സമസ്തയുടെ ‘ക്ലാവ്’ പിടിച്ച ആദർശവും ‘ക്ലച്ച്’ പിടിക്കാത്ത കറാമത്ത് കഥകളും

മൂസ സ്വലാഹി കാര

2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

പ്രമാണങ്ങൾ പഠിപ്പിച്ച സത്യത്തെ മുറുകെ പിടിച്ചും അസത്യത്തിൽനിന്നകന്നും ചൊവ്വായ വഴിക്ക് ജീവിക്കാൻ കൽപിക്കപ്പെട്ടവരാണ് മുസ്‌ലിംകൾ. ആർക്കും അംഗീകരിക്കാനും ഉൾക്കൊള്ളാനും അനുവർത്തിക്കാനും സാധിക്കും വിധം സുവ്യക്തവും പ്രായോഗികവുമാണ് ഇസ്‌ലാമിന്റെ നിയമനിർദേശങ്ങൾ. അല്ലാഹു പറയുന്നു: “ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആർക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവൻ). അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തിൽ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവൻ സൃഷ്ടിക്കുകയും അതിനെ അവൻ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു’’ (ക്വുർആൻ 25:2).

അല്ലാഹു സ്രഷ്ടാവും സംരക്ഷകനും ഏക ആരാധ്യനുമാണെന്നും അവന് പുറമെയുള്ളതെല്ലാം സൃഷ്ടികളും അവയെല്ലാം അവന്റെ അധികാരത്തിലും നിയന്ത്രണത്തിലും നിർണയത്തിലുമാണെന്നും ഈ വചനം നമ്മെ ബോധ്യപ്പെടുത്തുന്നു.

അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന അടിസ്ഥാന വിശ്വാസത്തിൽനിന്നകന്ന് താഴ്മ നിറഞ്ഞ ഇഷ്ടവും ആദരവും ബഹുമാനവും പല ന്യായങ്ങളും നിരത്തി ലാത്ത, ഉസ്സ, മനാത്ത പോലുള്ള വിഗ്രഹങ്ങൾക്ക് മുമ്പിൽ അർപ്പിച്ചവരായിരുന്നു മക്കാമുശ്‌രിക്കുകൾ. സമാനമായ മാർഗം സ്വീകരിച്ച് ശിയാ-സൂഫി വ്യതിയാന കക്ഷികൾ സമൂഹത്തിൽ രംഗപ്രവേശനം നടത്തുകയും അവരുടെ ഇമാമുമാരെ അതിരുവിട്ട് പുകഴ്ത്തി അപകടകരമായ ശിർക്കിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു. ശിയാക്കൾ വ്യാപിപ്പിച്ച അന്ധവിശ്വാസങ്ങളിൽ താത്പര്യം മൂത്ത സമസ്ത മുസ്‌ലിയാക്കന്മാർ അവരെ പിന്തുടർന്ന് പല രൂപത്തിലുള്ള അനാചാരങ്ങളും സൃഷ്ടിച്ചുകൊണ്ടിരുന്നു. ആരാധനയായി പഠിപ്പിക്കപ്പെട്ട പ്രാർഥന, ഇസ്തിഗാസ, തവസ്സുൽ, തവക്കുൽ, നേർച്ച എന്നിവയെല്ലാം അല്ലാഹുവല്ലാത്തവർക്ക് നൽകി ശിർക്കിന് ജീവൻ നൽകി. ഇഷ്ടദാസന്മാർക്ക് ആദരവായി അല്ലാഹു നിശ്ചയിക്കുന്ന കറാമത്തുകളുടെ മറവിൽ കള്ളക്കഥകൾ പടച്ച് വിശ്വാസ-കർമ മേഖലകളിൽ സമൂഹത്തെ അവർ നന്നായി ചൂഷണം ചെയ്തു. ഒരു നൂറ്റാണ്ടോടടുക്കുന്ന സമസ്തയുടെ, കറാമത്തുമായി ബന്ധപ്പെട്ട വികലമായ ആശയം കാണുക: “ചുരുക്കത്തിൽ ഔലിയാക്കൾ ഉദ്ദേശിക്കുമ്പോഴും അല്ലാത്തപ്പോഴും അവരിൽനിന്ന് അസാധാരണ സംഭവങ്ങൾ ഉണ്ടാകാവുന്നതാണ്. സാധാരണക്കാർക്ക് സാധാരണ കാര്യങ്ങൾ ചെയ്യാനുള്ള ഇച്ഛാസ്വാതന്ത്ര്യം ഉള്ളതുപോലെ ഔലിയാക്കൾക്ക് കറാമത്തുകൾ പ്രകടിപ്പിക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യം ഉണ്ട്’’(കറാമത്തുകൾ/അബ്ദുൽ അസീസ് സഖാഫി വാളക്കുളം/പേജ് 13,14).

