കാന്തപുരം പൊട്ടിച്ച ‘അമിട്ടും’ ചില ആഭ്യന്തര പുകിലുകളും

മൂസ സ്വലാഹി കാര

2023 ഒക്ടോബർ 14 , 1445 റ.അവ്വൽ 29

സമൂഹ സംസ്‌കരണത്തിനാവശ്യമായ സകല നിയമങ്ങളുമടങ്ങുന്ന സത്യപാതയാണ് സംശുദ്ധ മതമായ ഇസ്‌ലാം. ഇഹലോക ജീവിതത്തെ അല്ലാഹുവിന് സമർപ്പിച്ചുകൊണ്ട് പരലോകജീവിതം ധന്യമാക്കാൻ കൽപിക്കപ്പെട്ടവരാണ് വിശ്വാസികൾ. അല്ലാഹു പറയുന്നു: “ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽനിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (ക്വുർആൻ 3:185)

ഇസ്‌ലാമിന്റെ ആശായാദർശങ്ങളെ നെഞ്ചോടു ചേർത്തവർക്കു നേരെ വാക്കാലും അല്ലാതെയും ആയുധമേന്തിയവർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. വിശ്വാസത്തെ കളങ്കപ്പെടുത്തിയും നിലപാടുകളെ ചോദ്യം ചെയ്തും മതനിഷ്ഠയുള്ളവരെ കൊച്ചാക്കിയും അവർ കാര്യം സാധിച്ചു. മക്കയിലെ ശത്രുക്കൾ നബിﷺയെ അധിക്ഷേപിച്ചതും ഉപദ്രവിച്ചതും അവിടുത്തെ അനുചരന്മാരെ വേട്ടയാടിയതും ഉണങ്ങാത്ത മുറിവുകളായി ചരിത്രത്തിൽ അവശേഷിക്കുകയാണ്. ലാത്ത, ഉസ്സ, മനാത്ത എന്നീ വിഗ്രഹങ്ങളെ ആരാധ്യന്മാരാക്കിയവർ അഭിമാനികളും അല്ലാഹുവിനെ മാത്രം ആരാധിച്ചവർ അപമാനികളുമായി വിധിയെഴുതപ്പെട്ട കാലമായിരുന്നു അത്. ക്വുർആൻ അതിന് നൽകിയ മറുപടി കാണുക: “തീർച്ചയായും നിനക്കു മുമ്പ് പൂർവികൻമാരിലെ പല കക്ഷികളിലേക്കും നാം ദൂതൻമാരെ അയച്ചിട്ടുണ്ട്. ഏതൊരു ദൂതൻ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവർ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല. അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളിൽ അത് (പരിഹാസം) നാം ചെലുത്തി വിടുന്നതാണ്. പൂർവികൻമാരിൽ (അല്ലാഹുവിന്റെ) നടപടി നടന്നുകഴിഞ്ഞിട്ടും അവർ ഇതിൽ വിശ്വസിക്കുന്നില്ല’’ (15:10-13).

നബിﷺയെ അപകടകാരിയായി കണ്ട കപടവിശ്വാസികളുടെ പ്രവർത്തന ഫലമായി ലോകത്തുടലെടുത്ത ശിയാക്കൾ അബൂബക്കർ(റ), ഉമർ(റ) എന്നിവരടക്കമുള്ള പല സ്വഹാബികളെയും കാഫിറുകളാക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തു. ഉസ്മാൻ(റ)വിനെ കൊലപ്പെടുത്തി. അലി(റ) വിന്റെ കാര്യത്തിൽ അതിരുവിട്ട ഇവർ നിരർഥക വാദങ്ങളുടെ സംരക്ഷണത്തിനായി സൂഫിസമെന്ന ഇസ്‌ലാമിക വിരുദ്ധ ആശയം പടുത്തുയർത്തി. അഹ്‌മദ് റസാഖാൻ ബറേൽവി സ്ഥാപിച്ച ബറേൽവിസം രൂപപ്പെട്ടതോടെ അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാരോടുള്ള അമർഷം അധികമാവുകയും മുസ്‌ലിം സമൂഹത്തിലെ പലരെയും കാഫിറാക്കുന്ന പ്രവർത്തനം നിർലജ്ജം തുടരുകയും ചെയ്തു.

