കാലം കെ.ജെ.യു.വിന്റെ സുവര്‍ണ കാലഘട്ടമായിരുന്നുന്നുഎന്ന്ന്നുകാര്യങ്ങള്‍ വിലയിരുത്തിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഒരു സലഫീ പണ്ഡിത സംഘടന ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി അവര്‍ നിര്‍വഹിച്ചിരുന്നു. പ്രതികരിക്കേണ്ട വിഷയങ്ങളില്‍ അവര്‍ പ്രതികരിച്ചിരുന്നു. സമൂഹത്തെയോ മുസ്‌ലിം സമുദായത്തെയോ ബോധവല്ക്കരിക്കേണ്ട സംഗതികള്‍ അവര്‍ സംയലേശമന്യെ അപ്പപ്പോള്‍ അറിയിച്ചിരുന്നു.

ചെറുകോട്, നെടിയിരുപ്പ്, പൂനൂര്‍ എന്നിവിടങ്ങളില്‍ യാഥാസ്ഥിതിക വിഭാഗവുമായി നടന്ന ആശയ സംവാദങ്ങള്‍ക്കുക്കുശേഷം എം.സി.സി.യുടെ കാലത്ത് വാദപ്രതിവാദങ്ങള്‍ക്കൊന്നും അവരുടെ പണ്ഡിതര്‍ പിന്നീട് മുന്നോട്ട് വന്നിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സംവാദങ്ങളെ നിയന്ത്രിച്ചിരുന്നത് എം.സി.സി ആയിരുന്നു. ഖുറാഫിസത്തിന്റെ അടിവേരറുക്കുന്ന പൂനൂരിലെ ചോദ്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എം.സി.സി. യുടെ കുശാഗ്രബുദ്ധിയായിരുന്നു.

1940 കളിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പുത്തന്‍ വാദങ്ങളുയര്‍ന്നു വന്നത്. ചിലരൊക്കെ അതിന്റെ പിന്നാലെ പോയി. പില്‍ക്കാലത്ത് ജമാഅത്തിന്റെ കേരള അമീറായിത്തീര്‍ന്ന കെ.സി. അബ്ദുല്ല മൗലവി കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. മൗദൂദി കൊണ്ടുവന്ന പുതിയ ആശയങ്ങള്‍ നന്നായി പഠിക്കുകയും വിശകലനം ചെയ്യുകയും ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും സലഫീ പാതയില്‍ നിന്നും ഏറെ അകലെയാണ് അവ എന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ കെ.ജെ.യു. അക്കാര്യം ജനങ്ങളെ അറിയിക്കുകയുണ്ടായി. 1951 ഏപ്രില്‍ 6നും 24നും അക്കാലത്ത് കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രമുഖ പത്രമായിരുന്ന 'പൗരശക്തി'യില്‍ എം.സി.സി. രണ്ട് പരസ്യങ്ങള്‍ നല്‍കി. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശങ്ങളിലടങ്ങിയ ഭീമാബദ്ധങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധതിരിക്കാനായിരുന്നു അത്. സമൂഹത്തില്‍ നല്ല ചര്‍ച്ച നടന്നിരിക്കണം. ഒടുവില്‍ ഒരു സംവാദത്തിന്കളമൊരുങ്ങി. 1952 ഡിസംബര്‍ 14, 15, 16 തീയതികളില്‍ ജമാഅത്തിന്റെ ആസ്ഥാനമായിരുന്ന ചേന്ദമംഗല്ലൂരില്‍ വെച്ച് ജമാഅത്തെ ഇസ്‌ലാമിയുമായി ഒരുരുതുറന്ന ആശയ സംവാദത്തിനള് ജംഇയ്യത്തുല്‍ ഉലമ തയ്യാറായി. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വം അതില്‍നിന്ന് ഒഴിഞ്ഞുമാറി. അവര്‍ രേഖാമൂലം അക്കാര്യം എഴുതി അറിയിക്കുകയാണുണ്ടായത്. അമീറിന്റെ അനുവാദം കിട്ടിയില്ല എന്ന് കാരണം പറഞ്ഞ് സംവാദത്തിന് നേരത്തെ തയ്യാറായ കെ.സി. അബ്ദുല്ല മൗലവി പിന്മാറിയതായി അറിയിച്ചു.

