ശൈഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ’ വാദവും

അബൂ ഫർഹാൻ ബിൻ യൂസുഫ് കോട്ടക്കൽ

2023 നവംബർ 25 , 1445 ജു.ഊലാ 11

ഭാഗം: 03

തെളിവ് ഒന്ന്:

അശ്അരീ-ഹമ്പലീ സംഘട്ടനം

ഹിജ്‌റ വർഷം 469, ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി ജനിക്കുന്നതിന്റെ ഏതാണ്ട് ഒരുവർഷം മുമ്പ്; ക്വുശൈരിയുടെ മകനായ അബൂ നസ്വ്‌റുൽ ക്വുശൈരി ബാഗ്ദാദിലെ അശ്അരി കേന്ദ്രമായ നിസാമിയ്യയിൽ പ്രവേശിച്ചു. ഹമ്പലികളെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും കുറ്റം പറയുകയും മുജസ്സിമത്ത് (അല്ലാഹുവിന് ശരീരമുണ്ടെന്ന വാദം) ആരോപിക്കുകയും ചെയ്തുകൊണ്ട് പ്രസംഗിക്കാൻ തുടങ്ങി. അദ്ദേഹത്തിനു സപ്പോർട്ടായി കടുത്ത അശ്അരി പക്ഷപാതിയും മുതകല്ലിമുമായ അബൂ സഈദ് സൂഫിയുമുണ്ടായിരുന്നു. ശാഫിഈ മദ്ഹബിലെ വലിയ പണ്ഡിതനും മുതകല്ലിമുമായ സീറാസിയുടെ സഹായത്താൽ ആവേശഭരിതരും ഹമ്പലിവിരോധികളുമായ ജനക്കൂട്ടവുമായി ഹമ്പലികൾ തിങ്ങിത്താമസിക്കുന്ന ‘സൂക്കു സലാസ’ എന്നറിയപ്പെടുന്ന അവരുടെ ഗല്ലിയിലേക്ക് പ്രവേശിച്ചു. ബാഗ്ദാദിലെ ഹമ്പലി നേതാവും വയോധികനുമായ അബൂജഅ്ഫറുബ്‌നു അബൂമൂസ(റഹി) പള്ളിയിലായിരുന്ന സന്ദർഭത്തിൽ അബൂ നസ്വ്‌റുൽ ക്വുശൈരിയും കൂടെയുള്ളവരും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും മുജസ്സിമത്ത് ആരോപിക്കുകയും ചെയ്തു. മുജസ്സിമത്ത് കാഫിറാണെന്ന് വിശ്വസിക്കുന്ന ഹമ്പലികളെ മുജസ്സിമത്താക്കിയാൽ അവരുടെ കാര്യം പിന്നെ പറയാനുണ്ടോ! തുടർന്ന് സംഘട്ടനമായി. ആളുകൾ പരസ്പരം ആയുധ സംഘട്ടനം നടന്നു. ധാരാളം പേർക്ക് മുറിവേൽക്കുകയും മരണം സംഭവിക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ടുനിന്നൊരു കറുത്ത അധ്യായമായിട്ടാണ് ഇത് ചരിത്രത്തിൽ രേഖപ്പെട്ടുകിടക്കുന്നത്. ഇബ്‌നു ഖല്ലിക്കാന്റെ ‘അൽബിദായ,’ സുബ്കിയുടെ ‘ത്വബകാത്ത്,’ ഇബ്‌നു റജബിന്റെ ‘ത്വബകാത്തുൽ ഹനാബില’ തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇതു കാണാം. ഈ സംഘട്ടനത്തെ ‘ഫിത്‌നതുൽ ക്വുശൈരി’ എന്ന് ഹമ്പലികളും ‘ഫിത്‌നതുൽ ഹനാബില’ എന്ന് ചില അശ്അരികളും വിളിക്കുന്നു. ശൈഖ് അബ്ദുൽ ക്വാദിർ ജീലാനിയുടെ ഗുരുനാഥന്മാരുടെ കാലഘട്ടത്തെക്കുറിച്ച് ഇമാം അശ്അരിയുടെ ‘മനാകിബി’ൽ ഇബ്‌നു അസാകീർ പറയുന്നത് കാണുക:

“ക്വുശൈരിയുടെ കാലംവരെ അശ്അരികളും ഹമ്പലികളും പരസ്പരം ഐക്യത്തിലും യോജിപ്പിലുമായിരുന്നു. ക്വുശൈരിയുടെ കാലമെത്തിയപ്പോൾ ബാഗ്ദാദിൽ ഫിത്‌ന പ്രത്യക്ഷപ്പെടുകയും പരസ്പരമുള്ള ഐക്യം തകരുകയും ചെയ്തു’’ (മജ്മൂഉൽ ഫതാവാ, 3/229).

