വ്യക്തിബാധ്യതകളെ ചൂഷണോപാധികളാക്കി മാറ്റുന്നവർ

മൂസ സ്വലാഹി കാര

2023 മെയ് 20 , 1444 ശവ്വാൽ 27

വിശ്വാസിയുടെ ദൈനംദിന ജീവിതത്തിൽ പൊതുവായും സമയബന്ധിതമായും അനുഷ്ഠിക്കേണ്ടതും പതിവാക്കേണ്ടതുമായ കാര്യങ്ങളെ സംബന്ധിച്ച വ്യക്തമായ രൂപം പ്രമാണങ്ങൾ മുഖേന പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. വീഴ്ചകളിൽനിന്നും പോരായ്മകളിൽനിന്നും സംരക്ഷിക്കപ്പെടുകയും ഏറ്റവും നല്ല മാതൃകയെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്ത നബി ﷺ യുടെ ജീവിതത്തെയാണ് മതകാര്യങ്ങളിൽ നാം അനുധാവനം ചെയ്യേണ്ടത്. അല്ലാഹു ഏൽപിച്ച ദൗത്യനിർവഹണത്തെ കുറിച്ചുള്ള കൽപനയുടെ കാഠിന്യം കാണുക:

അല്ലാഹു പറയുന്നു: ‘‘ഹേ, റസൂലേ, നിന്റെ രക്ഷിതാവിങ്കൽനിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങൾക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളിൽനിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീർച്ചയായും അല്ലാഹു നേർവഴിയിലാക്കുകയില്ല’’(5:67)

അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന മതത്തെ മായം ചേർക്കാതെയും കൃത്യവിലോപം കാണിക്കാതെയും നാട്യങ്ങളില്ലാതെയുമാണ് നബി ﷺ ജനങ്ങളെ പഠിപ്പിച്ചത്. വഹ്‌യ് നൽകപ്പെട്ട നബി ﷺ യും അതിന് സാക്ഷികളായ സ്വഹാബികളുമാണല്ലോ നന്മകളെ ആദ്യം കൈക്കൊണ്ടവർ. കർമരംഗത്ത് അവർ കാണിച്ച താൽപര്യത്തെ മറികടക്കാനോ, അവർക്കുണ്ടായിരുന്ന സൂക്ഷ്മതയെ അളക്കാനോ വിശ്വാസികളിൽ ഒരാളും ധൈര്യപ്പെടില്ല. എന്നാൽ കപട ആത്മീയതയുടെ വക്താക്കൾ ഉത്തമ തലമുറയെ വെല്ലുവിളിക്കും വിധമാണ് സമൂഹത്തിൽ പൊള്ളവാദങ്ങൾ പ്രചരിപ്പിക്കുന്നത്. ഇമാം മാലിക്(റഹ്)പറഞ്ഞത് കാണുക: ‘‘ആരെങ്കിലും ഇസ്‌ലാമിൽ പുതിയ വല്ലതും നിർമിച്ചുണ്ടാക്കുകയും അതിനെ നല്ലതായി കാണുകയും ചെയ്താൽ അവൻ നബി ﷺ തന്റെ ദൗത്യത്തിന്റെ കാര്യത്തിൽ വഞ്ചന കാണിച്ചു എന്നാണ് വാദിക്കുന്നത്. കാരണം ഇന്ന് നിങ്ങളുടെ മതം നിങ്ങൾക്ക് പൂർത്തിയാക്കിത്തന്നിരിക്കുന്നു എന്നു പറഞ്ഞു കഴിഞ്ഞു. അന്ന് മതത്തിൽ ഉൾപെട്ടിട്ടില്ലാത്ത ഒരു കാര്യം ഇന്ന് മതമായി തീരുകയില്ല’’ (അൽഇഹ്തിസ്വാം, ഇമാം ശാത്വിബി).