ശിയാ ആചാരങ്ങൾ കൊഴുപ്പിക്കാൻ തലപൊക്കിയ കേരളത്തിലെ ആദ്യത്തെ അഹ്‌ലുസ്സുന്ന വിരോധ വിഭാഗമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ; ശിയാ, സൂഫി, ബറേൽവി പിഴവുകളുടെ പിന്തുടർച്ചക്കാരായാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

സത്യത്തോടൊപ്പം ചേർന്നുനിന്നവരെ മാനസികമായും ശാരീരികമായും തളർത്തുന്ന, സമൂഹത്തിനു മുന്നിൽ അപമാനിക്കുന്ന പണികൾ ഇക്കൂട്ടർ രംഗപ്രവേശനം നടത്തിയ കാലം മുതൽക്കേ ആരംഭിച്ചിട്ടുണ്ട്. വിശ്വാസത്തെ മുറുകെ പിടിച്ചു ജീവിച്ച പലരും ഇവരുടെ ക്രൂരതകൾക്ക് ഇരകളായിട്ടുണ്ട്. മതേതര രാജ്യത്ത് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യംവരെ ഹനിക്കുന്ന ചെയ്തികൾ മുസ്‌ലിയാക്കന്മാരിൽനിന്നുണ്ടായിട്ടുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വടി കൊടുക്കുകയും കുട പിടിക്കുകയും ചെയ്യുന്ന, സംസ്‌കരണത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും വഴിമുടക്കികൾ കൂടിയായിരുന്നു ഇവരെന്നത് മറച്ചുവെക്കാൻ കഴിയില്ല.

മടുപ്പും മനഃക്ലേശവുമില്ലാതെ, വെറുപ്പും വിസമ്മതവുമില്ലാതെ മതാധ്യാപനങ്ങളെ ഉൾക്കൊണ്ട് കഴിയുന്നവർക്കാണ് യഥാർഥ അഹ്‌ലുസ്സുന്ന വൽജമാഅയുടെ വക്താക്കളാകാൻ സാധിക്കുക. അല്ലാഹുവല്ലാത്തവർക്ക് അവനെക്കാൾ മഹത്ത്വം കൽപിക്കുകയും നബിﷺയുടെയും സ്വഹാബത്തിന്റെയും വഴി കൈവെടിയുകയും അന്ധവിശ്വാസങ്ങളെ വാരിപ്പുണരുകയും ചെയ്യുന്നവർ ഈ പവിത്ര നാമത്തിൽ വിലസുന്നത് നെറികേടിന് നേതൃത്വം കൊടുക്കലാണ്.

നിലവാരമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തുന്ന കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ‘ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദുകളും മുസ്‌ലിംകളല്ല’ എന്നൊരു ‘അമിട്ട്’ ഈയിടെ പൊട്ടിച്ചിട്ടുണ്ട്. നബിﷺ യുടെ ശരീരം മണ്ണ് തിന്നുമെന്നും അദ്ദേഹം സാധാരണ മനുഷ്യനാണെന്നും ഇരുകൂട്ടരും വിശ്വസിക്കുന്നു എന്ന് ആരോപിച്ചാണ് ഇയാൾ ഇത് പറഞ്ഞത്. വസ്തുത വിശദീകരിക്കും മുമ്പ് സമസ്തയുടെ കാഫിറാക്കൽ പാരമ്പര്യം നമുക്കൊന്ന് പരിശോധിക്കാം.

