മദീനയിലെ പച്ചക്ക്വുബ്ബയും സമസ്തയുടെ വ്യാജവാദങ്ങളും

മൂസ സ്വലാഹി കാര

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

ആദരിക്കപ്പെടേണ്ടതും പുണ്യമാക്കപ്പെട്ടതുമായ കാര്യങ്ങളെ സംബന്ധിച്ച് കൃത്യമായി പഠിപ്പിച്ചു തന്ന മതമാണ് ഇസ്‌ലാം. പ്രമാണങ്ങൾ പഠിപ്പിച്ച വിഷയങ്ങളെ അവഗണിക്കുക, പറയാത്തവയെ പരിഗണിക്കുക എന്ന സ്വഭാവം യഥാർഥ വിശ്വാസിയുടെതല്ല. മതം പഠിപ്പിക്കാത്ത കാര്യങ്ങൾ മതത്തിൽ കടത്തിക്കൂട്ടി അതിലൂടെ സ്വർഗത്തിൽ പോകാമെന്നത് വ്യാമോഹമാണ്, വഴികേടാണ്. അല്ലാഹുവും അവന്റെ ദൂതനുംﷺ കാണിച്ചുതന്നതാണ് നേർവഴി. അതിലൂടെ മുന്നോട്ടു പോകുന്നവരാണ് പരലോക വിജയികൾ. മുഴുവൻ ജനങ്ങളോടുമായുള്ള അല്ലാഹുവിന്റെ കൽപന കാണുക:

“പറയുക: ഹേ, ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള സത്യം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. അതിനാൽ ആർ നേർവഴി സ്വീകരിക്കുന്നുവോ അവൻ തന്റെ ഗുണത്തിനുതന്നെയാണ് നേർവഴി സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ചുപോയാൽ അതിന്റെ ദോഷവും അവനുതന്നെയാണ്. ഞാൻ നിങ്ങളുടെ മേൽ ഉത്തരവാദിത്തം ഏൽപിക്കപ്പെട്ടവനല്ല’’ (ക്വുർആൻ 10:108).

അല്ലാഹുവിന്റെ കൽപനകളുടെയും നബിﷺയുടെ ദൗത്യനിർവഹണത്തിന്റെയും മഹത്ത്വം വിളിച്ചോതുന്ന വചനമാണിത്.

ഇസ്‌ലാമിൽനിന്നും ബഹുദൂരം അകന്നുപോയ കക്ഷികളാണ് ശിയാക്കളും സൂഫികളും. ഇവരിലൂടെ മതവിരുദ്ധ കാര്യങ്ങൾ സമൂഹത്തിൽ ഉടലെടുക്കുകയും അന്ധവിശ്വാസങ്ങൾ പ്രചരിക്കുകയും ചെയ്തു. ഭൗതിക ഭ്രമത്തിൽ ആണ്ടുപോയ ചില ഭരണാധികാരികളുടെ പിന്തുണയും മതനിലപാടുകളിലെ ശുഷ്‌കിച്ച അവസ്ഥയും ഇതിന്റെയൊക്കെ വളർച്ചയ്ക്കും വ്യാപനത്തിനും ശക്തിപകർന്നു.

മുഹമ്മദ് നബിﷺയുടെ കൽപനകളെയും നിർദേശങ്ങളെയും അനുസരിക്കാതെ, തങ്ങളുടെ നേതാക്കൾക്ക് അപ്രമാദിത്വം കൽപിച്ചുകൊണ്ടും അവരെ ചോദ്യം ചെയ്യാതെ അനുസരിച്ചുകൊണ്ടും ജീവിക്കുന്നവരാണ് ഈ വ്യതിയാന കക്ഷികൾ.

അല്ലാഹു പറയുന്നു: “(അല്ലാഹുവിന്റെ) ദൂതനെ ആർ അനുസരിക്കുന്നുവോ തീർച്ചയായും അവൻ അല്ലാഹുവെ അനുസരിച്ചു. ആർ പിന്തിരിഞ്ഞുവോ അവരുടെ മേൽ കാവൽക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല’’(4:80).

