പ്രതിസന്ധിയിലാകുന്ന സമസ്തയും പ്രതിക്കൂട്ടിലാകുന്ന മാലകളും

മൂസ സ്വലാഹി കാര

2023 സെപ്തംബർ 16 , 1445 റ.അവ്വൽ 01

മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ വിശുദ്ധി നഷ്ടപ്പെടുത്തുന്നതിലും പ്രമാണ നിലപാടുകളെ തകർക്കുന്നതിലും പ്രധാന പങ്കുവഹിച്ചവയാണ് വ്യത്യസ്ത കാലങ്ങളിൽ രചിക്കപ്പെട്ട മാല മൗലിദുകൾ. കോഴിക്കോട്ടുക്കാരൻ ഖാദി മുഹമ്മദ് മലയാള വർഷം 782ൽ രചിച്ച മുഹ്‌യിദ്ദീൻ മാലയാണ് കാണപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ളതും ഏറെ സ്വാധീനിക്കപ്പെട്ടതും.

ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി(റഹി)യുടെ പേരിൽ ഇല്ലാത്ത പോരിശകളും കള്ളക്കഥകളും കോർത്തിണക്കിയ ഇതിന്റെ ഓരോ വരിയും അല്ലാഹുവിന്റെ കഴിവുകളെയും വിശേഷണങ്ങളെയും ശൈഖിന്റെ മേൽ ചാർത്താനും അദ്ദേഹത്തെ നബി ﷺ യെക്കാൾ വലിയ ശ്രേഷ്ഠനാക്കാനും വേണ്ടിയാണ്.

മാലപ്പാട്ടുകളെ സമസ്തക്കാർ തന്നെ പരിചയപ്പെടുത്തുന്നത് കാണുക: “പുണ്യാത്മാക്കളുടെ മഹത്തായ ജീവിതത്തിലെ പ്രശംസനീയങ്ങളായ സംഭവങ്ങളെ ഭക്ത്യാദരപൂർവ്വം പ്രകീർത്തിക്കുന്ന പദ്യകൃതികളാണ് മാലപ്പാട്ടുകൾ. ഇവയ്ക്ക് നേർച്ചപ്പാട്ടുകൾ എന്നും പേരുണ്ട്. എണ്ണത്തിൽ മാലപ്പാട്ടുകൾ ധാരാളമുണ്ടെങ്കിലും മുഹ്‌യിദ്ദീൻ മാല, ബദർമാല, രിഫാഈമാല, നഫീസത്ത് മാല, മഞ്ഞക്കുളം മാല, മമ്പുറം മാല, മലപ്പുറംമാല, മഹ്‌മൂദ് മാല തുടങ്ങിയവയാണ് മറ്റുള്ളവയെ അപേക്ഷിച്ചു പ്രചുരപ്രചാരം നേടിയ മാലകൾ. രോഗം, ദുഃഖം മുതലായവയുടെ ശമനത്തെയും ആപത് രക്ഷയെയും ഉദ്ദേശിച്ചുകൊണ്ട് മാലപ്പാട്ടുകൾ പാടിവരുന്നു’’ (മുഹ്‌യിദ്ദീൻ മാല; ചരിത്രം, പാഠം, പഠനം/ സൈനുദ്ദീൻ മന്ദലാംകുന്ന്/പേജ് 10).

അമ്പിയാഇനും ഔലിയാഇനും ജീവിതത്തിലും മരണാനന്തരവും മുഅ്ജിസത്ത്-കറാമത്തുകൊണ്ട് അവരുടെ ഇഷ്ടപ്രകാരം അസാധാരണ സംഭവങ്ങൾ കാണിക്കാൻ കഴിയുമെന്ന സമസ്തയുടെ ആശയമടക്കം അവരുടെ സകല വ്യർഥ്യവാദങ്ങളുടെയും മൊത്തക്കലവറയായ മുഹ്‌യിദ്ദീൻ മാലയെപ്പറ്റി മാലക്കാരനും മറ്റു പുരോഹിതന്മാരും പൊലിപ്പിച്ചെഴുതിയത് ധാരാളമുണ്ട്. ഇത് പഠിക്കുന്നവർ ഭാഗ്യമുള്ളവരാണെന്നും അല്ലാഹുവിന്റെ സംരക്ഷണത്തിൽ പറഞ്ഞതാണിതെന്നും ഇതിനെ കളവാക്കിത്തള്ളൽ കൊന്നുകളയുന്ന വിഷമാണെന്നും പിഴവുവരുത്താതെ ഇത് ചൊല്ലുന്നവർക്ക് അല്ലാഹു സ്വർഗത്തിൽ മണിമാടം നൽകുമെന്നും മാല നിർമാതാവ് വ്യത്യസ്ത വരികളിലൂടെ അവകാശപ്പെടുന്നുണ്ട്.