1964 ജനുവരി 3ന് കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി മരണപ്പെട്ടു. പുളിക്കല്‍ ജുമുഅ മസ്ജിദിന്നടുത്ത ക്വബ്ര്‍സ്ഥാനിലാണ് മയ്യിത്ത് മറമാടിയത്; ഇളയ സഹോദരന്‍ എം.സി.സി. ഹസന്‍ മൗലവിയുടെ ക്വബ്‌റിന്നരികില്‍. അവരുടെ പിതാവ് മൗലാനാ ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജി 1909ന്നുമുമ്പും 1914 ശേഷവും ഈ പള്ളിയില്‍ ദര്‍സുകള്‍ നടത്തിയിരുന്നു. മദ്‌റസാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ മൗലാനയുടെ പ്രേരണ പ്രകാരം 1915ല്‍ സ്ഥാപിതമായതും അദ്ദേഹം തന്നെ നാമകരണം ചെയ്തതുമായ അല്‍മദ്‌റസത്തുല്‍ മുനവ്വറയുടെ അടുത്താണ് ഈ രണ്ടു ക്വബ്‌റുകളും സ്ഥിതിചെയ്യുന്നത്. മസ്ജിദിന് തൊട്ടടുത്താണ് മദ്‌റസ. ഇതേ മദ്‌റസാ കെട്ടിടത്തിലായിരുന്നുമദീനത്തുല്‍ ഉലൂം അറബിക്കോളേജ് ആരംഭിച്ചതും.

ഐക്യസംഘവും ജംഇയ്യത്തുല്‍ ഉലമായും പണ്ഡിതന്മാരും കേരളത്തില്‍ നടത്തിയ ആദര്‍ശപ്രചാരണത്തിന്റെ ഫലമായി ഒരുപാടുപേര്‍ സലഫീ ആദര്‍ശം ഉള്‍കൊണ്ടു. അവര്‍ അവരവരുടെ നാടുകളില്‍ പ്രാദേശിക സംഘങ്ങള്‍ക്ക്ക്കുരൂപം കൊടുത്തു. സ്ഥാപനങ്ങളുണ്ടാക്കി; പള്ളി, മദ്‌റസ, യതീംഖാന, അറബിക്കോളേജ് തുടങ്ങിയവ. അരീക്കോട്ടെ ജംഇയ്യത്തുല്‍ മുജാഹിദീന്‍, വളവന്നൂരിലെ അന്‍സ്വാറുല്ലാ സംഘം, പത്തപ്പിരിയത്തെ ഇംദാദുല്‍ ഇസ്‌ലാം സംഘം, തൃപ്പനച്ചിയിലെ ജംഇയ്യത്തുല്‍ മുസ്വ്‌ലിഹീന്‍ സംഘം, കടവത്തൂരിലെ നുസ്‌റത്തുല്‍ ഇസ്‌ലാം സംഘം, എടത്തനാട്ടുകരയിലെ ജംഇയ്യത്തുല്‍ മുഹക്ക്വിക്വീന്‍ സംഘം, കൊയിലാണ്ടിയിലെ ജംഇയ്യത്തുല്‍ മുര്‍ശിദീന്‍ സംഘം തുടങ്ങിയവ അവയില്‍ പെട്ടതാണ്.

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിക്കപ്പെടുന്നത് 1950ലാണ്. കെ.എം. മൗലവി, പി.കെ. മൂസ മൗലവി, എ.കെ. അബ്ദുല്ലത്വീഫ് മൗലവി, എന്‍.വി. അബ്ദുസ്സലാം മൗലവി, എം. കുഞ്ഞോയി വൈദ്യര്‍ എന്നിവര്‍ സംയുക്തമായി കത്ത് കൊടുത്ത് കുറച്ചു പേരെ യോഗത്തിലേക്ക് ക്ഷണിച്ചു. 24 പേര്‍ പങ്കെടുത്തു. കോഴിക്കോട് അല്‍മനാര്‍ ഓഫീസിലാണ് അവരൊത്തു ചേര്‍ന്നത്. ക്വുര്‍ആനും സുന്നത്തും അറബിഭാഷയും പ്രചരിപ്പിക്കാന്‍ ഒരു സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചു. ആ സംഘടനക്ക് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍'എന്ന് നാമകരണം ചെയ്തു. 1950 ഏപ്രില്‍ 20നായിരുന്നു അത്. ഭാരവാഹികള്‍: പ്രസിഡന്റ് കെ.എം. മൗലവി, സെക്രട്ടറി എന്‍.വി. അബ്ദുസ്സലാം മൗലവി, ജോ.സെക്രട്ടറി എ.കെ. അബ്ദുല്ലത്വീഫ് മൗലവി, ഖജാഞ്ചി എം. കുഞ്ഞോയി വൈദ്യര്‍, വൈസ് പ്രസിഡന്റുമാര്‍ പി.കെ. മൂസ മൗലവി, എം. അഹ്മദ് കുഞ്ഞി ഹാജി, ഇ.കെ. അബ്ദുല്‍ അലി മൗലവി.