ആത്മീയ ചൂഷണത്തിന്റെ അടവുകളെല്ലാം ഈ വ്യതിയാന കക്ഷികളിൽനിന്നും സ്വീകരിച്ച് മലയാള മണ്ണിൽ നട്ടുവളർത്തിക്കൊണ്ടിരിക്കുന്നവരാണ് സമസ്തക്കാർ.

മദീനയിലെ മസ്ജിദുന്നബവിയിലെ പച്ചനിറത്തിലുള്ള ‘ക്വുബ്ബ’ ചൂണ്ടിക്കാട്ടി കപട ആത്മീയതയിലേക്ക് ജനങ്ങളെ ആകർഷിക്കാൻ സമസ്ത മുസ്‌ലിയാക്കന്മാർ പല കുതന്ത്രങ്ങളുമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. ഇല്ലാത്ത പോരിശകളും വല്ലാത്ത വാഴ്ത്തലുകളുമായി, മതവുമായി ബന്ധമില്ലാത്ത ഈ ക്വുബ്ബയെ ബഹുമാനിക്കപ്പെടേണ്ട മതചിഹ്നമാക്കി അവതരിപ്പിക്കുകയാണ് ഇക്കൂട്ടർ.

2023 ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങിയ ‘രിസാല’ വാരികയുടെ രണ്ട് ലക്കങ്ങളിലായി ‘ചരിത്രം പറയുന്ന പച്ച ക്വുബ്ബ,’ ‘മദീനയുടെ സുഗന്ധം’ എന്നീ പേരുകളിൽ എഴുതപ്പെട്ട ലേഖനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള പിഴവുകൾക്ക് പ്രാമാണികമായ വ്യക്തത നൽകൽ അനിവാര്യമാണ്.

ലേഖകൻ എഴുതുന്നു: “മക്കയും മദീനയും കാണാൻ സൗഭാഗ്യം വേണമെന്നാണല്ലോ ചെറുപ്രായം മുതലേ കാലാകാലങ്ങളായി നമ്മൾ ദുആ ചെയ്യുക. അതേപ്പറ്റി സ്വപ്‌നം കാണുമ്പോൾ, ആഗ്രഹിക്കുമ്പോൾ കറുപ്പണിഞ്ഞ കൽപടവുള്ള കഅ്ബാലയവും പച്ചക്വുബ്ബയുമാണല്ലോ മനസ്സിൽ നിറയുക. കഅ്ബ കണ്ടാൽ സ്വാഭാവികമായും മനസ്സ് പച്ചക്വുബ്ബ കാണാൻ വെമ്പുമല്ലോ’’ (രിസാല, 2023 ഒക്ടോബർ 18, പേജ് 12).

പവിത്രമാക്കപ്പെട്ട കഅ്ബയോട് തുല്യപ്പെടുത്താൻ മാത്രം വല്ല പ്രത്യേകതയും ഈ ‘ക്വുബ്ബ’ക്ക് ഇസ്‌ലാം കൽപിച്ചിട്ടുണ്ടോ?

അല്ലാഹു പറയുന്നു: “തീർച്ചയായും മനുഷ്യർക്കു വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയിൽ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകർക്ക് മാർഗദർശകമായും (നിലകൊള്ളുന്നു)’’ (3:96).

ഇരുലോകത്തും ഉപകാരം ലഭിക്കുന്നതിനും വലിയ ദൃഷ്ടാന്തങ്ങളിലുടെ അല്ലാഹുവിനെ അറിയുന്നതിനും പ്രത്യേകമാക്കപ്പെട്ട ആരാധനകൾ നിർവഹിക്കപ്പെടുന്നതിനും ഉയർത്തപ്പെട്ട പരിശുദ്ധ കഅ്ബയോളം സ്ഥാനം ഈ പച്ചക്ക്വുബ്ബക്ക് ഉണ്ടെന്ന് ആരാണു പറഞ്ഞത്? ഇവർ പറയുന്നതു കേട്ടാൽ തോന്നുക നബിﷺയുടെ കാലത്ത് പണികഴിച്ചതാണ് ഈ ക്വുബ്ബ എന്നും അതിന്റെ മഹത്ത്വം അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട് എന്നുമാണ്. പ്രമാണങ്ങളും ചരിത്ര വസ്തുതകളും അംഗീകരിക്കുന്ന വിശ്വാസികൾക്ക് അതിന് സാധ്യമല്ല.