ചൂഷകരായി പുരോഹിതന്മാർ രംഗപ്രവേശനം നടത്തിയതു മുതൽ നബിചര്യയിൽനിന്ന് ജനങ്ങൾ അകറ്റപ്പെടുകയും പുത്തനാചാരങ്ങളിലേക്ക് അടുപ്പിക്കപ്പെടുകയും ചെയ്തു. മുസ്‌ലിയാക്കന്മാർ അവർക്ക് തോന്നിയതും അടിസ്ഥാനമില്ലാത്ത ഗ്രന്ഥങ്ങളിൽ കണ്ടതുമെല്ലാം മതമായി വിശദീകരിക്കാൻ തുടങ്ങി. സമൂഹത്തെ നേരായ വഴിക്ക് നയിക്കേണ്ടവർ പ്രമാണങ്ങൾ പറഞ്ഞത് പരിഗണിക്കാതെ ജൂത-ക്രൈസ്തവ പുരോഹിതന്മാരുടെ അനുധാവകരായി മാറി. ഈസാ നബി(അ)ക്ക് ഇറക്കപ്പെട്ട ഇഞ്ചീലിന്റെ യഥാർഥ അനുയായികളാകേണ്ട ക്രൈസ്തവർ അതിൽനിന്ന് വ്യതിചലിച്ചപ്പോൾ ഉണ്ടായ അപകടത്തെപ്പറ്റി ക്വുർആൻ പറയുന്നത് കാണുക:

‘‘പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതൻമാരെ തുടർന്നയച്ചു. മർയമിന്റെ മകൻ ഈസായെയും നാം തുടർന്നയച്ചു. അദ്ദേഹത്തിന് നാം ഇൻജീൽ നൽകുകയും ചെയ്തു. അദ്ദേഹത്തെ പിൻപറ്റിയവരുടെ ഹൃദയങ്ങളിൽ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസജീവിതത്തെ അവർ സ്വയം പുതുതായി നിർമിച്ചു. അല്ലാഹുവിന്റെ പ്രീതി തേടേണ്ടതിന് (വേണ്ടി അവരതു ചെയ്തു) എന്നല്ലാതെ, നാം അവർക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. അപ്പോൾ അവരുടെ കൂട്ടത്തിൽനിന്ന് വിശ്വസിച്ചവർക്ക് അവരുടെ പ്രതിഫലം നാം നൽകി. അവരിൽ അധികപേരും ദുർമാർഗികളാകുന്നു’’(57:27).

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ (റഹ്) പറയുന്നു: ‘‘രണ്ട് രൂപത്തിൽ അവർക്കിത് ആക്ഷേപമാണ്. ഒന്ന്, മതത്തിൽ അല്ലാഹു കൽപിക്കാത്തത് പുതുതായി അവർ ചേർത്തു. രണ്ട്, അല്ലാഹുവിലേക്കടുപ്പിക്കുന്നവയെന്ന് അവർ വാദിച്ച ആ കാര്യങ്ങളെ കൃത്യമായി നിർവഹിച്ചില്ല.’’

പ്രാർഥന, ദിക്ർ, സ്വലാത്ത് എന്നീ വിഷയങ്ങളെ മുൻനിർത്തിയാണ് വ്യാപകമായ വ്യവഹാരം നടക്കുന്നത്. പ്രമാണങ്ങളിൽ വന്ന ഈ പദങ്ങൾ ഉപയോഗിച്ച് എന്തും എങ്ങനെയും ചെയ്യാനുള്ള അനുമതി ഇസ്‌ലാം ആർക്കും നൽകിയിട്ടില്ല. നബി ﷺ തന്നെയും കൽപിക്കപ്പെട്ടത് കാണുക.

അല്ലാഹു പറയുന്നു: ‘‘നിനക്ക് നിന്റെ രക്ഷിതാവിങ്കൽനിന്ന് ബോധനം നൽകപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു’’(33:2).

പ്രാർഥനാ സമ്മേളനങ്ങൾ, സ്വലാത്ത് നഗരികൾ, ദിക്ർ ഹൽക്വകൾ എന്നിവ വ്യത്യസ്തമായും പുതുമയിലും പല സ്ഥലങ്ങളിലും പൊടിപൊടിക്കുകയാണ്. പള്ളികളും മതപഠന സ്ഥാപനങ്ങളെന്ന് പറയപ്പെടുന്നവയും വീടുകളും അങ്ങാടികളും പറമ്പുകളുമെല്ലാം ഇവയ്ക്ക് വേദിയാക്കപ്പെടുന്നു.