‘തർക്കുൽ മുവാലാത്ത്’(ഇവരെ എന്തുകൊണ്ട് അകറ്റണം) എന്ന പേരിൽ ചാലിയം എ.പി അബൂബക്കർ മുസ്‌ലിയാർ എഴുതിയ, പുരോഹിതന്മാർ ഇന്നും വിൽക്കുകയും വിതരണം നടത്തിക്കുകയും ചെയ്യുന്ന പുസ്തകത്തിൽനിന്ന് വായിക്കാം: “ഇസ്‌ലാമിന്റെ പുറത്തുള്ള ശത്രുക്കളോട് കാണിക്കുന്നതിനേക്കാൾ കടുത്ത അമർഷവും വെറുപ്പുമാണ് വഹാബി, മൗദൂദി നൂതനവാദികളോട് പ്രകടിപ്പിക്കേണ്ടതെന്ന് മേൽ ഉദ്ധരണിയിൽനിന്ന് മനസ്സിലായല്ലോ. കാരണം നൂതനവാദികൾ ഇസ്‌ലാമിനകത്തുള്ള ശത്രുക്കളാണ്. പുറത്തുള്ളവരേക്കാൾ അപകടകാരി അകത്തുള്ള ശത്രുവാണെന്നതിൽ തർക്കമില്ല. നൂതനവാദികൾ ഇസ്‌ലാമിന്റെ ആളുകളായി അഭിനയിക്കുന്നു. ഖുർആനും ഹദീസും ഓതുന്നു. ഹഖ് അവരുടെ ഭാഗത്താണെന്ന് പുലമ്പുന്നു. അങ്ങനെ വരുമ്പോൾ മുസ്‌ലിം സാമാന്യ ജനങ്ങൾ ബിദ്അത്തിലേക്ക് ആകർഷിക്കപ്പെടാൻ എളുപ്പമുണ്ട്’’ (പേജ് 8,9).

“സുന്നത്ത് ജമാഅത്തിനെ പിൻപറ്റൽ എല്ലാ മുഅ്മിനീങ്ങളുടെയുംമേൽ നിർബന്ധമാകുന്നു. സുന്നത്ത് എന്നാൽ റസൂൽﷺനടപ്പിൽ വരുത്തിയതും ജമാഅത്ത് എന്നാൽ തങ്ങളുടെ സ്വഹാബികൾ നാല് ഖുലഫാക്കളുടെ ഖിലാഫത്ത് കാലത്ത് ഇത്തിഫാഖായി ഏകോപിച്ച് നടന്നുവന്നതുമാകുന്നു. മുഅ്മിനീങ്ങൾ സുന്നത്ത് ജമാഅത്തിനെ തുടർന്ന് നടക്കലും ബിദ്അത്തുകാരെ അധികരിപ്പിക്കൽ, അവരുടെ സംഘത്തിൽ ചേരൽ, അവർക്ക് സലാം ചൊല്ലൽ, അവരൊന്നിച്ച് ഇരിക്കൽ, അവരുമായി അടുക്കൽ, പെരുന്നാൾ മുതലായ സന്തോഷ ദിവസങ്ങളിൽ അവരോട് സന്തോഷം പറയൽ, അവരുടെ മയ്യിത്ത് നിസ്‌കരിക്കൽ, അവരുടെ പേര് കേട്ടാൽ റഹ്‌മത്തുകൊണ്ട് ദുആ ഇരക്കൽ മുതലായവകൾ ചെയ്യാതിരിക്കലും അവരുടെ മദ്ഹബ് ബാത്വിലാണെന്നും വിശ്വസിച്ച് റബ്ബുൽ ആലമീന്റെ പക്കൽ നിന്നുള്ള കൂലി ആശിച്ചു കൊണ്ട് അവരോട് വിരോധമാകലും ശത്രുത്വം കാണിക്കലും നിർബന്ധമാകുന്നു’’ (പേജ് 12,13).

1930 മാർച്ച് 16 ന് മണ്ണാർക്കാട്ട് നടത്തപ്പെട്ട സമസ്തയുടെ നാലാം വാർഷിക സമ്മേളനത്തിലെയും 1953 മാർച്ച് 20ന് കാര്യവട്ടത്ത് കൂടിയ ആലിമീങ്ങളുടെ യോഗത്തിലെയും പ്രധാന പ്രമേയങ്ങൾ ഇതുതന്നെയാണ്.