ഈ അശ്അരി വിരുദ്ധ സാഹചര്യത്തിൽ ജീവിച്ച ഹമ്പലി ഗുരുക്കന്മാരിൽനിന്നാണ് ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി അറിവു കരസ്ഥമാക്കിയത്. ക്വുശൈരിയ്യ വിരോധികളായ തന്റെ ഗുരുക്കന്മാരിൽ നിന്ന് അക്വീദ പഠിച്ച ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി പിന്നെ എങ്ങനെ അശ്അരി വിരോധിയാവാതിരിക്കും! അശ്അരി വിരോധ പശ്ചാത്തലമുള്ള ജീലാനി തന്റെ എതിരാളികൾക്കെതിരെയുള്ള

അക്വീദ വെളിപ്പെടുത്തുമെന്നതിലും സന്ദേഹമില്ല. ഈ സലഫി-അശ്അരി-ഹമ്പലി അക്വീദയാണ് അദ്ദേഹം തന്റെ ‘ഗുൻയ’തിലൂടെ വെളിപ്പെടുത്തിയതും തെളിയിച്ചതും. അശ്അരി-സൂഫി പക്ഷപാതിത്വത്തിന്റെ ആധി ബാധിച്ച ഇബ്‌നു ഹജർ ഹൈതമിക്ക് ഈ ചരിത്രം അറിയാതെപോയതിൽ ആശ്ചര്യപ്പെടേണ്ടതില്ല. കാരണം, ഇബ്‌നു തൈമിയ്യയെ പിഴച്ചവനെന്ന് ചാപ്പ കുത്തിയത് തെളിവും ചരിത്രവും നോക്കിയല്ലല്ലോ.

തെളിവു രണ്ട്:

സുൽത്വാനുൽ ഉലമയുടെ ഒഴിഞ്ഞുമാറ്റം അസ്‌ക്വലാനി സ്ഥിരപ്പെടുത്തുന്നു

സുൽത്വാനുൽ ഉലമ (ഒറിജിനൽ) എന്ന് മുസ്‌ലിം ലോകം വിശേഷിപ്പിക്കുകയും സൂഫി ബിദ്അത്തുകൾക്കെതിരെ നിരന്തരം വാളെടുക്കുകയും എന്നാൽ അശ്അരി അക്വീദക്കാരനുമായ ഇസ്സുബ്‌നു അബ്ദുസ്സലാം(റഹി) (577-660) തന്നെ ശൈഖ് ജീലാനി അശ്അരികൾക്കെതിരാണെന്ന്

തുറന്നു സമ്മതിച്ചതായി സുബ്കിയുടെ ചരിത്രമെഴുതിയ സ്വലാഹുദ്ദീൻ സ്വഫദി വ്യക്തമായ സനദുസഹിതം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇസ്സുബ്‌നു അബ്ദിസ്സലാമിൽനിന്നും നേരിൽ കാണുകയും കേൾക്കുകയും ചെയ്ത, ഞാനീകാര്യം കേട്ടുവെന്ന് പറഞ്ഞ വലിയ ഹദീസ് പണ്ഡിതനായ ഹാഫിദ്വ് ശറഫുദ്ദീൻ അബൂ ഹസൻ യൂനീനിയിൽ(621-701)നിന്നാണ് സലാഹുദ്ദീൻ സഫദി ഉദ്ധരിക്കുന്നത്:

“ശൈഖ് അബ്ദുൽ ക്വാദിറിൽനിന്നല്ലാതെ ഇത്രയധികം കറാമത്ത് ഒരാളിൽനിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഈ വിശ്വാസക്കാരനായിരിക്കെ അതെങ്ങനെ സംഭവിച്ചു എന്നായിരുന്നു മറുചോദ്യം. ഇസ്സ്(റഹി)യുടെ മറുപടി ഇങ്ങനെയായിരിന്നു: ‘ലാസിമുൽ മദ്ഹബി ലൈസ ബി മദ്ഹബിൻ’ (ഒരാളുടെ ആശയമായതിൽനിന്നും ഭവിക്കുന്ന കാര്യം അയാളുടെ ആശയമായിക്കൊള്ളണമെന്നില്ല)’’ (അൽവാഫി ബിൽ വഫയാത്ത് 16/391).

