ശൈഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ’ വാദവും

അബൂ ഫർഹാൻ ബിൻ യൂസുഫ് കോട്ടക്കൽ

2023 നവംബർ 18 , 1445 ജു.ഊലാ 04

ഭാഗം: 02

ബറേൽവികളെ (അശ്അരികളെ) കാഫിറിന്റെ വിധികൾ ചാർത്തി അകൽച്ച പാലിക്കണമെന്ന് അതിശക്തമായി പ്രഖ്യാപിച്ച ശൈഖ് ജീലാനിയെതന്നെ ആയിരം തവണ വിളിച്ചുതേടുന്നതാണ് അതിലും വലിയ അത്ഭുതം! സമസ്തക്കാർക്കാണെങ്കിലോ അദ്ദേഹം മുജസ്സിമും! ശിർക്കിനെതിരെ അങ്ങേയറ്റം ശബ്ദിച്ച ഇബ്‌റാഹീം നബി(അ)യെ തന്നെ മക്കാമുശ്‌രിക്കുകൾ വിഗ്രഹമാക്കി ആരാധിച്ചതുപോലെയുള്ള ബന്ധമാണ് സമസ്തക്കാരും മുഹ്‌യിദ്ദീൻ ശൈഖും തമ്മിലുള്ളത്!

മുഹ്‌യിദ്ദീൻ ശൈഖിന്റെ അക്വീദ പ്രകാരം സമസ്തക്കാർ പിഴച്ചവരും ഇസ്‌ലാമിൽനിന്നുതന്നെ പുറത്തുപോകുന്ന വിശ്വാസക്കാരുമാണ്. സമസ്ത ബറേൽവികൾക്ക് ജീലാനി(റഹി) മുജസ്സിമുകളുടെ വിശ്വാസക്കാരനുമാണ്. ശൈഖ് ജീലാനി തുടരുന്നു:

“അല്ലാഹുവിന്റെ സംസാരത്തിന് സൗത്ത് (ശബ്ദം) ഉണ്ടെന്ന് ഈ ആയത്തുകൾകൊണ്ടും അഖ്ബാറുകൾകൊണ്ടും വ്യക്തമാകുന്നു. എന്നാൽ അത് സൃഷ്ടികളുടെ ശബ്ദം പോലെയല്ല. അവന്റെ അറിവിനെയും അവന്റെ കഴിവിനെയും അവശേഷിക്കുന്ന മറ്റു വിശേഷണങ്ങളെയും സൗത്ത് (ശബ്ദം) പോലെത്തന്നെ സൃഷ്ടികളുമായി സാമ്യപ്പെടുത്തരുത്. ഇമാം അഹ്‌മദുബ്‌നു ഹമ്പലി(റഹി)യിൽനിന്നും അല്ലാഹുവിന്റെ വാചകത്തിനു ശബ്ദമുണ്ടെന്നു വ്യക്തമായി സ്ഥിരപ്പെട്ടിട്ടുണ്ട്. നമ്മുടെ അസ്വ്ഹാബിൽനിന്ന് ഒരുകൂട്ടം പേർ അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്’’ (കിതാബുൽ ഗുൻയഃ 1/131).

പരിശുദ്ധ ക്വുർആൻ സൃഷ്ടിയാണോ എന്ന് ഒരു അശ്അരിയോട് ചോദിച്ചാൽ അവൻ പറയും സൃഷ്ടിയല്ലെന്ന്. എന്നാൽ അതിന്റെ വിശദാംശങ്ങളിലോക്ക് പോയാൽ അവൻ സൃഷ്ടിയാണെന്നും പറയും! ‘യഥാർഥ ക്വുർആനിനു ശബ്ദമോ അക്ഷരങ്ങളോ വാചകങ്ങളോ ഇല്ല, അതിന്റെ ആശയം മാത്രമാണുള്ളത്. ജിബ്‌രീലിന്റെ വാചകങ്ങളും അക്ഷരങ്ങളുമാണ് ഇന്ന് നാം പാരായണം ചെയ്യുന്ന ക്വുർആൻ...’ ഇങ്ങനെ ക്വുർആനിലെ വാക്കുകളും ശബ്ദവും സൃഷ്ടിക്കപ്പെട്ടതാണെന്നു പറഞ്ഞ അശ്അരികളെയാണ് ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി(റഹി) പുത്തൻ വാദികളെന്നു വിശേഷിപ്പിച്ചതും അന്ത്യനാളിൽ അവരെ അല്ലാഹു വിചാരണ ചെയ്യുമെന്ന് പറഞ്ഞതും. ശബ്ദവും പദങ്ങളും അടങ്ങുന്ന ക്വുർആൻ വചനം സൃഷ്ടിയല്ലെന്ന് പറഞ്ഞതിന്റെ പേരിൽ പീഡനം ഏറ്റുവാങ്ങി ജയിലിൽ അടക്കപ്പെട്ട ഇമാമു അഹ്‌ലുസ്സുന്ന അഹ്‌മദ് ബിൻ ഹമ്പലിന് അശ്അരികളുടെ, ക്വുർആൻ സൃഷ്ടിയാണെന്നും അല്ലെന്നും പറഞ്ഞ കുബുദ്ധി അറിയില്ലല്ലോ! അതുകൊണ്ടാവാം ജയിലിലടക്കപ്പെട്ടതും!