“അമ്പിയാ, ഔലിയാക്കളുടെ ജീവിതകാലത്തുള്ള അസാധാരണ കഴിവ് ശരീരത്തിന്റെ ശക്തികൊണ്ടല്ല, ആത്മീയ ശക്തികൊണ്ടാണ്. മരണപ്പെട്ടാലും ആത്മാവ് നശിക്കുന്നില്ല. അതു കൂടുതൽ ശക്തമാവുകയാണ്. അതിനാൽ തന്നെ അവരുടെ ജീവിതകാലത്തുള്ള മുഅ്ജിസത്തും കറാമത്തും മരണശേഷവും ഉണ്ടാകുന്നതാണ്. മുറിയുന്ന പ്രശ്‌നമേയില്ല. മരണശേഷം സിദ്ധിയില്ലെന്നും അറിവും കേൾവിയും ഇല്ലെന്നുമുള്ള വഹാബി വാദം യുക്തിവാദികളുടെ വാദമാണ്’’ (സുന്നി ആദർശം ചോദ്യോത്തരങ്ങളിലൂടെ-3/എം.എ ജലീൽ സഖാഫി പുല്ലാര/പേജ് 31).

പ്രമാണങ്ങളിൽ കാണാത്തതും അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാർ അംഗീകരിക്കാത്തതുമായ നിർവചനങ്ങളാണ് ‘കറാമത്ത്’ എന്ന പദത്തിന് പുരോഹിതന്മാർ നൽകുന്നത്. ഈ ആശയം സ്ഥാപിക്കാൻ പ്രമാണങ്ങളെ വളച്ചൊടിക്കുകയും വ്യാജ കഥകൾ കെട്ടിച്ചമയ്ക്കുകയും ചെയ്തു. വിശ്വാസി മനസ്സുകളെ ഞെട്ടിപ്പിക്കുന്നതും മതനിഷേധികളെ സന്തോഷിപ്പിക്കുന്നതും അജ്ഞരെ അത്ഭുതപ്പെടുത്തുന്നതുമായ നിരവധി കറാമത്ത് കഥകൾക്ക് സമൂഹം സാക്ഷിയായി. അല്ലാഹുവിന്റെ കൽപനകളെ വിസ്മരിച്ചും പ്രവാചക വചനങ്ങളോട് വിസമ്മതം കാണിച്ചും പുരോഹിതന്മാർ ആനന്ദ നിർവൃതിയിലായി. അവിശ്വാസികളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞതാണ് ഉണർത്താനുള്ളത്: “പക്ഷേ, അവരുടെ ഹൃദയങ്ങൾ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലാകുന്നു. അവർക്ക് അത് കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്. അവർ അത് ചെയ്തുകൊണ്ടിരിക്കുകയാകുന്നു’’ (23:63).