പച്ചക്ക്വുബ്ബയുടെ ചരിത്രത്തെ സംബന്ധിച്ച് മുസ്‌ലിയാർ പച്ചക്കള്ളം കാണുക: “തിരുനബിസ്‌നേഹത്തിന്റെ പ്രതീകമായ പച്ച ക്വുബ്ബക്ക് ഹിജ്‌റയോളം (പലായനം) പഴക്കമുള്ള ചരിത്രം പറയാനുണ്ട്’’ (രിസാല, 2023 ഒക്ടോബർ 11, പേജ് 37).

മതവിഷയങ്ങളിലെ പ്രശ്‌ന പരിഹാരം സാധ്യമാകാനുള്ള ഏക വഴി പ്രമാണങ്ങളിലേക്ക് മടങ്ങുക എന്നതാണ്. അല്ലാഹു പറയുന്നു: “നിങ്ങൾ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏതുകാര്യത്തിലാവട്ടെ അതിൽ തീർപ്പുകൽപിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു’’ (42:10).

ഇർബാദുബ്‌നു സാരിയ്യ(റ)യിൽനിന്ന്; നബിﷺ പറഞ്ഞു: “എനിക്കുശേഷം നിങ്ങളിൽനിന്ന് ആരെങ്കിലും ജീവിക്കുന്നുവെങ്കിൽ ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ അവന് കാണാം. അപ്പോൾ എന്റെയും സച്ചരിതരായ ഖലീഫമാരുടെയും ചര്യയും നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ലുകൊണ്ട് അവ കടിച്ചുപിടിക്കുകയും ചെയ്യുക. പുതുതായി ഉണ്ടാക്കപ്പെട്ട കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. അവയെല്ലാം വഴികേടാണ്’’ (തിർമുദി).

ഈ ക്വുബ്ബയെ സംബന്ധിച്ചുള്ള ചർച്ചകളിൽ അതിന്റെ പോരിശയും സവിശേഷതയും ബോധ്യപ്പെടുത്താൻ അരവാചകം പോലും പ്രമാണങ്ങളിൽനിന്ന് കാണിക്കാൻ ഇന്നുവരെ ഒരു മുസ്‌ലിയാർക്കും സാധിച്ചിട്ടില്ല! ഇതിന് ഹിജ്‌റയോളം പഴക്കമുണ്ടെന്ന നുണ പടച്ചുവിടുമ്പോൾ തെളിവ് ഹാജറാക്കാനുള്ള മര്യാദകൂടി കാണിക്കേണ്ടിയിരുന്നു.

പച്ചക്ക്വുബ്ബയുടെ ചരിത്രം

ചരിത്രപരമായി ഇതിന്റെ അവസ്ഥ എന്തെന്നു പരിശോധിക്കാം:

ഹിജ്‌റ 678ൽ സുൽത്വാൻ ഖലാവൂൻ അസ്സ്വാലിഹിയാണ് ആദ്യമായി ഇതുണ്ടാക്കിയത്. തുടക്കത്തിൽ മരത്തിന്റെ നിറവും പിന്നീട് വെള്ളയും നീലയും നിറങ്ങളും നൽകി.