നല്ലകാര്യമാണ്, മതത്തിലുള്ളതാണ് എന്നൊക്കെ കരുതിയാണ് പാമര ജനങ്ങൾ ഈ അത്യാചാരങ്ങൾക്ക് കൂട്ട് നിൽക്കുന്നത്. മതബാഹ്യമായ ഇത്തരം കാര്യങ്ങൾ സംഘടിപ്പിക്കപ്പെട്ട സ്ഥലങ്ങൾ പോലും നാളെ എതിരായി സാക്ഷി പറയുമെന്ന ഭയം എല്ലാവർക്കുമുണ്ടാകണം.

അല്ലാഹു പറയുന്നു: ‘‘അന്നേ ദിവസം അത് (ഭൂമി) അതിന്റെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്’’(99:4).

മതം പഠിപ്പിക്കാത്തതായ, സമയം നിർണയിച്ചും അല്ലാതെയുമുള്ള മഹാന്മാരുടെ ഹഖ്-ജാഹ്-ബറകത്ത് കൊണ്ടുള്ള പ്രാർഥനകൾ, എണ്ണം കണക്കാക്കിയും അല്ലാതെയും ചൊല്ലുന്ന ദിക്‌റുകൾ, പ്രത്യേക സന്ദർഭങ്ങളിലും എപ്പോഴും ചൊല്ലാവുന്നതുമായ; പലതരം ഭൗതിക നേട്ടങ്ങൾ നേടിത്തരുമെന്ന് പറഞ്ഞ് നടത്തുന്ന പല പേരുകളിലുള്ള സ്വലാത്തുകൾ... ഇതിനെല്ലാം രൂപം നൽകിയതാരാണ്? നബി ﷺ യുടെ കാലഘട്ടം മുതൽ തന്നെ ഇതെല്ലാം ഉണ്ടായിരുന്നെങ്കിൽ വ്യക്തമായ രൂപവും കൃത്യമായ കണക്കും ലഭിക്കുമായിരുന്നു. ഏറ്റവും നല്ല തലമുറയിൽ ജീവിച്ചവർ അത് ശ്രദ്ധിക്കുമായിരുന്നു. അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ അത് ഉൾപ്പെടുത്തുമായിരുന്നു.

ജൂത-ക്രൈസ്ത വിഭാഗങ്ങളുടെ സ്വാധീന ഫലമായി മുസ്‌ലിംകൾക്കിടയിലുണ്ടായ ശിയാ, സൂഫി, ബറേൽവി വിഭാഗങ്ങളാണ് ഇത്തരത്തിലുള്ള പല പുത്തനാചാരങ്ങളുടെയും ഉപജ്ഞാതാക്കൾ. നമ്മുടെ നാട്ടിലെ മുസ്‌ലിയാക്കൾ അവരുടെ വകയായി നിർമിക്കുന്നവയുമുണ്ട്. ക്വുർആനിന്റെ താക്കീതിനെയാണ് ഇത്തരക്കാർ ഭയക്കേണ്ടത്.

അല്ലാഹു പറയുന്നു: ‘‘ഒരു വിഭാഗത്തെ അവൻ നേർവഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാൻ അർഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് അവർ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്. തങ്ങൾ സൻമാർഗം പ്രാപിച്ചവരാണെന്ന് അവർ വിചാരിക്കുകയും ചെയ്യുന്നു’’ (7:30).

കൊറോണ എന്ന മഹാമാരി വലിയ പരീക്ഷണമായി ലോകത്തെ പിടികൂടിയപ്പോൾ മുസ്‌ലിയാക്കന്മാർ തട്ടിപ്പിന്റെ പുതിയ മുഖവുമായി രംഗത്തെത്തി. ഓൺലൈൻ സംവിധാനം ഉപയോഗിച്ച് വ്യക്തി കേന്ദ്രീകൃത മജ്‌ലിസുകൾ പ്രത്യക്ഷപ്പെട്ടു. പലരുടെയും പേരിൽ ഇല്ലാത്ത പോരിശകൾ പറഞ്ഞുപരത്തി അവർ ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രഭാത-പ്രദോഷ പ്രാർഥനകളെ വരെ ഇക്കൂട്ടർ സാധാരണക്കാരെ പറ്റിക്കുന്നതിന് വേണ്ടി ദുരുപയോഗം ചെയ്യുന്നു.