പതി അബ്ദുൽ ക്വാദിർ മുസ്‌ലിയാർ പറയുന്നു: “മുഹ്‌യിദ്ദീൻ മാല സത്യസമ്പൂർണമാണെന്ന് ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ ചതുർലക്ഷ്യങ്ങളിലൂടെ ഞാൻ തെളിയിക്കാം’’ (മുഹ്‌യിദ്ദീൻ മാല വ്യാഖ്യാനം/ കഴക്കൂട്ടം എ.വി. ശംസുദീൻ മുസ്‌ലിയാർ/ പേജ് 21).

സമസ്തയുടെ എട്ടാം പ്രമേയത്തിൽ പ്രത്യേക ഇടം പിടിച്ച മാലയാണിത്: “മൻഖൂസ് മുതലായ മൗലിദുകൾ ബദ്‌രിയ്യത്ത് ബൈത്ത്, ബദ്ർമാല, മുഹ്‌യിദ്ദീൻമാല, രിഫാഈ മാല, നേർച്ചപ്പാട്ടുകൾ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക’’ (എസ്.വൈ.എസ് 60ാം വാർഷികോപഹാരം/പേജ് 213).

പുറമെ, ‘ഇസ്‌ലാം അംഗീകാരം നൽകിയതുകൊണ്ട് മുസ്‌ലിംകൾ പാടുന്ന മാല, ഒരു സമൂഹത്തിന് ആത്മനിർവൃതിയുടെ താളം പകർന്ന മാല, മഗ്‌രിബിന് ശേഷം വീടുകളിൽ ഓതാനും വിവാഹപ്പെണ്ണിന് ഓതാൻ അറിയേണ്ടതുമായ മാല’ എന്നിങ്ങനെ നീളുന്നു ഈ വരുമാന മാലക്ക് പുരോഹിതന്മാർ നൽകിയ പോരിശകൾ.

ശിർക്കിനും അന്ധവിശ്വാസങ്ങൾക്കും പ്രേരണ നൽകുന്ന ഈ ക്ഷുദ്ര കൃതി മഹത്ത്വവത്കരിക്കപ്പെട്ടതും പ്രമാണങ്ങളെ വളച്ചൊടിച്ചും അസ്വീകാര്യ സംഭവങ്ങളെ ചൂണ്ടിക്കാട്ടിയും ഇത് വ്യാഖ്യാന വിധേയമാക്കപ്പെട്ടതും സമൂഹത്തിൽ കൂടുതൽ അപകടം സൃഷ്ടിച്ചു.

സലഫികൾ ഇതിനെ എതിർത്തും ചോദ്യം ചെയ്തും രംഗത്തിറങ്ങിയപ്പോൾ മുസ്‌ലിയാക്കന്മാർ പരുങ്ങുകയും നിസ്സാഹായത പ്രകടിപ്പിക്കുകയും ചെയ്തു. ഒരു മുസ്‌ലിയാർ എഴുതിയത് കാണുക: “ആധുനിക മുസ്‌ലിം പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിനു ശേഷം രൂപപ്പെട്ടു വന്ന ഒരുതരം ‘പ്യൂരിറ്റൻ’യുക്തിവിചാരം പ്രബലപ്പെടുന്നതോടെ മുഹ്‌യിദ്ദീൻമാലക്കെതിരായ പടപ്പുറപ്പാടും ആരംഭിക്കുകയായി’’ (മുഹ്‌യിദ്ദീൻ മാല; ചരിത്രം, പാഠം. പഠനം/പേജ് 5).

