ബദ്‌രീങ്ങളെ വിളിച്ചുതേടൽ ആരുടെ പാരമ്പര്യമാണ്?

മൂസ സ്വലാഹി കാര

2023 മെയ് 13 , 1444 ശവ്വാൽ 20

തൗഹീദിന്റെ പടഹധ്വാനി മുഴക്കിയ ബദ്ർ യുദ്ധ ചരിത്രത്തെ പ്രമാണങ്ങൾ പറഞ്ഞതു പ്രകാരം മനസ്സിലാക്കാതെ അടിവേരില്ലാത്ത ആശയ പ്രചാരണങ്ങളും ആചാരങ്ങളുമായി ആഘോഷിക്കുന്നവരാണ് സമസ്തയുടെ മുസ്‌ലിയാക്കന്മാർ. സ്വയം പിഴച്ചും അനുയായികളെ വഴിതെറ്റിച്ചുമാണ് ഇക്കൂട്ടർ കാലം കഴിക്കുന്നത്. ഇവരുടെ മേൽനോട്ടത്തിലുള്ള ആത്മീയ ചൂഷണ കേന്ദ്രങ്ങളിൽ ബദ്ർ ദിനം പ്രമാണിച്ച് കൊണ്ടാടപ്പെടുന്ന ആചാരങ്ങൾക്ക് വിഭിന്ന മുഖങ്ങൾ കാണപ്പെടുന്നു എന്നത് ഇതിന്റെയൊന്നും ഉറവിടത്തിന് ഇസ്‌ലാമുമായി ബന്ധമില്ലെന്ന് വ്യക്തമാകുന്നു.

ഒരുപാട് പേർ മുസ്‌ലിയാക്കന്മാരുടെ കെണിയിൽ വീഴുന്നത് അവർ പഠിപ്പിക്കുന്നതെല്ലാം നന്മയാണെ ന്ന വിചാരത്തിലാണ്. ഭൗതികതയിൽ ഭ്രമിച്ച ഇവർ അല്ലാഹുവിന്റെ താക്കീതുകളെ കാര്യത്തിലെടുക്കാെയാണ് പ്രവർത്തിക്കുന്നത്.

അല്ലാഹു പറയുന്നു: “ഐഹികജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ അവിടെ (ഇഹലോകത്ത്) വെച്ച് അവർക്ക് നാം നിറവേറ്റിക്കൊടുക്കുന്നതാണ്. അവർക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടർ. അവർ ഇവിടെ പ്രവർത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവർ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ’’ (11:15,16).

2023 ഏപ്രിൽ ആദ്യലക്കം രിസാല വാരികയിൽ ബദ്‌രീങ്ങളെ സംബന്ധിച്ച് ഒരു മുസ്‌ലിയാർ എഴുതിയത് കാണുക: ‘പ്രയാസങ്ങളും പ്രാരാബ്ധങ്ങളും നീങ്ങിക്കിട്ടാനും ഉദ്ദേശ്യപൂർത്തീകരണത്തിനും വേണ്ടി ബദ്‌രീങ്ങളുടെ പേരിലുള്ള മൗലിദുകളും റാതീബുകളും ബൈതുകളും പതിവാക്കിയ മുസ്‌ലിം കമ്യൂണിറ്റിയാണ് കേരളത്തിൽ. കേരളത്തിന് പുറത്തും അറബ് രാജ്യങ്ങളിലും ഇതേ സംസ്‌കാരം നിലനിൽക്കുന്നുണ്ട്. നാത് ബദ്‌റ് എന്ന പേരിൽ ഉറുദു കമ്യൂണിറ്റിയിൽ ബദ്‌റ് പ്രകീർത്തനം ഏറെ വിശേഷം നിറഞ്ഞതാണ്’(പേജ്:16).