യഥാർഥ ക്വുർആനിന് അക്ഷരങ്ങളും ശബ്ദങ്ങളും ഉണ്ടോ എന്നതാണ് തർക്കം. ഒരാൾ ക്വുർആൻ പാരായണം ചെയ്യുമ്പോൾ ആ പാരായണം ചെയ്യുന്നയാളുടെ ശബ്ദവും പേനയും പേപ്പറും സൃഷ്ടിക്കപ്പെട്ടതാണെന്നതിൽ ആർക്കും തർക്കമില്ല. ഇങ്ങനെ ക്വുർആനിനെ സൃഷ്ടിയാക്കാൻ ശ്രമിക്കുന്ന അശ്അരി സമസ്തക്കാർക്കും കൂടിയുള്ള മറുപടിയായിട്ടാണ് ശൈഖ് ജീലാനി, സൃഷ്ടികളുടെ സംസാരം പോലെയല്ല എന്നു പറഞ്ഞത്. അല്ലാഹു സംസാരിക്കുന്നവനാണെന്നുള്ളത് അശ്അരികൾക്കുള്ള ശക്തമായ തിരുത്താണ്. അശ്അരി-ബറേൽവി-സമസ്തക്കാർ യഥാർഥ പുത്തൻവാദികൾ തന്നെയാണെന്നാണ് ശൈഖ് ജീലാനി ഇവിടെയും സ്ഥാപിക്കുന്നത്. ഒരിക്കൽപോലും തുടർന്നു നമസ്‌കരിക്കാൻ പറ്റാത്ത പുത്തൻ വാദികളായിട്ടാണ് ഇക്കൂട്ടരെ ജീലാനി(റഹി) കാണുന്നത് എന്നർഥം.

ഇതെല്ലാം കണ്ട, അങ്ങേയറ്റത്തെ സലഫി വിരുദ്ധനും കടുത്ത സൂഫി-അശ്അരി പക്ഷപാതിയുമായ ഇബ്‌നു ഹജറുൽ ഹൈതമിക്ക്; സൂഫികൾ നിർമിച്ച കടത്തിക്കൂട്ടൽ കഥ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയല്ലാതെ ഒരു മാർഗവുമില്ല. സമസ്തക്കാർക്കാണെങ്കിലോ ജീലാനി നടത്തുന്ന ബിദ്അത്ത് ആരോപണം അവരെപ്പറ്റിയാണെന്ന് മനസ്സിലായതുമില്ല. ഹമ്പലികളുടെ അക്വീദയെക്കുറിച്ചോ അവരുടെ ചരിത്രത്തെക്കുറിച്ചോ ശൈഖ് ജീലാനിയുടെ കാലഘട്ടത്തെക്കുറിച്ചോ ഹൈതമി ശ്രദ്ധിച്ചിട്ടില്ലെന്നതാണു വാസ്തവം. ഇതറിയാമായിരുന്നെങ്കിൽ കിതാബുൽ ഗുൻയഃയെക്കുറിച്ച് ഇത്രയും വലിയ അബദ്ധം പറയില്ലായിരുന്നു.

സമസ്തക്കാരുടെ പ്രയാസങ്ങളും ഹൈതമിയുടെ വിവരക്കേടും വിവരിക്കുകവഴി കിതാബുൽ ഗുൻയഃയിൽ, പ്രത്യേകിച്ചും അസ്മാഉ വസ്സ്വിഫാത്തിൽ കടത്തിക്കൂട്ടൽ നടന്നിട്ടില്ലെന്നതിനു പകൽവെളിച്ചം പോലുള്ള പത്തു തെളിവുകൾ നിരത്തി ഈ കൂട്ടിച്ചേർക്കൽ വാദത്തെ ഖണ്ഡിക്കാൻ കഴിയും. അത് തുടർന്ന് വിവരിക്കാം, ഇൻ ശാ അല്ലാഹ്.

(തുടരും)