ഈ ഫത്‌വകളിൽ പരാമർശിക്കപ്പെട്ട അഹ്‌ലുസ്സുന്നത്തി വൽജമാഅയുടെ സവിശേഷതകളെ അവകാശപ്പെടാൻ ആശയാനുഷ്ഠാനങ്ങളിൽ ശിയാക്കളോട് തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന ഇവർക്കെന്ത് അർഹതയാണുള്ളത്? ഒരേ ക്വിബ്‌ല സ്വീകരിച്ച്, അഞ്ച് നേരം നമസ്‌കരിക്കുന്ന, മുസ്‌ലിംകൾ അറുത്തത് ഭക്ഷിക്കുന്ന ഒരാളുടെ രക്തവും ധനവും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന സാമാന്യവിവരം പോലും ഈ പുരോഹിതന്മാർക്കില്ല. ശഹാദത്ത് കലിമയെ കൃത്യമായി നടപ്പിലാക്കുന്നവരെ കാഫിറുകളും മുബ്തദിഉകളുമാക്കാൻ ധ്യതി കാണിക്കുന്നവർ ഈ താക്കീതിനെ ഭയക്കട്ടെ: ഇബ്‌നു ഉമറി(റ)ൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “ഒരാൾ തന്റെ മുസ്‌ലിമായ സഹോദരനെ കാഫിറെന്ന് വിളിച്ചാൽ രണ്ടിൽ ഒരാളിലേക്ക് അത് മടങ്ങും. അവൻ പറഞ്ഞതുപോലെയാണെങ്കിൽ പറയപ്പെട്ടവനിലേക്കും അല്ലെങ്കിൽ പറഞ്ഞവനിലേക്കും’’ (ബുഖാരി, മുസ്‌ലിം).

കാന്തപുരം മുസ്‌ലിയാർ ഉന്നയിച്ച കാരണങ്ങളിലേക്ക് വരാം. 1985 സെപ്തംബർ മാസം ‘അൽമനാർ’ മാസികയിൽ വന്ന ‘പ്രാർഥന: വിധിയും വിലക്കും’ എന്ന ലേഖനത്തിലെ വരികളെയാണിയാൾ കോട്ടിമാട്ടിയത്: “അല്ലാഹുവുമായടുത്ത പുണ്യാളന്മാരുടെ സമാധി സ്ഥലങ്ങളാണെന്നു പറഞ്ഞു ചില ക്വബ്‌റിടങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുകയും കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ അവർക്കും കൈയുണ്ടെന്ന നിലയ്ക്ക് അവരെ വിളിച്ചു പ്രാർഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആണിനെയും പെണ്ണിനെയും ഇന്നു ധാരാളം കാണാൻ കഴിയുന്നു. അവരെ ഇടയാളന്മാരും മധ്യവർത്തികളുമാക്കിയും പ്രാർഥിക്കുന്നു. ഇതു യഥാർഥത്തിൽ ശിർക്കും ഇവർ വഴികെട്ടവരുമാണെന്നതിൽ ഒരു സംശയവുമില്ല. തനിക്കുവേണ്ടിത്തന്നെ ഗുണം വർധിപ്പിക്കാനോ ദോഷം ഇല്ലായ്മ ചെയ്യാനോ കഴിയാതെ ക്വബ്‌റുകളിൽ ജീർണിച്ച ജഡങ്ങളായി മാറിയ ആ പുണ്യാളൻമാർക്കെങ്ങനെ മറ്റുള്ളവർക്ക് ഗുണവും ദോഷവും ചെയ്യാൻ കഴിയും? അല്ലാഹു പറയുന്നതു കാണുക: “അവനു പുറമെ ആരോട് നിങ്ങൾ പ്രാർഥിക്കുന്നുവോ അവർ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങൾ അവരോട് പ്രാർഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാൻ ആരുമില്ല’’ (35:13,14). നബി തിരുമേനിയുടെ റൗളാ ശരീഫിൽ വന്നു അവിടുത്തെ വിളിക്കുകയും സഹായമർഥിക്കുകയും അല്ലാഹുവിൽ ശുപാർശ നടത്താൻ അപേക്ഷിക്കുകയും ചെയ്യുന്നവരും ഇക്കൂട്ടത്തിൽ പെടുന്നു’’ (പേജ് 20).