പതിമൂന്നംഗ പ്രവര്‍ത്തക സമിതിയില്‍ ഭാരവാഹികള്‍ക്ക് പുറമെ എം. കെ. ഹാജി, ഇ.കെ. മൗലവി, എം. ശെയ്ഖ് മുഹമ്മദ് മൗലവി, കെ. ഉമര്‍ മൗലവി തുടങ്ങിയവരും അംഗങ്ങളായി ഉണ്ടായിരുന്നു. കോഴിക്കോട് ചാലപ്പുറത്തെ അല്‍മനാര്‍ ഓഫീസിലാണ് കെ.എന്‍.എം. രൂപീകരിക്കപ്പെട്ടത്. ഓഫീസ് പിന്നീട് ഫ്രാന്‍സിസ് റോഡില്‍ കുഞ്ഞോയി വൈദ്യരുടെ വൈദ്യശാലക്ക് മുകളിലെ മുറിയായി. ഓഫീസെന്ന് വെച്ചാല്‍ മേശയും കസേരയും ഒന്നുമില്ലാത്ത ഒരു മുറി. നിലത്ത് പായ വിരിച്ചിരുന്നു. പായയിലിരുന്നാണ് എല്ലാം ചെയ്തിരുന്നത്. 1971ലാണ് ആനി ഹാള്‍ റോഡിലെ സൗകര്യങ്ങളുള്ള പുതിയ ഓഫീസിലേക്ക് മാറുന്നത്.

കെ.എന്‍.എം. രൂപീകരിച്ചതോടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയമായ പങ്കാളിത്തവും നേതൃത്വവും കൈവന്നു. പല സ്ഥലത്തും ശാഖാകമ്മിറ്റികള്‍ നിലവില്‍ വന്നു. ഇസ്വ്‌ലാഹീ രംഗം സജീവമായി. ഒരുപാട് സ്ഥലങ്ങളില്‍ പള്ളികമ്മിറ്റി ഭാരവാഹികള്‍ യഥാര്‍ഥ തൗഹീദ് ഉള്‍കൊണ്ട്, ശിര്‍ക്ക് ബിദ്അത്തുകള്‍ക്കെതിരില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നു. കമ്മിറ്റി തന്നെ ഒന്നായി മാറിയപ്പോള്‍ പള്ളികളും മാറി. പലയിടത്തും പുതിയ സലഫീ പള്ളികളും മദ്‌റസകളുമുണ്ടായി. സമൂഹത്തില്‍ വലിയ മാറ്റമാണുണ്ടായത്.

പ്രഭാഷണ വേദികളിലൂടെയാണ് ആദര്‍ശ പ്രചാരണം പ്രധാനമായും നടന്നത്. ആദ്യകാലത്ത്, വെട്ടം അബ്ദുല്ല ഹാജിയെ പോലുള്ളവര്‍ നടന്നാണ് പ്രസംഗം നടക്കുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നത്. എട്ടും പത്തും ദിവസങ്ങള്‍ ഒരിടത്ത് തുടര്‍ച്ചയായി പ്രസംഗിക്കും. അത്രയും ദിവസങ്ങള്‍ അവിടെത്തന്നെ താമസിക്കും. പില്‍കാലത്ത് വാഹനസൗകര്യമൊക്കെ ആയപ്പോള്‍ പ്രഭാഷകന്‍ ബസിലെത്തിച്ചേരും. മഗ്‌രിബിനു ശേഷം പ്രസംഗം. ശേഷം ആ നാട്ടിലെ ഏതെങ്കിലും പ്രവര്‍ത്തകന്റെ വീട്ടില്‍ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. അല്ലെങ്കില്‍ ഏതെങ്കിലും പള്ളിയില്‍ കഴിച്ചുകൂട്ടും. പിറ്റേന്ന് രാവിലെയാണ് മടങ്ങുക. സ്വന്തം കാറിലോ, വാടകക്കെടുത്ത വാഹനത്തിലോ പ്രസംഗിക്കാനെത്തുകയും മടങ്ങിപ്പോവുകയും ചെയ്യുന്ന അവസ്ഥയല്ല അന്നുണ്ടായിരുന്നത്.