വിശുദ്ധ ക്വുർആനുമായി വിശ്വാസികൾക്ക് വേണ്ട ആത്മബന്ധത്തെ തകർത്തും അതിന്റെ പഠന- പാരായണത്തിനെതിരെ ഫത്‌വകളിറക്കിയും അതിനെ പ്രചരിപ്പിക്കുന്നവരെ പരിഹസിച്ചുമാണ് നാടുനീളെ ഈ മാലയും ചുമന്ന് മുസ്‌ലിയാക്കന്മാർ നടന്നത്. പ്രവാചക ദൗത്യത്തെ അവഗണിച്ച ഇവർ അഹ്‌ലുസ്സുന്ന വൽ ജമാഅയാണെന്ന് അവകാശപ്പെടുന്നതിൽ എന്ത് അർഥമാണുള്ളത്?

അല്ലാഹു പറയുന്നു: “തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതിക്കേൾപിക്കുകയും, അവരെ സംസ്‌കരിക്കുകയും, അവർക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു’’ (3:164).

നബി ﷺ മുന്‍കാല പ്രവാചകന്മാരുടെയോ ഉത്തമ തലമുറയില്‍ പെട്ടവര്‍ നബി ﷺ യുടെയോ അപദാനങ്ങള്‍ മെനഞ്ഞുണ്ടാക്കി എവിടെയും പൊതിഞ്ഞ് സൂക്ഷിച്ചിട്ടില്ല. അങ്ങനെയൊന്ന് അവരാരും ആഗ്രഹിച്ചിട്ടുമില്ല.

യമൻ, പേർഷ്യ, ഖുറാസാൻ എന്നിവിടങ്ങളിൽനിന്ന് കയറിക്കൂടിയ സ്വൂഫികളിൽനിന്നാണ് മാതൃകാപരമല്ലാത്ത ഈ പ്രവർത്തനം സമസ്തക്ക് കിട്ടിയത്. അവർ തന്നെ എഴുതുന്നു: “മാലപ്പാട്ടുകൾ പാടുകയെന്ന ആചാരത്തിനു കേരളത്തിൽ ഏതാണ്ട് നാലുനൂറ്റാണ്ടു കാലത്തെ വ്യക്തമായ പഴക്കമുണ്ട്’’ (മുഹ്‌യിദ്ദീൻ മാല; ചരിത്രം, പാഠംസ പഠനം/പേജ് 10).

അതിര് വിട്ടുള്ള ഏത് പ്രവർത്തനങ്ങളും സത്യത്തെ നിരാകരിക്കാൻ കാരണമാകുന്നതിനാൽ ഇസ്‌ലാം അതിനെ ശക്തമായി വിലക്കി. അല്ലാഹു പറയുന്നു: “പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തിൽ നിങ്ങൾ അതിരുകവിയരുത്. മുമ്പേ പിഴച്ചുപോകുകയും ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേർമാർഗത്തിൽനിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങൾ പിൻപറ്റുകയും ചെയ്യരുത്’’ (5:77).

പ്രവാചകന്മാരുടേതടക്കം ആരുടെയും പ്രശംസകളോ, പ്രകീർത്തനങ്ങളോ പ്രത്യേക രൂപത്തിൽ സമയം നിശ്ചയിച്ച് ആചരിക്കുക എന്നത് ആരാധനയായി ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. ശിയാചങ്ങലയിലെ കണ്ണിയായ സമസ്ത അവരുടെ ഔലിയാക്കളെ വാനോളം വാഴ്ത്തി ആരാധ്യരാക്കിയും ജാറങ്ങളെ ആരാധനാലയങ്ങളാക്കിയും തുടരുകയാണ്.

അല്ലാഹുവിൽനിന്ന് നേരിട്ട് പുകഴ്ത്തുവാക്കുകകൾ കേട്ട നബി ﷺ പറഞ്ഞതും അദ്ദേഹത്തോട് പ്രഖ്യാപിക്കാൻ അല്ലാഹു പറഞ്ഞതും ‘ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രമാകുന്നു’ എന്നാണ്. ‘ക്രൈസ്തവർ മറ്‌യമിന്റെ പുത്രനെ പുകഴ്ത്തിയതുപോലെ നിങ്ങൾ എന്നെ പുകഴ്ത്തരുത്, അല്ലാഹുവിന്റെ അടിമയെന്നും അവന്റെ ദൂതനെന്നും നിങ്ങൾ പറയുക’ എന്ന, നബി ﷺ യുടെ ഉപദേശം ശ്രദ്ധേയമാണ്.