അന്നാസ്വിർ ഹസൻ ബിൻ മുഹമ്മദ് ഖലാവൂന്റെ കാലത്താണ് താഴികക്കുടം പുതുക്കിയത്. തുടർന്ന് അൽഅശ്‌റഫ് ശാബാൻ ബിൻ ഹുസൈൻ ബിൻ മുഹമ്മദിന്റെ കാലത്ത് ലീഡ് പാനലുകൾ അവയുടെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും പുതുക്കുകയും ശക്തമാക്കുകയും ചെയ്തു.

ഹിജ്‌റ 765ൽ അതിന് ഒരു തകരാർ സംഭവിച്ചു. ഹിജ്‌റ 881ൽ സുൽത്വാൻ ഖൈത്‌ബേയുടെ കാലത്ത് അത് നന്നാക്കി. ഹിജ്‌റ 886ൽ പ്രവാചകﷺന്റെ മസ്ജിദിലെ രണ്ടാം തീപിടുത്തത്തിൽ പള്ളിയും താഴികക്കുടവും കത്തിനശിച്ചു. ഹിജ്‌റ 887ൽ സുൽത്വാൻ ഖൈത്‌ബെയുടെ ഭരണകാലത്ത് താഴികക്കുടം പുതുക്കിപ്പണിയുകയും അതിനായി വലിയ താങ്ങുകൾ നിർമിക്കുകയും ചെയ്തു. കുമ്മായം കൊണ്ട്, ഹിജ്‌റ 892ൽ വിപുലമായ രീതിയിൽ പൂർത്തിയാക്കി.

ഹിജ്‌റ 1253ൽ സുൽത്വാൻ അബ്ദുൽ ഹമീദ് അൽഉസ്മാനി മേൽപറഞ്ഞ താഴികക്കുടത്തിന് പച്ചനിറം നൽകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ആദ്യം താഴികക്കുടത്തിന് പച്ചനിറം നൽകിയത് അദ്ദേഹമാണ്. തുടർന്ന് അദ്ദേഹം വീണ്ടും ചായം പൂശുന്നത് തുടർന്നു. (ഫുസൂൽ മിൻ താരീഖിൽ മദീനതിൽ മുനവ്വറ, അലി ഹാഫിദ്വ്).

ശിയാക്കൾ പ്രത്യേകതയും പരിശുദ്ധിയും കൽപിക്കുന്ന, അവരുടെ സദസ്സുകളിൽ ഉപയോഗിച്ചുവരുന്ന പച്ചനിറമാണ് ക്വുബ്ബക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ടത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സമസ്ത വിഭാഗങ്ങളുടെ കൊടിതോരണങ്ങളിലും വേഷവിധാനങ്ങളിലും മറ്റു അടയാളങ്ങളിലും ഈ നിറത്തിനുണ്ടായ സ്വാധീനം അവരുടെ ശിയാ സ്‌നേഹത്തെ തുറന്നുകാണിക്കുന്നതാണെന്നുകൂടി നാം ഓർക്കണം.

ചിന്തിക്കൂ! ഇത് മതചിഹ്നങ്ങളിൽ പെടുത്താൻ പറ്റുന്നതാണോ? ശിയാ സ്വാധീനത്താൽ രാജാക്കന്മാർ ചെയ്തുകൂട്ടിയ കാര്യങ്ങളെ മതമായി ഗണിക്കാൻ ശ്രമിക്കുന്നവർ ഏതു ഗണത്തിലാണ് ഉൾപെടുക?

അല്ലാഹു പറയുന്നു: “നിങ്ങൾക്കു റസൂൽ നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽനിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക...’’ (ക്വുർആൻ 59:7).