ഇത് വായിക്കുന്നവർ ചിന്തിക്കുക! ഇതിലെവിടെയാണ് മുജാഹിദുകളുടെ വാദമായി കാന്തപുരം പറഞ്ഞ നബിﷺയുടെ ശരീരം കെട്ട്, നാറി, തെറിച്ച്, മണത്ത് ജനങ്ങൾക്ക് വിഷമമായി പോകും എന്നുള്ളത്? ഇസ്‌ലാമിന്റെ ആശയാദർദശങ്ങളിൽ മായം ചേർക്കുകയും അതിന്റെ പ്രമാണങ്ങളിൽ തിരിമറി നടത്തുകയും ചെയ്യുന്നവർക്ക് പച്ചമലയാളത്തിൽ എഴുതപ്പെട്ടത് ഈ നിലയ്ക്ക് വളച്ചൊടിക്കാൻ യാതൊരു മടിയും ഉണ്ടാകില്ലല്ലോ! വർഷങ്ങൾക്കു മുമ്പ് നാദാപുരത്തുവെച്ച് ബഹുമാന്യ പണ്ഡിതൻ ഹുസൈൻ സലഫി ഈ മുസ്‌ലിയാരുടെ ശിഷ്യനായ പേരോട് അബ്ദുറഹ്‌മാൻ സഖാഫിയുമായി നടത്തിയ വൈജ്ഞാനിക ഖണ്ഡനത്തിൽ ഈ ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കിയതിന്റെ ലിങ്ക് ഇവിടെ ചേർക്കുന്നു.(https://youtu.be/yvYjqwEHnNY?si=3brMG-c7Rvg-LSq2).

മുജാഹിദുകൾ നബിﷺയെ സാധാരണ മനുഷ്യനാക്കി എന്നാണ് അടുത്ത ആരോപണം! മനുഷ്യ പ്രകൃതമാണ് നബിﷺയുടെതെന്നും ദിവ്യബോധനം നൽകപ്പെടുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും പ്രമാണങ്ങൾ പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: “നീ പറയുക: ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനാകുന്നു എന്ന് എനിക്ക് ബോധനം നൽകപ്പെടുന്നു. ആകയാൽ അവങ്കലേക്കുള്ള മാർഗത്തിൽ നിങ്ങൾ നേരെ നിലകൊള്ളുകയും അവനോട് നിങ്ങൾ പാപമോചനം തേടുകയും ചെയ്യുവിൻ. ബഹുദൈവാരാധകർക്കാകുന്നു നാശം’’ (41:6).

ഇതേ കാര്യം ഹദീസുകളിലും കാണാം. അഹ്‌ലുസ്സുന്നയുടെ പണ്ഡിതൻമാർ എഴുതിയ ഗ്രന്ഥങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അപ്പോൾ നബിﷺയും സ്വഹാബികളും ഇമാമീങ്ങളും ഇസ്‌ലാമിന്റെ അകത്തോ പുറത്തോ എന്ന് കൂടി മുസ്‌ലിയാക്കന്മാർ വിശദീകരിക്കണം. വലിയ പണ്ഡിതന്മാരായി ആനയിക്കപ്പെടുന്ന ഇവർ ‘ബശർ’ എന്ന പദത്തിന്റെ അർഥം അറിയാത്തവരായി നടിക്കുകയാണ്. ഇങ്ങനെ സംശയം ജനിപ്പിച്ച് സമൂഹത്തെ തെറ്റിക്കാൻ നോക്കിയ മക്കാ മുശ്‌രിക്കുകൾക്ക് ക്വുർആൻ നൽകിയ മറുപടി ഇവർക്കുമുള്ളതാണ്. അല്ലാഹു പറയുന്നു: “ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക് മുമ്പ് ദൂതൻമാരിൽ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങൾ ക്ഷമിക്കുമോ എന്ന് നോക്കാനായി നിങ്ങളിൽ ചിലരെ ചിലർക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. നിന്റെ രക്ഷിതാവ് (എല്ലാം) കണ്ടറിയുന്നവനാകുന്നു’’ (25:20).

സമസ്തയുടെ മുൻകാല പണ്ഡിതർ നബിﷺയെ കുറിച്ച് എഴുതിയത് കൂടി വായിച്ചാൽ ആർക്കാണ് തകരാറ് പറ്റിയതെന്ന് എളുപ്പത്തിൽ മനസ്സിലാകും. അബ്ദുറഹ്‌മാൻ മഖ്ദൂമി പൊന്നാനി പറയുന്നു: “മുഹമ്മദ് നബി നമ്മെപ്പോലെയുള്ള ഒരു മനുഷ്യൻ തന്നെയാണ്. മാനുഷികമായ എല്ലാ ഗുണവിശേഷങ്ങളും അദ്ദേഹത്തിനുമുണ്ടാകും. എന്നാൽ അദ്ദേഹം പ്രവാചകനുമാണ്. അതുകൊണ്ട് അല്ലാഹുവിങ്കൽ നിന്ന് അദ്ദേഹത്തിന് സന്ദേശങ്ങൾ ലഭിക്കുന്നു’’ (ഖുർആൻ പരിഭാഷയും വ്യാഖ്യാനവും, പേജ് 647).