മതപരമായ വിഷയങ്ങളില്‍ കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് സ്വീകരിക്കുക എന്ന് കെ.എന്‍.എം. ഭരണഘടനയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും പ്രശ്‌നത്തില്‍ മതപരമായ വിധി തേടേണ്ടിവരുമ്പോള്‍ സംഘടന ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമാ നല്‍കുന്ന മാര്‍ഗനിര്‍ദേശമായിരിക്കും സ്വീകരിക്കുക.'(ഭരണഘടന പേജ്-21).

1950 മുതല്‍ 1962 വരെ കെ.എന്‍.എം. പ്രസിഡന്റ് കെ.എം മൗലവി ആയിരുന്നു. പിന്നീട് പി.കെ. മൂസ മൗലവി, ശെയ്ഖ് മുഹമ്മദ് മൗലവി, സാലെ മുഹമ്മദ് ഇബ്‌റാഹിം സേട്ട് (കൊച്ചി), കെ.എ. സുലൈമാന്‍ സാഹിബ് (പാലക്കാട്), ഡോ. ഉസ്മാന്‍ സാഹിബ്, ടി.പി. അബ്ദുല്ലക്കോയ മദനി എന്നിവര്‍ അധ്യക്ഷ പദവി അലങ്കരിച്ചു. എന്‍.വി. അബ്ദുസ്സലാം മൗലവി, എ.കെ. അബ്ദുല്ലത്വീഫ് മൗലവി എന്നിവര്‍ക്ക് ശേഷം 1971-ല്‍ കെ.പി. മുഹമ്മദ് മൗലവി ജനറല്‍ സെക്രട്ടറിയായി. അന്ന്ന്നുമുതല്‍ 1996 ജനുവരി 25ന് മരിന്നതുവരെ കെ.പി. തന്നെയായിരുന്നു ആ സ്ഥാനത്ത്. ശേഷം സംഘടനയുടെ കാര്യദര്‍ശിയായത് എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവിയായിരുന്നു.

കെ.ജെ.യു. ഒരു പണ്ഡിത സഭ എന്ന നിലയില്‍ വൈജ്ഞാനിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തുവന്നു. ഭിന്നാഭിപ്രായമുണ്ടാകുന്ന വൈജ്ഞാനിക വിഷയങ്ങള്‍ പഠിക്കാനും വിശകലനം ചെയ്യാനും കെ.ജെ.യു യോഗം ചേരാറുണ്ടായിരുന്നു. കെ.ജെ.യു.വിന്റെ ആസ്ഥാനം പുളിക്കല്‍ തന്നെ. ദീര്‍ഘകാലം ജംഇയ്യത്തുല്‍ ഉലമായെ നിയന്ത്രിച്ച് നേതൃത്വം നല്‍കിയ എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജ് പ്രന്‍സിപ്പാളുമായിരുന്നു. സ്വാഭാവികമായും മദീനത്തുല്‍ ഉലൂം തന്നെ കെ.ജെ.യു.വിന്റെ ആസ്ഥാനമായിത്തീര്‍ന്നു. പുളിക്കല്‍ അങ്ങാടിയിലെ ഒരു റൂമിലായിരുന്നുരുആദ്യം. പിന്നീട് പുളിക്കലെ മഗ്ലാരിക്കുന്നിന്‍ മുകളില്‍ കോളേജിന് പുതിയ കെട്ടിടം നിര്‍മിച്ചതോടെ മദീനത്തുല്‍ ഉലൂം അറബിക്കോളേജും കെ.ജെ.യു. ഓഫീസും അവിടേക്ക് മാറി.