ക്വബ്‌റുകൾ ഒരു ചാണിലധികം പൊക്കരുതെന്നും അതിന്മേൽ എടുപ്പുണ്ടാക്കി ഉയർത്തരുതെന്നും നബിﷺ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാലു ഖലീഫമാർ ഈ നിലപാടിനെ കണിശമാക്കി. മദ്ഹബുകളുടെ ഇമാമുമാർ ഉൾപ്പെടെയുള്ള അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാർ ഈ വിലക്കിനെ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയുണ്ടായി. പ്രാർഥനയും സുജൂദുമടക്കമുള്ള പ്രധാന ആരാധനകൾ സൃഷ്ടികളോട് നിർവഹിക്കപ്പെടാൻ ഹേതുവായ ജാറ സമ്പ്രദായം ലോകത്ത് തുടങ്ങിയത് ശിയാക്കളും അതിനെ വളർത്തി വലുതാക്കിയത് സൂഫികളുമാണ്. ആഇശ(റ)യിൽനിന്ന് നിവേദനം; നബിﷺപറഞ്ഞു: “ആരെങ്കിലും നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ഇല്ലാത്തത് പുതുതായി ഉണ്ടാക്കിയാൽ അത് തള്ളിക്കളയണം’’ (ബുഖാരി, മുസ്‌ലിം).

ഇസ്‌ലാമിന്റെ ചരിത്രകാലമായി എണ്ണപ്പെടുന്ന കാലഘട്ടത്തിൽ എന്തുകൊണ്ട് ഇപ്രകാരം സംഭവിച്ചു എന്ന് ഒരുപക്ഷേ, സംശയിച്ചേക്കാം. മിസ്വ‌്ർ, ശാം പോലുള്ള നാടുകളിൽ ക്രൈസ്തവർ അവരുടെ ആരാധനാലയങ്ങൾക്ക് ഭംഗി നൽകുന്നതു കണ്ട ചില ഭരണാധികാരികൾ അവരെ അന്ധമായി അനുകരിച്ചു. നബിﷺയുടെ താക്കീതുകളെ കുറിച്ചുള്ള അജ്ഞത വലിയ പരീക്ഷണമാവുകയും മതകാര്യങ്ങളിൽ അതിരുവിടൽ വമ്പിച്ച വീഴ്ചയാവുകയും അന്യരുടെ ആചാരങ്ങളെ പിൻപറ്റൽ നാശകാരിയായ രോഗമാവുകയും ചെയ്തത് ഈ അന്ധവിശ്വാസത്തിലേക്കെത്താൻ കാരണമായി.

പുതുനിർമിതിയായ ഈ ക്വുബ്ബയിൽ പുത്തൻവാദികൾ പ്രിയംവെച്ചതും വഴികേടിന്റെ പണ്ഡിതന്മാർ ഇതിനെ ബഹുമാനിച്ചതും സാഹിത്യകാരന്മാർ നിരവധി ഗദ്യപദ്യങ്ങൾ ഇതിന്റെ മഹത്ത്വം പറയാൻ എഴുതിയതും കാരണം തടയാനും തകർക്കാനും കഴിയാതെ പിന്നീടു വന്ന നേതാക്കൾക്കിത് നിലനിർത്തേണ്ടിവന്നു എന്ന വസ്തുതകൂടി നാം മനസ്സിലാക്കണം.

നബിﷺക്ക് അല്ലാഹു നൽകിയ മുന്നറിയിപ്പിനെ നാം ഭയക്കുക. അല്ലാഹു പറയുന്നു: “യഹൂദർക്കോ ക്രൈസ്തവർക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാർഗം പിൻപറ്റുന്നതുവരെ. പറയുക: അല്ലാഹുവിന്റെ മാർഗദർശനമാണ് യഥാർഥ മാർഗദർശനം. നിനക്ക് അറിവു വന്നുകിട്ടിയതിനുശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിൻപറ്റിപ്പോയാൽ അല്ലാഹുവിൽനിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല’’ (2:120).

അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ൽനിന്ന്; നബിﷺ പറഞ്ഞു: “ജൂത-ക്രൈസ്തവർ അവരുടെ പ്രവാചകന്മാരുടെ ക്വബ്‌റുകൾ പള്ളികളാക്കിയതിനാൽ അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവർ ചെയ്തതിന് താക്കീത് നൽകപ്പെട്ടു’’ (ബുഖാരി).