അഹ്‌മദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ പറയുന്നു: “പറയുക: ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ തന്നെയാണ്’’(വിശുദ്ധ ഖുർആൻ സമ്പൂർണ പരിഭാഷ, പേജ് 550).

ഫാഷിസ്റ്റ് ശക്തികൾ വളരാൻ ശ്രമിക്കുന്ന ഇക്കാലത്ത്, ആർക്കും തിരിയുന്ന വിഷയങ്ങളിൽ പോലും തട്ടിപ്പ് നടത്തി ലാഭം കൊയ്യുന്ന ഇയാൾ മുസ്‌ലിം സമൂഹത്തെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കുകയും മതത്തെ വില കുറച്ച് കാണുകയുമാണ് ഫലത്തിൽ ചെയ്യുന്നത്. സോഷ്യൽ മീഡിയകളിലൂടെയും അല്ലാതെയും എതിർപ്പുകൾ കനത്തപ്പോൾ കാന്തപുരത്തിന്റെ സേവകർ പുറത്തുവിട്ട തിരുത്തൽ കുറിപ്പ് ഇപ്രകാരമാണ്: “വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത് സമൂഹത്തിൽ ഛിദ്രതയുണ്ടാക്കരുത് -കാന്തപുരം. ശരീരം ജീർണിച്ച് ജീവിച്ചിരിക്കുന്നവർക്ക് ശല്യമാവാതിരിക്കാനാണ് നബി(സ)യെ മറവു ചെയ്തതെന്ന് വരെ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പുത്തനാശയക്കാരുടെ പ്രസിദ്ധീകരണങ്ങളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. നബി(സ)യെ അപകീർത്തിപ്പെടുത്തുന്നതും നിന്ദിക്കുന്നതുമായ ഇത്തരം ധാരണകൾ വെച്ചുപുലർത്തുന്നവർക്ക് എങ്ങനെയാണ് യഥാർഥ മുസ്‌ലിമാവാൻ സാധിക്കുക എന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. വാക്കുകകൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തും ദുർവ്യാഖ്യാനം ചെയ്തും സമൂഹത്തിൽ ഛിദ്രതയുണ്ടാക്കാനുള്ള ശ്രമങ്ങളിൽനിന്ന് എല്ലാവരും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിംകൾക്കെതിരെ ശിർക്കും (ബഹുദൈവത്വം) കുഫ്‌റും (മതനിഷേധം) ആരോപിക്കുന്നത് സുന്നികളുടെ രീതിയല്ലെന്നും ഉത്ഭവകാലം മുതൽ മുജാഹിദുകളുടെ ശൈലിയാണതെന്നും കാന്തപുരം പറഞ്ഞു’’ (അക്ബർ ബാദുഷ സഖാഫി, ഓഫീസ് സെക്രട്ടറി, 2023 സെപ്റ്റംബർ 20).

ആദ്യം പറഞ്ഞത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നൊരു തിരുത്ത്! വമ്പൻ കളവ് ഈ കുറിപ്പിലും അച്ചടിച്ച് വിടാൻ ധൈര്യം കാണിച്ചയാളുടെ തൊലിക്കട്ടി അപാരം തന്നെ! അണികൾക്ക് മുമ്പിൽ പിടിച്ച് നിൽക്കാം; പക്ഷേ, എല്ലാം അറിയുന്ന റബ്ബിൽനിന്ന് രക്ഷപ്പെടാൻ നല്ല ഞെരുക്കമായിരിക്കും. ഒരു മുസ്‌ലിമിനോ ഏതെങ്കിലും മുസ്‌ലിം സംഘടനകൾക്കോ സ്വർഗത്തിൽ പോകാൻ ഇയാളുടെ അംഗീകാരമോ കൈയൊപ്പോ ആവശ്യമില്ലെന്നറിയുക. സത്യവിശ്വാസിക്ക് നിരക്കാത്ത പണി ചെയ്യുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നവർ ആരായിരുന്നാലും ക്വുർആനിന്റെ താക്കീതിനെ  മറക്കാതിരിക്കുന്നത് നല്ലതാണ്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്’’(33:58).

