ഇസ്‌ലാം വിരോധിച്ച ജാറനിർമാണവും മനോവിഷമത്തിലായ ജാറവ്യവസായികളും

മൂസ സ്വലാഹി കാര

2023 ആഗസ്റ്റ് 19 , 1445 സ്വഫർ 03

ഭാഗം: 02

മുസ്‌ലിയാർ സ്വയം ക്വുർആൻ ദുർവ്യാഖ്യാനിച്ചുകൊണ്ട് സലഫികളെ പ്രമാണ ദുർവ്യാഖ്യാനക്കാരായി ചിത്രീകരിക്കുന്നത് കാണുക: ‘‘പഴുതടച്ച പ്രാമാണിക വിവരണങ്ങൾക്ക് മുമ്പിൽ പുത്തൻവാദം പതറിപ്പോകുമല്ലോ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തിയും ദുർവ്യാഖ്യാനത്തെ കൂട്ടുപിടിച്ചും പിടിച്ചുനിൽക്കാനുള്ള ശ്രമമാണ് പതിവുപോലെ ഈ വിഷയത്തിലും മുജാഹിദുകൾ കാണിച്ചത്’’ (പേജ് 12).

മുജാഹിദുകൾക്ക് ഇവർക്കെതിരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തേണ്ട കാര്യമില്ല, അടിസ്ഥാനമുള്ളതുതന്നെ എമ്പാടുമുണ്ട്. ദുർവ്യാഖ്യാനത്തെ കൂട്ടുപിടിക്കേണ്ട കാര്യവുമില്ല, കാരണം പ്രമാണങ്ങളുടെ പിന്തുണയില്ലാത്തവർക്കാണ് ദുർവ്യാഖ്യാനിക്കേണ്ടിവരിക.

മുസ്‌ലിയാരുടെ അടുത്ത വാദം കാണുക: ‘‘മഹാന്മാരെ സന്ദർശിക്കുന്നതും അവരുടെ ദർഗകൾ സിയാറത്ത് കൊണ്ട് സജീവമാക്കുന്നതും അവരെ ആദരിക്കുന്നതിന്റെ ഭാഗമാണ്. അവരുടെ ഖബറിനു മുകളിൽ ഖുബ്ബകളും മറ്റും സ്ഥാപിക്കാമെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇവയെല്ലാം ഖബർ പൂജയും ഖബറാരാധനയുമാണെന്ന് വഹാബികൾ ആരോപിക്കാറുണ്ട്’’(പേജ് 12).

ക്വബ്ർ കെട്ടിപ്പടുക്കാനും അതിനു മീതെ ഖുബ്ബകളുണ്ടാക്കാനും ദർഗകളുണ്ടാക്കാനും ഏതു പ്രമാണത്തിന്റെ പിൻബലമാണ് ഇവർക്കുള്ളത്? നബിﷺ മരണപ്പെട്ട ഏതെങ്കിലും സ്വഹാബിയുടെ ക്വബ്‌റിനു മീതെ ഖുബ്ബയുണ്ടാക്കിയിട്ടുണ്ടോ? ജാറമുണ്ടാക്കിയിട്ടുണ്ടോ? സ്വീകാര്യമായ വല്ല രേഖയും ഇതിനുണ്ടോ? നബിﷺയുടെ അനുചരന്മാർ അദ്ദേഹത്തിന്റെ ക്വബ്‌റിങ്കൽ ഇപ്രകാരം ചെയ്തതിന് സ്വഹീഹായ വല്ല തെളിവുമുണ്ടോ? ഇത് അഹ്‌ലുസ്സുന്ന വൽജമാഅയുടെ പ്രാമാണിക നിലപാടാണോ?