മുസ്‌ലിയാർ എഴുതുന്നു: “പച്ച ക്വുബ്ബയിലേക്ക് നോക്കുന്നത് പുണ്യമാണെന്നാണ് കർമശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം. അത്രമാത്രം പവിത്രമാണത്. സൃഷ്ടി ശ്രേഷ്ഠരായ തിരുദൂതരുടെ(സ) ക്വുബ്ബ യാണ് എന്നതുതന്നെ കാരണം’’ (സുന്നിവോയ്‌സ്, 2023 ഒക്ടോബർ 11, പേജ് 37).

വ്യക്തമായ കബളിപ്പിക്കലാണ് മുസ്‌ലിയാർ ഇവിടെ നടത്തിയത്. ക്വുബ്ബയിലേക്ക് നോക്കിയാൽ കൂലിയുണ്ടത്രെ! നബിﷺക്കു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് നിർമിക്കപ്പെട്ട ക്വുബ്ബയിലേക്ക് നോക്കിയാൽ കൂലിയുണ്ടെന്ന് എങ്ങനെ മനസ്സിലായി? ആർക്കാണ് വഹ്‌യുകിട്ടിയത്?

കർമശാസ്ത്ര രംഗത്ത് അഹ്‌ലുസ്സുന്ന പരിഗണിക്കുന്ന പണ്ഡിതന്മാരിൽ ഒരാളും ഇങ്ങനെയൊരു കൂലി പ്രഖ്യാപിച്ചിട്ടില്ല! തെളിവില്ലാതെ അവരെങ്ങനെ പ്രഖ്യാപിക്കും? നന്മകളിൽ മുന്നേറിയ ഉത്തമ തലമുറയിൽപെട്ടവർ എവിടേക്ക് നോക്കിയാണ് പറയപ്പെട്ട കൂലി നേടിയിട്ടുണ്ടാവുക?

അല്ലാഹു പവിത്രത കൽപിക്കാത്ത ഒന്നിനെ ആ സ്ഥാനത്തേക്ക് ഉയർത്തൽ നിഷിദ്ധങ്ങളിലേക്ക് വാതിൽ തുറന്നു നൽകലാണ്. ഇതിന്റെ പവിത്രത പറയുന്ന ഒരു സൂചന നബിﷺയിൽനിന്ന് വന്നിട്ടുണ്ടെങ്കിൽ ആദരിക്കപ്പെടേണ്ട മതചിഹ്നങ്ങളുടെ മുൻനിരയിൽ ഇത് ഉണ്ടാകുമായിരുന്നു.

ശിയാ സൃഷ്ടിയായ ഈ ക്വുബ്ബയെ നബിﷺയുടെ ക്വുബ്ബയെന്ന് വിശേഷിപ്പിച്ചതിലൂടെ വലിയ കളവാണ് മുസ്‌ലിയാർ തട്ടിവിട്ടിരിക്കുന്നത്.

ജാബിറി(റ)ൽനിന്ന് നിവേദനം: “ക്വബ്‌റിനുമേൽ കുമ്മായമടിക്കുന്നതും അതിന്മേൽ ഇരിക്കുന്നതും അതിന്റെ മുകളിൽ എടുപ്പുണ്ടാക്കുന്നതും നബിﷺ വിരോധിച്ചിരിക്കുന്നു’’ (മുസ്‌ലിം).

നരകത്തിൽ ഇരിപ്പിടം ഉറപ്പാക്കുന്ന പ്രവർത്തനമാണ് നബി ﷺയുടെ പേരിൽ കളവു പറയൽ. ഇക്കാര്യം ഇവർ തിരിച്ചറിയുന്നത് നല്ലതാണ്. വസ്തുതകളെ മറച്ചുവെച്ച് ഇല്ലാക്കഥ മെനയുന്നവർ ശുഐബ് നബി(അ) തന്റെ ജനതയോട് പറഞ്ഞത് ഓർക്കുന്നത് നല്ലതാണ്.