ഇസ്സുബ്‌നു അബ്ദിസ്സലാമി(റഹി)ന്റെ വാചകമെടുത്തുകൊടുത്ത് ഹാഫിദ്വു ദഹബി ഇങ്ങനെ വിശദീകരിക്കുന്നു: “ഞാൻ പറയുന്നു; ഈ പ്രയോഗം ‘അല്ലാഹു ഏറ്റവും മുകളിലാണെന്നുള്ള വിശേഷണം സ്ഥിരപ്പെടുത്തുന്നതിനെ സൂചിപ്പിക്കുന്നു. അതുപോലെയുള്ള മറ്റു വിശേഷണങ്ങളും (നുസൂൽ, ഇസ്തിവാഅ്, ഹർഫ്, സൗത്ത് തുടങ്ങിയവ) ഇവയെല്ലാം ഹമ്പലികൾക്കിടയിൽ അറിയപ്പെട്ട കാര്യവുമാണ്’’ (സിയറു അഅ്‌ലാമുന്നുബലാഅ് 20/443, താരീഖുൽ ഇസ്‌ലാം 39/91).

ഇതിനുള്ള അസ്‌കലാനിയുടെ വിശദീകരണം കൂടി വന്നാൽ ഹൈതമിയുടെ കടത്തിക്കൂട്ടൽ തീരുമാനമാകും, തീർച്ച!

“ഇസ്സുബ്‌നു അബ്ദിസ്സലാമിൽനിന്നും ശറഫുദ്ദീൻ യൂനീനി കേട്ട പരമ്പര സീകാര്യയോഗ്യമാണ്. അദ്ദേഹത്തിന്റെ വിശ്വാസത്തിൽനിന്നും എതിരായി അറിപ്പെട്ടത് ചോദിച്ച, ദഹബിയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു: ‘അശ്അരികൾ ഹമ്പലികളുമായി വിശ്വാസപരമായ മസ്അലകളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട.് ശൈഖാവട്ടെ ഹമ്പലിയുമാണ്.’ അപ്പോൾ ഇസ്സുബ്‌നു അബ്ദിസ്സലാം(റഹി) പറഞ്ഞു: ‘അതെ, ഒരാളുടെ ആശയമായതിൽനിന്നും ഭവിച്ച കാര്യം അയാളുടെ ആശയമായിക്കൊള്ളണമെന്നില്ല’’ (അൽജവാഹിറു വദ്ദുറർ 2/942).

വലിയ ഹദീസ് പണ്ഡിതനും നിഷ്പക്ഷവാദിയും ബുഖാരിയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യഖ്യാതാവുമായ ഹാഫിദ്വ് ഇബ്‌നു ഹജർ അസ്‌ക്വലാനിയാണ് പറയുന്നത്, അതിന്റെ സനദ് സീകാര്യമാണെന്ന്. മാത്രമല്ല, വിശ്വാസകാര്യങ്ങളിൽ രണ്ടുവിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെയും വ്യക്തമാക്കുന്നു. അതുകൂടാതെ, ശൈഖ് ജീലാനി അശ്അരികൾക്കെതിരായ ഹമ്പലിയാണെന്നുറപ്പിക്കുകയും ചെയ്യുന്നു. ‘ഗുൻയ’തിൽ പറഞ്ഞത് കടത്തിക്കൂട്ടലല്ലെന്ന്, ചരിത്രത്തിലും ഹദീസിലും ഹമ്പലീ അക്വീദയിലും വിവരമുള അസ്‌കലാനി പറയുമ്പോൾ, ഇതിലൊന്നും പെടാത്ത ഹൈതമി വിഡ്ഢിത്തം പറയുന്നു, കടത്തിക്കൂട്ടൽ നടന്നുവെന്ന്! ഹൈതമിയെ പുറന്തള്ളി അസ്‌ക്വലാനിയെ പിടിച്ചാൽ തീരാവുന്ന പ്രശ്‌നം മാത്രമാണിത്.

അശ്അരി വീക്ഷണത്തിൽ ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, മുജസ്സിമത്തിന്റെ വാദം ശൈഖ് ജീലാനിയിൽനിന്നും ഉൾതിരിഞ്ഞുവരുന്നുണ്ടെങ്കിലും അദ്ദേഹത്തെ മുജസ്സിമാണെന്ന് പറയാൻ പറ്റില്ല. കാരണം, നമ്മളാരോപിക്കുന്ന ആരോപണം അവരുടെ മദ്ഹബായിക്കൊള്ളണമെന്നില്ല.