സമസ്തയെ കുഴക്കിയ പേരോട് വിഭാഗത്തിന്റെ ‘ഉലമാ സമ്മേളനം’ അവരുടെ ഇതുവരെയുള്ള ആദർശത്തിന് ‘അഴുക്ക്’ പിടിച്ചിട്ടുണ്ടെന്ന് മുശാവറയോട് വിളിച്ചുപറയുന്നതായിരുന്നു. കാന്തപുരമടക്കം നിലവിലുള്ളവരും മുൻഗാമികളുമായ മുഴുവൻ മുസ്‌ലിയാക്കന്മാരുടെയും തലയ്ക്കടിച്ചും ഒരു നൂറ്റാണ്ടിന്റെ വിജയം ആദർശ വീഥിയിൽ വരിക്കാൻ കഴിഞ്ഞുവെന്ന സമസ്തയുടെ അവകാശവാദത്തെ തകർത്തും ‘രസികൻ കറാമത്ത് കാഥികരായ’ മുസ്‌ലിയാക്കന്മാരുടെ നാവിനെ മരവിപ്പിച്ചുമാണ് ഉലമാ സമ്മേളനസംഘം മുന്നോട്ട് പോകുന്നത്.

ഉലമാ സമ്മേളന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം: “ബാഹ്യമായി നോക്കുമ്പോൾ തെറ്റായ കാര്യമായി തോന്നുന്നത് പറയാൻ പാടില്ല. ജനങ്ങൾ വ്യാഖ്യാനം ചിന്തിക്കുകയില്ല. അവരുടെ ഈമാൻ അപകടത്തിലാക്കരുത്’’ (പേജ് 7). അന്ധവിശ്വാസത്തിന്റെ ആഴിയിലേക്ക് സമൂഹത്തെ തള്ളിയിടുന്ന, ശൈഖുമാരെന്ന് പരിചയപ്പെടുത്തപ്പെട്ടവരുടെ പേരിൽ പ്രചാരത്തിലുള്ള ഏതാനും സംഭവങ്ങളുടെ വിധികൂടി പേരോട് വിഭാഗം പുറത്തുവിടേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പ്രബോധകർക്ക് മാത്രം തത്ത്വങ്ങൾ പറഞ്ഞുകൊടുക്കുമ്പോൾ നിർമിത കഥകൾ കേട്ട് അന്തംവിട്ടു ജീവിക്കുന്ന സാധാരണക്കാർക്ക് കൂടി ഇതറിയാനുള്ള അവകാശമുണ്ടെന്നത് മുശാവറക്കാർ മറന്നുപോകരുത്.

രിഫാഈ ശൈഖിന്റെ പോരിശയായി പറഞ്ഞത് കാണുക: “നിരവധി കറാമത്തുകൾ ജീവിതത്തിലും വഫാത്തിന് ശേഷവും വെളിവായിട്ടുണ്ട്. ജീവിതകാലത്ത് പ്രസിദ്ധമായ ഒന്നാണ് അവിടത്തേക്ക് സുൽത്താനുൽ ആരിഫീൻ എന്ന നാമകരണം ലഭിച്ച സംഭവം. അവർ അറഫയിൽ ആയിരിക്കുമ്പോൾ അവരുടെ ഹൃദയത്തിലേക്ക് ഒരു ഇലാഹീ പ്രഭ പ്രത്യക്ഷപ്പെട്ടതും സുൽത്താനുൽ ആരിഫീൻ എന്ന പേര് വിളിക്കപ്പെട്ടതും തുടർന്ന് തിരു നബി(സ)യുടെ ആശീർവാദം ലഭിച്ചതും’’ (സുന്നത്ത് മാസിക/2016 ഫെബ്രുവരി/പേജ് 37,38).

നബിﷺയോടൊപ്പം സഹവാസ സൗഭാഗ്യം സിദ്ധിച്ച ഒരാൾക്കുപോലും ലഭിക്കാത്തത് അവകാശപ്പെടുന്നതിന്റെ അപകടം എത്രയാണ്! ശഹാദത്ത് കലിമയിലുള്ള വിശ്വാസത്തിൽ ഭംഗം വരുത്തി വഴികേടിൽ പ്രവേശിച്ചവർക്കേ ഇങ്ങനെ ജൽപിക്കാനാകൂ. അല്ലാഹു പറയുന്നു: “(നബിയേ,) അതിനാൽ ഒരു സമയംവരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട് വിട്ടേക്കുക’’ (23:54).