സമസ്ത നിലംപരിശാകുമോ എന്ന പേടികൊണ്ടോ അതല്ല, ചില സ്ഥാനങ്ങൾ കൈയടക്കണമെന്ന മോഹം കൊണ്ടോ എന്നറിയില്ല, മുസ്‌ലിയാക്കന്മാരുടെ പുതിയ നയം മാറ്റം അവരുടെ ഒരു നൂറ്റാണ്ടുകാലത്തെ ആശയങ്ങളുടെ ചരമമറിയിക്കുന്നതും സമസ്തയെ ‘കട്ടപ്പുറത്ത്’കയറ്റുന്നതുമാണ്. മുശാവറ അംഗം പേരോടിന്റെ നേതൃത്വത്തിലുള്ള ഉലമാ സമ്മേളനങ്ങളിൽ വിതരണം ചെയ്ത കൈപ്പുസ്തകത്തിന്റെ 5ാം പേജിൽ ‘വിശ്വാസികളുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നതും സംശയങ്ങൾ ജനിപ്പിക്കുന്നതും സത്യമാണെന്ന് തെളിയിക്കാൻ കഴിയാത്തതും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലും സംസാരിക്കരുത്’ എന്ന് പഠിപ്പിച്ചതുമൂലം കാന്തപുരം വിഭാഗം മുസ്‌ലിയാക്കന്മാർ വ്യത്യസ്ത ചേരികളായി തിരിഞ്ഞു. ജിഫ്രി തങ്ങളുടെ സമസ്ത സംഘർഷത്തിലും രാഷ്ട്രീയ ഞെരുക്കത്തിലുമമർന്ന് വഷളായിക്കൊണ്ടിരിക്കുന്നു.

മുഹ്‌യിയിദ്ദീൻ മാല

മതത്തോട് അടുപ്പിക്കാൻ പറ്റാത്തതും സമൂഹത്തിൽനിന്ന് ഉന്മൂലനം ചെയ്യപ്പെടേണ്ടതുമായ മുഹ്‌യിയിദ്ദീൻ മാലയിലെ ഇസ്‌ലാമിക വിരുദ്ധ വരികളെയും അതിനുള്ള ന്യായീകരണങ്ങളെയും സമസ്തയുടെ പുതിയ ആദർശ പ്രകാരം നമുക്കൊന്ന് വിശകലനം ചെയ്യാം. മാലയിലെ കടുത്ത അബദ്ധങ്ങൾ വായിക്കുമ്പോൾ സമസ്തയുടെ പുതിയ ആശയത്തോട് അതിനെ ഉരസിനോക്കണം. (അവലംബം: കഴക്കൂട്ടം ശംസുദ്ദീൻ മുസ്‌ലിയാരുടെ മുഹ്‌യിയിദ്ദീൻ മാല വ്യാഖ്യാനം).

ജനിക്കും മുമ്പേ ഖുത്വ‌്ബായ (കേന്ദ്ര ബിന്ദു)വരും ഏഴ് ആകാശങ്ങളിലും പ്രശംസ കിട്ടിയവരുമാണത്രെ ശൈഖ് ജീലാനി: “ബാവാ മുതുവിന് ഖുത്വ‌്ബായി വന്നോവർ, ബാനം അദേളിലും കേളി നിറഞ്ഞോവർ.’

നബി ﷺ യുടെ ജീവിതത്തെ എടുത്തുകാട്ടിയാണ് മുസ്‌ലിയാക്കന്മാർ ഇതിന് ന്യായം കാണുന്നത്. നുബൂവ്വത്തിനുമുമ്പ് പ്രവാചകത്വത്തെപ്പറ്റി അറിയാത്ത, ഏഴാകാശങ്ങൾ വരെയുള്ള മിഅ്‌റാജ് യാത്രയെ കുറിച്ച് മുൻധാരണയില്ലാത്ത, ജീവിത്തിലൊരിക്കലും ഞാൻ ലോകത്തിന്റെ ഖുത്വുബാണെന്നു പറഞ്ഞിട്ടില്ലാത്ത നബി ﷺ യെ അവഹേളിക്കലല്ലേ ഇത്?