നൂറേ അജ്മീർ, അറിവിൻ വെളിച്ചം, ബദ്‌റൊളി മജ്‌ലിസ്, അറിവിൻ നിലാവ്, നൂറേ മദീന, മദനീയം, നൂറേ ഹബീബെ, മടവൂർ മുല്ല, അസ്മാഉൽ ഹുസ്‌ന മജ്‌ലിസ്, അയ്‌നുന്നൂർ മജ്‌ലിസ്, മജ്‌ലിസുന്നൂർ, അൽമഹ്‌ളറത്തുൽ ബദ്‌രിയ്യീൻ എന്നിവ ദുആ-ദിക്‌റുകളുടെ പേരിലും നാരിയ്യ സ്വലാത്ത്, താജുസ്സ്വലാത്ത്, കമാലിയ്യ സ്വലാത്ത്, ദലാഇലുൽ ഖൈർ, സ്വലാത്തുൽ ഫാതിഹ്, സ്വലാതുത്ത്വിബ്ബ് തുടങ്ങിയവ സ്വലാത്തിന്റെ പേരിലും അരങ്ങ് തകർക്കുന്നു.

നബി ﷺ യെയും ബദ്‌രീങ്ങളെയും മുഹ്‌യിദ്ദീൻ ശൈഖിനെയും സി.എം മടവൂരിനെയുമൊക്കെ നേരിട്ട് വിളിക്കുകയും അവരോട് സഹായം തേടുകയും ചെയ്യുന്ന മജ്‌ലിസുകളാണ് ഇവയിലധികവും. നിരവധി ആയത്തുകളും ഹദീസുകളും ചരിത്ര സംഭവങ്ങളും ഇതിനായി ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു. പ്രവാചക മാതൃകയില്ലാത്ത ഇത്തരം തെറ്റായ സംഗമങ്ങളിൽ പങ്കെടുക്കുന്നവരും അവയുടെ വീഡിയോക്ക് ലൈക്കടിച്ച്, കമന്റ് രേഖപ്പെടുത്തി, മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നവരും തങ്ങൾ ചെയ്യുന്നത് മതവിരുദ്ധമായ കാര്യത്തിന് കൂട്ടുനിൽക്കലും അത്. പ്രചരിപ്പിക്കലുമാണെന്ന് തിരിച്ചറിയുക. മുഹമ്മദ് നബി ﷺ യെക്കാൾ വലിയ മഹാന്മാരാണോ ഇവർ?

അല്ലാഹു പറയുന്നു: ‘‘(നബിയേ,) പറയുക: ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യൻ ഏക ആരാധ്യൻ (അല്ലാഹു) മാത്രമാണെന്ന് എനിക്ക് ബോധനം നൽകപ്പെടുന്നു. അതിനാൽ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമം പ്രവർത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ’’ (18:110).

ഹിജ്‌റ 329ൽ മരണപ്പെട്ട ഇമാം ബർബഹാരി(റഹ്) പറഞ്ഞത് കാണുക: ‘‘ഒരു സുന്നത്ത് ഒഴിവാക്കിയല്ലാതെ ജനങ്ങൾ ബിദ്അത്തിനെ സ്വീകരിച്ചിട്ടില്ലെന്ന് നീ അറിയണം. പുതുതായി ഉണ്ടാക്കപ്പെട്ടവയെ നീ സൂക്ഷിക്കണം. അതെല്ലാം പുത്തനാചരങ്ങളും വഴികേടും നരകത്തിലേക്കുള്ളതുമാണ്. പുതുതായ കാര്യങ്ങളിൽ ചെറിയതിനെ അത് വലുതായി മാറുമെന്നതിനാൽ നീ കരുതണം. ഈ സമൂഹത്തിൽ പുതുതായി ഉണ്ടാക്കപ്പെട്ടവയുടെയെല്ലാം തുടക്കം സത്യത്തോട് സാദൃശ്യമുള്ളതായതിനാൽ അതിൽ പ്രവേശിച്ചവരെല്ലാം വഞ്ചിതരായി. പിന്നീട് അതിൽനിന്ന് പുറത്ത് കടക്കാൻ സാധിക്കാത്തവിധം അതൊരു മതമായി മാറി. അങ്ങനെ നേർമാർഗത്തിന് എതിരാവുകയും ഇസ്‌ലാമിൽ നിന്ന് പുറത്താവുകയും ചെയ്തു’’(ശറഹുസ്സുന്ന).