ലോകത്ത് പലയിടങ്ങളിലും സ്ഥാനമുറപ്പിച്ച ശിയാ-സൂഫികൾ ചെയ്യുന്ന ഈ അത്യാചാരങ്ങളുടെ സ്വാധീന ഫലമായി പ്രതിസന്ധി ഘട്ടങ്ങളിലും ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും അല്ലാഹുവിലേക്ക് അഭയം തേടുന്നതിന് പകരം ഇത്തരം വ്യാജ ഏടുകളെ ആശ്രയിക്കുന്ന അവസ്ഥ കേരള മുസ് ലിംകൾക്കിടയിലു ണ്ടായിട്ടുണ്ട്. പുരോഹിതവർഗം പ്രമാണങ്ങളെ അവഗണിച്ചതും സംസ്‌കരണത്തിന്റെ പാത തെളിയിച്ച അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാരെ പരിഗണിക്കാത്തതും ഇതിന് വലിയ കാരണമാണ്.

‘തവക്കുൽ’ എന്ന, ആരാധനയുടെ മുഖ്യയിനത്തെയാണ് ഇതിലൂടെ ഇവർ ബദ്ർ ശുഹദാക്കൾക്ക് വകവെച്ച് കൊടുക്കുന്നത്. അല്ലാഹുവിന്റെ കൽപനകളോടും നബി ﷺയുടെ അധ്യാപനങ്ങളോടും വിശ്വാസികളുടെ ജീവിതത്തോടുമുള്ള മുസ്‌ലിയാക്കന്മാരുടെ അവജ്ഞയാണ് ഇവിടെ പരസ്യമാകുന്നത്. അല്ലാഹു പറയുന്നു: “അവൻ കണക്കാക്കാത്ത വിധത്തിൽ അവന്ന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്നപക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീർച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏർപെടുത്തിയിട്ടുണ്ട്’’(65:3).

നബി ﷺയോടുള്ള അല്ലാഹുവിന്റെ കൽപന കാണുക: “അതിനാൽ നീ അല്ലാഹുവിൽ ഭരമേൽപിച്ചു കൊള്ളുക. തീർച്ചയായും നീ സ്പഷ്ടമായ സത്യത്തിൽ തന്നെയാകുന്നു്’’(27:79).

സത്യവിശ്വാസികളോടാകമാനമുള്ള അല്ലാഹുവിന്റെ കൽപന കാണുക: “നിങ്ങൾ വിശ്വാസികളാണെ ങ്കിൽ അല്ലാഹുവിൽ നിങ്ങൾ ഭരമേൽപിക്കുക’’ (5:23).

ഇമാം ഇബ്‌നു ഖുസൈമ (റഹ്) പറയുന്നു: ‘അല്ലാഹുവിന്റെ സൃഷ്ടികളുടെ ഉപദ്രവത്തിൽനിന്നും കഅ്ബയെ കൊണ്ട് ഞാൻ കാവലിനെ തേടുന്നു, അല്ലെങ്കിൽ അല്ലാഹുവിന്റെ സൃഷ്ടികളുടെ ദോഷത്തിൽ നിന്നും സ്വഫയെ കൊണ്ടും മർവയെ കൊണ്ടും, അല്ലെങ്കിൽ അറഫയെ കൊണ്ടും മിനയെ കൊണ്ടും ഞാൻ കാവലിനെ തേടുന്നു എന്ന് പ്രാർഥിക്കാൻ അനുവാദം നൽകിയ ഏതെങ്കിലുമൊരു പണ്ഡിതനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അല്ലാഹുവിന്റെ ദീൻ പഠിച്ച ആരും അപ്രകാരം പറയുകയോ പറയാൻ അനുവദിക്കുകയോ ഇല്ല. സൃഷ്ടികളുടെ കെടുതിയിൽനിന്നും സൃഷ്ടികളെ കൊണ്ട് കാവലിനെ തേടുക എന്നത് അസംഭവ്യമായ കാര്യമാണ്’ (കിതാബുത്തൗഹീദ്).

ഇമാം ബൈഹക്വി(റഹ്) തന്റെ കിതാബുൽ അസ്മാഇ വസ്സ്വിഫാതിൽ അല്ലാഹുവിന്റെ വചനങ്ങളെ കൊണ്ട് കാവൽ ചോദിക്കുന്ന ചില ഹദീസുകൾ സൂചിപ്പിച്ചതിനു ശേഷം പറയുന്നു: ‘സൃഷ്ടിയുടെ ശർറിൽ നിന്നും സൃഷ്ടിയെ കൊണ്ട് തന്നെ കാവൽ ചോദിക്കുന്നത് ശരിയാവുകയില്ല.’