ഇരിക്കുന്നടിത്തുവച്ച് ഏഴ് ആകാശങ്ങൾ കണ്ട, അദൃശ്യലോകത്ത് ഉയരങ്ങളിൽ പറക്കുന്ന രാജ കിളിയാണത്രെ ശൈഖ്: “ഇരുന്നെ ഇരുഫ്ഫിന്നേൾ ആകാശം കണ്ടോവർ, ഏറും മലക്കൂത്തിൽ രാജാളി എന്നോവർ.’’

ഔലിയാക്കൾക്ക് അകലെയുള്ളത് കാണാൻ കഴിയുമെന്നാണ് ന്യായം. നബി ﷺ ഇങ്ങനെയൊരു കഴിവുണ്ടായിരുന്നില്ല. അപ്പോൾ നബി ﷺ ഇവരുടെ ദൃഷ്ടിയിൽ ഔലിയയല്ലേ! വഹ്‌യ് എത്തുന്നത് പോലും നബി ﷺ അറിഞ്ഞിരുന്നത് ജിബ്‌രീൽ(അ) സമീപിക്കുമ്പോഴായിരുന്നു.

ശൈഖിന്റെ കാല് എല്ലാ ഔലിയാക്കളുടെയും പിരടിയിലാണത്രെ: “എല്ലാ മശാഇഖന്മാരുടെ തോളുമ്മൽ, ഏകൽ അരുളാലേ എന്റെ കാൽ എന്നോവർ.’’ മറ്റു ഔലിയാക്കളുടെ ചുമലിൽ കാലുവയ്ക്കാൻ മാത്രം ശൈഖ് യോഗ്യനാണെന്നും എല്ലാ ശൈഖന്മാരുടെ മേലും അദ്ദേഹത്തിന് അധികാരമുണ്ടെന്നും സുചിപ്പിക്കുന്ന വരികളാണിത്. നബി ﷺ യടക്കം ഉത്തമ തലമുറയിൽപ്പെട്ടവരുടെ ചുമലിൽ ചവിട്ടുകയും അവരെല്ലാം ശൈഖിന്റെ മുമ്പിൽ തല കുനിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കാൻ അവിവേകികൾക്ക് മാത്രമെ സാധിക്കൂ.

ഒരു വസ്തുവിനോട് ഉണ്ടാകൂ എന്ന് ശൈഖ് പറഞ്ഞാൽ അതുണ്ടാകുമത്രെ: “എന്നുടെ ഏകൽ ഉടയവൻ തന്റേകൽ, ആകെന്ന് ഞാൻ ചൊൽകിൽ ആകും അദെന്നോവർ.’’ ഇവിടെ പ്രയോഗിച്ച ‘ആകും എന്നത്’ സൃഷ്ടിയാണെന്നും അല്ലാഹു കഴിവ് കൊടുത്തിട്ടാണ് ഇതെല്ലാം നടക്കുന്നതെന്നുമുള്ള മുടന്തൻ വ്യാഖ്യാനങ്ങൾ പമ്പര വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്? അല്ലാഹുവിന്റെ കഴിവിനെ ഇങ്ങനെ തരംതാഴ്ത്തി കാണിക്കാമോ? ക്വുർആൻ പറയുന്നു: “താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു’’ (36:82).