ഉദാഹരണം: അല്ലാഹുവിനു ഹക്വീകിയായ (യഥാർഥമായ) ‘യദ്’ ഉണ്ടെന്ന് ഹമ്പലികൾ പറയുമ്പോൾ അല്ലാഹുവിനു ‘ജിസ്മ്’ (തടി) ഉണ്ടെന്നും പറയേണ്ടിവരും. എന്നാൽ അല്ലാഹുവിന് ജിസ്മില്ല എന്ന് അവർ തുറന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവരെ മുജസ്സിമത്താക്കാൻ പറ്റില്ല. എന്നാൽ, ഈ വാദം വ്യാഖ്യാനിച്ചാൽ ജിസ്മായിത്തീരുകയും ചെയ്യും. ഇങ്ങനെ ഒരാളുടെ വ്യാഖ്യാന ആശയത്തിൽ വന്നുഭവിക്കുന്ന കാര്യം അയാളുടെ (മദ്ഹബ്) ആശയമല്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്, ഇസ്സുബ്‌നു അബ്ദിസ്സലാം(റഹി) പ്രയോഗിച്ച ‘ലാസിമുൽ മദ്ഹബി ലൈസ ബി മദ്ഹബിൻ’ എന്നതിന്റെ വിവക്ഷ.

ഹിജ്‌റ 600ൽ മരണപ്പെട്ട അബ്ദുൽ ഗനിയ്യുൽ മക്വ‌്ദസി(റഹി)യും 620ൽ മരണപ്പെട്ട ശൈഖുൽ മുഅഫ്ഫക് ഇബ്‌നു ഖുദാമ(റഹി)യും അശ്അരികൾക്കെതിരെ കുഫ്ർ ആരോപിക്കുകയും നിരന്തരം അവരുമായി സംവാദം നടത്തുകയും ചെയ്തിരുന്ന, ജീലാനിവിദ്യാർഥികളായിരുന്നു. ജീലാനിയിൽനിന്നു നേരിട്ട് അറിവു നേടിയ ശിഷ്യന്മാരുള്ളപ്പോൾ ശൈഖ് ജീലാനിയുടെ അക്വീദ അശ്അരികൾക്കെതിരല്ലന്നു പറയാൻ ഒരു അശ്അരിക്കും ധൈര്യം വരില്ല. അതിനാലാണ് അശ്അരി പണ്ഡിതനായ ഇസ്സുബ്‌നു അബ്ദിസ്സലാമിനോട് ശൈഖ് ജീലാനിയുടെ അക്വീദ അവർക്കെതിരല്ലേയെന്ന ചോദ്യമുയർന്നതും, എതിരാണെന്ന് തുറന്നു സമ്മതിക്കേണ്ടിവന്നതും.

ഹമ്പലീ അക്വീദയെക്കുറിച്ച് സാമാന്യവിവരമോ ചരിത്രബോധമോ വേണ്ടവിധമില്ലാത്ത അശ്അരി മുതകല്ലിമും കടുത്ത സൂഫി പക്ഷപാതിയുമായതുകൊണ്ടും, സൂഫികളെ പൊളിച്ചടുക്കിയ ഇസ്സുബിൻ അബ്ദുിസ്സലാമിനു കാര്യമായ പരിഗണന നൽകാത്തതുകൊണ്ടും ഇത്തരം അബദ്ധങ്ങൾ ഹൈതമിക്കു സംഭവിക്കുന്നത് സ്വാഭാവികം മാത്രം. അതുകൊണ്ടായിരിക്കാം, അശ്അരി-സൂഫികൾ ഖനനംചെയ്‌തെടുത്ത ‘ദസ്സു’ (കൂട്ടിച്ചേർക്കൽ) കഥ ഹൈതമി തട്ടിവിട്ടതും, കിതാബുൽ ‘ഗുൻയ’തിൽനിന്ന് ആളുകളെ തടഞ്ഞതും.