മുസ്‌ലിയാർ കണ്ടെത്തിയ ഒരു നിരീക്ഷണ ഫലത്തെപ്പറ്റി അദ്ദേഹം എഴുതിയത് കാണുക: ‘അസ്മാഉൽ ബദ്‌റ് കേൾക്കാതെയോ ചൊല്ലാതെയോയുള്ള മാപ്പിള മുസ്‌ലിംകൾ ഉണ്ടാവില്ല. സലഫീധാരയിൽ വിശ്വസിക്കുന്നവർക്ക് പക്ഷേ, അസ്മാഉൽ ബദ്ർ ഒരു വിശേഷ കാര്യമല്ല. എന്നല്ല, പുണ്യം പ്രതീക്ഷിച്ച് അവരെ വിളിക്കുന്നതും കേൾക്കുന്നതും മതപരിത്യാഗത്തിന് വഴിവെക്കുമെന്നാണ് അവരുടെ വിശ്വാസം. പാരമ്പര്യ വിശ്വാസികളെ സംബന്ധിച്ച് അത് വലിയ പുണ്യ പ്രവർത്തനവും. ഈ രണ്ടറ്റങ്ങൾക്കിടയിൽ നിന്നു വേണം പാരമ്പര്യവിശ്വാസത്തിന്റെയും സലഫിസത്തിന്റെയും സംവേദനങ്ങൾ നിരീക്ഷി ക്കാൻ’(പേജ് 16).

‘പാരമ്പര്യ വിശ്വാസികൾ’ എന്ന് സ്വയം അവകാശപ്പെടുന്ന, ശിർക്ക്-ബിദ്അത്തുകളെ പുൽകി ജീവിക്കുന്നവരെ മാതൃകയാക്കിയല്ല യഥാർഥ വിശ്വാസികൾ ജീവിക്കേണ്ടത്. വിശ്വാസങ്ങൾക്കും കർമങ്ങൾക്കും നബി ﷺയോളം എത്തുന്ന പാരമ്പര്യമുണ്ടായിരിക്കണം. ആ പാരമ്പര്യത്തിനെതിരായ രീതി സ്വീകരിക്കുന്നവർക്ക് ക്വുർആൻ ശക്തമായ ശാസന നൽകിയീട്ടുണ്ട്.

അല്ലാഹു പറയുന്നു: ‘തനിക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും (അല്ലാഹുവിന്റെ) ദൂതനുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!’(4:115).

ബദ്ർ യുദ്ധത്തിൽ പങ്കെടുത്തവർക്ക് അല്ലാഹു നൽകിയ ശ്രേഷ്ഠതയെക്കാൾ എത്രയോ മേലെയാണ് അവരുടെ മേൽ ഇക്കൂട്ടർ ചാർത്തുന്ന സ്ഥാനം.

പ്രമാണങ്ങളിൽ എവിടെയെങ്കിലും അവർ പ്രാർഥിക്കപ്പെടണമെന്നൊരു മഹത്ത്വം പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ? അവരുടെ നാമങ്ങൾ വായിക്കുന്നതും കേൾക്കുന്നതും എഴുതി തൂക്കിയിടുന്നതും പൂണ്യമായി കണക്കാക്കിയിട്ടുണ്ടോ? ഇസ്‌ലാം വിശേഷ കാര്യമായി കാണാത്ത ഒന്നിന്നെ ആ നിലക്ക് ഇവർ പരിചയപ്പെടുത്തുന്നതിന്റെ അടിസ്ഥാനമെന്താണ്? അസ്മാഉൽ ബദ്‌രിയ്യീൻ ക്രമത്തിൽ നബി ﷺ സ്വഹാബത്തിന് എണ്ണിപ്പഠിപ്പിച്ചതിന്റെയും അതിന്റെ മേന്മ പറഞ്ഞതിന്റെയും സ്വീകാര്യമായൊരു റിപ്പോർട്ട് ഏതെങ്കിലും സസ്തക്കാർക്ക് ഹാജറാക്കാൻ കഴിയുമോ?