രിഫാഈ ശൈഖിനെപ്പറ്റി വീണ്ടും എഴുതുന്നു: “ശിഷ്യന്മാരിൽ ഒരാൾ ചോദിച്ചു: ‘ശൈഖവറുകളെ! അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ ഒരാളുടെ ലക്ഷണമെന്താണ്?’ ‘അല്ലാഹുവിന്റെ മുഴുവൻ സൃഷ്ടികളിലും അവനു മേൽകൈ നൽകലാണ്.’ ശൈഖ് രിഫാഈ(റ) മറുപടി പറഞ്ഞു. ശിഷ്യൻ വീണ്ടും ചോദിച്ചു: ‘അതിന്റെ അടയാളമെന്താണ്?’ ശൈഖ് പറഞ്ഞു: ‘മത്സ്യത്തിന്റെ ഈ അവശിഷ്ടങ്ങളോട് പോകൂ എന്ന് പറഞ്ഞാൽ അവ നീന്തിത്തുടിച്ച് പോകണം.’ പാത്രത്തിലെ മത്സ്യാവശിഷ്ടങ്ങളിലേക്ക് കൈ ചൂണ്ടിക്കൊണ്ട് രിഫാഈ(റ) പറഞ്ഞു: ‘എഴുന്നേറ്റു പോകൂ.’ പറഞ്ഞുതീരേണ്ട താമസം, പാത്രത്തിൽ കിടന്ന അവശിഷടങ്ങൾ ജീവനുള്ള മത്സ്യങ്ങളായി മാറുകയും കടലിലേക്കുതന്നെ പിടച്ചുപോവുകയും ചെയ്തു’’ (ഔലിയാഇൽ രാജകിളി തൃപ്പനച്ചി ഉസ്താദ്/പേജ് 130,131). ശൈഖ് കടപ്പുറത്തിരുന്നാണോ ഇങ്ങനെ കൽപിച്ചത്, ദൂരെയിരുന്നാണെങ്കിൽ കാടും മേടും പാടവും പറമ്പുമൊക്കെ താണ്ടി മത്സ്യങ്ങൾ എങ്ങനെ സഞ്ചരിച്ചു, കടലിലേക്കുതന്നെ പിടച്ചുപോകുന്നതു നിരീക്ഷിച്ചറിയാൻ ആളുകൾ കൂടെ പോയിരുന്നോ എന്നൊന്നും ചോദിക്കരുത്. ബുദ്ധി പണയംവച്ചവർ അപ്പടിയങ്ങ് വിശ്വസിച്ചുകൊള്ളുക.

ഏറ്റവും വലിയ വലിയ്യായ നബിﷺക്ക് പോലും ഇങ്ങനെയൊരു കഴിവ് നൽകപ്പെട്ടിട്ടില്ല. എല്ലാ കഴിവും സർവതിന്റെയും അധികാരവും അല്ലാഹുവിന് മാത്രമായിരിക്കെ ഇതിന്റെയെല്ലാം വിധി എന്താണ്? ക്വുർആൻ പറയുന്നു: “ആധിപത്യം ഏതൊരുവന്റെ കൈയിലാണോ അവൻ അനുഗ്രഹപൂർണനായിരിക്കുന്നു. അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു’’(67:1).

എ.പി വിഭാഗം സമസ്ത മുശാവറയിൽ ഭിന്നതയുണ്ടാക്കാൻ കാരണമായതും നിലപാട് ഉറപ്പാക്കാൻ കഴിയാതെ മുസ്‌ലിയാക്കന്മാർ പരസ്യവിമർശനത്തിലകപ്പെട്ടതുമായ, ‘ലോകം മുഴുവൻ നിയന്ത്രിക്കുന്നത് സിഎം മടവൂരാണ്’ എന്ന പ്രഖ്യാപനം ഇപ്പോഴും അവരെ വട്ടംകറക്കുകയാണ്.