മനസ്സിന്റെ വിമലീകരണത്തിനായി ഓരോരുത്തരും സ്വയം പതിവാക്കേണ്ട നന്മകളെ സ്റ്റേജൊരുക്കിയും ഓൺലൈൻ ചാനൽ വഴിയുമൊക്കെ ചെയ്യിപ്പിക്കുന്നത് എത്ര വലിയ വങ്കത്തരമാണ്. പാമര ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് ഇത്തരം അന്ധവിശ്വാസങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ ക്വുർആനിന്റെ താക്കിതിനെ വിസ്മരിച്ചവരാണ്.

അല്ലാഹു പറയുന്നു: ‘‘പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരംകൊണ്ട് ഞെരുങ്ങുന്ന ഒരാൾ തന്റെ ചുമട് താങ്ങുവാൻ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതിൽനിന്ന് ഒട്ടുംതന്നെ ഏറ്റെടുക്കപ്പെടുകയുമില്ല; (വിളിക്കുന്നത്) അടുത്ത ബന്ധുവിനെയാണെങ്കിൽ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തിൽതന്നെ ഭയപ്പെടുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുന്നവർക്ക് മാത്രമെ നിന്റെ താക്കീത് ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്റെ സ്വന്തം നൻമക്കായി തന്നെയാണ് അവൻ വിശുദ്ധി പാലിക്കുന്നത്. അല്ലാഹുവിങ്കലേക്കാണ് മടക്കം’’(35:18).

മുസ്‌ലിയാക്കന്മാരുടെ വേഷത്തിലും വാചാലതയിലും ആകൃഷ്ടരായി വിശ്വാസവും സൂക്ഷ്മതയും കളങ്കപ്പെടുത്തിയാൽ അതിലൂടെ നഷ്ടപ്പെടുന്നത് പരലോക വിജയമാകും. അല്ലാഹുവിൽനിന്ന് കൂലി ആഗ്രഹിക്കുക അവന്റെ കൽപനകൾക്ക് കീഴ്‌പ്പെട്ട് പ്രവർത്തിക്കുന്നവർ മാത്രമാണ്.

അല്ലാഹു പറയുന്നു: ‘‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവന്റെ ദൂതനിൽ വിശ്വസിക്കുകയും ചെയ്യുക. എന്നാൽ അവന്റെ കാരുണ്യത്തിൽനിന്നു രണ്ട് ഓഹരി അവൻ നിങ്ങൾക്കു നൽകുന്നതാണ്. ഒരു പ്രകാശം അവൻ നിങ്ങൾക്ക് ഏർപെടുത്തിത്തരികയും ചെയ്യും. അതുകൊണ്ട് നിങ്ങൾക്ക് (ശരിയായ പാതയിലൂടെ) നടന്നുപോകാം. നിങ്ങൾക്കവൻ പൊറുത്തുതരികയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാണ് ’’ (57:28).

കവർ സ്റ്റോറി

മതേതര ഭാരതത്തിന്‌ പൊൻപ്രതീക്ഷയുടെ തിരിനാളമാണ്‌ കർണാടക തെരഞ്ഞെടുപ്പും ഫലവും നൽകിയിരിക്കുന്നത്. വർഗീയതക്കും ഛിദ്രതയ്ക്കുമെതിരെ വികസനത്തിലൂന്നിയ കാഴ്ചപ്പാടുകളും ചിട്ടയായ പ്രവർത്തനങ്ങളും കൊണ്ടുമാത്രം വിജയം എത്തിപ്പിടിക്കാമെന്ന തിരിച്ചറിവ് സാധാരണക്കാർക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. വരാനുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ പൗരന്മാരോട് മതേതരകക്ഷികൾക്ക് നൽകാനുള്ള ഉറപ്പും അതുതന്നെയാണ്‌.