“നിങ്ങളെ ഞാൻ ഒരു കാര്യത്തിൽനിന്ന് വിലക്കുകയും എന്നിട്ട് നിങ്ങളിൽനിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാൻതന്നെ അത് പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഞാൻ ഉദ്ദേശിക്കുന്നുമില്ല...’’ (ക്വുർആൻ 11:88)

കേരളത്തിൽ മക്വ‌്‌ബറ വ്യവസായം കൊഴുപ്പിക്കാൻ പുരോഹിതന്മാർ ഈ ക്വുബ്ബയെ കൂട്ടുപിടിക്കുന്നത് കാണുക: “ഉസ്താദിനെ സംബന്ധിച്ചിടത്തോളം തന്റെ ശൈഖുമായുള്ള ഫനാഇന്റെ പ്രതിഫലനമായിരുന്നു ഇന്ന് മലമുകളിലെ കൊടിമരമെന്നും അതിന്റെ ശേഷമുള്ള നബി(സ) തങ്ങളിലുള്ള ഫനാഇന്റെ ഘട്ടത്തിലാണ് മദീന മുനവ്വറയിലെ ക്വുബ്ബയോട് സാദൃശ്യമുള്ള, തന്റെ പള്ളിയുടെ ക്വുബ്ബയുടെ പണി നിർവ്വഹിച്ചതെന്നും മനസ്സിലാക്കാം. മദീന മുനവ്വറയിലെ ക്വുബ്ബയിലുള്ള കൊത്തുപണികളും ചിഹ്നങ്ങളും ഈ ക്വുബ്ബയിൻമേൽ ഞാൻ ഉല്ലേഖനം ചെയ്തിട്ടുണ്ട് എന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ട്. റസൂലുമായുള്ള അതിയായ മഹബ്ബത്തിന്റെ പ്രകടനമാണ് ഈ ക്വുബ്ബ’’ (ഔലിയാഇൽ രാജകിളി; തൃപ്പനച്ചി ഉസ്താദ്, പേജ് 200).

മക്കയെക്കാൾ മദീനക്കും കഅ്ബയെക്കാൾ പച്ചക്ക്വുബ്ബക്കും പ്രാമുഖ്യം നൽകുന്ന ശിയാക്കളെയും സൂഫികളെയും അനുഗമിക്കുന്നവർക്ക് മാത്രമെ ഇങ്ങനെയൊക്കെ വിശ്വസിക്കാനാകൂ. പച്ചയില്ലെങ്കിൽ ജാറമില്ല എന്നതിനാൽ മിക്ക ജാറങ്ങളും അലങ്കരിക്കപ്പെട്ടിരിക്കുന്നത് ഈ നിറത്താലാണ്. ഇതെല്ലാം സമൂഹത്തെകൊണ്ട് വിശ്വസിപ്പിക്കുന്ന ഇവർ ഹജ്ജിന്റെയും ഉംറയുടെയും വേളകളിൽ അവയുടെ നിബന്ധനകളിൽപെടാത്ത മദീന സന്ദർശനം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നതിലെല്ലാം ഒളിഞ്ഞുകിടക്കുന്നത് ശിയാഇസം തന്നെയാണ്.

പ്രാമാണികമായി ഇത്തരം പുത്തനാശയങ്ങളെ ചോദ്യം ചെയ്യുമ്പോൾ അതിനെതിരെ ശബ്ദിക്കുന്ന പുരോഹിതന്മാർ അല്ലാഹുവിന്റെ കൽപനകളെ ശ്രദ്ധിക്കുന്നതാണ് നല്ലത്. അല്ലാഹു പറയുന്നു:

“(നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങൾ ഞങ്ങളോട് തർക്കിക്കുകയാണോ? അവൻ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ. ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമ(ഫല)ങ്ങളാണ്. നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമ(ഫല)ങ്ങളും. ഞങ്ങൾ (ആരാധന മുഴുവൻ) അവനുവേണ്ടി മാത്രമാക്കിയവരാകുന്നു’’ (ക്വുർആൻ 2:139).