ഭൂമി ഉണ്ടപോലെ ശൈഖിന്റെ കൈയിലാണെന്നും അതിനെ മറികടക്കാൻ ഒരു ചവിട്ടടി മതിയെന്നും വാദിക്കുന്നു: “ഭൂമി ഒരുണ്ടഫോൽ എൻകയ്യിലെന്നോവർ, ഭൂമി അദൊക്കെയും ഒരു ചുവടെന്നോവർ.’’ അല്ലാഹുവിനെ വേണ്ടവിധം മനസ്സിലാക്കാത്ത ഈ പുരോഹിതന്മാർ ചെറിയ ഗ്ലോബിനോടും ഗൂഗിളിലെ സാറ്റലൈറ്റ് മാപ്പിനോടുമൊക്കെ ഇതിനെ ഉപമിക്കുന്നതും കണ്ടാൽ ‘മുഴുവട്ടന്മാർ’ എന്നേ ഇവരെ വിശേഷിപ്പിക്കാനാകൂ. അല്ലാഹുവിന്റെ കഴിവിനെയാണിവർ ഈ നിലയ്ക്ക് വെല്ലുവിളിക്കുന്നത്. ക്വുർആൻ പറയുന്നു: “അല്ലാഹുവെ കണക്കാക്കേണ്ട നിലയിൽ അവർ കണക്കാക്കിയിട്ടില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ഭൂമി മുഴുവൻ അവന്റെ ഒരു കൈപ്പിടിയിൽ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങൾ അവന്റെ വലതുകൈയിൽ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധൻ! അവർ പങ്കുചേർക്കുന്നതിനെല്ലാം അവൻ അതീതനായിരിക്കുന്നു’’ (39:67).

അർശിൽ ചെന്നെത്തി ലൗഹുൽ മഹ്ഫൂദ്വളിലെ കാര്യങ്ങൾ ശൈഖ് അറിയുമത്രെ: “എല്ലായിലും മേലേ അർശിങ്കൽ ചെന്നോവർ, എന്റെകണ്ണെഫ്‌ഫോളും ലൗഹിൽ അദെന്നോവർ.’’ അല്ലാഹുവിന്റെ വിധികൾ എഴുതപ്പെട്ട രേഖയാണ് ലൗഹുൽ മഹ്ഫൂദ്വ്. അതിന്റെ അകമറിയാനുള്ള കഴിവ് സൃഷ്ടികളിൽ ആർക്കും അല്ലാഹു നൽകിയിട്ടില്ല. അല്ലാഹു പറയുന്നു: “ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീർച്ചയായും അത് ഒരു രേഖയിലുണ്ട്. തീർച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ’’ (22:70).

അല്ലാഹു എത്രയോ ഉന്നതിയിലേക്ക് ഉയർത്തിയ നബി ﷺ പോലും ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ല. ഇവരോട് അവിശ്വാസികൾക്ക് ക്വുർആൻ നൽകിയ മറുപടിയാണ് ഉണർത്താനുള്ളത്. അല്ലാഹു പറയുന്നു: “(നബിയേ) പറയുക: അവർ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കിൽ സിംഹാസനാധിപന്റെ അടുക്കലേക്ക് അവർ (ആ ദൈവങ്ങൾ) വല്ല മാർഗവും തേടുക തന്നെ ചെയ്യുമായിരുന്നു. അവൻ എത്ര പരിശുദ്ധൻ! അവർ പറഞ്ഞുണ്ടാക്കിയതിനെല്ലാം ഉപരിയായി അവൻ വലിയ ഔന്നത്യം പ്രാപിച്ചിരിക്കുന്നു’’ (17:42,43).

അല്ലാഹുവിന്റെ അത്ഭുതകരമായ കഴിവുകളെ നിന്ദിക്കുക മാത്രമല്ല അവന്റെ അവകാശങ്ങളെ വരെ ഈ മാലയിലൂടെ ശൈഖിന് ചാർത്തിക്കൊടുക്കുന്ന വരികൾ കൂടി കാണുക.

‘നരകത്തിൽ നിന്റെ മുരീദാരും ഇല്ലെന്ന്, നരകത്തെ കാക്കും മലക്ക് ഫറഞ്ഞോവർ.’
‘എന്നേ ഫിടിച്ചവർ ഏതും ഫേടിക്കണ്ട, എന്നേ ഫിടിച്ചോർക്ക് ഞാൻ കാവൽ എന്നോവർ.’
‘ബല്ലേ നിലത്തിന്നും എന്നേ വിളിഫ്‌ഫോർക്ക്, ബായ് കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവർ.’
‘കുഫ്ഫി അകത്തുള്ള വസ്തുവിനെഫ്‌ഫോലേ, കാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ.’
‘കണ്ണിൽ കാണാത്തതും ഖൽബകത്തുള്ളദും, കൺകൊണ്ട് കണ്ടെഫോൽ കണ്ട് ഫറഞ്ഞോവർ.’