മമ്പുറം തങ്ങളുടെ മേന്മയായി പറയുന്നത് കാണുക: “ആകാശം, ഭൂമി, ലൗഹ്, അർശ്, കുർസിയ്യ് തുടങ്ങി അല്ലാഹുവിന്റെ അധികാര പരിധിയിൽപെട്ട വസ്തുക്കളെ മഹാനവർകൾ മനസ്സിലാക്കി. അല്ലാഹു നൽകിയ കഴിവിന്റെ അടിസ്ഥാനത്തിൽ പല കാര്യങ്ങളും പ്രവചിക്കാനും ദീർഘവീക്ഷണത്തോടെ പ്രസ്താവിക്കാനും തങ്ങൾക്ക് കഴിഞ്ഞിരുന്നു. ദൈവിക സമീപനത്തിന്റെ ആഴം കാരണം ലൗഹിൽ നോക്കി ഭാവി, ഭൂത, വർത്തമാനങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് സൂഫികൾ സ്വായത്തമാക്കിയിരുന്നു. തന്നെ സമീപിക്കുന്നവരുടെ മനസ്സ് വായിക്കുന്ന രീതി തങ്ങളുടെ ജീവിതത്തിൽ സാധാരണമായിരുന്നു’’ (മമ്പുറം സയ്യിദ് അലവി തങ്ങൾ/ഡോ.മോയിൻ മലയമ്മ/പേജ് 64).

“സിലോണിലെ ആദം മലയിൽ ഒരു മഹാൻ ജീവിച്ചിരുന്നു. ഒരിക്കൽ സയ്യിദ് അലവി തങ്ങൾ അദ്ദേഹത്തിന് ഒരു കത്ത് കൊടുത്തയച്ചു. ദൂതൻ കത്തുമായി ആദം മലയിലെത്തിയപ്പോൾ സയ്യിദ് അലവി തങ്ങൾ അവിടെയുണ്ടായിരുന്നു. മഹാന്റെ മറുപടിയുമായി തിരികെ മമ്പുറത്തെത്തിയപ്പോൾ തങ്ങൾ അവിടെയുമുണ്ടായിരുന്നു. ദൂതന്റെ അത്ഭുതം കണ്ട് അദ്ദേഹം പറഞ്ഞു: ‘ഞാൻ എല്ലായിടത്തുമുണ്ടാകും’’ (പേജ് 65).

വീണ്ടും എഴുതുന്നു: “ഒരിക്കൽ ഖുതുബുസ്സമാന്റെ സന്നിധാനത്ത് ഒരാളെത്തി. അദ്ദേഹം പറഞ്ഞു: ‘മഹാനവർകളേ, എനിക്ക് ധാരാളം പെൺകുട്ടികളുണ്ട്. അൽഹംദുലില്ലാഹ്. ഒരു ആൺകുട്ടികൂടിയുണ്ടാവാൻ തങ്ങൾ ദുആ ചെയ്യണം.’ തങ്ങൾ പ്രതിവചിച്ചു: ‘ഇൻശാ അല്ലാഹ.് അല്ലാഹു ആൺകുട്ടിയാക്കും. മാസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ചു. എന്നാൽ കുഞ്ഞ് പെൺകുഞ്ഞ്. ഏറെ ആധിയോടെയാണ് അദ്ദേഹം മമ്പുറത്തേക്ക് ചെന്നത്. ‘തങ്ങളവർകൾ പറഞ്ഞിരുന്നല്ലോ; എന്റെ അടുത്തകുഞ്ഞ് ആൺകുഞ്ഞായിരിക്കും. പക്ഷേ, ഭാര്യ പ്രസവിച്ചത് പെൺകുട്ടിയാണ്.’ മമ്പുറം തങ്ങൾ പ്രതിവചിച്ചു: ‘നീ വീട്ടിൽ പോവൂ. കുട്ടി ആൺകുട്ടി തന്നെയായിരിക്കും.’ അയാൾ ജിജ്ഞാസയോടെ വീണ്ടും വീട്ടിലേക്കോടി. തങ്ങളവർകളുടെ പ്രവചനം പോലെ കുഞ്ഞ് ആൺകുട്ടിതന്നെയായിരിക്കുന്നു’’ (മമ്പുറം തങ്ങളുടെ 100 കറാമത്തുകൾ/റിയാസ് ഫൈസി വെള്ളില/പേജ് 19).