ശിർക്കിലേക്ക് നയിക്കുന്ന ഈ പുത്തനാചാരത്തെ എതിർക്കാൻ സലഫികൾ സ്ഥിരമായി ഉദ്ധരിക്കാറുള്ള ‘എന്റെ ക്വബ്‌റിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ,’ ‘എന്റെ ക്വബ്‌റിനെ നിങ്ങൾ ആഘോഷ സ്ഥലമാക്കരുത്,’ ‘കൂർത്ത് നിൽക്കുന്ന ക്വബ്‌റുകൾ നിരപ്പാക്കണം’ എന്നിങ്ങനെയുള്ള സ്വീകാര്യയോഗ്യവും ശക്തവുമായ തെളിവുകൾക്കു മുമ്പിൽ അസ്വസ്ഥനായി മുസ്‌ലിയാർ എഴുതുന്നു: ‘‘തീർത്തും നിരർത്ഥകമായ ഈ വാദത്തിന് അവർ ആധാരമാക്കുന്നത് ദുർവ്യാഖ്യാനം ചെയ്ത ചില ഹദീസുകളാണ്. ആ ഹദീസുകൾ ഒന്നു പരിശോധിക്കുന്നത് ബിദഈ വാദം എത്ര അർത്ഥരഹിതമാണെന്ന് ഗ്രഹിക്കാൻ സഹായിക്കും’’(പേജ് 12).

സ്ഥിരപ്പെട്ട ഹദീസുകളെയാണ് ഒരു ഭയവുമില്ലാതെ നിരർഥകമെന്നും പുത്തൻവാദവുമെന്ന് ലേഖകൻ പുച്ഛിച്ചു തള്ളുന്നത്. ഈ ഹദീസുകളെ ഉൾപ്പെടുത്തി അഹ്‌ലുസ്സുന്നയുടെ പണ്ഡിതനായ ഇമാം ശൗകാനി(റഹി) അദ്ദേഹത്തിന്റെ ‘നൈലുൽ ഔത്വാറി’ൽ നൽകിയ വിശദീകരണമാണ് ഈ പ്രമാണനിഷേധത്തിനു മറുപടിയായി നൽകാനുള്ളത്:

‘‘...മുകളിൽ പറഞ്ഞ അലി(റ)വിന്റെ ഹദീസിൽ പരാമർശിച്ച ക്വബ്ർ ഉയർത്തൽ എന്ന ഗണത്തിൽ ഖുബ്ബകളും ക്വബ്‌റിന് മുകളിൽ പരിപാലിക്കപ്പെട്ടുവരുന്ന ജാറങ്ങളും ഉൾപ്പെടും. മാത്രമല്ല ക്വബ്‌റുകൾ ആരാധനാകേന്ദ്രമാക്കൽ എന്ന വകുപ്പിലും അത് വരും. നബിﷺ അത്തരക്കാരെ ശപിച്ചിട്ടുണ്ട്.

ക്വബ്‌റുകൾക്ക് മുകളിൽ എടുപ്പുണ്ടാക്കിയതും അവയെ അലങ്കരിച്ചതും മുഖേന ഇസ്‌ലാം കരയേണ്ടിവന്ന എത്രെയെത്ര കുഴപ്പങ്ങളാണ് ഉണ്ടായിട്ടുള്ളത്! അതിലൊന്ന് സത്യനിഷേധികൾക്ക് വിഗ്രഹങ്ങളോടുള്ള അതേ വിശ്വാസം അജ്ഞതയുള്ളവരുടെ ഹൃദയങ്ങളിൽ ക്വബ്‌റുകൾക്ക് മേൽ വന്നു എന്നതാണ്. അത് അവരുടെ ഹൃദയങ്ങളിൽ മഹത്ത്വമുള്ളതാവുക വഴി തങ്ങൾക്ക് ഉപകാരം നൽകാനും ഉപദ്രവം തടുക്കാനും അതിന് കഴിയുമെന്നായി അവരുടെ വിചാരം.