ഇതെല്ലാം ശരിയെന്ന് കരുതി വിശ്വസിച്ചംഗീരിക്കുന്ന മുസ്‌ലിം സമൂഹം പുരോഹിതന്മാർ കാരണം എത്രവലിയ വഴികേടിലാണ് അകപ്പെട്ടിട്ടുള്ളത്! അല്ലാഹുവിന് പുറമെ ആരാധ്യരെ സ്വീകരിച്ചവരോട് ക്വുർആൻ പറയുന്നു: “അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവർ (ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽനിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു’’ (10:18).

ശൈഖിന്റെ വ്യക്തിത്വത്തെ തന്നെയും ഇകഴ്ത്തും വിധം മാലക്കാരൻ എഴുതിയത് കാണുക:

‘നാൽഫദ് വട്ടം ജനാബത്തുണ്ടായാരേ,
നാൽഫദ് വട്ടം ഒരു രാകുളിച്ചോവർ.’
‘നലവേറും ഇശാതൊളുദൊരു വുളുവാലേ,
നാൽഫതിറ്റാണ്ട് സുബ്ഹ് തൊളുദോവർ.’
‘ഊണും ഉറക്കം അദൊന്നുമെ കൂടാതെ,
ഒരാണ്ട് കാലം ഫൊറുത്ത് നടന്നോവർ.’
‘മുദലായ റമളാനിൽ മുഫ്ഫത് നാളിലും,
മുലകുടിക്കും കാലം മുലനേതൊടാദോവർ.’

ചിന്തിക്കുക, എത്ര വഷളൻ വരികളാണിത്! വിശ്വാസി സമൂഹത്തെ ബാധിച്ച ഈ നൂലാമാലയെ വലിച്ചെറിഞ്ഞ് വിശുദ്ധ ക്വുർആനിന്റെ വഴിയിലേക്ക് തിരിഞ്ഞ് നടക്കാൻ കഴിയണം. അല്ലാഹു പറയുന്നു: ‘നിങ്ങൾ ഓർക്കാതിരിക്കെ പെട്ടെന്ന് നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽ നിന്ന് ഏറ്റവും ഉത്തമമായത് നിങ്ങൾ പിൻപറ്റുകയും ചെയ്യുക’.(39:65)

മാലക്കാരന്റെ പുകഴ്ത്തലുകൾ ശൈഖിനെ കൊണ്ടെത്തിച്ചതിന്റെ മറ്റൊരു തലം കൂടി നമുക്ക് വായിക്കാം:

‘അമ്പിയാക്കന്മാരും ഔലിയാക്കന്മാരും,
അവരുടെ റൂഹും അവിടെ വരുന്നോവർ.’
‘അങ്ങനെതന്നെ മലാഇക്കത്തന്മാരും,
അവരുടെ മജ്‌ലിസിൽ ഹാളിറാകുന്നോവർ.’
‘ആ വണ്ണം നമ്മുടെ ഖോജ റസൂലുല്ലാഹ്,
അവരുടെ റൂഹും അവിടെ വരുന്നോവർ.’
‘ചത്തെ ചകത്തിനെ ജീവൻ ഇടിച്ചോവർ,
ചാകും കലശത്തേ നന്നാക്കി ബിട്ടോവർ.’
‘ഫെയ്യും മഴയോടും ഒഴുകുന്ന ഹാറോടും,
ഫോരും അദെന്നാരേ ഫോരിച്ച് വെച്ചോവർ.’
‘കനിയില്ലാ കാലം കനിയേ കൊടുത്തോവർ,
കരിഞ്ഞെ മരത്തിമ്മൽ കായാ നിറച്ചോവർ.’

അല്ലാഹുവിനെയും അവന്റെ റസൂലിനെയും തരംതാഴ്ത്തുന്ന ഈ വരികളൊക്കെ പാടിയാൽ സ്വർഗം കിട്ടുമെന്നാണ് പാവം അണിക്ൾ വിചാരിക്കുന്നത്!