ചിന്തിക്കുക! ഏതർഥത്തിലാണ് ഇതെല്ലാം ഇസ്‌ലാമാവുക? ‘ദൈവിക സമീപനത്തിന്റെ ആഴം കാരണം ലൗഹിൽ നോക്കി ഭാവി, ഭൂത, വർത്തമാനങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് സൂഫികൾ സ്വായത്തമാക്കിയിരുന്നു’വത്രെ! അല്ലാഹുവിന്റെ റസൂലിﷺനും സ്വഹാബിമാർക്കും അങ്ങനെയൊരു കഴിവുണ്ടായിരുന്നില്ല എന്ന കാര്യത്തിൽ സംശയമില്ല. അവരെക്കാളുമൊക്കെ മുകളിലാണ് തങ്ങളുടെ സൂഫി ആചാര്യൻമാർ എന്നു വരുത്തുകയല്ലേ ഇതിന്റെയൊക്കെ ലക്ഷ്യം? പെണ്ണായി ജനിച്ച കുട്ടിയെ മമ്പുറം തങ്ങൾ അദൃശ്യമായ നിലയിൽ ആണാക്കിമാറ്റിയത്രെ! ആർക്കും അറിയാൻ കഴിയാത്ത വിധം രഹസ്യമാണ് ലൗഹുൽ മഹ്ഫൂദ്വ്. അല്ലാഹുവിന് മാത്രമായുള്ള കഴിവുകളെയാണ് ഇവർ സൃഷ്ടികളിൽ ചാർത്തുന്നത്. നബി(സ)യിൽ എന്ത് വിശ്വാസവും മാതൃകയുമാണ് ഈ മുസ്‌ലിയാക്കന്മാർക്കുള്ളത്? അല്ലാഹു പറയുന്നു: “ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീർച്ചയായും അത് ഒരു രേഖയിലുണ്ട്. തീർച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ’’ (22:70).

സിഎം മടവൂരിനെക്കുറിച്ച് പറയുന്നു: “മൂസാ ഉസ്താദ്: ‘എന്റെ ഭാര്യ മൂന്ന് പ്രസവിച്ചു. മൂന്നും പെൺകുട്ടികളാണ്. നാലാമത് ഗർഭിണിയാണ്. ആൺകുട്ടിയാവാൻ ആഗ്രഹമുണ്ട്. ഞാൻ കക്കിടിപ്പുറം ഓറെ കണ്ടുവരികയാണ്.’ ശൈഖുന: ‘അവർ എന്ത് പറഞ്ഞു?’ കക്കിടിപ്പുറം വലിയുല്ലാഹിയുടെ പ്രതികരണം മൂസാ ഉസ്താദ് ശൈഖുനായെ അറിയിച്ചപ്പോൾ മഹാനവർകൾ ചോദിച്ചു: ‘നിങ്ങൾക്ക് എന്താണ് വേണ്ടത്?’ മൂസാ ഉസ്താദ്: ‘ആൺകുട്ടിയെയാണ് വേണ്ടത്.’ ശൈഖുന: ‘എന്നാൽ അതിനെ ഞാൻ ആണാക്കിയിരിക്കുന്നു’’ (സിഎം വലിയുല്ലാഹ്(റ), കറാമത്തുകളും അനുഭവങ്ങളും/കഴക്കൂട്ടം എവി ശംസുദ്ദീൻ മുസ്‌ലിയാർ/പേജ് 117).