മുജാഹിദുകൾ നബിﷺയെ അപകീർത്തിപ്പെടുത്തുന്നവരാണെന്നുകൂടി ഈ കുറിപ്പിലൂടെ മുസ്‌ലിയാർ തട്ടിവിട്ടിട്ടുണ്ട്. നബിﷺയെ അങ്ങേയറ്റം സ്‌നേഹിച്ച സ്വഹാബത്തിനും കേൾക്കേണ്ടി വന്നത് ഇതുതന്നെയാണ്.

പ്രവാകന്റെ ആസാറുകൾ (തിരുശേഷിപ്പുകൾ) എന്ന പേരിൽ പലതും പ്രദർശിപ്പിച്ച് കാശുണ്ടാക്കുക, എവിടെയൊക്കെയോ ഉള്ള ജാറങ്ങളുടെ ഫോട്ടോകൾ തപ്പിയെടുത്ത് പ്രവാചകന്മാരുടെതാണെന്ന് പ്രചരിപ്പിക്കുക, വിശുദ്ധ ക്വുർആൻ ദുർവ്യാഖ്യാനിക്കാൻ നബിﷺയെ കൂട്ടുപിടിക്കുക, നിർമിത ഹദീസുകളും കഥകളും നബിﷺയുടെ പേരിൽ പറഞ്ഞ് പരത്തുക, ശിയാ ആചാരങ്ങൾ നബിﷺയിൽനിന്ന് വന്നതാണെന്ന് വിശ്വസിപ്പിച്ച് അണികളെക്കൊണ്ട് ചെയ്യിപ്പിക്കുക, മീലാദാഘോഷമെന്ന് പേരിട്ട് അണികൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾക്ക് അംഗീകാരം നൽകുക...ഇതൊക്കെ ആരാണ് ചെയ്യുന്നത്? ഇവ നബിﷺയെ ഇകഴ്ത്തലോ പുകഴ്ത്തലോ? ഏത് ഗണത്തിൽ പെടും.

അല്ലാഹു പറയുന്നു: “അവിശ്വസിച്ചവരാകട്ടെ, അവരുടെ കർമങ്ങൾ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവൻ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവൻ അതിന്നടുത്തേക്ക് ചെന്നാൽ അങ്ങനെ ഒന്ന് ഉള്ളതായിത്തന്നെ അവൻ കണ്ടെത്തുകയില്ല. എന്നാൽ തന്റെ അടുത്ത് അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്. അപ്പോൾ (അല്ലാഹു) അവന്ന് അവന്റെ കണക്ക് തീർത്തുകൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ’’ (24:39).

സമസ്ത മുശാവറയിൽ തന്നെയുള്ളവർ ഉലമാ സമ്മേളനങ്ങൾ നടത്തി സംഘടനയുടെ ഒരു നൂറ്റാണ്ട് കാലത്തെ ആദർശം ഇടിച്ച് പൊളിച്ചുകൊണ്ടിരിക്കെ കാന്തപുരം പക്ഷമാണോ അതോ പേരോട് പക്ഷമാണോ ‘മുസ്‌ലിം പക്ഷ’മെന്ന് തീരുമാനിക്കപ്പെടേണ്ടതുണ്ട്. പണ്ട് സമസ്ത സെക്രട്ടറി കൂറ്റനാട് മുസ്‌ലിയാരെ കാഫിറാക്കിയതും സി.എം മടവൂർ ഇ.കെയെ കാഫിറാക്കിയതുമൊക്കെ നമ്മുടെ മുമ്പിലുണ്ട്. അതിലൊക്കെ ആദ്യം തീർപ്പു കൽപിക്കൂ എന്നേ പറയാനുള്ളൂ.  