ആവശ്യങ്ങൾ നിറവേറാൻ മുഖം തിരിക്കാനുള്ള ഇടമായും ആശിച്ചത് നേടാനുള്ള അഭയ കേന്ദ്രമായുമൊക്കെ അവർ അതിനെ കണ്ടു. അടിമകൾ രക്ഷിതാവിനോട് ചോദിക്കേണ്ട കാര്യങ്ങൾ അവർ അവയോട് ചോദിക്കാൻ തുടങ്ങി. അവിടേക്ക് (പുണ്യംകൊതിച്ചു) ഒരുങ്ങിപ്പുറപ്പെടാനാരംഭിച്ചു. അവയെ സ്പർശിച്ചു (പുണ്യമെടുക്കാനും) അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനും (അവർ മടികാണിച്ചില്ല). ചുരുക്കത്തിൽ അജ്ഞതയുടെ കാലഘട്ടക്കാർ വിഗ്രഹങ്ങളോട് ചെയ്തതൊന്നും വിടാതെ അവരും ചെയ്തുതുടങ്ങിയതിനാൽ ‘ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്, അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ.്

ഇത്ര മ്ലേച്ഛമായ തിന്മകൾ ഇവിടെ നടന്നിട്ടും, മോശം അവിശ്വാസം ഇവിടെ നടമാടിയിട്ടും, അല്ലാഹുവിനുവേണ്ടി ദേഷ്യപ്പെടുന്ന, വക്രതയില്ലാത്ത ഈ മതത്തിനുവേണ്ടി ഈർഷ്യത കാണിക്കുന്ന ഒരു പണ്ഡിതനെയോ വിദ്യാർഥിയെയോ ഒരു നേതാവിനെയോ മന്ത്രിയെയോ രാജാവിനെയോ ആരെയും നാം കാണുന്നില്ല! ഒരിക്കലും സംശയത്തിനിട വരാത്തവിധം നമുക്ക് കിട്ടിയിട്ടുള്ള ചില വാർത്തകൾ പറയുന്നത്, ക്വുബൂരികളിൽ ധാരാളം പേർ അല്ലെങ്കിൽ അധിക പേരും തന്റെ എതിരാളി (തെളിവിനു) സത്യം ചെയ്യാൻ പറഞ്ഞാൽ മടിയേതും കൂടാതെ അല്ലാഹുവിന്റെ പേരിൽ കള്ളസത്യം ചെയ്യും! ഉടനെ നിന്റെ ഇന്ന ശൈഖിന്റെ പേരിൽ, ഇന്ന ആശാകേന്ദ്രത്തിനു മേൽ, അല്ലെങ്കിൽ ഇന്ന വല്ലിയ്യിന്റെ പേരിൽ ആണയിടാൻ പറഞ്ഞാൻ ഉടനെ അവന്റെ നാവിടറും, തൊണ്ട വരളും. അവൻ പിന്മാറുകയും സത്യം അംഗീകരിക്കുകയും ചെയ്യും. അല്ലാഹു മൂന്നിലൊന്നാണ്, അല്ലെങ്കിൽ രണ്ടിലൊന്നാണ് എന്നൊക്കെ പറയുന്നവരുടെ ശിർക്കിനെ കടത്തിവെട്ടിയിട്ടുണ്ട് ഇവരുടെ ശിർക്ക് എന്നറിയിക്കുന്ന വളരെ സുവ്യക്തമായ തെളിവുകളാണിത്.’’

ശാഫിഈ മദ്ഹബിലെ ആധികാരിക ശബ്ദമായ ഇബ്‌നു ഹജർ അൽഹൈത്തമി അദ്ദേഹത്തിന്റെ അസ്സവാജിറിൽ പറഞ്ഞത് ഇവർക്കൊരു കുരുക്ക് തന്നെയാണ്. മുസ്‌ലിയാർ അത് സൂചിപ്പിച്ച് കബളിപ്പിക്കുന്നതും കോട്ടിമാട്ടുന്നതും കാണുക:

‘‘സവാജിർ വായിക്കാം: ബഅളുൽ ഹനാബിലത്ത് പറഞ്ഞു: മഹാന്മാരുടെ ഖബറിന് ചാരെ അവരുടെ ബറകത്ത് പ്രതീക്ഷിച്ച് നിസ്‌കരിക്കുന്നത് അല്ലാഹുവിനോട് ചെയ്യുന്ന കടുത്ത അക്രമമാണ്. മഹത്തുക്കളുടെ ഖബർ കെട്ടിപ്പൊക്കൽ കടുത്ത ഹറാമും ശിർക്കിന്റെ കാരണവുമാണ്. മസ്ജിദു ളിറാറിനേക്കാൾ മോശമായ അത്തരം ഖുബ്ബകൾ പൊളിച്ച് നീക്കപ്പെടണം’’ (പേജ് 14).

തുടർന്ന് മുസ്‌ലിയാർ എഴുതുന്നു: ‘‘സുന്നത്ത് ജമാഅത്തിനെതിരെ വാളോങ്ങാൻ വഹാബികൾ അവസരമാക്കുന്ന ഈ ഉദ്ധരണി പരിശോധിച്ചാൽ അട്ടിമറിയുടെ ആഴം ബോധ്യപ്പെടും. ഇത് ഇബ്‌നു ഹജറിൽ ഹൈത്തമി(റ)യുടെ അഭിപ്രായമല്ലെന്നത് ആദ്യം മനസ്സിലാക്കുക. ബഅളുൽ ഹനാബിലത്തിന്റെ വാക്ക് എടുത്തുദ്ധരിക്കുക മാത്രമാണ് മഹാൻ ചെയ്യുന്നത്. ഒരു പ്രഭാഷകൻ, എഴുത്തുകാരൻ മറ്റൊരാളുടെ വാദം ഉദ്ധരിക്കുന്നത് സാധാരണമാണ്. അപ്രകാരം ഗ്രന്ഥകർത്താവിന് ബന്ധമില്ലാത്തത് മറ്റൊരാളിൽനിന്ന് ഉദ്ധരിക്കുക മാത്രമാണിവിടെ ഇമാം ചെയ്തത്.’’

സ്വന്തം ഇമാമിന്റെ ഈ ഗ്രന്ഥം എന്തിന് വേണ്ടി എഴുതപ്പെട്ടതാണെന്നുവരെ ഈ ലേഖകനറിയില്ല. വൻപാപങ്ങളെപ്പറ്റി വിശദീകരിക്കുന്ന ഇമാം 93 മുതൽ 98 വരെയുള്ള വൻകുറ്റങ്ങളായി എണ്ണിയത് ‘ക്വബ്‌റുകൾ പള്ളികളാക്കലും അതിന്മേൽ വിളക്ക് കത്തിക്കലും അതിനെ ബിംബമാക്കലും ത്വാവാഫ് ചെയ്യലും അതിനെ സൂചിപ്പിക്കലും അതിലേക്ക് നിസ്‌കരിക്കലും’ ആണ്. ഇത് ഇമാം നൽകിയ തലവാചകമാണ്. ഇതിൽനിന്നുതന്നെ അദ്ദേഹത്തിന്റെ വിശ്വാസം വ്യക്തമാണ്. ശേഷം ഒന്നര പേജിൽ അദ്ദേഹം ചേർത്ത പത്തോളം ഹദീസുകൾ ക്വബ്‌റുകൾ കെട്ടിപ്പൊക്കാൻ പാടില്ല എന്ന് പഠിപ്പിക്കുന്നവയാണ്. ബഅളുൽ ഹനാബില(ഹമ്പലി മദ്ഹബിലെ എല്ലാവരും ഇത് അംഗീകരിക്കുന്നു, ചിലർ മാത്രം അത് വ്യക്തമാക്കുന്നു) എന്ന് പറഞ്ഞ് ‘ക്വബ്‌റുകൾക്ക് മേൽ ഉണ്ടാക്കപ്പെട്ട ക്വുബ്ബകൾ വേഗത്തിൽ തകർക്കണം’എന്ന അഹ്‌ലുസ്സുന്ന വൽജമാഅയുടെ നിലപാട് പ്രത്യേകം സൂചിപ്പിച്ചുകൊണ്ടാണ് ആ ഭാഗം അദ്ദഹം അവസാനിപ്പിക്കുന്നത്. ഇതിൽ എവിടെയാണ് ക്വബ്ർ കെട്ടിപ്പൊക്കാനും മറ്റും ഇവർക്ക് തെളിവുള്ളത്?