അല്ലാഹുവിന്റെ തീരുമാനത്തെ മാറ്റിമറിക്കുവാൻ സൃഷ്ടികളെക്കൊണ്ട് സാധിക്കുമോ? അല്ലാഹുവിന്റെ ഉദ്ദേശ്യത്തിൽ ഇടപെടാൻ ഔലിയാക്കളെന്ന് പറയപ്പെടുന്നവർക്ക് കഴിയുമെന്ന് വിചാരിക്കുന്ന പുരോഹിതന്മാരും അണികളും വിഡ്ഢികളുടെ ലോകത്ത് വിഹരിക്കുന്നവരാണെന്നല്ലാതെ മറ്റെന്തു പറയാൻ! അല്ലാഹു പറയുന്നു; “അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെ പ്രദാനം ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ആൺമക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കിൽ അവർക്ക് അവൻ ആൺമക്കളെയും പെൺമക്കളെയും ഇടകലർത്തിക്കൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ സർവജ്ഞനും സർവശക്തനുമാകുന്നു’’ (42:49,50).

ഒരു വസ്തുവിനെ നോക്കി ‘ഉണ്ടാകൂ’ എന്നു പറഞ്ഞാൽ അത് സംഭവിക്കുമെന്ന് ഇവർ ഔലിയ പദവി ചാർത്തിയവരെക്കുറിച്ച് എഴുതുന്നു: “ശൈഖുനാ സിഎം വലിയ്യുല്ലാഹി(റ) പറയുന്ന കാര്യങ്ങൾ പറഞ്ഞ പ്രകാരം സംഭവിക്കുമായിരുന്നു. ഇത്തരത്തിലുള്ള പല സംഭവങ്ങളും ഈ ഗ്രന്ഥത്തിൽ പുറകെ ഉദ്ധരിക്കുന്നതാണ്. ഒരു വലിയ്യ് പറയുന്നതുപോലെ കാര്യങ്ങൾ ആയിത്തീരുക എന്നത് അദ്ദേഹത്തിന്റെ കറാമത്താണ്. അതുകൊണ്ടാണ് ആകെന്ന് ഞാൻ ചൊൽകിൽ ആകും അതെന്നോവർ എന്നത് ഗൗസുൽ അഅ്‌ളം അബ്ദുൽ ഖാദിർ ജീലാനി(റ) തങ്ങളുടെ കറാമത്തായി മുഹ്‌യിദ്ദീൻ മാലയിൽ പറഞ്ഞത്’’ (സിഎം വലിയുല്ലാഹ്(റ), കറാമത്തുകളും അനുഭവങ്ങളും/കഴക്കൂട്ടം എവി ശംസുദ്ദീൻ മുസ്‌ലിയാർ/പേജ് 47,48).

ക്വുർആനിൽ എട്ടോളം സ്ഥലങ്ങളിൽ അല്ലാഹുവിന്റെ വിശേഷണമായി പറയപ്പെട്ട കാര്യമാണ് ഇവർ സൃഷ്ടികളിൽ ചാർത്തുന്നത്! അല്ലാഹു പറയുന്നു: “താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു. അപ്പോൾ മുഴുവൻ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കൈയിലാണോ, നിങ്ങൾ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവൻ എത്ര പരിശുദ്ധൻ!’’ (36:82,83).

തൃപ്പനച്ചി ജാറത്തിലുള്ള മുഹമ്മദ് മുസ്‌ലിയാർക്ക് സി.എം മടവൂരിനോടുള്ള ബന്ധത്തെക്കുറിച്ച് പറയുന്നു: “വഫാത്തിന് ശേഷവും മഹാൻ ഉസ്താദിന്റെ അടുത്ത് വരാറുണ്ടെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ മടവൂരിൽനിന്ന് വരികയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ ഉസ്താദിനെ കാണാൻ വന്നു. അവരുടെ ചില പ്രയാസങ്ങൾ പറഞ്ഞു. അപ്പോൾ ഉസ്താദ് പറഞ്ഞു: ‘ഇന്നലെ ഇക്കാര്യം പറഞ്ഞ് സി.എം എനിക്ക് ഒരു ഇരിക്കപ്പൊറുതി തന്നിട്ടില്ല.’ ഉസ്താദ് അവരുടെ വിഷമത്തിനുള്ള പരിഹാരം നിർദേശിച്ചു’’ (ഔലിയാഇൽ രാജകിളി തൃപ്പനച്ചി ഉസ്താദ്/പേജ് 528).