ബദ്‌രീങ്ങളുടെ പേരിൽ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ കാര്യങ്ങളെ പാരമ്പര്യവിശ്വാസമായും സത്യത്തിന്റെ പക്ഷത്തെ സലഫിസത്തിന്റെ തെറ്റായ സംവേദനമായും അവതരിപ്പിക്കുന്നത് വ്യർഥ വാദങ്ങൾക്ക് കൂടുതൽ സ്വാധീനം ലഭിക്കുവാൻ വേണ്ടിയാണ്. അജ്ഞതയും അവിവേകവും കാരണമായി ഇസ്‌ലാമിന്റെ അടിത്തറയുടെ കടയ്ക്കൽ കത്തിവെക്കുന്ന ഈ പുരോഹിതന്മാർ അല്ലാഹുവിന്റെ താക്കീതിനെ ഭയക്കട്ടെ: “പക്ഷേ, അക്രമം പ്രവർത്തിച്ചവർ യാതൊരു അറിവുമില്ലാതെ തങ്ങളുടെ തന്നിഷ്ടങ്ങളെ പിൻപറ്റിയിരിക്കുകയാണ്. അപ്പോൾ അല്ലാഹു വഴിതെറ്റിച്ചവരെ ആരാണ് സന്മാർഗത്തിലാക്കുക? അവർക്ക് സഹായികളായി ആരുമില്ല’’ (30:29).

ജനങ്ങളെ കൂടുതൽ ഇരുട്ടിലേക്കു തള്ളിവിടാൻ സമസ്ത പുതുതായി തുടങ്ങിയ അൽമഹ്‌ളറതുൽ ബദ്രീയ്യ, മജ്‌ലിസുന്നൂർ എന്നിവയെക്കുറിച്ച് മുസ്‌ലിയാർ അഭിപ്രായപ്പെടുന്നത് കാണുക: ‘അസ്മാഉൽ ബദ്‌റുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ പ്രചാരം നേടിയ രണ്ടു പ്രകീർത്തന പ്രാർഥനാ സമാഹാരങ്ങളാണ് മഹ്‌ളറതുൽ ബദ്‌രിയ്യയും മജ്‌ലിസുന്നൂറും. അനുവാചകരുടെ ആത്മീയോന്നതി മുന്നിൽ കണ്ട് സ്ഥാപിക്കപ്പെട്ട രണ്ടു സമാഹാരങ്ങളുടെയും പ്രധാന ഭാഗം അസ്മാഉൽ ബദ്‌റ് ചൊല്ലുന്ന ബൈത്തുകളാണ്. അഹ്‌മദ് കോയ ശാലിയാതി തയാറാക്കിയ ബൈത്താണ് മഹ്‌ളറയുടെ മർമഭാഗം. സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇജാസത്തോടെയാണ് മഹ്‌ളറ അനുവർത്തിച്ചുപോരുന്നത്. മങ്കരത്തൊടി പാറമ്മൽ മുഹമ്മദ് മുസ്‌ലിയാർ തയാറാക്കിയ ബൈതാണ് മജ്‌ലിസുന്നൂറിലെ പ്രധാന ഭാഗം’(പേജ് 15,16).

സമാധാനവും ആത്മീയ അനുഭൂതിയും നേടിത്തരുന്ന സംഗമങ്ങളായിട്ടാണ് ഇതിനെയെല്ലാം ഇവർ പരിചയപ്പെടുത്തുന്നത്. വ്യക്തികേന്ദ്രീകൃതമായിട്ടുള്ള ഇതിന്റെയൊക്കെ അപകടം എത്ര വലുതാണെന്ന് ജനം തിരിച്ചറിയുന്നില്ല. അല്ലാഹുവിൽ പങ്കുചേർക്കുന്നതിലേക്ക് നയിക്കുന്ന കഥകളും വാക്കുകളും കവിതാശകലങ്ങളുമാണ് ഈ സമാഹാരങ്ങളിലുള്ളത്. ഇത് പാടിയും പറഞ്ഞുമാണോ റബ്ബിനെ ഓർക്കേണ്ടത്?