തൗഹീദിന്റെ ധീരശബ്ദമായ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യോട് മുസ്‌ലിയാക്കന്മാർക്കുള്ള കടുത്ത വിദ്വേഷം ഇവിടെയും പ്രകടിപ്പിക്കപ്പെട്ടത് കാണുക: ‘‘വഹാബികൾ കൊട്ടിഘോഷിക്കുന്ന ജാറവിരുദ്ധത അവരുടെ നേതാവായ ഇബ്‌നു തൈമിയ്യയുടേത് മാത്രമാണ്. പക്ഷേ, അദ്ദേഹത്തിന്റെ പേരിൽ അതു പറഞ്ഞാൽ വിശ്വാസികൾ തള്ളിക്കളയുമെന്നതുകൊണ്ടാണ് ഇബ്‌നു ഹജർ(റ)ന്റെ പേരിൽ ഒളിച്ച് കടത്താനുള്ള പാഴ്ശ്രമം വഹാബികൾ നടത്തിയത്’’(പേജ് 12).

ക്വബ്‌റുകൾ കെട്ടിയുയർത്തൽ നിഷിദ്ധമാക്കിയ നബിﷺയുടെ കൽപനകളെ നിലപാടായി കണ്ട ഇമാമിന്റെ വാക്കുകളെ കേവലം ‘ജാറ വിരുദ്ധത’ എന്ന് പറഞ്ഞ് പരിഹസിക്കുമ്പോൾ അത് പ്രമാണങ്ങളെ അനാദരിക്കൽ കൂടിയാണ്. ഇമാമിന്റെ ഇഖ്തിളാഹു സ്വിറാത്തുൽ മുസ്തക്വീം, മജ്മൂഉൽ ഫതാവാ എന്നീ ഗ്രന്ഥങ്ങൾ പരതി മുസ്‌ലിയാക്കന്മാർ അവരുടെ ദുർവിചാരങ്ങൾ നീക്കട്ടെ എന്നാണ് പറയാനുള്ളത്.

നബിﷺ അലിയ്യി(റ)നെ നിയോഗിച്ചതും അദ്ദേഹം അബുൽ ഹയ്യാജ് അൽഅസദി(റ)നോട് കൽപിച്ചതുമായ കാര്യമാണ് ‘കെട്ടിയുയർത്തപ്പെട്ട ഒരു ക്വബ്‌റും നിരപ്പാക്കാതെയും വിടരുത്’ എന്നത്. ഈ ഹദീസിന് മുമ്പിൽ മുസ്‌ലിയാർ വല്ലാതെ വിയർക്കുന്നത് കൂടി കാണുക: ‘ഖബറിന്റെ ആകൃതിയെ കുറിച്ച് ഒരു ചർച്ചയുണ്ട്. അനുവദനീയമായ രണ്ട് രൂപങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന ഒട്ടകപൂഞ്ഞ പോലെ(മുസന്നം), നേർ നിരപ്പായത് (തസ്ത്വീഹ്). രണ്ടായാലും ഭൂമിയോടൊപ്പം നിരപ്പാക്കലല്ല ഉദ്ദേശ്യം. ഏത് ഖബറും ഒരു ചാൺ ഉയർത്തണം. അലി(റ)വിന്റെ ഹദീസിൽ പരാമർശിക്കുന്നത് മുസ്‌ലിമിന്റെ ക്വബ്‌റാണ് എന്നഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്. അവരുടെ വീക്ഷണ പ്രകാരം കൂർത്ത ആകൃതിയിൽനിന്ന് അനുവദനീയമായ ആകൃതിയിലേക്ക് മാറ്റണം എന്നാണ്’’(പേജ് 15).