അല്ലാഹു പറയുന്നു: “(നബിയേ) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാർഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാൻ പങ്കുചേർക്കുകയില്ല. പറയുക: നിങ്ങൾക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേർവഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല. പറയുക: അല്ലാഹുവി(ന്റെ ശിക്ഷയിൽ)നിന്ന് ഒരാളും എനിക്ക് അഭയം നൽകുകയേ ഇല്ല; തീർച്ച. അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാൻ ഒരിക്കലും കണ്ടെത്തുകയുമില്ല. അല്ലാഹുവിങ്കൽനിന്നുള്ള പ്രബോധനവും അവന്റെ സന്ദേശങ്ങളും ഒഴികെ (മറ്റൊന്നും എന്റെ അധീനതയിലില്ല). വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം തീർച്ചയായും അവന്നുള്ളതാണ് നരകാഗ്‌നി. അത്തരക്കാർ അതിൽ എന്നെന്നും നിത്യവാസികളായിരിക്കും. അങ്ങനെ അവർക്ക് താക്കീത് നൽകപ്പെടുന്ന കാര്യം അവർ കണ്ടു കഴിഞ്ഞാൽ ഏറ്റവും ദുർബലനായ സഹായി ആരാണെന്നും എണ്ണത്തിൽ ഏറ്റവും കുറവ് ആരാണെന്നും അവർ മനസ്സിലാക്കികൊള്ളും’’ (72:20-24).

സമസ്തയുടെ മുശാവറയിൽപ്പെട്ടവർ സമൂഹത്തോട് പറയണം; പുതിയ വിശ്വാസ പ്രകാരം മുഹ്‌യിദ്ദീൻ മാല അകത്തോ പുറത്തോ എന്ന്. മുഹ്‌യിദ്ദീൻ മാല എഴുതിയ ഖാദി മുഹമ്മദ് മുശ്‌രിക്കും കാഫിറുമായോ? സമസ്തയുടെ ആദർശമായ എട്ടാം പ്രമേയം അവതരിപ്പിച്ച ശിഹാബുദ്ദീൻ അഹ്‌മദ് കോയ ശാലിയാത്തിയുടെ വിധി എന്താണ്? ഇതുവരെ ഖാദി, ഇമാം, ഖത്വീബ് സ്ഥാനങ്ങളിലുണ്ടായിരുന്നവർ മുശ്‌രിക്കുകളും കാഫിറുകളുമാകുമോ? ചതുർ ലക്ഷ്യങ്ങൾകൊണ്ട് ഈ മാല തെളിയിക്കുമെന്ന് വാദിച്ച പതി അബ്ദുൽ ക്വാദിർ മുസ്‌ലിയാരുടെ കാര്യത്തിൽ മുശാവറ വിധി എന്താകും? പ്രമാണങ്ങളെ ദുർവ്യാഖ്യാനിച്ചും ചരിത്ര സംഭവങ്ങളെ വക്രീകരിച്ചും ദുർബല വാക്കുകൾ തട്ടിക്കൂട്ടിയും രചിക്കപ്പെട്ട മാല വ്യാഖ്യാനങ്ങളിൽ തീരുമാനമുണ്ടാകുമോ? ഇതെല്ലാം സത്യമെന്ന് വിശ്വസിച്ച് മാലയെ പട്ടിൽ പൊതിഞ്ഞ് കഴിഞ്ഞവരുടെ അവസ്ഥ എന്താകും?

അന്ധവിശ്വാസികൾ പരത്തുന്ന പൊള്ളത്തരങ്ങളിൽ ആകൃഷ്ടരായി ക്വുർആനിന്റെ താക്കീതിനെ വിസ്മരിക്കുന്നവരായി നാം മാറരുത്. അല്ലാഹു പറയുന്നു: “അവർ പറഞ്ഞുകൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേൽ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാൽ എന്റെ താക്കീത് ഭയപ്പെടുന്നവരെ ക്വുർആൻ മുഖേന നീ ഉൽബോധിപ്പിക്കുക’’ (50:45).