അല്ലാഹു പറയുന്നു: ‘‘അതാ യത്, വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓർമകൊണ്ട് മനസ്സുകൾ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമകൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത് ’’(13:28)

നബി ﷺ ഇത്തരമൊരു കാര്യം മതമായി കാണിച്ചിട്ടില്ലാത്തതിനാൽ അത് തള്ളപ്പെടേണ്ടതാണ്. ആഇശ(റ)യിൽ നിന്ന് നിവേദനം, നബി (സ) പറഞ്ഞു: ‘നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ ) പുതുതായി വല്ലതും ആരെങ്കിലും ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്’(ബുഖാരി).

അല്ലാഹുവിന്റെ ഭവനങ്ങളാണ് ഇതിന് വേദിയാക്കപ്പെടുന്നത്. പള്ളികൾ ശിർക്ക് പ്രചരിപ്പിക്കാൻ സ്ഥാപിക്കപ്പെട്ടവയാണോ? അല്ലാഹു പറയുന്നു: “മസ്ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാർഥിക്കരുത്...’’(72:18).

സ്വഹാബികൾക്കോ അഹ്‌ലുസ്സുന്നയുടെ ഇമാമുകൾക്കോ പരിചയമുള്ളതല്ലയിത്. മതത്തിൽ മാതൃകയില്ലാത്ത ഏത് കർമമാകട്ടെ അതിൽ ആത്മാർഥത എത്ര നിറഞ്ഞ് കവിഞ്ഞാലും അത് സ്വീകരിക്കപ്പെടുകയില്ല. അല്ലാഹു പറയുന്നു: “അവിശ്വസിച്ചവരാകട്ടെ, അവരുടെ കർമങ്ങൾ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവൻ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവൻ അതിന്നടുത്തേക്ക് ചെന്നാൽ അങ്ങനെ ഒന്ന് ഉള്ളതായിത്തന്നെ അവൻ കണ്ടെത്തുകയില്ല. എന്നാൽ തന്റെ അടുത്ത് അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്. അപ്പോൾ (അല്ലാഹു) അവന്ന് അവന്റെ കണക്ക് തീർത്തു കൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ’’ (24:39).

മുസ്‌ലിയാർ നടത്തിയ ദുർവ്യാഖ്യാന ശ്രമം കൂടി കാണുക: ‘അല്ലാഹു തൃപ്തിപ്പെട്ടവരാണവർ. അവരോ അല്ലാഹുവിനെയും തൃപ്തിപ്പെട്ടിരിക്കുന്നു. ഇതിലപ്പുറം മുസ്‌ലിംകൾക്ക് ആശ്വസിക്കാൻ മറ്റെന്തു വേണം? ഇതാണ് ന്റെ ബദ്‌രീങ്ങളേ എന്ന വിളിയുടെ കാര്യം. ശുഹദാക്കൾ മരണപ്പെട്ടവരല്ല, അല്ലാഹുവിന്റെ സന്നിധിയിൽ അവർ ജീവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഖുർആൻ പാഠം’(പേജ് 16).

ആലുഇംറാൻ:169, തൗബ:100 എന്നീ ആയത്തുകളിലെ അവസാന ഭാഗങ്ങളാണ് ഇവിടെ എടുത്തുന്നയിച്ചത്. ഈ ആയത്തുകൾ സ്വഹാബികളുടെയും ശുഹദാക്കളുടെയും വിഷയത്തിലാണെന്ന തിൽ സംശയമില്ല. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ അവരെ വിളിച്ചു തേടാൻ ആരാണ് പറഞ്ഞത്? എന്താണ് തെളിവ്?

ക്വുർആൻ നടത്തിയ താക്കീതാണ് ഉണർത്താനുള്ളത്. അല്ലാഹു പറയുന്നു: “ഇത് ലോകരക്ഷിതാവിങ്കൽനിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു. നമ്മുടെ പേരിൽ അദ്ദേഹം (പ്രവാചകൻ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തെ നാം വലതുകൈകൊണ്ട് പിടികൂടുകയും എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. അപ്പോൾ നിങ്ങളിൽ ആർക്കും അദ്ദേഹത്തിൽ നിന്ന് (ശിക്ഷയെ) തടയാനാവില്ല. തീർച്ചയായും ഇത് (ക്വുർആൻ) ഭയഭക്തിയുള്ളവർക്ക് ഒരു ഉൽബോധനമാകുന്നു’’(69:43-48).