പുതിയ മുഹ്‌യിദ്ദീൻ മാലയുടെ ഏഴാം പേജിൽ ശൈഖ് ജീലാനിയുടെ മുരീദിന്റെ റൂഹിനെ പിടിച്ച മലക്കിൽനിന്നും അദ്ദേഹം അതിനെ തട്ടിയെടുത്തു എന്നൊരു കഥയുണ്ട്. നെല്ലിക്കുത്ത് ഇസ്മായിൽ മുസ്‌ലിയാർ ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി നോക്കൂ:

“ചോ: മുഹ്‌യിദ്ദീൻ മാലയിൽ വലിയൊരു ഖാദിം മൗതായെ നേരത്ത് എന്ന് തുടങ്ങുന്ന വരികളിൽ മരണപ്പെട്ട ഒരു ഖാദിമിന്റെ റൂഹ് ശൈഖവർകൾ അസ്‌റാഈലിനോട് പിടിച്ചുപറിച്ചുവെന്നും അസ്‌റാഈൽ അല്ലാഹുവിന്റെ സന്നിധിയിൽ പരാതി ബോധിപ്പിച്ചുവെന്നും കാണുന്നു. ഇത് വിശ്വസനീയമാണോ?’’

“ഉ: ഇന്നത്തെ മുഹ്‌യിദ്ദീൻ മാലയിൽ ഈ വരികൾ ഇല്ല. ഇത് ആരുടെയോ സൃഷ്ടിയാണ്. ഇതിൽ അവിശ്വസനീയമായി ഒന്നും ഇല്ല. കാരണം സുന്നത്ത് ജമാഅത്തിന്റെ വിശ്വാസമനുസരിച്ച് അല്ലാഹുവിന്റെ ഔലിയാഉം സജ്ജനങ്ങളായ അടിമകളും മലക്കുകളേക്കാൾ ശ്രേഷ്ഠരാണ്’’ (ഫതാവാ/പേജ് 280).

അല്ലാഹുവും അവന്റെ റസൂലുംﷺ പഠിപ്പിച്ച മതത്തിന് എതിരാണ് ഈ വിശ്വാസം എന്ന് ഇസ്‌ലാമിന്റെ ബാലപാഠം പഠിച്ചവർക്കറിയാം. ഇങ്ങനെയുള്ള കള്ളത്തരങ്ങൾ പ്രചരിപ്പിച്ച് ആത്മീയ ചൂഷണം നടത്തുന്നവരോട് ചൂണ്ടിക്കാണിക്കാനുള്ളത് അല്ലാഹുവിന്റെ താക്കീതാണ്: “അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവിൽ വരുന്ന ദിവസമുണ്ടല്ലോ, അന്നായിരിക്കും അസത്യവാദികൾക്കു നഷ്ടം നേരിടുന്ന ദിവസം’’ (45:27).

അഹ്‌ലുസ്സുന്ന വൽജമാഅയുടെ ചട്ടക്കൂടിൽനിന്ന് പാടെ അകന്നുനീങ്ങിയ പുരോഹിതന്മാർ പടച്ചുവിടുന്ന കള്ളക്കഥകൾ ആളുകൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ആ കഥകൾ നിലനിൽപില്ലാതെ പാളിപ്പോവുകയാണ്. ചിന്തിക്കുന്ന ജനങ്ങളെ ഇതൊക്കെ വിശ്വസിപ്പിക്കാൻ സമസ്തയുടെ മുസ്‌ലിയാക്കന്മാർ എത്ര പാടുപെട്ടിട്ടും സാധ്യമല്ല.