തെളിവു മൂന്ന്:

അശ്അരി-മാതുരീദി ഗ്രന്ഥങ്ങൾ

ഇന്ന് അശ്അരി-മാതുരീദി പണ്ഡിതന്മാരുടെ അക്വീദ വിവരിക്കുന്ന, അവരുടെ വക്താക്കൾതന്നെ എഴുതിയ ചരിത്ര ഗ്രന്ഥങ്ങൾ ലോകത്ത് ലഭ്യമാണ്. പ്രസക്തമായ അശ്അരി ചരിത്രഗ്രന്ഥങ്ങളിലൊന്നിലും ശൈഖ് ജീലാനിയുടെ പേര് അവരുടെ അക്വീദക്കാരനായി പരിചയപ്പെടുത്തുന്നില്ല. അതിനുള്ള കാരണം, പറയത്തക്ക തെളിവില്ലെന്നതു മാത്രമാണ്. എല്ലാവരും ആദരിക്കുന്ന അദ്ദേഹത്തെ ഞങ്ങൾക്ക് കിട്ടിയെങ്കിലെന്നാശിക്കുന്ന, ആരും അഭിമാനത്തോടുകൂടി ഏറ്റെടുക്കാൻ തയ്യാറാകുന്ന ശൈഖ് ജീലാനിയുടെ അക്വീദയിൽ അവർക്ക് തെളിവായി ഒരു ലാഞ്ചന പോലുമില്ലന്നതാണ് ശൈഖിനെ സ്വന്തമാക്കാത്തതും സ്വന്തം ചരിത്രത്തിൽ രേഖപ്പെടുത്താത്തതും. ഹൈതമിക്ക് പോലും തെളിവില്ലാത്ത സ്ഥിതിക്ക്, ഹൈതമി ഭക്തന്മാരായ സമസ്ത ബറേൽവി സുഹൃത്തുക്കൾക്ക് തെളിവുണ്ടാകുന്നതു ശരിയല്ലെങ്കിലും, തെളിവുണ്ടാക്കൽ അവരുടെ ബാധ്യതതന്നെയാണ്. കാരണം, രണ്ടാലൊരു വിശ്വാസവും നാലാലൊരു മദ്ഹബുമില്ലാത്തവരെ പുത്തൻവാദിയാക്കുന്നവർക്കു രണ്ടിലൊരക്വീദ ശൈഖിന് സ്ഥിരപ്പെടുത്തിക്കൊടുത്തില്ലെങ്കി

ൽ ശൈഖ് ജീലാനിയും അവരുടെ പുത്തൻവാദ ലിസ്റ്റിൽ ഇടം നേടും. അശ്അരികൾ പുത്തൻ വാദികളാണെന്ന് ശൈഖ് ജീലാനിയും ശിഷ്യൻമാരും പ്രഖ്യാപിച്ച സ്ഥിതിക്ക് കൂട്ടിച്ചേർത്ത തെളിവ് ഫ്രെയിം ചെയ്തു ഷോക്കേസിൽ വെക്കാനേ പറ്റൂ. അശ്അരികളുടെ ചരിത്രാവബോധം വേണ്ടവിധത്തിലില്ലാത്ത ഹൈതമിയുടെ അബദ്ധങ്ങൾ തള്ളുകയല്ലാതെ ബറേൽവി സുഹൃത്തുക്കൾക്ക് മറ്റെന്തു വഴി!

തെളിവു നാല്:

ഹമ്പലികൾ ശൈഖിനെ ഏറ്റെടുക്കുന്നു

ഹമ്പലി പണ്ഡിതന്മാരുടെ മഹത്ത്വം പറയുന്ന ഗ്രന്ഥങ്ങളിൽ ഹമ്പലികളുടെ അബ്ദുൽ ക്വാദിർ ജീലാനി നിറഞ്ഞു നിൽക്കുന്നു. ഹമ്പലി-സലഫി-അസരി അക്വീദക്കാരനായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. കിതാബുൽ ‘ഗുൻയ’തിൽനിന്നും തെളിവുദ്ധരിച്ചും മറ്റും ശൈഖ് ജീലാനിയെ അവർ സ്വന്തമാക്കുന്നു. ഉമ്മയും ബാപ്പയും ഇതെന്റെ കുട്ടിയാണെന്ന് പറയുമ്പോൾ വ്യാജന്മാർക്ക് ഞങ്ങളുടെ കുട്ടിയാണെന്നു പറഞ്ഞ് പിടിച്ചുനിൽക്കാൻ പറ്റില്ലല്ലോ. ഹൈതമിക്ക് മുമ്പുള്ള ഹമ്പലി അക്വീദകിതാബുകൾ മരുന്നിനെങ്കിലും തൊട്ടുനോക്കാനെങ്കിലും ഹൈതമി കണ്ടിരുന്നുവെങ്കിൽ വിളമ്പുമോ ഈ പമ്പര വിഡ്ഢിത്തം? ജീലാനിയെ ഹമ്പലികൾ എങ്ങനെ കാണുന്നതെന്നറിയാൻ ഹമ്പലി ചരിത്രഗ്രന്ഥമായ ‘ദൈലു ത്വബകാത്തുൽ ഹനാബില’യെങ്കിലും നോക്കിയാൽ മതിയായിരുന്നു.