ഇമാം ശൗകാനി(റഹി) ഈ ഹദീസിന്റെ വിശദീകരണത്തിൽ പറഞ്ഞത് നമുക്കൊന്നു നോക്കാം: ‘ഉയർത്തപ്പെട്ട ഒരു ക്വബ്‌റും നിരപ്പാക്കാതിരിക്കരുത് എന്നതിൽ ശ്രേഷ്ഠതയുള്ളവരുടെ ക്വബ്ർ, ഇല്ലാത്തവരുടെ ക്വബ്ർ എന്ന വ്യത്യാസമില്ലാതെ ഒരു ചാൺ ഉയർത്താതിരിക്കലാണ് പ്രവാചകചര്യ. അനുവദിക്കപ്പെട്ട അളവിന് മേൽ ക്വബ്‌റുകൾ ഉയർത്തൽ നിഷിദ്ധമാക്കപ്പെട്ട കാര്യമാണ്. ഇത് ഇമാം അഹ്‌മദ്, ഇമാം ശാഫിഈ, ഇമാം മാലിക് എന്നിവരുടെ അനുയായികൾ വ്യക്തമാക്കിയിട്ടുണ്ട്.

മുൻകാലക്കാരിലും പിൽകാലക്കാരിലും ഇത് സംഭവിച്ചിട്ടുണ്ട് എന്നതിനാൽ നിഷിദ്ധമായ കാര്യമല്ല എന്ന് അൽഗൊയ്സ്ൽ മഹ്ദി, ഇമാം യഹ്‌യ തുടങ്ങിയവരെ പോലുള്ളവർ പറഞ്ഞത് ശരിയല്ല. കാരണം: അവരുടെ കാര്യത്തിൽ ഏറ്റവും കൂടിപ്പോയാൽ കാണുക അവർ മൗനം പാലിച്ചു എന്നതാണ്. ഖണ്ഡിതമായ വിഷയങ്ങളിൽ മൗനം തെളിവല്ല. ക്വബ്‌റുകൾ ഉയർത്താൻ പാടില്ല എന്നത് തെളിവുകൊണ്ട് ഉറപ്പായ വിഷയമാണ് താനും.

ക്വബ്ർ കെട്ടിപ്പൊക്കുന്നവന്റെ കാര്യമാണ് ഈ ഹദീസിൽ ആദ്യം ഉൾക്കൊള്ളുക. ക്വബ്‌റിനു മുകളിലുള്ള ഖുബ്ബകളും നിർമിതികൾ ഉണ്ടാക്കുന്നതും ക്വബ്‌റുകളെ പള്ളികളാക്കുന്നതിൽ പെട്ടതാണ്. അപ്രകാരം ചെയ്യുന്നവനെ നബിﷺ ശപിക്കുകയും ചെയ്തു’’(നൈലുൽ ഔത്വാർ).

നാം പ്രമാണങ്ങളിലേക്ക് ചുരുങ്ങുക എന്നല്ലാതെ നമ്മുടെ താത്പര്യങ്ങൾക്ക് പ്രമാണങ്ങളെ ചെത്തിയെടുക്കൽ അതിനോട് കാണിക്കുന്ന നെറികേടാണ്.

ഈ ക്വുർആൻ വചനം ശ്രദ്ധിക്കുക: ‘‘നീ പറയുക: ഞാൻ പിഴച്ചുപോയിട്ടുണ്ടെങ്കിൽ ഞാൻ പിഴക്കുന്നതിന്റെ ദോഷം എനിക്കുതന്നെയാണ്. ഞാൻ നേർമാർഗം പ്രാപിച്ചുവെങ്കിലോ അത് എനിക്ക് എന്റെ രക്ഷിതാവ് ബോധനം നൽകുന്നതിന്റെ ഫലമായിട്ടാണ്. തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും സമീപസ്ഥനുമാകുന്നു’’ (34:50)