പ്രതിസ്ഥാനത്ത് കാന്തപുരമായതിനാൽ മറ്റേ സമസ്ത അത് മുതലെടുത്ത് അൽപം നല്ല പിള്ള ചമയാൻ ശ്രമിച്ചത് കൂടി കാണുക: “മുസ്‌ലിംകളെ ഇസ്‌ലാമിൽനിന്ന് പുറത്താക്കുന്നത് ഗൗരവതരം: എസ്.വൈ.എസ്. മുജാഹിദുകൾ  മുസ്‌ലിംകൾ അല്ലെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയും സുന്നികൾ മുസ്‌ലിംകളല്ലെന്നും മുശ്‌രിക്കുകളാണെന്നുമുള്ള (ബഹുദൈവാരാധകർ) മുജാഹിദ് വിഭാഗത്തിന്റെ നിലപാടും ഒരുപോലെ ഗൗരവതരമാണെന്നും ഇരുവിഭാഗവും നിലപാടുകളിൽ മാറ്റം വരുത്തണമെന്നും സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയും വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

തിരുനബിയെﷺഅങ്ങേയറ്റം നികൃഷ്ടമായി ചിത്രീകരിച്ച ചിലരെക്കുറിച്ചാണ് മുസ്‌ലിംകൾ അല്ലെന്ന് കാന്തപുരം പറഞ്ഞതെങ്കിലും മുജാഹിദ് വിഭാഗത്തെക്കുറിച്ച് സുന്നിലോകം സ്വീകരിച്ച പൊതുനിലപാടിനെതിരെ പ്രസ്താവന ഇറക്കുമ്പോൾ അതീവ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. ഇസ്‌ലാമിക ലോകത്ത് കഴിഞ്ഞുപോയവരും നിലവിലുള്ളവരുമായ മഹാഭൂരിപക്ഷം വരുന്ന സൂഫീവര്യന്മാരും സാദാത്തുക്കളും ഉലമാക്കളും ഉൾപ്പെടുന്ന സുന്നി ജനകോടികൾ ബഹുദൈവ വിശ്വാസികൾ ആണെന്നും അവർ ഇസ്‌ലാമിക വൃത്തത്തിൽനിന്ന് പുറത്താണെന്നുമുള്ള മുജാഹിദ് വാദം അത്യന്തം അപകടകരമാണ്. മുസ്‌ലിംകളെ കാഫിറുകളും മുശ്‌രിക്കുകളുമായി ചിത്രീകരിക്കുന്ന വൻപാതകത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു’’ (സുപ്രഭാതം, 2023 സെപ്തംബർ 19, പേജ് 2). കാന്തപുരം പ്രയോഗിച്ച പദങ്ങൾ മാറ്റി മറ്റു വാക്കുകൾകൊണ്ട് ആശയത്തെ മുഴുമിക്കുന്ന പ്രസ്താവനയാണിത്.  ഇവരുടെ മുൻഗാമിയായ നാട്ടിക വി മൂസ മുസ്‌ലിയാർ എഴുതിയത് കാണുക: “ചുരുക്കത്തിൽ കഴിവ് അല്ലാഹുവിന്റെതും മനുഷ്യന്റെതുമെന്ന് രണ്ടായി വിഭജിച്ച് അല്ലാഹുവിന്റെ ഗുണമാകുന്ന ഖുദ്‌റത്തിൽ ഇവർ മായം ചേർത്തിരിക്കുന്നു. അതിനാൽ ഒറിജിനൽ മുശ്‌രിക്കുകൾ ഇവരാണ്. മാത്രമല്ല ഓരോ മനുഷ്യനും സ്വന്തം കഴിവുണ്ടെന്ന് വിശ്വസിക്കുകവഴി കോടിക്കണക്കിന് സ്രഷ്ടാക്കളെ അംഗീകരിക്കുന്ന ഇവർ മഹാ മുശ്‌രിക്കുകളാണ്’’ (തൗഹീദും ശിർക്കും, പേജ് 39,40). വിശ്വാസത്തിൽ ശിർക്ക് കലർത്താത്തവർക്ക് നേരെയാണല്ലോ ഈ ആരോപണം. നാട്ടികയുടെ ഈ ജൽപനത്തിനെതിരെയും ഒരു സംയുക്ത പ്രസ്താവന മുജാഹിദുകൾ പ്രതീക്ഷിക്കുന്നു.

പരലോകരക്ഷ കൊതിക്കുന്നവർ അഭിപ്രായ വ്യത്യാസങ്ങളിൽ സ്വീകരിക്കേണ്ട നിലപാട് എന്താണ്? അല്ലാഹു പറയുന്നു: “നിങ്ങൾ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതിൽ തീർപ്പുകൽപിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാൻ താഴ്‌മയോടെ മടങ്ങുകയും ചെയ്യുന്നു’’ (42:10).