തെളിവ് അഞ്ച്:

വ്യത്യസ്ത കോപ്പികൾ

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ‘കിതാബുൽ ഗുൻയ’തിന്റെ രണ്ടിലധികം കൈയെഴുത്ത് പ്രതികൾ ഇന്നും ലഭ്യമാണ്. അശ്അരി, സൂഫി, സലഫി വ്യത്യാസമില്ലാതെ, അവരവരുടെ അടിക്കുറുപ്പുകളോടുകൂടി, അവരവരുടെ കേന്ദ്രങ്ങളിൽ പ്രിന്റ് ചെയ്തു വിൽക്കപ്പെടുന്നു. അവർക്കാർക്കും കടത്തിക്കൂട്ടലില്ലാത്ത ‘കിതാബുൽ ഗുൻയ’തിന്റെ ഒരു കോപ്പി ഹാജരാക്കുവാനോ വ്യക്തമായ തെളിവ് നിരത്തി സ്ഥാപിക്കുവാനോ സാധിച്ചിട്ടില്ല. ഉത്തരേന്ത്യൻ ബറേൽവീ സൂഫികൾ കുഴിച്ചെടുത്ത, നഷ്ടപ്പെട്ട മുസ്വന്നഫ് അബ്ദുറസാക്വിന്റെ ഭാഗം പറഞ്ഞ് സൂഫികൾ പ്രിന്റ് ചെയ്തപ്പോൾ അതിലെ വാസ്തവ വിരുദ്ധങ്ങൾക്കെതിരെ ചോദ്യം ചെയ്ത് രംഗത്തിറങ്ങിയയവരിൽ മർകസ് കേന്ദ്രീകരിച്ച് നടന്ന മുടിപ്രദർശനത്തിന് അവർതന്നെ സാക്ഷിയാക്കി അവരോധിച്ച സാക്ഷാൽ ‘അലി ജുമുഅ’ പോലും മുസ്വന്നഫിന്റെ കോപ്പി വ്യാജമാണെന്ന് പറഞ്ഞെങ്കിൽ, വേറൊരു വ്യാജ ഗുൻയത് അച്ചടിക്കുവാൻ സമസ്ത സൂഫികൾക്ക് എന്തായാലും പേടിയുണ്ടാകും. ‘എന്റെ വചനത്തെ പൊയ്യെന്ന് ചൊല്ലുകിൽ, അപ്പോഴേ കൊല്ലുന്ന നഞ്ഞ് ഞാനെന്നോവർ’ എന്ന് ശൈഖ് ജീലാനിയുടെ പേരിൽ പാടിയും പറഞ്ഞും വ്യാഖ്യാനിച്ചും നടക്കുന്നവർ പോലും ആ ‘നഞ്ഞായ’ കിതാബുൽ ഗുൻയത് വിൽക്കുന്നതിലാണ് ഏറെ കൗതുകം. എല്ലാ കഴിവും എല്ലാം നിയന്ത്രണവും ശൈഖിന് സ്ഥാപിക്കുന്ന ബറേൽവി ഉസ്താദുമാർ ജീലാനിയുടെ ‘കിതാബുൽ ഗുൻയ’തിൽ കടത്തിക്കൂട്ടൽ സംഭവിച്ചു എന്നു പറയുമ്പോൾ, ശൈഖിന്റെ കഴിവിനെ ചോദ്യം ചെയ്യപ്പെടുന്നതിനപ്പുറം, ശൈഖിന്റെ വചനം പൊഴിയാണെന്ന് പറയുന്നതിലൂടെ ശൈഖിന്റെ യഥാർഥ വചനത്തെയാണ് കളവാക്കുന്നത്. ബറേൽവികളുടെ ആശയപ്രകാരം പെട്ടെന്ന് ആക്ഷൻ എടുത്ത് ദുനിയാവും ആഖിറും പോക്കിക്കളയില്ലേ എന്ന ചോദ്യം ഒരു സാധാരണക്കാരനിൽ നിന്നുയർന്നാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ഇത് ശൈഖിന്റെ വാചകമാണെങ്കിലോ?

(തുടരും)